Thursday 12 September 2024 02:19 PM IST : By സ്വന്തം ലേഖകൻ

‘ജെൻസന്‍ തിരിച്ചുവരാൻ സാധ്യതയില്ലെന്നു ഉറപ്പിച്ചതോടെ ശ്രുതിയെ അറിയിച്ചു’; ആശുപത്രിയിൽ അതിവൈകാരിക രംഗങ്ങള്‍, സംസ്കാരം വൈകിട്ട്

sruthi-jenson-cremation-today

കൽപറ്റ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെൻസന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടത്തും. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം അമ്പലവയൽ ആണ്ടൂർ ഗ്ലോറിസ് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടത്തും. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട് നാലു മണിയോടെ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ നടക്കും.

അതേസമയം, പ്രതിശ്രുത വരൻ ജെൻസന്റെ മരണവിവരം ശ്രുതിയെ ബന്ധുക്കള്‍ അറിയിച്ചു. ജെൻസൻ ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയിൽ മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചു ശ്രുതിയെ ജെൻസനെ കാണിച്ചിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ശ്രുതിയെ, മേപ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അതിവൈകാരിക രംഗങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജെൻസൻ ഇന്നലെ രാത്രി ഒൻപതു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. 

ചൂരൽമല ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടമായിരുന്നു. പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവൻ സ്വർണവും ഒലിച്ചുപോയി. എല്ലാ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ ശ്രുതിക്ക് കൂട്ടായി ജെൻസനുണ്ടായിരുന്നു.

Tags:
  • Spotlight