Friday 19 February 2021 02:52 PM IST : By സ്വന്തം ലേഖകൻ

‘ജെസ്ന ജീവിച്ചിരിപ്പുണ്ട്, ഇപ്പോൾ വെളിപ്പെടുത്താനാവില്ല’; പൊലീസ് നിലപാടിനെതിരെ ഹർജിക്കാർ, അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി

jesnn445fbhh

പത്തനംതിട്ട എരുമേലി സ്വദേശിനി കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്‍യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജഡ്ജി വി.ജി. അരുണിന്റെ ഉത്തരവ്. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോൾ എവിടെയാണെന്നു വെളിപ്പെടുത്താനാവില്ലെന്നുമുള്ള നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരു ഏജൻസി തന്നെ കേസ് അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഹർജിക്കാർ ഉറച്ചുനിൽക്കുകയായിരുന്നു.

കേസന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സിബിഐയോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ സംശയിക്കുന്നതായി സിബിഐക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ(എഎസ്ജിയും) കോടതിയെ അറിയിച്ചു. തുടർന്നാണ് അന്വേഷണം സിബിഐക്കു കൈമാറാൻ നിർദേശിച്ചിരിക്കുന്നത്. കേസന്വേഷണത്തിനു വേണ്ട വാഹന സൗകര്യങ്ങൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സർക്കാർ നൽകേണ്ട സാഹചര്യമുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

കാഞ്ഞിരപ്പള്ളി എസ്‍ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ജzസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22 മുതലാണ് കാണാതായത്. പല ഘട്ടങ്ങളിലായി ഐജി മനോജ് ഏബ്രഹാം ഉൾപ്പടെയുള്ളവർ കേസ് അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ജെസ്നയെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം അഞ്ചു ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്ന സാഹചര്യവുമുണ്ടായി. നിരവധിപ്പേർ ജെസ്നയെ കണ്ടെത്തിയതായി അറിയിച്ച് രംഗത്തു വന്നിരുന്നെങ്കിലും അന്വേഷണത്തിൽ അത് ജെസ്നയല്ല എന്ന് വ്യക്തമായിരുന്നു. തുടർന്ന് അടുത്തിടെ വിരമിച്ച കുറ്റാന്വേഷണ വിദഗ്ധൻ കെ.ജി. സൈമൺ പത്തനംതിട്ട പൊലീസ് മേധാവിയായതോടെ അന്വേഷണം ശക്തമാക്കിയിരുന്നു.

തുടർന്നാണ് ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിലയിലുള്ള വിവരങ്ങൾ പുറത്തു വന്നത്. ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്ന് കെ.ജി. സൈമൺ അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ അദ്ദേഹം ജോലിയിൽനിന്നു വിരമിച്ചിട്ടും ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ പുറത്തു വരാതായതോടെ വിവിധ സംഘടനകളും ജെസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്‌ഷൻ എന്ന സംഘടന നൽകിയ ഹേബിയസ് കോർപ്പസ് ഹർജി സാങ്കേതിക പിഴവുകളെ തുടർന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ജെസ്നയുടെ സഹോദരൻ ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്.

നേരത്തെ ജെസ്ന കേസിൽ താൻ നൽകിയ വിവരങ്ങൾ പൊലീസ് അവഗണിച്ചെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും പ്രതിഷേധമാണെന്നും അവകാശപ്പെട്ട് എരുമേലി സ്വദേശി രഘുനാഥൻ നായർ ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരിയോയിൽ ഒഴിച്ചിരുന്നു. കേസ് പരിഗണിക്കുന്ന ബെഞ്ചിലുള്ള ജഡ്ജിക്കു നേരെ അല്ലായിരുന്നു ആക്രമണമെന്നതിനാൽ സംഭവവുമായി ബന്ധമില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

Tags:
  • Spotlight