Monday 28 September 2020 12:45 PM IST

ജോലിക്കാരിയായി എത്തിയ ഓമനയമ്മ ഇപ്പോൾ ജെസിയുടെ ‘അമ്മ’! ആരുമില്ലാതായ അമ്മയ്ക്ക് ആരോരുമല്ലാത്ത അധ്യാപിക ആശ്രയമായത് ഇങ്ങനെ

V.G. Nakul

Sub- Editor

j1

നസീമയും ലക്ഷ്മിയമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ‘വനിത ഓൺലൈൻ’ പ്രസിദ്ധീകരിച്ചപ്പോൾ കമന്റ് ബോക്സിൽ ആരോ കുറിച്ച ഒരു കുറിപ്പ് ഇങ്ങനെ...

‘പലരും ഇന്നും ഒഴിവാക്കി വിടാൻ പറയുന്ന ഒരമ്മ 10 വർഷമായി എന്നോടൊപ്പമുണ്ട്. ഹോസ്പിറ്റലിൽ നിന്ന് ഒരു മണിക്കൂർ മാത്രമേ ജീവനോടിരിക്കു എന്ന് പറഞ്ഞിട്ട് ഇന്ന് ഒരുമാസം ആയി. അങ്ങനെ എന്നെ വിട്ട് പോവണ്ടാന്ന് ദൈവവും തീരുമാനിച്ചിട്ടുണ്ടാവും. നമ്മുടെ ആരുമില്ലാത്ത ചിലർ നമ്മുടെ ആരൊക്കെയോ ആകുന്നത് ജന്മാന്തര ബന്ധം കൊണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു....’

ജെസി എന്ന യുവതിയുടെ പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്ത ആ വരികൾ തേടി ഞങ്ങൾ ചെന്നപ്പോൾ അറിഞ്ഞത് അപൂർവമായൊരു ആത്മബന്ധത്തിന്റെ കഥ. അതേ കേൾക്കുമ്പോൾ ആർക്കും തോന്നും, ചില മുൻജൻമ ബന്ധങ്ങളുണ്ട്. ആരുമല്ലാത്തവർക്ക് ആരൊക്കെയോ അഭയമാകുന്ന മാജിക്. ആ മാജിക് സംഭവിക്കുന്നത് നൻമയുള്ള മനസ്സുകളിലാണ്.

ആരോരുമില്ലാത്ത, ചതിക്കപ്പെട്ട, ജീവിതം വഴിമുട്ടി നിന്ന ഓമനയ്ക്ക് ജെസി തന്റെ ഹൃദയത്തിലും ജീവിതത്തിലും ഇടം നൽകിയത് അത്തൊരമൊരു ബന്ധം കൊണ്ടാകണം. സ്വന്തം മാതാപിതാക്കളെപ്പോലും മക്കൾ പെരുവഴിയിലേക്കു തള്ളിവിടുന്ന കാലത്ത് ജെസിയും ഓമനയും രണ്ടു പ്രതീകങ്ങളാണ്, നൻമ മരിക്കാത്ത കുറച്ചു പേർ ഇവിടെ അവശേഷിക്കുന്നു എന്നതിന്റെ...

ചെങ്ങന്നൂർ ചെറിയനാട് പുല്ലാം കണ്ടത്തിൽ ജെസി ബി. മാത്യുവിനെക്കുറിച്ചും കൊല്ലം പരവൂരുകാരി ഓമനയെക്കുറിച്ചുമാണ് പറയുന്നത്. അവരുടെ ബന്ധവും അതിന്റെ നൻമയുമാണ് പങ്കുവയ്ക്കുന്നത്.

‘‘എന്റെ ആരാണ് ഓമനച്ചേച്ചിയെന്നു ചോദിച്ചാൽ ആരുമല്ല. പക്ഷേ ആരൊക്കെയോ ആണ്. ഒരുപക്ഷേ എന്റെ അമ്മയ്ക്ക് തുല്യം...’’.– ജെസി വനിത ഓൺലൈനോട് സംസാരിച്ചു തുടങ്ങിയതിങ്ങനെ.

j2

‘‘ഓമനച്ചേച്ചിയുടെ നാട് കൊല്ലം പരവൂരിനടുത്താണ്. കൃത്യമായി അറിയില്ല. ഞാൻ അവിടെ പോയിട്ടുമില്ല. അടുത്തിടെ, ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് വഴി ചേച്ചിയുടെ സഹോദരനുമായി ഫോണിൽ സംസാരിച്ചിരുന്നു എന്നു മാത്രം. ഇപ്പോൾ ചേച്ചി എനിക്കൊപ്പം താമസിക്കാൻ തുടങ്ങിയിട്ട് 10 വർഷം.

ഓമനച്ചേച്ചിയുടെ ഭർത്താവ് കടുത്ത മദ്യപാനിയായിരുന്നു. ഒടുവിൽ ഉപേക്ഷിച്ചു പോയി. മക്കളില്ല. ബന്ധുവെന്നു പറയാൻ ഒരു സഹോദരന്‍ മാത്രമാണുള്ളത്. അയാൾ വിവാഹം കഴിച്ചതോടെ, എന്തൊക്കെയോ ചില പ്രശ്നങ്ങളെത്തുടർന്ന് വീട് വിട്ടിറങ്ങി ഓച്ചിറയിൽ എത്തി. ഓച്ചിറ അമ്പലത്തിൽ മാല കെട്ടി വിറ്റു ജീവിക്കുന്നതിനിടെ അവർ ഒരു സ്ത്രീയെ പരിചയപ്പെട്ടു. ആ സ്ത്രീയുടെ മകൾ കുടുബമായി ഞങ്ങളുടെ വീടിനടുത്താണ് വാടകയ്ക്ക് താമസിച്ചത്. ഓമനച്ചേച്ചിയെ അവരുടെ മകൾക്കൊരു സഹായം എന്ന പേരിൽ അവർ അവിടെ കൊണ്ടു വന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ പെൺകുട്ടിയുടെ ഭർത്താവ് അപകടത്തിൽ പെട്ടു കിടപ്പിലായി. ഇതോടെ അവർക്ക് ഓമന ചേച്ചിയുടെ കാര്യം കൂടി നോക്കുന്നത് ബാധ്യതയായി. അങ്ങനെ ജീവിക്കാൻ മാർഗം തേടി ഓമനചേച്ചി ജോലിക്കായി ശ്രമിച്ചു. അതുവഴി ആ കുടുംബത്തിനും താങ്ങാകാൻ കഴിയുമല്ലോ എന്നാണ് ആ പാവം കരുതിയത്. അങ്ങനെയാണ് അവർ എന്റെ അടുക്കലെത്തുന്നത്.

j5

ആ സമയം എന്റെ മൂത്ത മോന് ആറു വയസ്സാണ് പ്രായം. വീട്ടിൽ ജോലിക്ക് ഒരു ആളിനെ തേടിക്കൊണ്ടിരുന്ന സമയം ആയിരുന്നു. അങ്ങനെ ഓമനച്ചേച്ചി ഞങ്ങളുടെ വീട്ടിലെത്തി. മൂന്നു വർഷത്തോളം ഞങ്ങൾക്കൊപ്പം സഹായിയായി ഉണ്ടായിരുന്നു. ഓമനച്ചേച്ചിയാണ് എന്റെ മോനെ വളർത്തിയതെന്നു പറയാം. ഈ കാലമത്രയും ഓമനചേച്ചി ‘ആ പെൺകുട്ടിയുടെ’ വീട്ടിൽ നിന്നാണ് വന്നു പോയിരുന്നത്.

എല്ലാ മാസവും ആ പെൺകുട്ടിയുടെ അമ്മ വന്ന് ഓമനച്ചേച്ചിയുടെ ശമ്പളം കൃത്യമായി വാങ്ങിക്കൊണ്ടു പോകും. പണം ഓമനചേച്ചിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാനാണെന്നാണ് ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. കുറച്ചു കാലം കഴിഞ്ഞ് ആ സ്ത്രീ മതം മാറി എങ്ങോട്ടോ പോയി. ഓമനച്ചേച്ചിയെ ഞങ്ങളുടെ വീട്ടിൽ നിന്നു കൊണ്ടു പോയി മറ്റൊരിടത്തു ജോലിക്കു വിടുകയും ചെയ്തു.

അപ്പോഴാണ് ഓമനച്ചേച്ചി താൻ ചതിക്കപ്പെട്ട വിവരം അറിയുന്നത്. അത്രകാലം ജോലി ചെയ്ത കാശ് മുഴുവൻ‌ അവരും മകളും ചേർന്നു തട്ടിയെടുത്തിരുന്നു. അതു ചോദ്യം ചെയ്തപ്പോൾ ഓമനച്ചേച്ചിയെ ആ സ്ത്രീയുടെ മോളും ഭർത്താവും കൂടി വീട്ടിൽ നിന്ന് ഇറക്കി വിട്ടു.

j4

അങ്ങനെ ഓമനച്ചേച്ചി തിരികെ ഞങ്ങളുടെ വീട്ടിൽ തന്നെ വന്നു, ‘എന്നെ ഇവിടെ നിർത്തണം’ എന്നു പറഞ്ഞു. ‘എനിക്കു വരുമാനം ഉള്ള കാലത്തോളം ശമ്പളം തരാം. ബാക്കിയുള്ള കാലത്തോളം നോക്കിക്കോളാം... എന്നു ഞാനും പറഞ്ഞു. ചേച്ചിയ്ക്കത് സമ്മതമായിരുന്നു. കിടപ്പിലാകുകയാണെങ്കിൽ എന്നെ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടു വിടണമെന്നതു മാത്രമായിരുന്നു ചേച്ചിയുടെ ആവശ്യം. അങ്ങനെ അവർ വീണ്ടും എന്റെ വീട്ടിലെ ഒരംഗമായി മാറി.

ഇപ്പോൾ 10 വർഷമായി. ജോലിക്കാരിയായല്ല, എന്റെ അമ്മയെപ്പോലെയാണ് ഞാൻ ചേച്ചിയെ പരിചരിക്കുന്നത്. രണ്ടു വർഷമായി ചേച്ചിക്ക് കാല് വയ്യ. ചികിത്സ നടക്കുന്നുണ്ട്. വയ്യാതായപ്പോ അനാഥാലയത്തില്‍ ആക്കിക്കോളാന്‍ ചേച്ചി പറഞ്ഞെങ്കിലും എനിക്കതിനു പറ്റില്ല. ഭർത്താവ് ബൈജു മാത്യു വിദേശത്താണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിനും മക്കളായ ബെൻലിക്കും ഓസ്റ്റിനും അതു സങ്കൽപ്പിക്കാനാകില്ല. ആരും സമ്മതിച്ചില്ല. ഇപ്പോൾ 65 വയസ്സുണ്ടാകും. ഇനിയുള്ള കാലവും അവർ ഞങ്ങൾക്കൊപ്പം ജീവിക്കട്ടെ എന്നാണ് തീരുമാനം.

j3

പുറത്തുനിന്നുള്ളവർ കാണുമ്പോൾ പറയും, നീ എന്തിനാ ഈ ടെൻഷൻ വലിച്ച് വയ്ക്കുന്നതെന്ന്. പക്ഷേ, എനിക്ക് ചേച്ചിയെ എങ്ങോട്ടും വിടാൻ തോന്നുന്നില്ല’’.– ജെസി പറയുന്നു.