Wednesday 18 November 2020 02:27 PM IST : By സ്വന്തം ലേഖകൻ

എന്തിന്റെ പേരിലാണെങ്കിലും മക്കളെ നോക്കാൻ മറ്റൊരാളെ ഏൽപ്പിക്കുന്നത് നല്ലതല്ല; കാരണങ്ങൾ നിരത്തി കുറിപ്പ്

jesna-praveen

മക്കളെ പിരിഞ്ഞിരിക്കുക എന്നത് അച്ഛനമ്മമാര സംബന്ധിച്ചടത്തോളം ഹൃദയഭേദകമാണ്. ജോലി സംബന്ധമായ സന്ദർഭങ്ങളിലും പലവിധ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടും മാതാപിതാക്കൾക്ക് അങ്ങനെ ചെയ്യേണ്ടി വരാറുണ്ട്. മനസില്ലാ മനസോടെയാണ് അങ്ങനെ ചെയ്യുന്നതെങ്കിൽ പോലും അത് കുട്ടികളിൽ ഏൽപ്പിക്കുന്ന ആഘാതം വലുതായിരിക്കുമെന്ന് പറയുകയാണ് ജെസ്ന പ്രവീൺ. ആരോഗ്യകരമായ വളർച്ചയ്ക്കും നല്ല ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമപ്പുറം അവർക്ക് വേണ്ടത് അച്ഛനമ്മമാരുടെ സാമീപ്യമാണെന്ന് ജെസ്ന ഓർമ്മിപ്പിക്കുന്നു, അച്ഛനമ്മമാരിൽ ഒരാളെങ്കിലും അരികിലുണ്ടാകുന്നതാവും ഓരോ കുഞ്ഞിന്റെയും പൂർണ വളർച്ചക്ക് നല്ലതാണെന്നും ജെസ്ന ഓർമ്മിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

അച്ഛനും അമ്മയും അറിയാൻ!!

തങ്ങളുടെ കുഞ്ഞുങ്ങളെ എന്തു കാരണത്തിന്റെ പേരിലാണെങ്കിലും വളർത്താൻ മറ്റൊരാളെ ഏൽപ്പിച്ചു മാറി നിൽക്കുന്നവരോട് ഒരു വാക്ക്.!

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചക്ക് നല്ല ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമപ്പുറം മറ്റു ചിലതു കൂടി അനിവാര്യമാണ്. അച്ഛനമ്മമാരിൽ ഒരാളെങ്കിലും അരികിലുണ്ടാകുന്നതാവും ഓരോ കുഞ്ഞിന്റെയും പൂർണ വളർച്ചക്ക് നല്ലത്.

ജോലിസംബന്ധമായി മാറി നിൽക്കേണ്ടി വരുന്നവർ ഒരുപക്ഷെ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടാവാം അത് ചെയ്യുന്നത്. പണത്തിന്റെ ഞെരുക്കമാണ് കുഞ്ഞുങ്ങളെ കൂടെ കൂട്ടാനാവാത്തതിന്റെ കാരണമെങ്കിൽ എത്രയും പെട്ടെന്ന് നിങ്ങളുടെ കുഞ്ഞുങ്ങളെ കൂടെ ചേർക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

മറ്റെന്തു കാരണത്തിന്റെ പേരിലും കുട്ടികളെ ബോർഡിങ്ങിലോ ബന്ധുവീടുകളിലോ ഒക്കെ ആക്കി പോകുന്നവരോട്... കുഞ്ഞുങ്ങൾക്കാവശ്യം നിങ്ങളെയാണ്. നിങ്ങളുടെ സമയമാണ്.

വർഷാവർഷം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതാണ് വിവാഹജീവിതത്തിന്റെ ലക്ഷ്യം എന്നു ധരിച്ചേക്കരുത്. ഒരു കുഞ്ഞിനെ സമൂഹത്തിനും, അവനവനു തന്നെയും വേണ്ടുന്നൊരു വ്യക്തിയായി വളർത്തുക എന്നതാണ് ഓരോ അച്ഛനമ്മമാരുടെയും കടമ. ഇല്ലെങ്കിലോരുപക്ഷെ, ഡിപ്രെഷൻ ആയും ലഹരിയായും ആത്മഹത്യയായുമൊക്കെ ദുരന്തങ്ങൾ കുഞ്ഞുങ്ങളെ കവർന്നെടുത്തേക്കാം.

അപ്പൂപ്പനോ അമ്മൂമ്മയോ കുഞ്ഞുങ്ങളെ നോക്കേണ്ട വിധം നോക്കില്ലെന്നല്ല. ഒരുപക്ഷെ നിങ്ങളെക്കാലധികം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് അവരായിരിക്കാം. അതുകൊണ്ട് തന്നെ, പലയിടങ്ങളിലും കാണാറുണ്ട്, കുഞ്ഞുങ്ങൾ വിദേശത്തുള്ള അച്ഛനമ്മമാരോട് ഫോണിൽ പോലും സംസാരിക്കാൻ ഇഷ്ടപ്പെടാതെ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ മടിയിൽ അഭയം തേടുന്നത്. ചിരിച്ചു തള്ളാൻ വരട്ടെ... നിങ്ങളവരുടെ കുഞ്ഞുഹൃദയത്തിൽ ഇടം നേടിയിട്ടില്ലെന്നു പറയുന്നതൊരു മേന്മയായി കണക്കാക്കരുത്.

വിദേശത്തു നിന്നെത്തിയ അച്ഛനമ്മമാരോടൊപ്പം നിൽക്കാൻ കൂട്ടാക്കാത്ത കുഞ്ഞുങ്ങളുടെയും അവസ്ഥ ഇത് തന്നെ. അവരറിയാതെ തന്നെ, അവർക്കു നിങ്ങൾ എന്നേ അന്യരായിക്കഴിഞ്ഞിരിക്കുന്നു. അനാരോഗ്യകരമായൊരു മാനസിക വളർച്ചയാണ് നിങ്ങളവർക്ക് നൽകിയത്. ഇന്നത് അവരും നിങ്ങളും തിരിച്ചറിയുന്നില്ലായിരിക്കാം. നാളെ അറിയുമെന്നത് നിശ്ചയം.

ഇനി മറ്റൊന്ന്. നിങ്ങൾ വിശ്വസിച്ചേൽപ്പിച്ചു പോകുന്നിടത്തു കുഞ്ഞുങ്ങൾ എല്ലാ രീതിയിലും സുരക്ഷിതരും സന്തുഷ്ടരും ആണെന്ന് കരുതുന്നതും വിഡ്ഢിത്തം. തിരിച്ചറിയാനാകുന്ന, പ്രകടിപ്പിക്കാനാവുന്ന പ്രായമെത്തും വരെയെങ്കിലും അവരെ ഒറ്റക്കാക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം. 'ഉപ്പോളമുണ്ടോ ഉപ്പിലിട്ടത്' എന്ന് പറയുന്നത് പോലെ സ്വന്തം അച്ഛനമ്മമാർക്ക് പകരം വെയ്ക്കാനാവില്ല മറ്റാരെയും.

കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെയുണ്ടാകുക, അവർക്കു താങ്ങാകുക, അവരുടെ വളർച്ച ആസ്വദിക്കുക, അവരോടു സംസാരിക്കാൻ സമയം കണ്ടെത്തുക, അവരോടൊത്തു കളിക്കുക, അവരെ സ്നേഹിക്കുക, അവരുടെ സ്നേഹം ആസ്വദിക്കുക. അവർ സന്തോഷത്തോടെ വളരട്ടെ. ഇതിനിടയിൽ നിങ്ങളുടെ ചില സൗകര്യങ്ങൾ നഷ്ടമായെന്നു വന്നേക്കാം. പക്ഷെ ആത്യന്തികമായി ഒരു നല്ല പൗരനെ സമൂഹത്തിനു സമ്മാനിക്കുക എന്നതാണ് നമ്മളിൽ നിക്ഷിപ്തമായ കടമ എന്ന് മനസ്സിലാക്കുക.

നോക്കാൻ ആളില്ലെങ്കിലും നോക്കാൻ സൗകര്യമില്ലെങ്കിലും മക്കൾ നാല് വേണമെന്ന് വാശി പിടിക്കാതെ നാലായാലും ഒന്നായാലും അവരുടെ വ്യക്തിത്വ വികാസത്തിനുതകുന്ന സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക. മൃഗങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങളെ പാറക്കമുറ്റുവോളം ചേർത്ത് നിർത്തുന്നതാവട്ടെ നമ്മുടെ മാതൃക.

അല്ലെങ്കിലോരുപക്ഷ, നാളെ നിങ്ങളുടെ മക്കൾ നിങ്ങൾക്കെതിരായി തിരിഞ്ഞേക്കാം. അവരുടെ കൊച്ചു ഹൃദയത്തിലേറ്റ മുറിവുകൾ വളർന്നു വൃണങ്ങളായി നിങ്ങളെ ശ്വാസം മുട്ടിച്ചേക്കാം.

എന്റെ അച്ഛനെ/അമ്മയെ... ഞാൻ വെറുക്കുന്നു എന്ന് പറയുന്ന ഓരോ കുഞ്ഞിന്റെയും ഉള്ളിൽ ഓരോ കാരണങ്ങൾ ഉണ്ടായിരിക്കാം എന്ന തിരിച്ചറിവിൽ നിന്ന് നമ്മുടെ മക്കളെ നമുക്ക് വളർത്താം.

സാധിക്കില്ലെന്നു വരികിൽ, ജന്മം നൽകാതിരിക്കുന്നതുചിതം.!