Thursday 09 July 2020 12:35 PM IST : By സ്വന്തം ലേഖകൻ

അവൾ ഗർഭിണി; പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിൽ നിന്നെത്തുമ്പോൾ വീടിനു മുന്നിൽ കള്ളുകുടി സംഘം; കോവിഡിൽ നേരംവെളുക്കാത്തവർ

jesna-praveen

കോവിഡ് പ്രതിരോധം പാളിപ്പോകുന്നുണ്ടെങ്കിൽ പ്രധാന കാരണം ഒരുകൂട്ടം പേരുടെ നിസംഗതയാണ്. ഇതൊന്നും ഞങ്ങളെ ബാധിച്ചിട്ടില്ല എന്ന മട്ടിലാണ് പലരുടേയും ജീവിതരീതികൾ. ഒരു വശത്ത് നാടും നഗരവും അധികാരികവും കോവിഡ് പ്രതിരോധത്തിനായി നെട്ടോട്ടമോടുമ്പോൾ സ്വാർത്ഥമായി ചിന്തിക്കുന്നവരെ കുറിച്ച് രോഷക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ജെസ്ന പ്രവീൺ. വിവിധ സംഭവങ്ങൾ മുൻനിർത്തിയാണ് ജെസ്നയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

നാല് മാസമായി കൊച്ചിയിൽ കോവിഡ് ഡ്യൂട്ടിയിലുള്ള ഫൈസൽ സ്വന്തം നാട്ടിലൂടെ കടന്നു പോകാൻ അവസരം കിട്ടിയപ്പോൾ റോഡിന്റെ മറുവശത്ത് ആംബുലൻസിൽ ഇരുന്നു തന്റെ കുഞ്ഞിനേയും ഭാര്യയെയും കാണുന്നൊരു കണ്ണ് നനയിക്കുന്ന കാഴ്ച കണ്ടിരുന്നു. കുഞ്ഞിനെ കാണാൻ വേണ്ടി മാത്രം ഒരു രാത്രി റോഡരികിൽ വണ്ടി പാർക്ക് ചെയ്ത് അതിൽ കിടന്നുറങ്ങിയിട്ടു രാവിലെ കുടുംബത്തെ ദൂരെ നിന്നൊരു നോക്ക് കണ്ടു മടങ്ങിയ ഒരച്ഛന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ നേർചിത്രം.

ഫെബ്രുവരിയിൽ ജനിച്ച സ്വന്തം കുഞ്ഞിനെ ഒരിക്കൽ മാത്രം കണ്ട് കോവിഡ് പ്രതിരോധത്തിന് ചുക്കാൻ പിടിക്കാനിറങ്ങിയ എറണാകുളം കളക്ടർ ശ്രീ എസ് സുഹാസ്ന്റെ സമർപ്പണത്തിന്റെ കഥ പറഞ്ഞ ഹൈബി ഈഡൻ എം പി യുടെ കുറിപ്പാണു മറ്റൊന്ന്.

പത്തനംതിട്ടയിൽ ക്വാറൻറീൻ ലംഘിച്ച വ്യക്തിയെ ഓടിച്ചിട്ടു പിടിക്കേണ്ടി വന്ന ആരോഗ്യപ്രവർത്തകരുടെ ദുരിതത്തിന്റെ കഥയും കഴിഞ്ഞ ദിവസം കണ്ടതാണ്.

രാത്രി പത്തു മണിക്ക് ഒരു യോഗം കഴിഞ്ഞു മീഡിയയോട് കാര്യങ്ങൾ വിശദീകരിച്ച ശേഷം അടുത്ത യോഗത്തിലേക്കു ഉറക്കമില്ലാതെ ഓടുന്ന മന്ത്രി വി എസ് സുനിൽകുമാറിനെയും കാണാറുണ്ട്.

നാടെങ്ങും ജാഗ്രതക്കുള്ള ആഹ്വാനങ്ങൾ. രാപ്പകൽ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർ. വീട്ടിലെത്തി സ്വന്തം മക്കളെ കൊതി തീരെയൊന്നു കെട്ടിപ്പിടിക്കാനോ ഉമ്മ വെക്കാനോ പറ്റാതെ അസ്വസ്ഥമാകുന്ന അവരുടെ മനസ്സുകൾ.

ആഴ്ചയിലൊരിക്കൽ ആശുപത്രിയിൽ പോകേണ്ടതുകൊണ്ട് പിപിഇ കിറ്റ് വാങ്ങിയാലോ എന്ന് ഭർത്താവ് ചോദിച്ചു. കൈയുറകൾ ധരിച്ചും കണ്ണട വെച്ചും മാസ്ക് ധരിച്ചും മാത്രമാണ് ഞങ്ങളുടെ ആശുപത്രി സന്ദർശനം. കൈയുറകൾക്കു മുകളിലൂടെയും പലവട്ടം സാനിറ്റൈസർ ഉപയോഗിക്കാറുണ്ട്. ഒടുവിൽ തിരികെ പോരുന്ന നേരം കൈയുറകൾ ആശുപത്രിയിലെ ബിന്നിൽ സുരക്ഷിതമായി ഉപേക്ഷിച്ചു പോരും.

സർക്കാരും ആരോഗ്യവകുപ്പും പറയുന്നതെന്തും എനിക്ക് വേണ്ടിയാണെന്ന തിരിച്ചറിവുണ്ട്.

അര മണിക്കൂർ നടക്കണം എന്ന ഡോക്ടറുടെ നിർദ്ദേശമാണ് വലിയ വെല്ലുവിളി. ഇടവഴികളിലൂടെയാണ് പലപ്പോഴും നടപ്പ്. അതും ലോക്ക് ഡൌൺനു ശേഷം മാത്രം.

അങ്ങനെ ആശുപത്രിയിൽ പോയി തിരികെ വരുമ്പോൾ കാണുന്ന ഒരു സ്ഥിരം കാഴ്ചയുണ്ട് വഴിനീളമുളള നാൽക്കവലകളിൽ.

പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്ത കുറച്ചു ചേട്ടന്മാർ കൂടിയിരുന്ന് കടത്തിണ്ണകളിൽ നടത്തുന്ന ചർച്ചകൾ. ആ സൗഹൃദക്കൂട്ടായ്മയിലെ സ്ഥിരം ചർച്ചകളിൽ ഒന്ന് എങ്ങനെ കോറോണയെ പ്രതിരോധിക്കാം എന്നതാണെന്ന് അറിയാൻ സാധിച്ചു.?

അത്തരം ആരോഗ്യകരമായ സൗഹൃദക്കൂട്ടായ്മകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള വ്യക്തിയെന്ന നിലയ്ക്ക് ഒന്ന് കൂടി പറയാം ചേട്ടന്മാരെ... കുറച്ചൂടെ ചേർന്നിരുന്നു ചർച്ചിക്കുകയാണേൽ നമുക്ക് എത്രയും പെട്ടെന്ന് കോറോണയെ തുരത്താം. ഒറ്റക്കെട്ടായി നിൽക്കണമെന്ന് മാത്രം.??????

മാസ്ക് ഇല്ല, സാനിറ്റൈസർ എന്ന് കേട്ടിട്ട് പോലുമില്ല. നമ്മുടെ ആശയങ്ങൾ കൊണ്ട് നടത്തുന്ന ഈ പോരാട്ടം മാത്രം മതി കൊറോണ നാണംകെട്ടു നാട് വിടാൻ.?

പോലീസ് അധികം എത്താത്ത വഴികളിലാണ് ഈ കാഴ്ചയുടെ വസന്തം.

ഗർഭിണിയായ സുഹൃത്ത് കഴിഞ്ഞ ദിവസം പറയുകയായിരുന്നു. പി പി ഇ കിറ്റ് ധരിച്ചാണ് അവൾ ആശുപത്രിയിൽ പോകുന്നത്. തിരികെ വീട്ടിലെത്തുമ്പോൾ റോഡ് സൈഡിലെ വീടിനോട് ചേർന്ന് വണ്ടികൾ നിർത്തിയിട്ട് കള്ളുകുടി സംഘങ്ങൾ. നാട് മുഴുവൻ തെണ്ടി നടന്നിട്ടു വന്നിരിക്കുന്നത് പി പി ഇ കിറ്റ് വാങ്ങി ആശുപത്രിയിൽ പോകുന്ന പാവങ്ങളുടെ നെഞ്ചത്ത്. പ്രതികരിക്കാനവൾക്കു ഭയമാണ്. ഭർത്താവ് വിദേശത്ത്. ഈ പ്രബുദ്ധ സംഘങ്ങൾക്കും ചർച്ച ചെയ്യാനുള്ളത് നാളെ നാട്ടിൽ വരുന്ന പ്രവാസിയെ എങ്ങനെ അടിച്ചോടിക്കാം എന്നതിനെക്കുറിച്ചാണല്ലോ.

പറയുമ്പോ എല്ലാം പറയണമല്ലോ.

എതിർവശത്തെ വീട്ടിലെ പ്രവാസി മരുമകൻ വന്നിട്ട് മാസം ഒന്നായി. ഷട്ടർ ഇട്ടു പൂട്ടിയ പഞ്ചായത്ത് വക ക്വാറൻറീൻ കേന്ദ്രത്തിൽ കഴിഞ്ഞ ഇരുപത്തിയെട്ടു ദിവസമായി സ്വമേധയാ ക്വാറൻറീനിൽ ഇരിക്കുന്നു. അടുത്ത മുറിയിലെ ആളുകളെ പോലും കാണാനാവില്ല. ഭക്ഷഷണം കൊണ്ടുവരുന്നവർ മുറിയ്ക്കു പുറത്തു വെച്ചിട്ടു പോകും. വേണമെങ്കിൽ ഹോം ക്വാറൻറീനിൽ പോകാമായിരുന്നു അദ്ദേഹത്തിന്. പക്ഷെ പ്രായമായ മാതാപിതാക്കൾ ചിലപ്പോൾ ഇറങ്ങി നടന്നാലോ എന്ന് പേടിച്ചു ആ മനുഷ്യൻ തിരഞ്ഞെടുത്തതാണിത്.

കൊറോണ പ്രതിരോധം നടത്താൻ എഫ് ബി പോസ്റ്റ് ഇട്ടും യോഗങ്ങൾ ചേർന്നും നാട് നീളെ ഓടിനടക്കുന്ന ചേട്ടന്മാരെ, അപ്പൂപ്പന്മാരെ... ഞങ്ങൾ ആരെയാണ് പേടിക്കേണ്ടത്? സ്വയം തടവറ തീർത്തു കടമ നിറവേറ്റുന്ന പ്രവാസിയെയോ അതോ നിങ്ങളെയോ?

പ്രവാസി വന്നെന്നറിയുമ്പോഴേ വീട്ടിലെ കാർന്നോന്മാർക്കു ടെൻഷൻ ആണ്. എന്നിട്ട് ചമ്പക്കരയിൽ നിന്ന് മീനുമായി വരുന്ന മീൻകാരൻ ചേട്ടനോട് വരെ മണിക്കൂറുകളോളം അതേക്കുറിച്ചു ചർച്ചയാണ്. സമൂഹ വ്യാപനം അല്ലാ, അതിന്റ അപ്പുറത്തു വന്നാലും നമ്മൾ മാറാനൊന്നും പോണില്ല.?

വാൽകഷ്ണം: ട്രിപ്പിൾ ലോക്ക് ഡൌൺനെക്കുറിച്ചു ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ആരോട് ചോദിച്ചിട്ടാ മാർക്കറ്റ് അടച്ചത്, അടയ്ക്കാൻ ഞാൻ പറഞ്ഞിട്ടില്ല, അതിന്റെ ആവശ്യമില്ല എന്നൊക്കെ ഒരു മാഡം പറഞ്ഞെന്നു കേട്ടു. ആ വാർത്താക്കടിയിലെ രസകരമായൊരു കമന്റ് ഓർത്തു പോവുകയാണ് . "ഓ മാഡം, ബ്യൂട്ടി പാർലറിൽ ഇരുന്നു ഇതൊക്കെ അറിയുന്നുണ്ടല്ലേ?" എന്ന്.?

രാഷ്ട്രീയക്കാർ സ്വയം ചെറുതാവാതിരിക്കാൻ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ് ഈ സമയത്ത്. കൊറോണ നാളെയങ്ങു പോയേക്കും. മാനക്കേട് പോകുകയും ഇല്ല.? സൂക്ഷിച്ചാൽ നന്ന്.