Monday 15 February 2021 03:20 PM IST : By സ്വന്തം ലേഖകൻ

'അവൾക്കാണെങ്കിൽ കുഞ്ഞായിരുന്ന് മതിയായിട്ടുണ്ടാവില്ല; ഒന്നുകിൽ മാന്യമായി, വേദനിപ്പിക്കാതെ പരമാവധി നേരത്തെ അവസാനിപ്പിക്കുക'; ശ്രദ്ധേയമായി കുറിപ്പ്

jjas33deffg

"ഇരുപത് വയസിൽ പെൺകുട്ടിയായിരിക്കുന്നവൾ രണ്ടോ മൂന്നോ വർഷത്തിനിപ്പുറം അമ്മച്ചിയാവും, തള്ളയാവും, കിളവിയാവും. രണ്ട് വർഷമല്ലേ കഴിഞ്ഞുപോയുള്ളൂവെന്ന് സ്ത്രീകൾ അദ്‌ഭുതപ്പെടും. നര വീണില്ല, തൊലി ചുളിഞ്ഞില്ല, പല്ലു കൊഴിഞ്ഞില്ല, പറയത്തക്ക അസുഖങ്ങളില്ല.. പക്ഷേ അവരെ ചുറ്റുമുള്ളവർ ഒരുപാടധികം മുതിർന്നവളായി കണക്കാക്കും. അവൾക്കാണെങ്കിൽ കുഞ്ഞായിരുന്ന് മതിയായിട്ടുണ്ടാവില്ല."- പ്രണയ ദിനത്തില്‍ ജാനകി രാവൺ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

ജാനകി രാവൺ പങ്കുവച്ച കുറിപ്പ് വായിക്കാം;  

അമ്മയായവളെ, മുപ്പത് കഴിഞ്ഞവളെ, നാല്പത് കഴിഞ്ഞവളെ, ഭർത്താവ് ഉപേക്ഷിച്ചവളെ, മന്ത്രവാദിനിയെ,കവയിത്രിയെ...അങ്ങനെ ആരെ പ്രേമിക്കണമെന്ന് എല്ലാവരും പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് കവിതയല്ലാത്ത കുറച്ച് കാര്യങ്ങൾ ക്രമമില്ലാതെ പറയട്ടെ.

നിങ്ങൾ പ്രണയിക്കുന്ന ആൾക്ക് ആർത്തവമുണ്ടെങ്കിൽ ആ സമയത്ത് തീർച്ചയായും അവളെ സാധാരണയിലധികം പരിഗണിക്കണം. മനസിലാക്കാൻ പോലുമാകാത്ത അസ്വസ്ഥതകൾ ചിലപ്പോൾ അനുഭവിക്കുന്നുണ്ടാകാം, അതുകൊണ്ട്... ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നു മനസിലാക്കിയാൽ, അത് നിങ്ങൾക്ക് ഡീൽ ചെയ്യാൻ പറ്റുന്നില്ലെന്ന് തോന്നുകയാണെങ്കിൽ ഒന്നുകിൽ മാന്യമായി, വേദനിപ്പിക്കാതെ പരമാവധി നേരത്തെ അവസാനിപ്പിക്കുക. കൂടെ നിൽക്കാൻ ഉദ്ദേശിക്കുന്നെങ്കിലും പരമാവധി മാന്യമായി,വേദനിപ്പിക്കാതെ ഡീൽ ചെയ്യാൻ ശ്രമിക്കുക (പക്ഷേ സത്യത്തിൽ നിങ്ങളെത്ര നന്നായി ഡീൽ ചെയ്താലും അത് അവർ അർഹിക്കുന്നതിനേക്കാൾ ഒരുപാട് താഴെയായിരിക്കും, എന്നാലും....) 

മന്ത്രവാദിനി ആയാലും എഴുത്തുകാരി ആയാലും അമ്മയായാലും അമ്മൂമ്മയായാലും നിങ്ങൾക്ക് മനസിലായാലും ഇല്ലെങ്കിലും സ്ത്രീകൾ സവിശേഷമായ ചില പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്... 

സ്ത്രീകളെ നിരാശ ബാധിക്കുന്നത് വളരെ വേഗത്തിലാണ്. കാരണം അവർക്ക് പുരുഷന്മാരേക്കാൾ വേഗം വയസാകും. ഇരുപത് വയസിൽ പെൺകുട്ടിയായിരിക്കുന്നവൾ രണ്ടോ മൂന്നോ വർഷത്തിനിപ്പുറം അമ്മച്ചിയാവും, തള്ളയാവും, കിളവിയാവും.  രണ്ട് വർഷമല്ലേ കഴിഞ്ഞുപോയുള്ളൂവെന്ന് സ്ത്രീകൾ അത്ഭുതപ്പെടും. നര വീണില്ല, തൊലി ചുളിഞ്ഞില്ല, പല്ലു കൊഴിഞ്ഞില്ല, പറയത്തക്ക അസുഖങ്ങളില്ല.. പക്ഷേ അവരെ ചുറ്റുമുള്ളവർ ഒരുപാടധികം മുതിർന്നവളായി കണക്കാക്കും. അവൾക്കാണെങ്കിൽ കുഞ്ഞായിരുന്ന് മതിയായിട്ടുണ്ടാവില്ല. മുതിർന്നയാളായി മുഴുവൻ പേരും പരിഗണിക്കാൻ തുടങ്ങുമ്പോൾ ബുദ്ധിമുട്ടി അവളും മുതിർന്നയാളാകാൻ ശ്രമിക്കും. അപ്പോൾ ഉള്ളിലുള്ള കുഞ്ഞും യുവതിയും വൃദ്ധയും എല്ലാം തമ്മിലേറ്റുമുട്ടും... ഒടുവിൽ വലിയൊരാളായി തുടങ്ങുന്ന നേരത്ത് എല്ലാം തകർത്തുകൊണ്ട് ചിലരുടെ ഓമനിക്കലുകൾ വരും. അത് അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ പക്വത പോരെന്ന് അവരും പറയും. പിരിഞ്ഞുപോകും. ഇതിങ്ങനെ തുടരും. 

ഒടുവിൽ എല്ലാ പ്രണയങ്ങളോടും എല്ലാ സന്തോഷങ്ങളോടും വെറുപ്പുള്ളവരായി അവർ മാറും. വാലന്റൈൻസ് ദിനത്തിൽ വെറുപ്പ് നിറച്ച കുറിപ്പുകളെഴുതി പോസ്റ്റ് ചെയ്യും.. മുഴുവൻ മനുഷ്യരുടെയും നാശം സ്വപ്നം കാണും.  ഇരുന്നിടത്ത് ഇരിപ്പുറക്കാതെ, ഒച്ചയില്ലാതെ കരഞ്ഞ് ജോലിയെടുക്കും. 'ഇതെന്തൊരു നാശം പിടിച്ച പെണ്ണാണ്' എന്ന് ആളുകളെക്കൊണ്ട് പറയിക്കും... ഇനി പറയൂ, ഇങ്ങനെയുള്ള സ്ത്രീകളെക്കൂടി ചേർത്ത്, എന്നെക്കൂടി ചേർത്ത് നിങ്ങൾക്കൊരു കവിത എഴുതാൻ പറ്റുമോ....?

Tags:
  • Spotlight
  • Social Media Viral