Monday 19 November 2018 04:47 PM IST : By സ്വന്തം ലേഖകൻ

യഥാർത്ഥ ‘കുപ്രസിദ്ധ പയ്യൻ’ ഇവിടെയുണ്ട്; തന്റെ കഥ സിനിമയായതറിയാതെ

jayesh-new

തന്റെ കഥ സിനിമയായതോ അത് പ്രേക്ഷർ ഏറ്റെടുത്തതോ ജയേഷ് അറിഞ്ഞിട്ടില്ല. ചെയ്യാത്ത തെറ്റിന് മനസ്സിനും ശരീരത്തിനുമേറ്റ മുറിവുകളുടെ നീറുന്ന പാടുകളും പേറി, എല്ലാവരിൽ നിന്നുമകന്ന്, ഹോട്ടലിലെ തറതുടച്ചും മാലിന്യകൂമ്പാരത്തിനു നടുവിലെ പൊളിഞ്ഞു വീഴാറായ ഇത്തിരിയിടത്തും അയാൾ ജീവിതം തള്ളിനീക്കുന്നു; അനാഥനായ ഒരു നിരപരാധിക്കു മേൽ നീതിയുടെ കാവൽക്കാർ ചാർത്തിക്കൊടുത്ത പാപത്തിന്റെ മുൾക്കിരീടവുമായി...

തിയേറ്ററിൽ പ്രദർശനം തുടരുന്ന ‘ഒരു കുപ്രസിദ്ധ പയ്യൻ’ ജയേഷിന്റെ കഥയാണ്. ടൊവിനോ തോമസ് അവതരിപ്പിച്ച അജയന്‍ എന്ന നായക കഥാപാത്രം ജയേഷും. ചെയ്യാത്ത തെറ്റിന് പൊലീസ് ബലിയാടാക്കിയ, ഒടുവിൽ കോടതി വെറുതെ വിട്ട, അനാഥനായ അജയൻ ജയേഷിന്റെ കൃത്യം പകർപ്പാണ്.

കേരളത്തെ നടുക്കിയ ‘സുന്ദരിയമ്മ കൊലക്കേസാണ്’ മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യൻ’ കഥാ തന്തുവാക്കിയത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജീവൻ ജോബ് തോമസ് ഒരു മാസികയിലെഴുതിയ സുന്ദരിയമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ലേഖനത്തിൽ നിന്നാണ് ചിത്രത്തിന്റെ പിറവി.

2012 ജൂലൈയിലായിരുന്നു സുന്ദരിയമ്മയുടെ കൊലപാതകം. പലഹാരങ്ങളുണ്ടാക്കി ഹോട്ടലുകളില്‍ വിതരണം ചെയ്ത് ജീവിച്ചിരുന്ന സുന്ദരിയമ്മയെ മോഷണ ശ്രമത്തിനിടെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിലാണ്, ഒരു വർഷത്തിനു ശേഷം കോഴിക്കോട് മീഞ്ചന്തയിലെ സിറ്റി ലൈറ്റ് ഹോട്ടലിൽ ജീവനക്കാരനായിരുന്ന ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് 28 വയസ്സായിരുന്നു കുണ്ടായിത്തോട് സ്വദേശി ജയേഷിന്റെ പ്രായം.

എന്നാൽ പൊലീസിന്റെ വാദങ്ങൾ തള്ളിയ കോടതി ജയേഷിനെ വെറുതെ വിട്ടു. ജയേഷിനെതിരായ തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നു നിരീക്ഷിച്ച കോടതി, നഷ്ടപരിഹാരമായ ഒരു ലക്ഷം രൂപ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിട്ടു.

‘‘ജയേഷ് ഇപ്പോൾ എവിടെയാണ് ?’’ ‘ഒരു കുപ്രസിദ്ധ പയ്യൻ’ റിലീസായി, അത് സുന്ദരിയമ്മ കൊലക്കേസിന്റെ കഥയാണെന്നറിഞ്ഞതോടെ ഭൂരിപക്ഷവും ചോദിച്ചതിങ്ങനെ.

കോഴിക്കോട് തന്നെ, താനുണ്ടായിരുന്നിടങ്ങളിൽ നിന്നൊക്കെ അകന്ന്, ചെയ്യാത്ത തെറ്റിന്റെ പാപ ഭാരവും പേറി ജയേഷ് ജീവിക്കുന്നു; ഗുജറാത്തി സ്ട്രീറ്റിലെ ഒരു ഹോട്ടലിൽ 300 രൂപ ദിവസ വേതനത്തിന് നിലം തുടയ്ക്കുന്നു... മാലിന്യ കൂമ്പാരത്തിനു നടുവിൽ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടത്തില്‍ അന്തിയുറങ്ങി, അനുഭവിച്ച വേദനയുടെയും അപമാനത്തിന്റെയും കടലിരമ്പുന്ന മനസ്സുമായി, തേടി വരുന്നവരെ ഭയത്തോടെ നോക്കി അയാൾ പകലിരവുകൾ തള്ളി നീക്കുകയാണ്...

ചെയ്യാത്ത കുറ്റം ഏറ്റെടുക്കാൻ പൊലീസ് തന്നെ അതിക്രൂരമായി മർദ്ദിച്ചെന്നും, ജബ്ബാർ എന്ന അപര നാമം ചാർത്തിത്തന്നെന്നും, വ്യാജ തെളിവുകൾ സൃഷ്ടിച്ചെന്നും ജയേഷ് പറയുന്നു. അമ്മയുടെ സ്ഥാനത്താണ് സുന്ദരിയമ്മയെ താൻ കണ്ടതെന്നും പൊലീസ് തന്റെ ജീവിതം തകർത്തെന്നും ജയേഷ്.

മറ്റുള്ളവർ പറഞ്ഞ് വളരെ വൈകിയാണ് തന്റെ കഥ സിനിമയായതും കോഴിക്കോട് പ്രദർശിപ്പിക്കുന്നതുമൊക്കെ ജയേഷ് അറിഞ്ഞത്. സിനിമ കണ്ട് അയാൾ വിതുമ്പി, കണ്ണുകളിൽ ചോര തുളുമ്പി....

കേസിൽ നിന്നു വെറുതെ വിട്ടിട്ടും പലരും അയാളെ ആട്ടിയകറ്റി. തെറ്റുകാരനെന്നു വിളിച്ചു. പൊലീസും വേട്ടയാടൽ തുടർന്നു. ശേഷം ഒരു മോഷണക്കേസിലും പെടുത്തിയെങ്കിലും അതിലും കോടതി വെറുതെ വിട്ടു. എന്നിട്ടും എവിടെ എന്ത് പ്രശ്നം നടന്നാലും പൊലീസ് ജയേഷിനെ തേടി വരും....

ആരാണോ സുന്ദരിയമ്മയെ കൊന്നത് അയാൾ പിടിയ്ക്കപ്പെടണമെന്നാണ് ജയേഷിന്റെ പ്രാർത്ഥന. അപ്പോഴേ തന്റെ മേൽ വീണ കറ പൂർണ്ണമായും വിട്ടകലുകയുള്ളൂവെന്ന് ആ ചെറുപ്പക്കാരൻ വിശ്വസിക്കുന്നു....