Monday 24 January 2022 05:01 PM IST

‘കുട്ടിക്ക് അച്ഛന്റെ കുറവ് തോന്നില്ലേ?’: എന്റെ മോളുടെ മുഖത്ത് നോക്കി ചോദിച്ചവരുണ്ട്: ബാലിക ദിനത്തിൽ ജസീന ബക്കറിന് പറയാനുള്ളത്

Shyama

Sub Editor

jaseena

കുടുംബം എന്നു പറഞ്ഞാൽ മനസ്സില്‍ തെളിയുന്നൊരു ചിത്രമുണ്ട്. ചെറിയ ക്ലാസുകളിലെ പുസ്തകങ്ങളില്‍ കണ്ട് മനസ്സി ല്‍ പതിഞ്ഞ ചിത്രം. അമ്മ, അച്ഛൻ, അ മ്മൂമ്മ, അപ്പൂപ്പൻ, അനിയത്തി, അനിയന്‍... തുടങ്ങി ഒരുപാടു പേരുണ്ട് അവിെട.

കാലം ഇത്ര മാറിയിട്ടും അമ്മയും കുട്ടിയും മാത്രം സന്തോഷത്തോെട ജീവിച്ചാല്‍ അതു കുടുംബമാണെന്നു പറയാന്‍ മടിയാണ് പലർക്കും. അച്ഛനും കുട്ടിയും േചര്‍ന്നു താമസിക്കുന്നതും ആണും പെണ്ണും മാത്രം കൂട്ടായി ജീവിക്കുന്നതും ട്രാൻസ് വ്യക്തികളുെട കൂട്ടായ്മയും ഒക്കെ ‘കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന കുടുംബ’ങ്ങള്‍ തന്നെയെന്ന് ഒരിടത്തും പരാമർശിക്കുന്നില്ല. മാറ്റങ്ങൾ ഉൾക്കൊണ്ട് നിർവചിക്കാൻ കഴിയാത്തിടത്തു നിന്നു തന്നെ നമ്മൾക്കു ‘സിംഗിൾ മദേഴ്സി’നെ കുറിച്ചു സംസാരിച്ചു തുടങ്ങാം. ദേശീയ ബാലിക ദിനമായ ഇന്ന് അങ്ങനെയൊരു അമ്മയെ വനിത പരിചയപ്പെടുത്തുകയാണ്. വിവാഹബന്ധം വേർപിരിഞ്ഞ് കുഞ്ഞിന്റെ ചുമതല സ്വയം ഏറ്റെടുത്ത് ജീവിക്കുന്ന ഉശിരുള്ളൊരു അമ്മയുടെ കഥ...

‘നിങ്ങൾ പൂർണരല്ല’, ‘നിങ്ങൾക്ക് യഥാർഥ സന്തോഷമുണ്ടാ കില്ല, നിങ്ങൾ കുഞ്ഞിന്റെ ജീവിതം കൂടി ഓർക്കണം’ തുടങ്ങിയ ആവലാതികൾ നേരിട്ടും അല്ലാതെയും കേ ൾക്കേണ്ടി വരുന്ന അമ്മമാരുടെ പ്രതിനിധിയാണവർ...

വരച്ചിട്ട കളത്തിനുള്ളിൽ ജീവിക്കുന്നവരെ മാത്രം സ്നേഹിക്കുന്ന സമൂഹത്തോട് പടവെട്ടി, സ്വന്തം കാര്യം നോക്കി തന്റേടത്തോടെ ജീവിക്കുന്ന അവർ ഇനി ബാക്കി പറയട്ടെ...

ഞങ്ങൾ സന്തുഷ്ടരാണ്’ –

ജസീന ബക്കർ

എന്റെ മെഹക്കിനിപ്പോള്‍ 13 വയസ്സായി. അവള്‍ക്ക് രണ്ടു വയസ്സ് ആയപ്പോൾ തൊട്ട് വീട്ടില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. പക്ഷേ, മൂന്നു വര്‍ഷം കൂടി കഴിഞ്ഞാണ് വിവാഹമോചനം ലഭിച്ചത്.

പുറത്തു നിന്ന് നോക്കുന്നവർക്കുള്ളത്ര ‘ബുദ്ധിമുട്ടൊന്നും’ ഏതായാലും ഞങ്ങൾക്കില്ല. പുറത്തുള്ളവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ സന്തോഷങ്ങളുടെ അതിരിലേക്ക് കടക്കാൻ ഇട നൽകാറുമില്ല.

മകളുമായി ഒറ്റയ്ക്ക് ജീവിതം തുടങ്ങിയപ്പോൾ ആദ്യം വന്ന വെല്ലുവിളി ജോലിസംബ ന്ധമാണ്. കുഞ്ഞിനെ സുരക്ഷിതമായ സ്ഥലത്ത് നിർത്തി വേണം ജോലിക്കു പോകാൻ, വിദേശത്തുള്ളതു പോലെ രാത്രി വൈകിയും കുഞ്ഞിനെ നോക്കുന്ന ഡേ കെയർ സെന്ററുകൾ അന്നു നാട്ടിലുണ്ടായിരുന്നില്ല. ജോലി ഉപേക്ഷിക്കാനും പറ്റില്ല. ഇതൊക്കെ മറികടന്ന് മോളെ കൂടെ കൂട്ടി ജോലി തുടങ്ങി. പിന്നീട് മോൾ കുറച്ചു വലുതായ ശേഷം മെച്ചപ്പെട്ട ജോലി തിരഞ്ഞെടുത്തു.

സ്ഥിരമായി കേൾക്കുന്ന ചോദ്യം ‘ഇനി കല്യാണം കഴിക്കുന്നില്ലേ’ എന്നാണ്. അത് പുറത്തൊരാൾ പറഞ്ഞ് തന്നിട്ടു വേണോ എനിക്ക് തോന്നാൻ? എന്റെ മകളുടെ മുഖത്ത് നോക്കി ‘കുട്ടിക്ക് അച്ഛന്റെ കുറവ് തോന്നില്ലേ?’ എന്നൊക്കെ ചോദിച്ചവരുണ്ട്. നല്ലത് പറയാനില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള സാമാന്യ ബോധം പുലർത്തേണ്ടതല്ലേ?

ഇന്നിപ്പോൾ സെലിബ്രിറ്റികളടക്കം ഡിവോഴ്സിനെ കുറിച്ചും സിംഗിൾ പാരന്റിങ്ങിനെ കുറിച്ചും ഒക്കെ തുറന്ന് സംസാരിക്കുന്നുണ്ട്. അതുകൊണ്ട് പുതിയ തലമുറക്കാർക്ക് ഇത്തരം കാര്യങ്ങളോട് വളരെ മെച്ചപ്പെട്ട സമീപനമുണ്ട്.

കരഞ്ഞാൽ ഇഷ്ടം, അല്ലേല്‍ ധിക്കാരി

ഒരു സ്ത്രീ അവരുടെ ആകുലതകൾ പറഞ്ഞ് കരഞ്ഞാൽ സമൂഹത്തിന് അനുകമ്പയും സഹതാപവും കൂടും. അതേസമയം ഉറച്ച ശബ്ദത്തിൽ ആവകാശങ്ങളെ കുറിച്ച് പറഞ്ഞാൽ ‘ധിക്കാരി’ എന്ന പട്ടം അപ്പോ കിട്ടും.

ബന്ധം വേർപെടുത്തിയ സ്ത്രീയുടെ എല്ലാ ചലനങ്ങൾക്കും ‘നോട്ടക്കാരുണ്ട്.’ എന്തു വേഷമിടുന്നു, എങ്ങനെ സംസാരിക്കുന്നു എവിടെ പോകുന്നു എന്നൊക്കെ ഈ സ്വയം പ്രഖ്യാപിത നോട്ടക്കാര്‍ നോക്കും. ദുഃഖപുത്രിയുടെ പരിവേഷമാണ് അവർ സിംഗിൾ മദേഴ്സിന് നൽകിയിരിക്കുന്നത്. അതിൽ നിന്നു കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പ്രശ്നമാണ്. ചിരിച്ചുെകാണ്ടൊരു െസല്‍ഫി േപാസ്റ്റ് െചയ്താല്‍ തുടങ്ങും ബഹളം.

കുറച്ച് നാൾ മുൻപ് എറണാകുളത്തേക്ക് മാറി താമസിക്കേണ്ട സഹചര്യം വന്നു. സിംഗിൾ മദറിന് വീടോ ഫ്ലാറ്റോ ഒന്നും കൊടുക്കാൻ പറ്റില്ലെന്നായിരുന്നു ചിലരുടെ നിലപാട്. ഞാൻ എന്ത് ചെയ്യുന്നു എന്നതിനേക്കാൾ ‘ഭർത്താവ് എന്ത് ചെയ്യുന്നു?’ എന്നാണ് പലർക്കും അറിയേണ്ടത്. ഇപ്പോൾ ഇങ്ങോട്ടു ചോദിക്കും മുന്നേ, ‘ഞാൻ സിംഗിൾ മദറാണെന്ന്’ അങ്ങോട്ട് പറയും.

നമ്മൾ രണ്ടു പേരും തന്നെ പൂർണരാണ് എന്നാണ് മോളോടു പറഞ്ഞു െകാടുക്കാറുള്ളത്.‘ഹാപ്പി ഫാമിലി’ എന്ന് പറഞ്ഞ് കുട്ടിയെ ചെറിയ ക്ലാസിൽ മുതൽ പഠിപ്പിക്കുന്നത് അച്ഛൻ, അമ്മ, കുട്ടികൾ എന്ന ചിത്രമാണ്. അതല്ലാത്തതെല്ലാം സങ്കടമാണെന്നല്ലേ നമ്മൾ പറയാതെ പറയുന്നത്. അതൊക്കെ മാറ്റേണ്ടതിന്റെ ആവശ്യകത സർക്കാരും കരിക്കുലം പ്ലാന്‍ െചയ്യുന്നവരും ഒക്കെ ചിന്തിക്കണം.

കുട്ടിയെ വളർത്താൻ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം തീർച്ചയായും വേണം. സൈക്കോളജിസ്റ്റ് എന്ന നിലയിൽ പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എനിക്ക് നേരിൽ അറിയാം. എന്റെയടുത്ത് വരുന്ന പല പെൺകുട്ടികൾക്കും വീട്ടുകാരുടെ പോലും സപ്പോർട്ട് ഇല്ല. വീടുവിട്ട് ഇറങ്ങി പോരാമായിരുന്നില്ലേ എന്ന് സോഷ്യൽ മീഡിയയിൽ പറയുന്നവർ പോലും സ്വന്തം മക്കളുടെ കാര്യത്തിൽ മറ്റൊരു മുഖം കാണിക്കും.

സ്ഥിരമായി വഴക്കടിക്കുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടികൾക്ക് കടുത്ത മാനസിക പിരിമുറുക്കങ്ങളുണ്ട്. അതൊന്നും ഓർക്കാതെ മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി ശ്വാസംമുട്ടി നിൽക്കാനാണ് ചുറ്റുമുള്ള ആളുകൾ നമ്മെ പഠിപ്പിക്കുന്നത്. സന്തോഷമില്ലാത്ത ഇടങ്ങളിൽ നിന്ന് ശ്വാസംമുട്ടുന്നത് മഹത്വമല്ല, മണ്ടത്തരമാണ്.

കുറവില്ല എന്ന സന്ദേശം

ഞാനാണ് നിന്റെ അച്ഛനും അമ്മയും എന്ന് മോളോട് പറയാറില്ല. അമ്മ തന്നെ ധാരാളം എന്ന് അവ ൾക്ക് ഇപ്പോള്‍ മനസ്സിലാകുന്നുണ്ടാകണം. ഇനി അ ഥവാ എന്തെങ്കിലും കാര്യം ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിൽ മമ്മയ്ക്ക് ഇപ്പോ അതു പറ്റാത്ത കൊണ്ടാണ് എന്നേ പറയൂ.

അല്ലാതെ അച്ഛനുണ്ടായിരുന്നെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു എന്നു പറയാറില്ല. വേറൊരാളുടെ അഭാവം ഞങ്ങളിൽ എന്തെങ്കിലും കുറവുണ്ടാക്കുന്നില്ല എന്ന സന്ദേശമാണ് കൊടുക്കാറ്.