മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനും അമ്മനും സഹോദരിയും നഷ്ടമായ ശ്രുതിക്ക് താങ്ങും കരുത്തുമായിരുന്നു പ്രതിശ്രുത വരൻ ജെൻസൻ. ഇന്നലെ വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസന് അടക്കം പരുക്കേറ്റത്. നേരത്തെ ജെൻസൻ പറഞ്ഞ വാക്കുകൾ അറംപറ്റുന്നത് പോലെയാണ് ജെൻസന്റെ മരണ വാർത്ത പുറത്തുവരുന്നത്.
ദുരന്തകാലത്ത് ശ്രുതിയുടെയും ജെൻസന്റെയും ജീവിതം പറഞ്ഞ മനോരമ ന്യൂസ് റിപ്പോർട്ടിൽ ജെൻസന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. 'ജീവിക്കുന്നിടത്തോളം കാലം ഇവൾക്ക് വേണ്ടി ജീവിക്കും, എന്റെ കാര്യം പറയാൻ പറ്റില്ലല്ലോ.. എനിക്ക് എന്തെങ്കിലും പറ്റിയാൽ ഇവൾക്ക് കേറി കിടക്കാൻ ഒരു വീട് വേണം, കാലാകാലം ജീവിക്കാൻ ഒരു ജോലി. അതാണ് പ്രധാനമായി നോക്കുന്നത്'.
പ്രളയത്തിന് ഒരുമാസം മുൻപായിരുന്നു ജെൻസനും ശ്രുതിയും തമ്മിലുള്ള വിവാഹ നിശ്ചയം. അന്നായിരുന്നു ശ്രുതിയുടെ പുതിയ വീടിൻറെ പാലുകാച്ചലും. ആദ്യം ചേർത്ത് പിടിക്കുന്നത് പോലെ തന്നെ ഇപ്പോഴും ചേർത്ത് പിടിക്കും എന്നായിരുന്നു ജെൻസൻ അന്ന് മനോരമ ന്യൂസിനോട് പറഞ്ഞത്. ഇപ്പോൾ ആരുമില്ലാത്ത് കൊണ്ട് എല്ലാവരും ശ്രദ്ധിക്കുന്നു. ഇവളുടെ സന്തോഷത്തിന് വയനാട്ടിൽ നിന്ന് മാറി താമസിക്കും എന്നും അന്ന് ജെൻസൻ പറഞ്ഞിരുന്നു.
ഈ മാസം ഓണത്തിന് ശേഷം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിയാരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ ജീവൻ നിലനിർത്തിയത്.