Friday 17 December 2021 04:03 PM IST : By സ്വന്തം ലേഖകൻ

കളിച്ചുകൊണ്ടിരിക്കെ രണ്ടു വയസ്സുകാരൻ പമ്പയാറ്റിൽ വീണു; ജസ്‌വിനും ജിയയും ചേർന്ന് കോരിയെടുത്തത് അനുജന്റെ ജീവൻ

alappuzha-justin.jpg.image.845.440

കുട്ടനാട് പമ്പയാറ്റിൽ വീണ രണ്ടു വയസ്സുകാരന് സഹോദരങ്ങൾ രക്ഷകരായി. നെടുമുടി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഇടമറ്റം (ചക്കാത്ര) വീട്ടിൽ ജാൻസന്റെയും സിമിയുടെയും ഇളയ മകൻ ജസ്റ്റന്റെ ജീവനാണ് മൂത്ത സഹോദരങ്ങളായ ജസ്‌വിനും ജിയയും ചേർന്നു കോരിയെടുത്തത്.

ചമ്പക്കുളം പോസ്റ്റ് ഓഫിസിനു സമീപത്തുള്ള ജനസേവാ കേന്ദ്രത്തിൽ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു മൂന്നുപേരും. ജനസേവാ കേന്ദ്രത്തിലെ തിരക്കു കാരണം കുട്ടികളെ പുറത്തു നിർത്തിയിട്ടാണ് സിമി അകത്തു കയറിയത്. പുറത്ത് ആറ്റിറമ്പിൽ കളിച്ചുകൊണ്ടിരിക്കെ ജസ്റ്റൻ വെള്ളത്തിൽ വീഴുകയായിരുന്നു. 

സഹോദരങ്ങൾക്കു നീന്തൽ വശമില്ലെങ്കിലും സഹോദരന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. ജസ്‌വിൻ സംരക്ഷണഭിത്തിയിൽ ഇരുന്ന് കാലുകൊണ്ട് അനുജനെ കോരി മുകളിലെത്തിച്ചു. ഈ സമയം ജിയയുടെ കരച്ചിൽകേട്ട് ഒരു സ്ത്രീയെത്തി കുട്ടിയെ കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും കടവിൽ തെന്നി വീണതിനാൽ സാധിച്ചില്ല.

ഈ സമയം കാലുകൊണ്ട് അനുജനെ ജസ്‌വിൻ കരയോടു ചേർത്തു. ഉടൻ ജിയ കുട്ടിയുടെ കൈപിടിച്ചു കരയിലേക്കു വലിച്ചുകയറ്റി രക്ഷിക്കുകയായിരുന്നു. ബഹളം കേട്ട് അമ്മയുൾപ്പെടെ ഓടിയെത്തിയപ്പോഴേക്കും സഹോദരങ്ങൾ ജസ്റ്റനെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയിരുന്നു. ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു ജസ്‌വിൻ. അതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണു ജിയ.

Tags:
  • Spotlight