Tuesday 15 February 2022 02:48 PM IST

‘അച്ഛൻ നിന്റെ കയ്യിൽ തന്ന ഫോൺ എവിടെടി!’: എന്റെ കുഞ്ഞ് പേടിച്ചു കരഞ്ഞു പോയി: സത്യം തെളിയിക്കാൻ പോരാട്ടം

Tency Jacob

Sub Editor

devapriya

എന്താ പേര്?

ദേവപ്രിയ. അച്ഛൻ എന്നെ തക്കുടു, കുഞ്ഞിപ്പെണ്ണേ എന്നെല്ലാം വിളിക്കും. അമ്മ ദേവൂട്ടീന്നാ വിളിക്കാ. (ഓരോ വാചകം അവസാനിക്കുന്നതും ചിരിയിലാണ്. ചിരിക്കൊപ്പം കാലിലെ പാദസരം കിലുക്കും.)

ഏതു ക്ലാസ്സിലാ പഠിക്കുന്നത്?

മൂന്നാം ക്ലാസില്. ദിവ്യ ടീച്ചറാ പഠിപ്പിക്കുന്നേ.

കൂട്ടുകാരുടെ പേരുകൾ പറഞ്ഞേ?

(എത്ര ആലോചിച്ചു നോക്കിയിട്ടും പേരു കിട്ടുന്നില്ല. ചിരിക്കുന്നു.) ടീവീലായിരുന്നു ഓൺലൈൻ ക്ലാസ്.ഇപ്പോ സ്കൂളിൽ പോയിത്തുടങ്ങി. പക്ഷേ, പേരു ചോദിച്ചില്ല. (ചിരി) പിന്നെ, വല്യച്ഛന്റെ മോൻ ഹിമദർശില്ലേ, അവനാ എന്റെ കൂട്ടുകാരൻ. പിന്നെ, അടുത്ത വീട്ടിലെ ശങ്കരനും കണ്ണനും.

യാത്ര പോകാൻ ഇഷ്ടാണോ?

ഉം. (ചിരിച്ചു കൊണ്ടു തലകുലുക്കുന്നു.) അച്ഛൻ എ ന്നെ എല്ലാടത്തും കൊണ്ടുപോകും.

കാർട്ടൂൺ ക‌ാണാറുണ്ടോ?

ഊം. ഹാപ്പി കിഡ്. (അവളെപ്പോഴും കിലുക്കാം പെട്ടി പോലെ ചിരിച്ചു കളിച്ചു നടക്കുന്നൊരു ഹാപ്പി കിഡ് ആ ണെന്ന് അമ്മ രേഖ.)

വലുതാകുമ്പോൾ ആരാകും?

എനിക്കറിയില്ല. അഞ്ചാം ക്ലാസ്സിലായാൽ അച്ഛൻ എ ന്നെ ഫുട്ബോള് കളി പഠിപ്പിക്കുംന്ന് പറഞ്ഞിട്ടുണ്ട്.

കള്ളനും പൊലീസും കളിക്കാനിഷ്ടമാണോ?

(ചിരി മെല്ലെ മായുന്നു. അല്ലെന്നു തലകുലുക്കി)

എന്തിനാ പേടിക്കുന്നത്?

(ഉത്തരം പറയാതെ കുറച്ചു നേരമിരുന്നു. പിന്നെ, അ ച്ഛനെ നോക്കി പറഞ്ഞു.) പൊലീസിന്റെ ഒച്ച പേടിയാ.

അയ്യേ, പൊലീസിനെ അച്ഛൻ ഇടിച്ചു പപ്പടമാക്കില്ലേ?

ഉ ഉം. അച്ഛനും പേടിയാ. (‘അല്ലേ’യെന്ന അർഥത്തിൽ അച്ഛന്റെ മുഖത്തേക്കു നോക്കുന്നു.)

പൊലീസ് വാഹനത്തിൽ നിന്നു ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യ വിചാരണ നേരിട്ട തിരുവനന്തപുരം ആറ്റിങ്ങലിലെ ജയചന്ദ്രനും മകൾ ദേവപ്രിയയുമാണിത്. പിങ്ക് പൊലീസ് പട്രോളിലെ സിവിൽ പൊലീസ് ഓഫിസർ എം.ആർ. രജിതയാണ് കുട്ടിയുടെ മേൽ ആരോപണം ഉന്നയിച്ചത്.

‘ഈ കുഞ്ഞ് മനുഷ്യത്വത്തിലും പൊലീസിലും വീണ്ടും വിശ്വസിക്കാൻ സർക്കാർ എന്തു നടപടിയെടുത്തു?’ എന്നു ഗൗരവത്തോടെയാണ് ഹൈക്കോടതി ആരാഞ്ഞത്. വെ റുമൊരു മാപ്പപേക്ഷയിൽ ഒതുക്കിതീർക്കാനുള്ളതല്ല ഈ ഏഴു വയസ്സുകാരിയുടെ ആത്മാഭിമാനം.

‘‘റബർ ടാപ്പിങ്ങിനുള്ള ചിരട്ട ചരിച്ചു വയ്ക്കാൻ പോയി ഉച്ചയ്ക്കു കയറി വന്നപ്പോൾ മോളാണ് എന്നോടു പറയുന്നത്. ‘അച്ഛാ, കൊറേ ചക്രമുള്ള വണ്ടി കാണാൻ പോകാം.’ ജയചന്ദ്രൻ ആ ദിനം ഒാർക്കുന്നു.

നട്ടുച്ചയ്ക്കേറ്റ അപമാനം

‘‘കൊല്ലത്തു നിന്ന് ഐഎസ്‌ആർ‌ഒയുടെ വിൻഡ് ടണൽ പ്രൊജക്ടിനുള്ള യന്ത്രസാമഗ്രികളും വഹിച്ചു കൊണ്ടു ള്ള വണ്ടി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് പോകുന്നുണ്ടായിരുന്നു. ഞങ്ങളെത്തുമ്പോഴേക്കും അതു കടന്നു പോയിട്ടുണ്ടാകില്ലേ എന്നായിരുന്നു എന്റെ ചിന്ത. നോക്കിയപ്പോൾ മണിക്കൂറിൽ പത്തു കിലോമീറ്റർ സ്പീഡിലാണ് പോകുന്നത്.

മകളെ അത്തരം കാഴ്ചകൾ കാണാൻ കൊണ്ടുപോകാൻ എനിക്കിഷ്ടമാണ്. ചോറുണ്ണാൻ നിന്നാൽ നേരം പോകുമെന്നു പറഞ്ഞു ഞങ്ങൾ സ്കൂട്ടറിൽ വേഗം ആറ്റിങ്ങലിലേക്കു പോയി. ബ്ലോക്കൊന്നും കിട്ടാതെ തിരിച്ചു പോരാനുള്ള എളുപ്പത്തിനു സൗകര്യപ്രദമായ ഒരിടത്തു വണ്ടി ഒതുക്കി. അവിടെ അടുത്തായി പിങ്ക് പൊലീസിന്റെ വണ്ടി കിടക്കുന്നുണ്ടായിരുന്നു.

ഫോണിൽ വിഡിയോയും ഫോട്ടോയുമൊക്കെ എടുത്തു കഴിഞ്ഞപ്പോൾ മോൾക്കു ദാഹിക്കുന്നുവെന്നു പറഞ്ഞു. ഞാൻ അടുത്ത കടയിൽ നിന്നു വെള്ളം വാങ്ങിക്കൊണ്ടു വരുന്ന സമയത്താണ് പട്രോളിങ് വാഹനത്തിന്റെ അടുത്തേക്ക് വനിതാ പൊലീസ് വരുന്നത്. അവർ വന്ന വഴി ഡ്രൈവർ സീറ്റിൽ നോക്കി. പിന്നെ, എന്നെ വിളിച്ചു. ഞാൻ ചെന്നപ്പോൾ മൊബൈൽ എടുക്കാൻ പറഞ്ഞു. ഞാൻ പോക്കറ്റിൽ നിന്ന് എന്റെ മൊബൈൽ എടുത്തു കൊടുത്തു.‘ഇതല്ല, ഈ വണ്ടിയിൽ നിന്നെടുത്ത എന്റെ മൊബൈൽ എവിടെ?’

‘ഞാൻ എടുത്തില്ല.’ എനിക്കു അവർ എന്താ പറഞ്ഞു വരുന്നതെന്നു പോലും മനസ്സിലായില്ല.

‘നീയെടുത്തു. എന്നിട്ടു മകളുടെ കയ്യിൽ കൊടുക്കുന്നത് ഞാൻ കണ്ടതാണ്.’ ഞാനാകെ മിഴിച്ചു പോയി.

‘അച്ഛൻ നിന്റെ കയ്യിൽ തന്ന ഫോൺ എവിടെടി’ എ ന്നു മകളോട് ആക്രോശിച്ചു. ‘ഇല്ല, അച്ഛൻ എടുത്തിട്ടില്ല’ എന്നു മകളും മറുപടി പറഞ്ഞു.

‘ഫോൺ ഇങ്ങെടുക്കടീ’ എന്നവർ ഉറക്കെ അലറി. മോള് പേടിച്ചു കരയാൻ തുടങ്ങി. അവരുടെ ഒച്ചയും മോളുടെ ക രച്ചിലും കണ്ട് ആളുകൾ കൂടി. പിന്നെ, അവരോടായി വിശദീകരണം. അവിടെ കൂടിയ ഒരാൾ പൊലീസുകാരിയുടെ ന മ്പർ വാങ്ങി ഡയൽ ചെയ്തു. പക്ഷേ, മൊബൈൽ റിങ് ചെയ്യുന്നുണ്ടെങ്കിലും ശബ്ദം പുറത്തു കേൾക്കുന്നില്ല.

എന്റെ ദേഹം പരിശോധിക്കണമെന്നായി. ഞാൻ നിരപരാധിത്വം തെളിയിക്കാൻ ഷർട്ടെല്ലാം പൊക്കി കൂടിനിന്നവരുടെ മുൻപിൽ കാണിച്ചു കൊടുത്തു. അപ്പോൾ, മോളുടെ ദേഹം പരിശോധിക്കാൻ സ്േറ്റഷനിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം വേറൊരു വനിതാ പൊലീസ് ബഹളം കേട്ടു അവിടേക്കു വന്നു.‘ഓഫിസിലോ മറ്റോ ഫോൺ മറന്നു വച്ചോ?’ എന്നെല്ലാം ആ പൊലീസുകാരി ചോദിക്കുന്നുണ്ട്. ഇല്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.

‘ഞാൻ വരുന്നത് കണ്ടപ്പോൾ ഇവൻ വേഗം ഫോൺ മകളുടെ കയ്യിൽ കൊടുത്തു. അവളത് അടുത്തുള്ള കുറ്റിക്കാട്ടിലേക്കിട്ടു.’ എന്നാൽ അവിടെയൊന്നു പോയി നോക്കാൻ ശ്രമിക്കാതെ എന്നെ തുടർന്നും അപമാനിച്ചു കൊണ്ടിരുന്നു.

‘ഇവനെ കണ്ടാലറിയാം കള്ളനാണെന്ന്. മോളെയും കൂട്ടി മോഷ്ടിക്കാനിറങ്ങിയിരിക്കുകയാണ്.’

കൂടെയുള്ള വനിതാ പൊലീസ് അവരുടെ ഫോണിൽ നിന്നു കാണാതായ മൊബൈലിലേക്കു വിളിച്ചു. വണ്ടിയിൽ വച്ചിരുന്ന ബാഗിനുള്ളിൽ റിങ് ചെയ്യുന്നത് കേട്ട് ഫോണെടുത്തു കൊണ്ടു കൊടുത്തു. എന്നിട്ടും അവർ അധിക്ഷേപം നിർത്തിയില്ല.

തൊട്ടടുത്തുള്ള കാറിലുള്ള ഒരാൾ കാർഗോ വണ്ടികളുടെ വിഡിയോ എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ബഹളം കേട്ടപ്പോൾ ഇതും റിക്കോർഡ് ചെയ്തിരുന്നു. അ യാൾ ഇറങ്ങി വന്ന് ഞങ്ങൾ ഫോൺ എടുത്തിട്ടില്ലെന്ന് അ യാളുടെ കയ്യിൽ തെളിവുണ്ടെന്നു പറഞ്ഞു .‘നേരത്തെ പറഞ്ഞുകൂടായിരുന്നോ?’ എന്നെല്ലാം ചോദിച്ച് അയാളോടും അവർ തട്ടിക്കേറി.

പിന്നെ, എന്നെ ചൂണ്ടി എല്ലാവരോടുമായി പറഞ്ഞു. ‘കഴിഞ്ഞ ആഴ്ച ഇവന്റെ ഛായയുള്ള ഒരാളെ മോഷണത്തിനു പിടിച്ചേ ഉള്ളൂ. നിങ്ങൾക്കൊക്കെ എങ്ങനെ അറിയാം ഇവൻ മോഷ്ടിക്കാനല്ല നടക്കുന്നതെന്ന്.’

മകൾ അപ്പോഴേക്കും ഭയങ്കര കരച്ചിലായി. അവൾ പേടിച്ചെന്ന് എനിക്കു മനസ്സിലായി. ഞാനും ഭയന്നു പോയിരുന്നു. ആകെ നാണംകെട്ട അവസ്ഥ. ആൾക്കൂട്ടത്തിന്റെ നടുവിൽ വച്ച് ഒരുവൻ കള്ളനാണെന്ന് ആരോപിക്കപ്പെടുക. അതൊരു നിസ്സഹായത ചൂഴ്ന്ന ഭയമാണ്. കാണാതായ ഫോൺ തിരിച്ചു കിട്ടിയിട്ടു പോലും അതെന്നിൽ നിന്നു വിട്ടു പോയില്ല. ആ ഫോൺ കിട്ടിയില്ലായിരുന്നുവെങ്കിൽ ഞാനും മകളും എന്തു ചെയ്യുമായിരുന്നു?

ഞാൻ വേഗം മോളെയും കൊണ്ടു വീട്ടിലേക്കു പോന്നു. ഇതിനിടയിൽ വിഡിയോ എടുത്ത ആൾ എന്റെ ഫോൺ നമ്പർ വാങ്ങിയിരുന്നു. നേരം വൈകിയതു കൊണ്ട് മോളെ വീട്ടിൽ വിട്ട് ഞാൻ റബർ ടാപ്പിങ്ങിനു പോയി. തിരിച്ചു വന്നപ്പോൾ ‘മോൾക്കാകെ സങ്കടമാണല്ലോ, ഒന്നും മിണ്ടുന്നില്ല’ എന്നു ഭാര്യ സങ്കടം പറഞ്ഞു. ഞാനപ്പോഴാണ് അവളോട് കാര്യങ്ങൾ പറയുന്നത്.

വീണ്ടെടുക്കണമെന്നുറപ്പിച്ചു

അന്നു രാത്രി എട്ടുമണിയായപ്പോൾ എനിക്ക് അയാൾ വീഡിയോ അയച്ചു തന്നു .ഞാനത് എന്റെ കൂട്ടുകാരെ കാണിച്ചു.അവരാണ് മാധ്യമങ്ങള്‍ക്ക് നൽകുന്നത്. രാത്രി കിടന്നിട്ട് എനിക്കുറക്കം വന്നില്ല. പുലർച്ചെ മൂന്നുമണിയായപ്പോഴാണ് മോളുറങ്ങിയത്. ഉറക്കത്തിൽ പേടിച്ചു കരയുന്നുണ്ടായിരുന്നു.‘ഞാൻ എടുത്തിട്ടില്ല,എന്റെ അച്ഛനും എടുത്തിട്ടില്ല.’ എന്റെ മോൾ എത്രമാത്രം പേടിച്ചിരിക്കും.

ഹൈക്കോടതിയിൽ കേസ് കൊടുത്തപ്പോൾ അവർ ജാഗ്രതക്കുറവ് കാണിച്ചെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്. നല്ല നടപ്പിന് അവരെ കൊല്ലത്തേക്ക് സ്ഥലം മാറ്റി. ഇതിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ അവർ മാപ്പപേക്ഷ എഴുതി നൽകിയിട്ടുണ്ട് എന്നു മറുപടി. കേസിന്റെ കാര്യങ്ങൾക്കായി നടക്കുന്നതിനിടയിൽ പ ലപ്പോഴും ഇവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കൽ പോലും ഞ ങ്ങളെ പരിഗണിച്ചില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞാൻ ഈ കേസ് അവസാനിപ്പിച്ചേനെ. അവർ എ ന്റെ മകള്‍ക്ക് നൽകിയ പേടി മാറാൻ കൗൺസലിങ് വേണ്ടി വന്നു.

ഒൻപതാം വയസ്സിൽ റബർ ടാപ്പിങ് തുടങ്ങിയതാണ് ഞാൻ. ഞാനും ഭാര്യയും കൂടി ടാപ്പിങ് ചെയ്തും പണിയില്ലാത്ത സമയങ്ങളിൽ സിമന്റ് ചുമന്നുമാണ് ജീവിക്കുന്നത്. ഒരു ദിവസം വഴിയിൽ കിടന്നൊരു ഫോൺ കിട്ടിയിട്ട് ഞാൻ അതിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തിരുന്നു.

അങ്ങനെയിരിക്കുമ്പോൾ മനസ്സിൽ ഒരു ചോദ്യം ചുഴറ്റി വരും. എന്തുകൊണ്ടായിരിക്കും അവർക്ക് എന്നെ മോഷ്ടാവായി തോന്നിയത്?

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ