Wednesday 24 July 2024 12:43 PM IST

‘ട്രക്കിന്റെ പിൻചക്രത്തിലേക്ക് അയാൾ ഇടിച്ചു കയറി, തെറിച്ചുവീണത് ഞങ്ങളുടെ മുന്നിൽ’: ഡ്രൈവർമാരുടെ ജീവിതം: ജലജ പറയുന്നു

Roopa Thayabji

Sub Editor

truck-jalaja

ഒന്നര വർഷം മുൻപാണു കഥയുടെ തുടക്കം. വിവാഹ വാർഷിക സമ്മാനമായി ഒരു ആഗ്രഹം ജലജ ഭർത്താവ് രതീഷിനോടു പറഞ്ഞു, കശ്മീരിലേക്കു ട്രിപ് പോണം. ലോറി ട്രാൻസ്പോർട്ട് ബിസിനസുള്ള രതീഷ് ‘നോ’ പറഞ്ഞില്ല. പകരം ഒരു ഡിമാൻഡു വച്ചു, ‘ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊണ്ടുപോകാം, പക്ഷേ, ലോറി ഓടിക്കണം...’ 

2022 ഫെബ്രുവരി രണ്ടിന്, പത്തൊമ്പതാം വിവാഹവാർഷിക ദിനത്തിൽ ജലജ ട്രക്കിന്റെ ഡ്രൈവിങ് സീറ്റിലിരുന്നു യാത്ര തുടങ്ങി. പതിനഞ്ചാം ദിവസം ആ ട്രക്കു ചെന്നു നിന്നത് അങ്ങു കശ്മീർ താഴ്‍വരയിൽ. പിന്നെ നടന്നതു ചരിത്രം. 

കോട്ടയം ഏറ്റുമാനൂരിലെ പുത്തേട്ടു വീട്ടിലിരുന്നു ജലജ സംസാരിച്ചു തുടങ്ങിയപ്പോൾ അരികിൽ രതീഷുമിരുന്നു. ജീവിതത്തിന്റെ തന്നെ സ്റ്റിയറിങ് ഭാര്യയെ വിശ്വസിച്ചേൽപ്പിച്ച അതേ ഉറപ്പിൽ.  ഭാര്യയുടെ മുന്നിൽ നടക്കാനല്ല, ഒപ്പം നടക്കാനാണു മോഹമെന്നു പറയുന്ന എല്ലാ ദമ്പതികൾക്കും ഈ ജീവിതകഥ സമർപ്പിക്കുന്നു.

എരുമേലി ടു കോട്ടയം

മുണ്ടക്കയത്തിനടുത്തു കോരുത്തോടാണ് ജലജയുടെ നാട്.  ഡിഗ്രി പഠനം കഴിഞ്ഞ പിറകേ ജലജ എരുമേലിക്കാരനായ രതീഷിന്റെ വധുവായി. ആ വർഷം തന്നെ മറ്റൊന്നു കൂടി സംഭവിച്ചു എന്നു പറഞ്ഞാണു ജലജ സംസാരം തുടങ്ങിയത്. ‘‘കുട്ടിക്കാലം തൊട്ടേ ചേട്ടായിക്കു വാഹനങ്ങളോടു കമ്പമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ പിറകേ ചേട്ടായി ഒരു ലോറി വാങ്ങി. അതാണു തുടക്കം. കോട്ടയത്തു നിന്നാണു മിക്കവാറും ലോഡ് കിട്ടുക. അങ്ങനെ 2005ൽ ഏറ്റുമാനൂരിൽ വാടകവീടെടുത്തു. അപ്പോഴേക്കും ലോറികളുടെ എണ്ണം മൂന്നായി. ചേട്ടായിയും അനിയൻ രാജേഷുമാണ് ഡ്രൈവർമാർ. ചിലപ്പോൾ മറ്റാരെയെങ്കിലും കൂടി വിളിക്കും. ഇതിനിടെ ഞങ്ങൾക്കു രണ്ടു മക്കൾ ജനിച്ചു, ദേവികയും ഗോപികയും. അവരെ സ്കൂളിൽ വിടാനും മറ്റുമായി ഞാൻ ടൂവീലർ ഓടിക്കാൻ പഠിച്ചു.

ലോറികളുടെ എണ്ണം കൂടുകയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തതോടെ ഞങ്ങൾ ചെറുവാണ്ടൂരിനടുത്തു സ്ഥലം വാങ്ങി വീടുവച്ചു. അപ്പോഴേക്കും അനിയൻ രാജേഷിന്റെ വിവാഹവും കഴിഞ്ഞു. 

കശ്മീർ മോഹം

ചേട്ടായിയും അനിയനും എപ്പോഴും യാത്രയല്ലേ. വീട്ടിലിരിക്കുന്ന ഞങ്ങൾക്കു വല്ലാത്ത അസൂയ തോന്നും. ഇടയ്ക്കു രണ്ടോ മൂന്നോ വട്ടം മുംബൈയിലേക്കു ലോറിയി ൽ കൂടെ പോയി. അങ്ങനെയിരിക്കെയാണ്  കശ്മീരിൽ പോയി മഞ്ഞുപൊഴിയുന്നതു കാണാൻ മോഹം തോന്നിയത്. 2014 ൽ ഫോർ വീലർ ലൈസൻസും 2018ൽ ഹെവി വെഹിക്കിൾ ലൈസൻസും എടുത്തെങ്കിലും വണ്ടി ഓടിക്കാൻ മടിയായിരുന്നു. 

മക്കൾ രണ്ടുപേരും പ്ലസ് വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന സമയമാണ്. സ്വന്തം കാര്യം നോക്കാൻ രണ്ടുപേർക്കും നല്ല മിടുക്കുമുണ്ട്. അങ്ങനെ ചേട്ടായിയുടെ ചാലഞ്ച് എറ്റെടുത്തു. ഞാനും ഭർത്താവുമാണു ഡ്രൈവർമാർ. ചായി എന്നു വിളിപ്പേരുള്ള അനീഷ് എന്ന കസിൻ ബ്രദറാണു പിന്നെ കൂടെയുള്ളത്. ലോറി ഓടിക്കാൻ റെഡിയായെങ്കിലും കശ്മീരിലേക്കു നേരിട്ടു ലോഡു കിട്ടിയില്ല. പെരുമ്പാവൂരിൽ നിന്നു പുണെയിലേക്കു പ്ലൈവുഡ് കയറ്റി യാത്ര പുറപ്പെട്ടു. പിന്നെ നാസിക്കിൽ നിന്നു സവാള കയറ്റി കശ്മീരിലേക്ക്.  

മഞ്ഞ്, മല, ഹാ അന്തസ്സ്

ലോറിയുടെ ക്യാബിൻ എസിയായതു കൊണ്ടു ചൂടിന്റെയും മറ്റും പ്രയാസമൊന്നുമില്ല. രാവും പകലും ‍ഡ്രൈവിങ് സീറ്റിൽ ആളുണ്ടാകണം. ക്ഷീണം തോന്നുമ്പോൾ സ്റ്റിയറിങ് ഭർത്താവിനു കൈമാറി ക്യാബിനിൽ കിടന്ന് അൽപം മയങ്ങും. ഇടയ്ക്കു പെട്രോൾ പമ്പുകളിലും മറ്റും നിർത്തുമ്പോഴാണു മൂത്രമൊഴിക്കാനാകുക.

ജമ്മു– ശ്രീനഗർ പാതയുടെ ജോലികൾ നടക്കുന്ന സമയമാണ്. ഇടയ്ക്കു മണ്ണിടിച്ചിൽ ഉണ്ടാകും. അപ്പോൾ ട്രക്ക് പോലുള്ള വലിയ വാഹനങ്ങൾ  പിടിച്ചിടും. ആപ്പിൾ സീസണാണെങ്കിൽ ലോഡുമായി തിരിച്ചിറങ്ങുന്ന വാഹനങ്ങൾക്കാകും മുൻഗണന. ചെല്ലുന്ന വണ്ടികൾ ദിസങ്ങളോളം കാത്തുകിടക്കേണ്ടി വരും. മഞ്ഞു സ്വപ്നം കണ്ടു കശ്മീർ കാണാൻ പോയ ഞാൻ ലോഡുമായി ആറു ദിവസം വഴിയിൽ കിടന്നു. പക്ഷേ, അവിടെ നിന്നു പുറപ്പെട്ടപ്പോൾ തന്നെ അകലെ മഞ്ഞു കണ്ടു തുടങ്ങി. രാത്രി 11 കഴിഞ്ഞു ജമ്മുവിലെത്തി. നോക്കുമ്പോൾ പിന്നെയും ബ്ലോക്ക്. വണ്ടിയിൽ തന്നെ കിടന്നുറങ്ങി. രാവിലെ ഉണരുമ്പോൾ മുന്നിലും പിന്നിലുമായി ആയിരം ലോറിയെങ്കിലും ക്ലിയറൻസ് കാത്തു കിടപ്പുണ്ട്. മറ്റു ലോറിക്കാരോടു അന്വേഷിച്ചപ്പോഴാണു രണ്ടു കിലോമീറ്റർ നടന്നാലെ ഹോട്ടൽ പോലുമുള്ളൂ എന്ന് അറിഞ്ഞത്. നടന്നുപോയി പ്രാഥമിക കൃത്യങ്ങൾ നടത്തി. ലോഡിറക്കിയ ശേഷം ഗുൽമാർഗിലെ മഞ്ഞുമലകളും ഇഗ്ലുവുമൊക്കെ കണ്ടു കുളിരണിഞ്ഞു. തിരികെ വരും വഴി പഞ്ചാബിലെ സുവർണ ക്ഷേത്രവും ആഗ്രയിലെത്തി താജ്മഹലും കൂടി ‘കവർ’ ചെയ്തു.  

വിഡിയോ അപ്‌ലോഡിങ്

കശ്മീരിലേക്കു ലോറിയോടിച്ചു പോകുന്നു എന്നു കേട്ടപ്പോൾ അടുപ്പമുള്ളവരൊക്കെ പറഞ്ഞു, വിഡിയോ അയക്കണം കേട്ടോ. അവർക്കുവേണ്ടി കുറച്ചു ഫോട്ടോകളും വിഡിയോയും  ഷൂട്ട് ചെയ്തു. അതെല്ലാം കൂടി എഡിറ്റ് ചെയ്തു പുത്തേട്ട് ട്രാവൽ വ്ലോഗ്സ് എന്ന യുട്യൂബ് ചാനൽ തുടങ്ങി അപ്‌ലോഡ് ചെയ്തു. 

truck-jalaja-2

ദേവിക പ്ലസ്ടു കഴിഞ്ഞ സമയത്താണ് അടുത്ത യാത്ര. മുംബൈയ്ക്കാണു ട്രിപ്. ഞങ്ങളുടെ മൂന്നു ലോറികളാണ് ഒരേ റൂട്ടിൽ. പയ്യന്നൂർ വച്ചു ചേട്ടായി മുന്നിലെ വണ്ടിയുടെ ഡ്രൈവിങ് ഏറ്റെടുത്തു. ‘അച്ഛൻ നമ്മളെ നൈസായി ഒഴിവാക്കിയെന്നു തോന്നുന്നു’ എന്നു ഞാന്‍ പറയുന്ന വിഡിയോ മോൾ ഷൂട്ട് ചെയ്തു. അതു വൈറലായി. പിന്നീടു  യാത്രകളിൽ വിഡിയോ എടുക്കാനും രസമുള്ള കാര്യങ്ങൾ ഉൾപ്പെടുത്താനും ആവേശം തോന്നിത്തുടങ്ങി. 

വിഴിഞ്ഞത്തു നിന്നു പോർബന്തറിലേക്കു ലോ‍ഡ് കിട്ടിയപ്പോഴും മോളെ കൂടെ കൂട്ടി. നാഗർകോവിൽ – ബെംഗളൂരു വഴിയുള്ള ആ യാത്രയിൽ കൺനിറയെ സൂര്യകാന്തി പാടങ്ങൾ കണ്ടു. ആപ്പിൾ കായ്ച്ചു നിൽക്കുന്നതു കാണമെന്ന അതിമോഹം കാരണം ഒരു വട്ടം കൂടി കശ്മീരിൽ  പോയി. ചേട്ടായിയുടെ അമ്മയുമൊത്തു മുബൈയിലേക്കും ഹരിദ്വാറിലേക്കും ലോറിയിൽ പോയി. ഹരിദ്വാർ യാത്ര 11 സംസ്ഥാനങ്ങൾ പിന്നിട്ട്, 23ാം ദിവസമാണു വീട്ടിൽ തിരിച്ചെത്തിയത്. ഋഷികേശ് കണ്ട് അമ്മ സൂപ്പർ ഹാപ്പിയായി.

യോദ്ധ സിനിമ കണ്ട കാലം മുതലുള്ള മോഹമാണ് നേപ്പാളിൽ പോണമെന്ന്. ആ മോഹവും സാധിച്ചത് ഡ്രൈവിങ് സീറ്റിലിരുന്ന ശേഷമാണ്. ഹൈദരാബാദിലേക്കായിരുന്നു ആദ്യ ട്രിപ്. അവിടെ നിന്നു ലോഡുമായി നേപ്പാളിലേക്ക്.   സംസ്ഥാന അതിർത്തി കടക്കുന്നതു പോലെയല്ല രാജ്യാതിർത്തി കടന്നു ചരക്കു കൊണ്ടു പോകുന്നത്. ആദ്യം ഇന്ത്യൻ അതിർത്തിയിലെ ക്ലിയറൻസ് കിട്ടണം. പിന്നീടു നേപ്പാൾ ചെക് പോസ്റ്റിലും. അവരുടെ ക്ലിയറൻസ് പാസ് കിട്ടണമെങ്കിൽ ഒരു നിബന്ധന ഉണ്ട്, പറഞ്ഞ സമയത്തിനുള്ളിൽ തിരികെ അതിർത്തി കടന്നിരിക്കണം. അന്നു ലോഡ് ഇറക്കിയത് അതിർത്തിക്കടുത്തുള്ള സ്ഥലത്തു തന്നെയാണ്. തിരിച്ച് ലോറിത്താവളത്തിലെത്തി വണ്ടി പാർക് ചെയ്തു. പിന്നെ ബാഗുമെടുത്തു നേരേ കാഠ്മണ്ഡുവിലേക്ക്. ലാലേട്ടന്റെ നേപ്പാളി മാമിയുടെ നാടായ പോഖ്റയിൽ കറങ്ങി. പശുപതിനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി.  

ഉത്തർ പ്രദേശിൽ നിന്നു ലോഡ് കയറ്റി തിരികെ വീട്ടിലെത്തിയതു 31ാം ദിവസമാണ്. യാത്രകളിൽ ഭക്ഷണം സ്വയം തയാറാക്കും. ഇതിനുള്ള ഗ്യാസ് അടുപ്പും പാത്രങ്ങളുമെല്ലാം ലോറിയിൽ തന്നെയുണ്ട്.   

1700115776228

ഡ്രൈവിങ് ഭയമില്ല

ചരക്കു ലോറികൾ പോകുന്ന ഹൈവേകൾ മിക്കവാറും നാലുവരിപ്പാതയാണ്, കേരളത്തിൽ ഇടുക്കിയിലും വയനാട്ടിലും മാത്രമാണു തിരക്കിൽ പെടാതെ വാഹമോടിക്കാനാകുക. കേരളം വിട്ടാൽ മറ്റൊരിടത്തും ടൗണിലേക്കു കടക്കുക പോലും വേണ്ട. പ്ലൈവുഡും റബറും പൈനാപ്പിളുമൊക്കെയാണ് ഇവിടെ നിന്നു പോകുന്ന ലോഡുകൾ. പഴങ്ങളും പച്ചക്കറികളും പയറും പരിപ്പും മുളകും മല്ലിയുമടക്കമുള്ള പലചരക്കുകളും പാഴ്സലുമാണ് ഇങ്ങോട്ടു വരുന്നത്. 

ഭംഗിയുള്ള കാഴ്ചകൾ മാത്രമല്ല, ഭയപ്പെടുത്തുന്നവയും യാത്രയുടെ ഭാഗമാണ്. ഒരിക്കൽ പോർബന്തറിലേക്കുള്ള യാത്രയ്ക്കിടെ കർണാടകയിലെ വനത്തിലൂടെ പോകുകയാണ്. രാത്രി ഒൻപതാകുന്നതേയുള്ളു. ഒരു വളവിനപ്പുറം വലിയ ശബ്ദം കേട്ടു. നോക്കുമ്പോൾ ഒരു ട്രക്ക് ബ്രേക് ഡൗണായി കിടക്കുന്നു, അതിനു പിന്നിൽ ബൈക്ക് ഇടിച്ചുനിൽക്കുകയാണ്. മുന്നിലിരുന്നയാൾ ട്രക്കിന്റെ പിൻചക്രത്തിനിടയിലേക്ക് ഇടിച്ചു കയറിപ്പോയി. പിന്നിലെയാൾ തെറിച്ചു വീണത് ഞങ്ങളുടെ മുന്നിലേക്ക്. 

റെഡ് സിഗ്നൽ

ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലൂടെയും ലോറി ഓടിച്ചു കഴിഞ്ഞു. ഇനി അഗർത്തലയ്ക്കുള്ള ലോഡ് കാത്തിരിക്കുകയാണ്. ആ യാത്രയിൽ സിക്കിമും മേഘാലയയും മണിപ്പൂരും  ഉൾപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കൂടി കടക്കാനായാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ട്രക് ഓടിച്ച വനിതയാകാം. 

truck-jalaja-4

ഡ്രൈവിങ് സീറ്റിൽ സ്ത്രീകളെ കാണുമ്പോൾ മിക്കവർക്കും കൗതുകമാണ്. ഒരിക്കൽ മഹാരാഷ്ട്ര ബോർഡറിൽ ക്ലിയറൻസ് കാത്തു കിടക്കുന്നു. ഒരു പൊലീസുകാരൻ വന്നു വിളിച്ചു, ഓഫിസിലേക്കു ചെല്ലാൻ മേലുദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്. ചെന്നപ്പോൾ ആവശ്യം കേട്ടു ചിരി വന്നു, ഭാര്യയെ വിഡിയോ കോൾ വിളിച്ചു വനിതാ ഡ്രൈവറെ കാണിക്കാനാണത്രേ. വനിതയായതു കൊണ്ടു ചില ദോഷങ്ങളുമുണ്ട്. പല സ്ഥലത്തും ടോയ്‌ലറ്റ് ഒന്നും ഉണ്ടാകില്ല. പീരിയഡ്സ് സമയത്ത് ഇതു ബുദ്ധിമുട്ടുണ്ടാക്കും. 

രാജഗിരി കോളജിൽ ബികോം രണ്ടാം വർഷം പഠിക്കുന്ന മൂത്ത മകൾ ദേവികയ്ക്കും ചെന്നൈയിൽ ബിബിഎയ്ക്കു പഠിക്കുന്ന ഇളയയാൾ ഗോപികയ്ക്കും ഡ്രൈവിങ് ഹരമാണ്. ചേട്ടായിയും അനിയൻ രാജേഷും ഭാര്യ സൂര്യയും അവരുടെ മൂന്നു മക്കളുമൊക്കെയായി കൂട്ടുകുടുംബമായാണു താമസിക്കുന്നത്. 27 ലോറികളുണ്ടു ഞങ്ങൾക്ക്. എഴുപതോളം ജീവനക്കാരും. അനിയനാണ് ബിസിനസിന്റെ ഒാഫിസ് കാര്യങ്ങൾ നോക്കുന്നത്.  

ഓരോ വട്ടവും സ്റ്റിയറിങ് തൊടും മുൻപു ‍ഞാൻ പ്രാർഥിക്കും, ഈ യാത്രയിലുടനീളം ദൈവം വഴി കാണിക്കണേ എന്ന്. അതാണു ശക്തി.’’

  </p>