Thursday 10 October 2019 05:11 PM IST

ചെയ്യാത്ത കുറ്റത്തിന് അന്യനാട്ടിലെ ജയിലിൽ! മനസ് പിടിവിട്ട് നീറിപ്പിടഞ്ഞ നാളുകളുടെ ഓർമയിൽ ജയചന്ദ്രൻ മൊകേരി

Asha Thomas

Senior Sub Editor, Manorama Arogyam

jm

‘‘ശരീരത്തിലൂടെ അതിശക്തമായി വൈദ്യുതി പ്രവഹിച്ചതുപോലെയാണ് എനിക്കു തോന്നിയത്. രാത്രി 9 മണിക്ക് ടിവി കണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി രണ്ടു മൂന്ന് പൊലീസുകാർ സിവിൽ ഡ്രസ്സിൽ കയറിവന്നു. അന്യനാട്ടിൽ അതും നിയമങ്ങൾ കർക്കശമായ മാലദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ഞാൻ. വികൃതി കാട്ടി ക്ലാസ്സിലൂടെ ഒാടിനടന്ന ഒരു ആൺകുട്ടിയെ ചുമലിൽ പിടിച്ച് സീറ്റിലിരുത്തി എന്നതാണ് ഞാൻ ചെയ്ത കുറ്റം. കുട്ടിയും മാതാപിതാക്കളും നൽകിയ പരാതിയിലെ അന്വേഷണത്തിന് സ്േറ്റഷനിൽ കൊണ്ടുപോകാനാണ് അവർ വന്നത്. ’’

2014 ഏപ്രിൽ 4 ... മനസ്സിനെ ആഴത്തിൽ മുറിവേൽപിച്ച ആ ദിവസം ഒാർത്തെടുക്കുകയാണ്, തക്കിജ്ജ എന്ന പുസ്തകത്തിലൂടെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ ജയചന്ദ്രൻ മൊകേരി. കോഴിക്കോട് പാരലൽ കോളജ് അധ്യാപകനായ അദ്ദേഹം കൂടുതൽ ജീവിതഭദ്രത തേടിയാണ് ദ്വീപിലേക്ക് അധ്യാപനത്തിനായി പോയത്.

ഏപ്രിൽ 4ന് ചെയ്യാത്ത തെറ്റിന് ജയിലിലടയ്ക്കപ്പെട്ട അദ്ദേഹം പുറത്തിറങ്ങുന്നത് എട്ടു മാസവും 20 ദിവസവും കഴിഞ്ഞാണ്. ജയിൽവാസം നീണ്ടുപോയിരുന്നെങ്കിൽ എന്തൊക്കെ സംഭവിച്ചേനേ എന്നു പറയാൻ കഴിയില്ലെന്നു പറയുമ്പോൾ ആ കണ്ണുകളിൽ അന്നനുഭവിച്ച മനസ്സുരുക്കത്തിന്റെ തിരയിളക്കം കാണാം.

തലയ്ക്കടിയേറ്റ നിമിഷങ്ങൾ

‘‘ഇന്ത്യക്കാർക്കു വലിയ വില കൊടുക്കാത്ത ആ ദ്വീപിൽ മനസ്സു പങ്കിടുന്ന ഏതാനും സുഹൃത്തുക്കളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഏറ്റവുമടുത്ത സുഹൃത്ത് പ്രകാശൻ സുഖമില്ലാതെ കിടപ്പാണ്. അറസ്റ്റിന്റെ കാര്യം വീട്ടിൽ അറിഞ്ഞാൽ ഭാര്യയും മക്കളും പരിഭ്രമിക്കും. ആശങ്കകൾ പങ്കുവയ്ക്കാൻ ആരുമില്ലാതെ വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിച്ചു. സ്േറ്റഷനിൽ ചെന്നപ്പോഴാണ് കുട്ടിയെ ചുമലിൽ പിടിച്ചിരുത്തിയത് ബാലപീഡനം ആയി എന്നറിയുന്നത്. പരാതിയിൽ കുട്ടി ഉറച്ചുനിന്നാൽ പതിനഞ്ചുവർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം. ശരി അത്ത് കോടതിയിൽ കുറ്റക്കാരനല്ലെന്നു തെളിയുന്നതുവരെ ജയിലിൽ കിടക്കണം.

ചെയ്യാത്ത കുറ്റത്തിന് അന്യനാട്ടിൽ ജയിലിൽ അടയ്ക്കപ്പെട്ടത് തലയ്ക്കടിയേറ്റ പോലെയായിരുന്നു. എല്ലാം പുകമറയിലെന്നപോലെ. പ്രിയപ്പെട്ടവരുടെ മുഖങ്ങൾ പോലും ഒാർമ വരുന്നില്ല. പൊട്ടിക്കരയണമെന്നുണ്ട്. കരച്ചിൽ വരുന്നില്ല. ജയിലഴികളിൽ പിടിച്ച് പതറി എത്രയോ നേരം ഞാൻ നിന്നു. പിന്നീടുള്ള ദിവസങ്ങൾ കടുത്ത മനഃസംഘർഷത്തിന്റേതായിരുന്നു. കള്ളന്മാരും കൊലപാതകികളും മയക്കുമരുന്ന് കടത്തുകാരുമായ പല രാജ്യങ്ങളിലുള്ള ആളുകളോടൊപ്പമുള്ള സഹവാസം. വൃത്തിഹീനമായ ചുറ്റുപാടുകൾ. പ്രാതൽ കൊണ്ടുവന്ന് സെല്ലിന്റെ വാതിലിൽ ആഞ്ഞടിക്കുമ്പോഴാണ് ദിവസങ്ങൾ കൊഴിഞ്ഞുപോകുന്നത് അറിയുന്നത്. പുറത്തേക്കു നോക്കിയാൽ മതിലിന്റെ അറ്റവും തെങ്ങിൻ തലപ്പുകളും .അതിനു മുകളിൽ ഒരു തുണ്ട് ആകാശം... കൂട്ടിന് ജയിലിനെ ചുറ്റിയുള്ള കടലിരമ്പം മാത്രം. ഉറക്കം വരാത്ത രാത്രികളിൽ തറയിലെ ഷീറ്റിൽ മലർന്നുകിടക്കുമ്പോൾ ആ കടലിരമ്പം നെഞ്ചിലേക്കു വന്നു തട്ടുന്നതു പോലെ തോന്നും.

അലട്ടുന്ന ചിന്തകൾ, ഉയരുന്ന ബിപി

ഇടിത്തീപോലെ പതിക്കുന്ന ദുരന്തങ്ങൾ നമ്മെ മാത്രമല്ല പിരിമുറുക്കത്തിലാക്കുക. നമുക്ക് ഉറ്റവരെയുമാണ്. ഭാര്യയുടെയും മക്കളുടെയും അവസ്ഥ എന്തായിരിക്കുമെന്നോർത്ത് മനസ്സ് നീറിപ്പിടയുമായിരുന്നു. ചിന്തിച്ചുകൂട്ടൽ മൂലം രക്തസമ്മർദം കുതിച്ചുയർന്ന് പല തവണ ചികിത്സ തേടി. മാസത്തിൽ രണ്ടു തവണ വീട്ടിലേക്കു വിളിക്കാൻ അനുവാദമുണ്ട്. അഞ്ചുമിനിറ്റേ കിട്ടൂ. അതിനുള്ളിൽ എല്ലാം പറയണം. രക്തസമ്മർദത്തിന്റെ ഗുളിക പൊതിഞ്ഞുകിട്ടുന്ന തുണ്ടുകടലാസ്സ് സൂക്ഷിച്ചുവയ്ക്കും. സെല്ലിൽ പൊലീസുകാർ മറന്നുവച്ച നീലപ്പേന ഒളിച്ചുവച്ചിരുന്നു. മക്കൾക്കു കൊടുക്കേണ്ട മുത്തം വരെ എല്ലാം തുണ്ടുപേപ്പറിൽ കുറിച്ചുവയ്ക്കും.. കടുത്ത മാനസികസംഘർഷത്തിൽ വാക്കുകൾ കിട്ടാതെ നിന്നു പോയാലോ?.

ഞാൻ ജയിലിലെത്തി മൂന്നാം ദിവസം കുട്ടിയും വീട്ടുകാരും പരാതി പിൻവലിച്ചിരുന്നു. കേസ് ഇല്ലാത്തതിനാൽ മിനിസ്ട്രി ഒാഫ് എജ്യുക്കേഷന് കൈമാറുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, അധികം വൈകാതെ അത് അസ്തമിച്ചു. 15 ദിവസം വീതം റിമാൻഡ് നീട്ടിക്കൊണ്ടിരുന്നു. ഒരു ഒാൺലൈൻ മാഗസിനിൽ ദ്വീപിലെ കാഴ്ചകളേക്കുറിച്ചു ഞാൻ ചിലത് കുറിച്ചിരുന്നു. എന്നോടു വിരോധമുണ്ടായിരുന്ന സ്കൂളിലെ ചിലർ ചേർന്ന് അത് ഗവൺമെന്റിന് എതിരെയുള്ളതാണെന്ന് തെറ്റിധരിപ്പിച്ചിരിക്കാം.

jm1

കൈവിലങ്ങ് വച്ച് കോടതിയിലേക്കുള്ള യാത്രയിൽ സ്വതന്ത്രരായി നടക്കുന്ന മനുഷ്യരെ കാണുമ്പോൾ സ്വാതന്ത്ര്യത്തോടുള്ള അസൂയയും ആർത്തിയും കലർന്ന മനോവിഭ്രാന്തി എന്നെ പിടികൂടി. എന്നെ ജയിലിൽ സന്ദർശിച്ചശേഷം പ്രകാശ് പുറത്തേക്കും ഞാൻ അകത്തേക്കും നടക്കുമ്പോൾ സങ്കടം തികട്ടിവരും.

എന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചിരുന്നു. ശേഷമുള്ള ജീവിതത്തിന്റെ അലട്ടൽ മനസ്സിനു നൽകിയൊരു കരുത്തുണ്ട്. അതിന്റെ നേരിയൊരംശം ഉള്ളിലുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നേരിന്റെ ധൈര്യവുമുണ്ട്. എങ്കിലും ഇടയ്ക്കിടെ ആ ധൈര്യം ചോർന്നുപോകും. അപ്പോഴൊക്കെ ഞാൻ സ്വയം സംസാരിക്കും. നമ്മളിൽ തന്നെയുള്ള നമ്മളെ ആശ്വസിപ്പിക്കലാണത്. വീണുപോകരുത് എന്ന ഒാർമപ്പെടുത്തൽ.

വീണ്ടും ആശങ്ക കരിമ്പടം പോലെ മൂടുമ്പോൾ പേപ്പർ കീറി ഇട്ടുനോക്കും. വെളുത്ത ഭാഗം വീണാൽ നിർഭാഗ്യം, കറുത്ത ഭാഗം വീണാൽ ഭാഗ്യം. കറുത്തനിറം കൂടുതൽ തവണ വീഴും വരെ ഇട്ടുകൊണ്ടേയിരുന്നു. കുട്ടിക്കളിയെന്നു തോന്നും. പക്ഷേ, സുബോധത്തിനും ഭ്രാന്തിനുമിടയിലെ നൂൽപാലത്തിലൂടെയുള്ള ജീവിതയാത്രയ്ക്ക് അതൊരു പങ്കായമായിരുന്നു.

അധികം ചിന്തിക്കേണ്ട എന്ന ഡോക്ടറുടെ ശാസനയുണ്ട്. ചിന്തകളുടെ കയറ്റിറക്കം അസഹ്യമാകുമ്പോൾ ഞാൻ സെല്ലിലൂടെ നടക്കും. കൈ പുറകിൽ കെട്ടിയുള്ള നടപ്പ് ചിന്തകളെ ഏകാഗ്രമാക്കി. ഇരിപ്പ് എല്ലാം നമ്മുടെ തലയിലേക്ക് കൊണ്ടുവരും. നടപ്പ് നമ്മെ വേറെ ലോകത്തേക്കു കൊണ്ടു പോകും.

jm

എഴുത്തെന്ന ഔഷധം

ജയിലിലായിരുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ പ്രണയിച്ചതും കാത്തിരുന്നതും തക്കിജ്ജ എന്ന ദ്വിവേഹി (മാലദ്വീപിലെ ഭാഷ) വാക്കിനായാണ്. പുറത്തേക്ക് എന്നർഥമുള്ള ഈ വാക്ക് പേരിനൊപ്പം ചേർത്തു പറഞ്ഞാൽ അർഥം ജയിൽമോചിതനായി എന്നാണ്. ഒരു ഘട്ടത്തിൽ 25 വർഷം വരെ ജയിലിൽ കിടക്കേണ്ടി വന്നേക്കാം എന്നു പറഞ്ഞിരുന്നു. ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചുപോയി. അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ജയചന്ദ്രൻ തക്കിജ്ജ എന്നു കേട്ടപ്പോൾ അത് തലച്ചോറിനു മനസ്സിലാക്കാൻ കുറച്ചുസമയം എടുത്തു.

ബംഗളൂരുവിലേക്കുള്ള ഫ്ളൈറ്റ് കയറിയപ്പോൾ കാൽ നിലത്തുറയ്ക്കുന്നില്ല. ഫ്ളൈറ്റ് മാനേജരാണ് സീറ്റിൽ കൊണ്ടിരുത്തിയത്. ബാംഗ്ലൂരിൽ നിന്നു നാട്ടിലേക്കു പോകാൻ എത്ര പണം വേണമെന്നു ചോദിച്ചിട്ട് വായിൽ തോന്നിയ കാശ്–അത് വളരെ കുറവായിരുന്നു–ആണ് പറഞ്ഞത്. ഒന്നിനും പറ്റാത്ത വിധത്തിൽ ഞാൻ ആകെ തകർന്നിരുന്നു എന്നു മനസ്സിലാക്കിയത് അപ്പോഴാണ്.

എന്റെ സുഹൃത്തുക്കളുടെ ശ്രമഫലമായി സോഷ്യൽ മീഡിയയും പത്ര ദൃശ്യ മാധ്യമങ്ങളും കേസിന്റെ വിഷയം പുറംലോകത്തെത്തിച്ചു. ഇതിനിടയിൽ ഭാര്യ ജ്യോതി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ കണ്ടുസംസാരിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാലദ്വീപ് സർക്കാരുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി. തുടർന്നാണ് മോചനം സാധ്യമായത്.

വീട്ടിൽ എത്തിക്കഴിഞ്ഞും ജയിൽവാസം ഉണ്ടാക്കിയ മനോസംഘർഷങ്ങളിൽ നിന്നു മോചിതനായില്ല. തുറന്നിട്ട ജനലും സൂര്യവെളിച്ചവും പ്രിയപ്പെട്ടവരുടെ മധുരശബ്ദങ്ങളും...എല്ലാം പഴയപോലെ അനുഭവിക്കാൻ സമയമെടുത്തു. ഒഴുക്കോടെ സംസാരിക്കാൻ പറ്റാതായി എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ചില വാക്കുകൾ പോലും മറന്നുപോയിരുന്നു. ആദ്യമൊക്കെ സംസാരിക്കാനേ പറ്റിയിരുന്നില്ല. വാ തുറക്കുമ്പോഴേക്കും കരച്ചിൽ വന്ന് തൊണ്ടയിൽ വീർപ്പുമുട്ടി. സുഹൃത്തുക്കളൊക്കെ നിർബന്ധിച്ചതിനാലാണ് അനുഭവങ്ങൾ എഴുതിതുടങ്ങിയത്. പിരിമുറുക്കങ്ങളെ അലിയിച്ചുകളയാൻ പോന്ന ഔഷധമായിരുന്നു എഴുത്ത്. കണ്ണീരും നെടുവീർപ്പും നിരാശയുമൊക്കെ പേപ്പറിലേക്ക് പകർത്തിയപ്പോൾ മനസ്സ് ഭാരമൊഴിഞ്ഞ് സ്വതന്ത്രമായി. ’’

jm-2

സ്ട്രെസ് എന്ന വില്ലൻ

ജയചന്ദ്രൻ മൊകേരിയുടെ പോലെ കഠിനമല്ലെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും സ്ട്രെസ് അഥവാ മാനസികപിരിമുറുക്കം അനുഭവിക്കാത്തവർ ഉണ്ടാകില്ല. പൊരുത്തപ്പെടൽ ആവശ്യമുള്ള ഒരു സാഹചര്യത്തോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് സ്ട്രെസ്. ഈ പ്രതികരണം ശാരീരികമോ മാനസികമോ വൈകാരികമോ ആകാം. ഒരുകാര്യം എത്രമാത്രം പിരിമുറുക്കമുണ്ടാക്കും എന്നത് വ്യക്തിഗതമാണ്. നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു കെട്ടുകഥകളാണെന്ന് പറയാറുണ്ട്. അതേ പോലെ മാനസികസംഘർഷം അനുഭവിക്കുന്നവനേ അതിന്റെ നോവും തീവ്രതയും അറിയൂ.

ഇടവേളകളോ വിശ്രമമോ ഇല്ലാതെ അടിക്കടി സ്ട്രെസ്സിന് അടിമപ്പെടുമ്പോൾ ടെൻഷൻ ഉരുണ്ടുകൂടുന്നു. ഇത് മാനസികവും ശാരീരികവുമായ ഒട്ടേറെ ദുഷ്യഫലങ്ങളുണ്ടാക്കാം. എന്താണ് മനുഷ്യനെ രോഗിയാക്കുന്നത് എന്നതിന് ഹറി കറി വറി എന്നാണ് ഉത്തരം. ഇതിലെ ഹറിയും (ധൃതി) വറിയും ( ഉത്കണ്‌ഠ) ചേരുന്നതാണ് പിരിമുറുക്കം. പുതിയ കാലത്തെ ഏറ്റവും പ്രധാന രോഗകാരണവും സ്ട്രെസ് തന്നെ.

പിരിമുറുക്കം നീണ്ടുനിന്നാൽ

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയാണ് ലോകത്തിലെ തന്നെ ഏറ്റവും വിഷാദഭരിത രാജ്യം. സ്ട്രെസ് പ്രത്യേകിച്ച് ദീർഘകാലമായുള്ള സ്ട്രെസ് നിസ്സാരമാക്കാതെ കൈകാര്യം ചെയ്യേണ്ട പ്രശ്നം തന്നെയാണ്– തൃശൂർ ഗവ മെഡി. കോളജിലെ സൈക്യാട്രിസ്റ്റ് ഡോ. കെ. എസ്. ഷാജി പറയുന്നു.‘‘ എനിക്ക് വല്ലാത്ത സ്ട്രെസ് ആണ്, സഹായിക്കണം എന്നു പറഞ്ഞ് ആരും വരാറില്ല. ഏറെക്കാലം സ്ട്രെസ് അനുഭവിച്ച് അത് വിഷാദമോ ഉത്കണ്ഠാരോഗമോ പാനിക് അറ്റാക്കോ ആയി കൂടുമാറുമ്പോൾ, ജീവിതത്തെ നിഷ്ക്രിയമാക്കുമ്പോഴാണ് സഹായം തേടിവരിക. കുട്ടികളിൽ പലപ്പോഴും പഠനപ്രശ്നങ്ങൾക്കു ചികിത്സിക്കുമ്പോഴാണ് പിന്നിൽ സ്ട്രെസ് ആണെന്നു തിരിച്ചറിയുക.’’

ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ഉദ്യോഗസ്ഥരിലെ മാനസികപിരിമുറുക്കവും വിഷാദവും സംബന്ധിച്ചു നടത്തിയ പഠനത്തിലെ കണക്കുകൾ ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. സ്വകാര്യമേഖലയിലെ ജോലിക്കാരിൽ 42.5 ശതമാനം പേർക്കും ഉത്കണ്ഠാരോഗമോ വിഷാദമോ ഉണ്ട്. കുറഞ്ഞ വേതനവും കൂടിയ ജോലിഭാരവും ചുരുങ്ങിയ ഡെഡ്‌ലൈനുകളും ജോലിയിൽ മുൻപിലെത്താനുള്ള സമ്മർദവും കൂടിക്കൂടി പിരിമുറുക്കത്തിലേക്കും കോപതാപങ്ങളിലേക്കും എത്തുന്നു.

മറ്റൊരു പഠനം പറയുന്നത് ഉദ്യോഗസ്ഥരിൽ മാനസികപിരിമുറുക്കം ഹൃദയമിടിപ്പിനെ ദ്രുതഗതിയിലും താളംതെറ്റിയതുമാക്കും എന്നാണ്. ഇതിന് എട്രിയൽ ഫിബ്രിലേഷൻ എന്നു വൈദ്യഭാഷയിൽ പറയും. സ്ട്രോക്ക്, മറവിരോഗം (ഡിമൻഷ്യ) , ഹൃദയപരാജയം എന്നിങ്ങനെ ഒട്ടേറെ രോഗസങ്കീർണതകൾക്ക് ഇത് ഇടയാക്കാം.

‘‘ മാനസികപിരിമുറുക്കം കൊണ്ട് ശരീരത്തിലുണ്ടാക്കുന്ന തിരയിളക്കം വർധിതമായ നെഞ്ചിടിപ്പ്, തലകറക്കം അരിത്മിയ തുടങ്ങി ഹൃദയാഘാതത്തിനു വരെ കാരണമാകാം.ഹൃദ്രോഗ സാധ്യത കൂടുതലുള്ളവരിൽ പ്രത്യേകിച്ചും. ’’ കൊച്ചി ലൂർദ് ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. ജോർജ് തയ്യിൽ പറയുന്നു. പിരിമുറുക്കത്തെ തുടർന്ന് നെഞ്ചിടിപ്പ് കൂടുമ്പോൾ ഹൃദയപേശികൾക്ക് രക്തം കൂടുതൽ വേണ്ടിവരും. മുൻപേ തടസ്സമുള്ള ധമനികളിൽ രക്തം പ്രവഹിക്കാതെ വരും. ഇത് അറ്റാക്കിലേക്കു നയിക്കാം. സലിം യൂസഫിന്റെ പഠനം പറയുന്നത് ഹൃദ്രോഗത്തിനിടയാക്കുന്ന 9 കാരണങ്ങളിൽ പ്രധാനം സ്ട്രെസ് എന്നാണ്. പ്രകൃത്യാ ദേഷ്യവും സ്ട്രെസ്സും ഉള്ള ടൈപ്പ് 1 വ്യക്തിത്വമുള്ളവരുടെ ഹൃദയത്തിന്റെ അവസ്ഥ പരിതാപകരമായിരിക്കും.

സ്ട്രെസ്സും ഹറീഡ് വിമൻ സിൻഡ്രവും

സ്ത്രീകളിൽ ജോലിഭാരവും വീട്ടുപണികളും കൂടി ദീർഘകാലം മാനേജ് ചെയ്ത് പിരിമുറുക്കം അനുഭവിക്കുന്നത് ഹറീഡ് വിമൻ സിൻഡ്രം എന്ന അവസ്ഥയിലെത്തിക്കും. ക്ഷീണം, വിശപ്പു കൂടുക, അമിതഭാരം, ഉറക്കപ്രശ്നങ്ങൾ, സ്വയം മതിപ്പ് കുറയുക, ചെയ്യുന്നതു പോരെന്നുള്ള കുറ്റബോധം എന്നീ ലക്ഷണങ്ങൾ കാണാം.

ചികിത്സിക്കേണ്ട ഡോക്ടർമാരുടെ കാര്യവും കഷ്ടം തന്നെ. ഇന്ത്യയിലാകമാനം എട്ടുലക്ഷം ഡോക്ടർമാരുണ്ട് എന്നാണ് കണക്ക്. ഇന്ത്യൻ ജേണൽ ഒഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച സർവേ പറയുന്നത് ഇന്ത്യയിലെ ഡോക്ടർമാരിൽ 30 ശതമാനം വിഷാദരോഗികളാണെന്നാണ്. ഇന്ത്യൻ ജേണൽ ഒഫ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പഠനം പറയുന്നത് 18 ശതമാനം ഡോക്ടർമാർ വിഷാദരോഗത്തിനുള്ള മരുന്നുകളെ ആശ്രയിക്കുന്നുവെന്നാണ്. .

സ്ട്രെസ് എപ്പോഴും വില്ലനല്ല. വിവാഹം പോലുള്ള സന്തോഷാനുഭവങ്ങളിൽ പൊസിറ്റീവായ സ്ട്രെസ്സ് ഉണ്ടാകാം ‘‘കാര്യങ്ങൾ സമയാനുബന്ധമായി തീർക്കാൻ മനസ്സ് അൽപം മുറുകിവലിഞ്ഞു നിൽക്കുന്നത് നല്ലതാണ്. വേണ്ടത് പിരിമുറുക്കം കൂടിയാലുള്ള അപകടങ്ങളേക്കുറിച്ചുള്ള തിരിച്ചറിവാണ്. പിരിമുറുക്കം ജീവിതത്തെ വരിഞ്ഞുമുറുക്കാതെ നിയന്ത്രിച്ചു പോകുന്നത് ഒരു സ്കില്ലാണ്. ദീർഘകാലം സ്ട്രെസ് അനുഭവിക്കേണ്ടിവരുന്നവർ ഈ സ്കിൽപരിചയിച്ച് എടുക്കണം. പിരിമുറുക്കത്തിന് അയവു വന്നില്ലെങ്കിൽ അത് ഡിസ്ട്രെസ് അഥവാ ദോഷകരമായ സ്ട്രെസ് പ്രതികരണത്തിലേക്കു നയിക്കാം. ’’ ഡോ. ഷാജി പറയുന്നു.

അതേ...നിങ്ങളെ നിലംപരിശാക്കുന്ന പിരിമുറുക്കത്തിൽ നിന്നു രക്ഷപെടണമെങ്കിൽ സ്ഥലം മാറി ഒാടിയൊളിക്കുകയല്ല വേണ്ടത്. സ്വയം മാറുകയാണ്.