Monday 12 October 2020 04:47 PM IST

മാറിടം നീക്കം ചെയ്തവരുടെ മനമറിഞ്ഞവൾ; സായ്ഷ തുന്നിയെടുക്കുന്നത് അർബുദം ഉലച്ചുകളഞ്ഞ ജീവിതങ്ങളെ

Roopa Thayabji

Sub Editor

saysha-breast-cancer

ലോകമെമ്പാടും സ്തനാർബുദ രോഗികളുടെ എണ്ണം ദിനംതോറും വർധിക്കുന്നുവെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യയിലെ കണക്കുകളിൽ കേരളമാണ് മുന്നിൽ. ഈ സാഹചര്യത്തിലാണ് ഒക്ടോബറിൽ ലോകാരോഗ്യ സംഘടന ബ്രസ്റ്റ് കാൻസർ ബോധവത്കരണ മാസമായി ആചരിക്കുന്നത്.

അർബുദമെന്നു കേൾക്കുമ്പോൾ സ്ത്രീകൾ പേടിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. രോഗതീവ്രകാലം അതിജീവിക്കുന്നതിനെക്കുറിച്ചാണ് ആദ്യത്തെ ഭയം. കീമോ തെറപി അടക്കമുള്ള ചികിത്സകളുടെ അനന്തരഫലമായി മുടി കൊഴിയുകയും സൗന്ദര്യം നഷ്ടപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് രണ്ടാമത്തേത്. അർബുദത്തെ ഇത്രയേറെ പേടിക്കുന്നവർ അപ്പോൾ സ്തനാർബുദം എന്നു കേട്ടാലോ? രോഗത്തെ അതിജീവിച്ചവർക്ക് പുതുവെളിച്ചം പകരുന്ന സായ്ഷ ഇന്ത്യ എന്ന സംഘടനയെ കുറിച്ചും സായ്ഷയുടെ അമരക്കാരി ജയശ്രീ രത്തനെ കുറിച്ചും അറിയാം.

സായ്ഷയുടെ വഴികൾ

സ്തനാർബുദ ചികിത്സയ്ക്കു വിധേയരാകുന്നവരുടെ തുടർജീവിതം ചില മാനസിക സംഘർഷങ്ങളിൽ പെട്ട് ഉഴലാറുണ്ട്. മാറിടം നീക്കം ചെയ്തവരുടെ ഈ സംഘർഷങ്ങൾ അടുത്തറിയാൻ ഇടയായതാണ് ജയശ്രീ രത്തനെ സായ്ഷയുടെ തുടക്കത്തിലേക്ക് നയിച്ചത്. ‘‘ അർബുദ ചികിത്സയുടെ ഭാഗമായി സ്തനം നീക്കം ചെയ്ത സ്ത്രീയെ രണ്ടു വർഷം മുൻപ് കാണാൻ ഇടയായി. അവരുടെ പ്രയാസങ്ങൾ കേൾക്കുന്നതിനിടെയാണ് ബ്രായുടെ ഉള്ളിൽ വയ്ക്കാവുന്ന, കമ്പിളിനൂലു കൊണ്ടുള്ള, സ്തനത്തിന്റെ ആകൃതിയിലുള്ള നോക്കേഴ്സിനെ കുറിച്ച് വായിച്ചത് ഓർമ വന്നത്.

പിന്നാലെ അമേരിക്കയിലുള്ള നിറ്റഡ് നോക്കേഴ്സുമായി (www.knittedknockers.org) ബന്ധപ്പെട്ട് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. അവർ തന്നെയാണ് നോക്കേഴ്സ് നിർമിക്കാനുള്ള പാറ്റേൺ നൽകിയത്. ഞാൻ തുന്നി കൊടുത്ത നോക്കേഴ്സ് കിട്ടിയതിനു പിന്നാലെ ആ സ്ത്രീയുടെ കണ്ണീരിൽ കുതിർന്ന നന്ദി കിട്ടി. അതായിരുന്നു തുടക്കം.’’

ക്രോഷേയും നിറ്റിങ്ങും (Knitting) ചെയ്യാനറിയാവുന്ന കുറച്ചു സുഹൃത്തുക്കളെ സംഘടിപ്പിച്ച് നിറ്റഡ് നോക്കേഴ്സ്, യുഎസ്എയുമായി സഹകരിച്ച് സായ്ഷ രജിസ്റ്റർ ചെയ്തു ജയശ്രീ രത്തൻ. സംസ്കൃതത്തിൽ സായ്ഷ എന്നാൽ ‘അർഥപൂർണമായ ജീവിതം’ എന്നാണ്. ഇപ്പോൾ സായ്ഷയ്ക്ക് ഇന്ത്യയിലും യുഎഇയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി 170 വൊളന്റിയർമാരുണ്ട്. രണ്ടു വർഷത്തിനിടെ 2000ത്തോളം നോക്കേഴ്സ് ആവശ്യക്കാർക്ക് എത്തിച്ചുകഴിഞ്ഞു.

മാറുന്ന ജീവിതം

സ്തനാർബുദ ശസ്ത്രക്രിയയ്ക്കു ശേഷം സിലിക്കോൺ കൊണ്ടുള്ള നോക്കേഴ്സ് വാങ്ങാൻ ചെലവ് കൂടുതലാണ്. അതിനു സാധിക്കാത്തവർക്ക് തുന്നിയെടുക്കുന്ന നോക്കേഴ്സ് സൗജന്യമായി ലഭിക്കുന്നത് വലിയ സന്തോഷമാണെന്ന് കേരളത്തിലെ സായ്ഷയുടെ ആദ്യ വോളന്റിയറായ തിരുവനന്തപുരം സ്വദേശി വൽസ മേരി മാത്യു പറയുന്നു.

‘‘ചെന്നൈ ഗുഡ് ഷെപ്പേർഡ് കോൺവെന്റിൽ സഹപാഠികളായിരുന്നു ഞാനും ജയശ്രീ രത്തനും. സ്കൂൾ വിട്ടു അൻപതു വർഷം കഴിഞ്ഞപ്പോൾ, ഇക്കഴിഞ്ഞ വർഷം ഞങ്ങൾ ചെന്നൈയിൽ ഒത്തുകൂടി. അവിടെ വച്ചാണ് ജയശ്രീ സായ്ഷയുടെ കാര്യങ്ങൾ പറഞ്ഞത്. അന്നു ഞാൻ സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് മാനേജരായി റിട്ടയർ ചെയ്തിരുന്നു.

അക്രിലിക് നൂലു കൊണ്ടാണ് സാധാരണ ക്രോഷേ ചെയ്യുന്നത്. നമ്മുടെ കാലാവസ്ഥയിൽ നോക്കേഴ്സ് ഉണ്ടാക്കാൻ കോട്ടൻ നൂലു തന്നെ വേണം. ഗോവ, വഡോദര എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിൽ എല്ലായിടത്തും കോട്ടൻ നൂൽ എത്തിക്കുന്നത്. ഇതിന്റെ ചെലവ് വോളന്റിയർമാർ വഹിക്കും.

ക്രോഷേയോ തുന്നലോ (Knitting) ചെയ്യാനറിയാവുന്ന ആർക്കും പാറ്റേൺ കയ്യിലുണ്ടെങ്കിൽ നോക്കേഴ്സ് ഉണ്ടാക്കാം. എ, ബി, സി, ഡി കപ് സൈസുകളിൽ നോക്കേഴ്സ് തുന്നേണ്ട വിധം പാറ്റേണിൽ തന്നെ ഉണ്ട്. കേരളത്തിൽ ആകെ അഞ്ചു വൊളന്റിയർമാരേ സായ്ഷയ്ക്ക് ഉള്ളൂ.’’

നോക്കേഴ്സിനുള്ളിൽ നിറയ്ക്കുന്ന റെക്രോൺ ഫൈബർ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, കഴുകി ഉപയോഗിക്കാവുന്നതുമാണ്. ലൈറ്റ് വെയ്റ്റായതു കൊണ്ട് ഉപയോഗിക്കാനും വളരെ സൗകര്യം. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് തുന്നി അയയ്ക്കുന്ന നോക്കേഴ്സിൽ കപ് സൈസ് അനുസരിച്ച് റെക്രോൺ നിറയ്ക്കുന്നതും, ലേബൽ ചെയ്ത് അയയ്ക്കുന്നതുമെല്ലാം മുംബൈയിൽ നിന്നാണ്.

ഒരു സ്തനം ശസ്ത്രക്രിയയിലൂടെ നീക്കിയവർക്ക് രണ്ടു നോക്കേഴ്സ് നൽകും, കഴുകി ഉണങ്ങാനെടുക്കുന്ന കാലതാമസം കണക്കാക്കിയാണ് ഇത്. രണ്ടു വർഷമാണ് ഉപയോഗ കാലാവധി. അതിനുശേഷം സായ്ഷയിലേക്കു ബന്ധപ്പെട്ടാൽ പുതിയതു ലഭിക്കും.

സന്തോഷം ഇരട്ടിയാക്കാം

ഒരു ദിവസം മതി നോക്കർ തുന്നിയെടുക്കാൻ. മറ്റു ജോലികൾക്കിടയിൽ ചെയ്യുകയാണെങ്കിൽ പോലും മൂന്നോ നാലോ ദിവസം മതിയാകും. ഉപയോഗിക്കുന്നവരുടെ മറുപടി കത്തുകളിൽ നിന്നു കിട്ടുന്ന സന്തോഷമാണ് വോളന്റിയർമാർക്ക് വീണ്ടും നോക്കേഴ്സ് തുന്നാനുള്ള ഊർജം നൽകുന്നത്.

സർജറി ചെയ്തവർക്കു നോക്കേഴ്സ് ലഭ്യമാക്കാനായി പതിവായി സായ്ഷയിലേക്കു വിളിക്കാറുണ്ടെന്ന് ചെന്നൈ ബ്രസ്റ്റ് കാൻസർ സെന്ററിലെ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. സെൽവി രാധാകൃഷ്ണ പറയുന്നു. ‘‘ഞങ്ങളുടെ ആശുപത്രിയിൽ മാത്രം മാസത്തിൽ 25 പേർക്കെങ്കിലും ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്യുന്നുണ്ട്. ഇവർക്കു വേണ്ടി സായ്ഷയിൽ നിന്നു നേരിട്ടാണ് നോക്കർ ലഭ്യമാക്കുന്നത്. ശസ്ത്രക്രിയക്കു ശേഷം നോക്കർ ഉപയോഗിക്കുന്നവർ തുടർ ചികിത്സയ്ക്കു വരുമ്പോൾ അതു വളരെ സൗകര്യപ്രദമാണെന്ന് പറയാറുണ്ട്. അതുകൊണ്ടാണ് വീണ്ടും പുതിയ ആളുകൾക്ക് സജസ്റ്റ് ചെയ്യുന്നത്. ഉപയോഗിക്കുന്നവരുടെ സന്തോഷം സായ്ഷയിലേക്ക് അറിയിക്കുന്നതും ഇരട്ടി സന്തോഷം നൽകുന്നു.’’

ശസ്ത്രക്രിയയ്ക്കു ശേഷം നോക്കേഴ്സ് കിട്ടിയവർ തന്നെ സായ്ഷയുടെ വോളന്റിയർമാരാകാൻ മുന്നോട്ടു വരുന്നുമുണ്ട്. സായ്ഷയുടെ വെബ്സൈറ്റ് വഴിയോ (www.saaishaindia.org) ഫെയ്സ്ബുക് പേജിലോ ഇമെയിൽ വഴിയോ (saaisha.india@gmail.com) വാട്സാപ്പ് നമ്പരിലോ (9820042953– മുംബൈ, 9400642453– കേരള) ബന്ധപ്പെടുന്നവർക്ക് നോക്കേഴ്സ് നോക്കേഴ്സ് സൗജന്യമായി ലഭിക്കും.

സ്തനാർബുദം സ്വയം കണ്ടെത്താം

30 വയസ്സു കഴിഞ്ഞവർ സ്തനാർബുദ സാധ്യത നേരത്തേ കണ്ടെത്തുന്നതിനായി മാസത്തിലൊരിക്കൽ സ്വയം സ്തനപരിശോധന നടത്തണം. ആർത്തവം കഴിഞ്ഞ് 10 ദിവസത്തിനു ശേഷമാണ് ഇതു ചെയ്യേണ്ടത്.

∙ കുളിക്കുമ്പോൾ വിരലുകൾ ചേർത്തുപിടിച്ച് സ്തനങ്ങൾക്കു ചുറ്റും വട്ടത്തിൽ തൊട്ടുനോക്കുക. പുറത്തുനിന്ന് അകത്തേക്ക് എന്ന മട്ടിൽ മാറിടം മുഴുവനും കക്ഷവും താഴേക്കു വരുന്ന ഭാഗവും പരിശോധിച്ച് തടിപ്പോ കല്ലിപ്പോ ഉണ്ടോ എന്നു നോക്കാം.

∙ കണ്ണാടിക്കു മുന്നിൽ നിന്ന്, കൈകൾ നിവർത്തിയിട്ടും അരക്കെട്ടിലുറപ്പിച്ചും സ്തനങ്ങളിൽ നിറവ്യത്യാസം, ചു ളിവ്, കുഴി, നിപ്പിളിൽ അസ്വാഭാവിക മാറ്റങ്ങൾ എന്നിവയുണ്ടോ എന്നു പരിശോധിക്കാം. കൈകൾ പിന്നിലേക്ക് ഉറപ്പിച്ച് മാറിടത്തിനു വിരിവു വരുത്തിയും പരിശോധന നടത്താം. ഏതെങ്കിലും ഒരു വശത്തു മാത്രം മാറ്റങ്ങൾ ഉണ്ടോ എന്നും നോക്കണം. നിപ്പിളിൽ പതിയെ അമർത്തി നോക്കി സ്രവങ്ങൾ വരുന്നുണ്ടോ എന്നും തടിപ്പു തോന്നുന്നുണ്ടോ എന്നും പരിശോധിക്കണം.

∙ കിടന്ന ശേഷം സ്തനങ്ങൾ പരിശോധിക്കാം. ഇടതുസ്തനം പരിശോധിക്കുമ്പോൾ ഇടതുകൈ ഉയർത്തി ത ലയ്ക്കു പിന്നിലേക്ക് വയ്ക്കണം. ഇതുപോലെ മറുവശവും പരിശോധിക്കാം.