മൂന്നു വർഷം മുൻപാണു ജിലുമോളെ ആദ്യം കണ്ടത്. ഇരുകൈകളുമില്ലെങ്കിലും ഗ്രാഫിക് ഡിസൈനറായ ജിലുമോൾ മാരിയറ്റ് തോമസ് എന്ന അദ്ഭുതക്കുട്ടിയെ. എറണാകുളത്തെ വൈഡബ്ല്യുസിഎ ഹോസ്റ്റലിൽ ഡ്രൈവിങ് ലൈസൻസിനു വേണ്ടിയുള്ള ആ കാത്തിരിപ്പിനിടെ ജിലുമോൾ ഉറച്ച ശബ്ദത്തിൽ വനിതയോടു പറഞ്ഞു, ‘‘എനിക്കു കൈകളില്ല. പക്ഷേ, സ്വപ്നങ്ങൾക്കു ചിറകുകളുണ്ട്. ആ ചിറകുകൾ വിടർത്തി ഞാൻ പറക്കും. ഉറപ്പ്...’’
ആ വാക്കു സത്യമായി. രണ്ടു കൈകളുമില്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ പെൺകുട്ടിയായി ജിലുമോൾ. പിടിച്ചുനിൽക്കാൻ കൈകളില്ലെങ്കിലും സ്വപ്നങ്ങളിൽ പറക്കാൻ ദൈവം ജിലുവിനു ചിറകുകൾ നൽകി. ‘കിലുക്ക’ത്തിലെ കിട്ടുണ്ണിയെ പോലെ ‘ഞാനെന്റെ സ്വന്തം കാറിൽ വരു’മെന്ന് ഉറപ്പിച്ച കുറച്ചിടങ്ങളുണ്ട് ജിലുമോളുടെ മനസ്സിൽ. ആ യാത്രയിൽ വനിത ജിലുമോൾക്കൊപ്പം ചേരുന്നു.
ഹാപ്പി ജേണി
സോഫയിലിരുന്നു ഫോൺ നോക്കുകയാണു ജിലു മോൾ. വലതുകാൽ വിരലുകൾ കൈവിരലുകൾ പോ ലെ ടച് സ്ക്രീനിൽ ചലിക്കുന്നു. പിന്നെ, കഴുത്തിൽ ചുറ്റിയിട്ട ബ്ലൂടൂത്ത് ഹെഡ്ഫോണിന്റെ ഇയർ ബഡ് കാൽവിരൽ കൊണ്ടുതന്നെ ചെവിയിലേക്കു വച്ച് ജിലു ആരോടോ സംസാരിക്കുന്നു. സംസാരത്തിനിടെ മുടിയിഴകൾ മാടിയൊതുക്കുന്നു. കോൾ കട്ടു ചെയ്ത പിന്നാലെ ജിലു പുറപ്പെടാൻ തയാറായി.
കഴുത്തിലെ രണ്ടു നീളൻ ടാഗുകളിലൊന്നിൽ ഫോണാണ്. രണ്ടാമത്തേതിൽ കാറിന്റെ ഓട്ടമാറ്റിക് കീ കൺട്രോളും. കാർ അൺലോക്ക് ചെയ്തു ഡോർ തുറന്നു ഡ്രൈവിങ് സീറ്റിലേക്ക്. പാന്റിന്റെ ഇടതു കാൽ വണ്ണയിൽ ഒരു സിപ് പോക്കറ്റുണ്ട്. അതിലാണു കാറി ന്റെ കീ. കൃത്യമായി കീ സ്വിച്ചിലിട്ടു കാർ സ്റ്റാർട് ചെയ്യുമ്പോൾ ചിരിച്ചു കൊണ്ടു ജിലുമോൾ ചോദിച്ചു, ‘സ്പീഡ് പേടിയുണ്ടോ...’
പിന്നെ, മിറർ അഡ്ജസ്റ്റ് ചെയ്ത്, സീറ്റ് ബെൽറ്റിട്ട്, ഫോൺ ഹോൾഡറിൽ വച്ച് ഡ്രൈവിങ് ആപ്ലിക്കേഷൻ ഓൺ ചെയ്തു. കൗതുകത്തോടെ നോക്കുന്നതു കണ്ടു ജിലു പറഞ്ഞു. ‘‘ഇൻഡിക്കേറ്ററും വൈപ്പറും വി ൻഡോയുമൊക്കെ ശബ്ദത്തിലൂടെ നിയന്ത്രിക്കുന്ന (വോയ്സ് കമാൻഡുകൾ) സംവിധാനമാണിത്. ബ്ലൂടൂത്ത് വഴി കാറുമായി കണക്ട് ചെയ്യും.’’ പിന്നെ, ഓരോരോ കമാൻഡുകളായി പറഞ്ഞുകാണിച്ചു, വൈപർ ഓൺ, ലെഫ്റ്റ് വിൻഡോ ഡൗൺ, റൈറ്റ് ഇൻഡിക്കേറ്റർ ഓൺ...
പതിയെ ഡ്രൈവിങ് മോഡിലേക്ക്. സ്റ്റിയറിങ്ങിലെ നോബിൽ വലതുകാൽ കൊണ്ടു കൊരുത്തു പിടിച്ച്, ഇടതുകാൽ കൊണ്ടു ആക്സിലറേറ്ററും ബ്രേക്കും നിയന്ത്രിച്ചു കാർ മെല്ലെ ഗേറ്റു കടന്നു.
കൊച്ചിയിലെ യാത്രകൾ
നഗരത്തിരക്കിലൂടെ പോകുന്നതിനിടെ ജിലുമോൾ ഫ്ലാഷ്ബാക്കിലേക്കു പോയി. ‘‘ചെറുപ്പം തൊട്ടേ ഡ്രൈവിങ് പഠിക്കാൻ മോഹമായിരുന്നു. പക്ഷേ, കൈകളില്ലാത്തയാൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന്റെ നടപടി എന്തെന്ന് ആർക്കും അറിയില്ല.
2018ൽ ഇൻഡോർ സ്വദേശിയായ വിക്രം അഗ്നിഹോത്രി രണ്ടുകൈകളുമില്ലാതെ കാലുകൾ കൊണ്ടു കാറോടിക്കുന്ന വിഡിയോ യൂട്യൂബിൽ കണ്ടു. അതോടെ ലേണേഴ്സ് ലൈസൻസ് അപേക്ഷയുമായി തൊടുപുഴ ആർടിഒയെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് 2018 ൽ ഓട്ടമാറ്റിക് കാർ ബുക് ചെയ്തത്. ലയൺസ് ക്ലബിന്റെ സ്പോൺസർഷിപ്പും കിട്ടി.
ഹോസ്റ്റലിലെ പാർക്കിങ് ഗ്രൗണ്ടിലെത്തിച്ച കാറിൽ തനിയെ ഡ്രൈവിങ് പഠനം തുടങ്ങി. കാലുകൾ ഉയർത്തി വയ്ക്കാവുന്ന തരത്തിൽ സീറ്റിൽ കുഷൻ വയ്ക്കും. ആദ്യമൊക്കെ പ്രയാസമായിരുന്നു. എല്ലാം നേരിടാൻ കരുത്തു തന്ന ഒരു വാശിയുണ്ട്, സ്വന്തം കാറോടിച്ചു കൊച്ചി നഗരത്തിലൂടെ പോണം. മുൻപൊക്കെ ബസിൽ കയറുമ്പോൾ സീറ്റു ചോദിച്ചു വാങ്ങും. പലർക്കും മടിയാണ്, ഇവൾക്കെന്താ നിന്നാൽ എന്ന മട്ട്. എന്നെ കണ്ടാൽ കൈകൾ പിന്നിലേക്കു കെട്ടി നിൽക്കുന്നു എന്നേ തോന്നൂ.’’ സംസാരത്തിനിടയിൽ കാർ വല്ലാർപാടം പള്ളിയിലെത്തി.
അനുഗ്രഹം നീയേ
പാർക്കിങ് ഗ്രൗണ്ടിൽ കാറിട്ട് ഇറങ്ങും മുൻപു ജിലുമോൾ ഒരു അഭ്യർഥന നടത്തി, ‘പിൻസീറ്റിൽ ഒരു കൂടു മെഴുകുതിരിയുണ്ട്. പപ്പയുടെ കല്ലറയിൽ കത്തിച്ചതിന്റെ ബാക്കിയാണ്. അതു മാതാവിനു മുന്നിൽ കത്തിക്കാമോ...’
പള്ളിയിലേക്കു നടന്നു പോകുമ്പോൾ ജിലുമോൾ ഓർമകളിൽ മുങ്ങിയെന്നോണം നിശബ്ദയായി. പള്ളിക്കുള്ളിലെ കസേരകളിൽ അങ്ങിങ്ങു കുറച്ചു പേർ മൗനമായി ഇരിപ്പുണ്ട്. അവർക്കിടയിലൂടെ അൾത്താരയ്ക്കു മുന്നിലെത്തി മുട്ടുകുത്തി. കണ്ണടച്ചു പ്രാർഥിച്ചു, മനസ്സുകൊണ്ടു കുരിശുവരച്ചു. തൊട്ടടുത്തുള്ള ഹാളിലെത്തി അടിമ സമർപ്പിച്ചു.
അൽപനേരത്തിനു ശേഷം പറഞ്ഞു തുടങ്ങിയത് അപ്പനെ കുറിച്ചാണ്. ‘‘ഇടുക്കി തൊടുപുഴയിൽ കരിമണ്ണൂരിലാണ് എന്റെ വീട്. തോമസ് എന്നാണു പപ്പയുടെ പേര്, അമ്മ അന്നക്കുട്ടി. ചേച്ചി അനുവിന് ശാരീരിക പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ, എനിക്കു ജന്മനാ തന്നെ രണ്ടു കൈകളുമില്ലായിരുന്നു. എന്നെയോർത്തു പപ്പയ്ക്കും അമ്മയ്ക്കും വലിയ ആധിയായിരുന്നു. നാലര വയസ്സ് ഉള്ളപ്പോഴാണ് അമ്മ ബ്ലഡ് കാൻസറായി മരിച്ചത്.’’ വീണ്ടും ജിലു ഓർമകളുടെ കറുപ്പും വെളുപ്പും നിറങ്ങളിൽ മുങ്ങി.
പള്ളിയിൽ നിന്നിറങ്ങുമ്പോൾ ജീവിതത്തിൽ ഭക്തിയും അനുഗ്രഹവും നിറച്ച ഒരിടത്തെ കുറിച്ചാണു ജിലു സന്തോഷത്തോടെ സംസാരിച്ചത്. കാൽവിരലുകൾക്കിടയിൽ പെൻസിൽ പിടിച്ച് എഴുതാൻ പഠിപ്പിച്ച സിസ്റ്റർ മരിയെല്ല എന്ന മാലാഖയെ കുറിച്ചും.
വരയിലേക്കു കാൽവച്ച്
‘‘വയ്യാത്ത എന്നെക്കൊണ്ടു പപ്പ കുറേ ബുദ്ധിമുട്ടി. അങ്ങനെയാണു ചെത്തിപ്പുഴയിലെ മെഴ്സി ഹോമിലാക്കിയത്. കാൽ വിരലുകൾക്കിടയിലേക്കു സിസ്റ്റർ മരിയെല്ല വച്ചു തരുന്ന െപൻസിൽ എപ്പോഴും ഊർന്നുവീഴും. പതിയ കാലുകൊണ്ട് എഴുതാൻ പഠിച്ചു. ജെഎംഎല്‍പി സ്കൂളിലാണ് ഒന്നാം ക്ലാസിൽ ചേർത്തത്.
വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസ്എസിൽ നിന്നു ഹ്യുമാനിറ്റീസിൽ പ്ലസ്ടു പാസായത് ഡിസ്റ്റിങ്ഷനടുത്തു മാർക്കോടെയാണ്. കാലിൽ പേന പിടിച്ചു ഞാൻ തന്നെയാണു പരീക്ഷയെഴുതിയത്.
അംഗപരിമിതികളുള്ളവരെ ജീവിതത്തിനുതകുന്ന കാര്യങ്ങളൊക്കെ മെഴ്സി ഹോമിൽ പരിശീലിപ്പിച്ചിരുന്നു. അങ്ങനെ ചിത്രം വരയ്ക്കാൻ തുടങ്ങി. പ്ലസ്ടു കഴിഞ്ഞ് സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ നിന്നു ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ പാസ്സായി. തൊടുപുഴയിൽ ഗ്രാഫിക് ഡിസൈനറായി കുറച്ചു കാലം ജോലി ചെയ്തു. പിന്നെ എറണാകുളത്തെ വിയാനി പ്രിന്റിങ്സിൽ ഗ്രാഫിക് ഡിസൈനറായി. ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് ഇപ്പോൾ.’’
ജീവിതം വഴികാട്ടുന്നു
ഉച്ചഭക്ഷണത്തിനായി കയറിയത് പനമ്പിള്ളി നഗറിലെ ഹോട്ടലിലാണ്. പ്ലേറ്റിൽ ഊണു മുന്നിൽ വന്നപ്പോൾ ഒരു സ്പൂൺ കൂടി ജിലു ചോദിച്ചുവാങ്ങി. കാൽവിരലുകൾക്കിടയിൽ സ്പൂൺ പിടിച്ച് ഒരു വറ്റു പോലും താഴെ വീഴാതെ ആസ്വദിച്ചു കഴിച്ചു.
വീണ്ടും ഡ്രൈവിങ് സീറ്റിലേക്കു കയറി. ലൈസൻസ് നേടിയ വഴികളെ കുറിച്ചു പറഞ്ഞു. ‘‘മോട്ടോർ വാഹനവകുപ്പിൽ നിന്ന് ഇൻസ്പെക്‌ഷൻ ടീം എത്തി മോഡിഫൈ ചെയ്ത കാറും എന്റെ ഡ്രൈവിങ്ങുമെല്ലാം പരിശോധിച്ചെങ്കിലും നടപടികൾ വൈകി. ഹൈക്കോടതി മുതൽ കേന്ദ്ര സർക്കാരിൽ വരെ അപേക്ഷകൾ നൽകി. കോവിഡും ലോക്ഡൗണും വന്നതോടെ എല്ലാം മുടങ്ങി.
ആ സമയത്തു ഹോസ്റ്റൽ അടച്ചപ്പോൾ എന്നെ തൊടുപുഴയിലെ വീട്ടിലേക്കു കൊണ്ടുപോകാൻ പപ്പ വന്നതു ടാക്സി വിളിച്ചാണ്. അന്നു കാറിലിരുന്നു ഞാൻ പപ്പ കാണാതെ കരഞ്ഞു.
പരിശ്രമങ്ങളെല്ലാം അവസാനിപ്പിക്കാം എന്നു ചിന്തിച്ച സമയം. മലയാള മനോരമയുടെ ഇടുക്കി ലേഖകനായിരുന്ന എസ്. വി. രാജേഷ് നടപടികളെന്തായി എന്നറിയാൻ വിളിച്ചു. ഒന്നുമായില്ല എന്ന മറുപടി കേട്ടപ്പോൾ സംസ്ഥാന ഡിസെബിലിറ്റി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ സാറിന്റെ കാര്യം പറഞ്ഞു.
അംഗപരിമിതരുടെ ന്യായമായ ഏത് ആവശ്യവും നടത്തിയെടുക്കാൻ അദ്ദേഹത്തിന്റെ പിന്തുണ കിട്ടുമെന്നു പറഞ്ഞു നമ്പരും തന്നു. അതോടെ വീണ്ടും പ്രതീക്ഷയായി.കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ടു പഞ്ചാപകേശൻ സാറിന്റെയടുത്തു കേസ് ഫയൽ ചെയ്തു. അദ്ദേഹവും ട്രാൻസ്പോർട് കമ്മിഷണറും കൂടിയാലോചിച്ച് എറണാകുളം ആർടിഒയ്ക്കു മേൽനോട്ട ചുമതല നൽകി.
യു ടേൺ ടു ലൈസൻസ്
‘‘മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ എ.ആർ. രാജേഷ് വന്നു കാർ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണു ഇപ്പോഴുള്ള മോഡിഫിക്കേഷനുകൾ നടത്തിയത്.
സീറ്റ് ബെൽറ്റിന്റെ ബക്കിളിന്റെ ഉയരവും സീറ്റിന്റെയും ആക്സിലറേറ്ററിന്റെയും ബ്രേക്കിന്റെയുമൊക്കെ ഉയരവും കൂട്ടി. സ്റ്റിയറിങ്ങിൽ നോബ് പിടിപ്പിച്ചു. പാലക്കാട്ടെ വിഐ ഇന്നവേഷൻസ് കമ്പനിയുടമ വിമൽകുമാറാണ് വോയ്സ് കമാൻഡ് സോഫ്റ്റ്‌വെയർ ചെയ്തുതന്നത്.
ഈ കാര്യങ്ങളെല്ലാം കഴിഞ്ഞ പിറകേ ഓൺലൈനിലൂടെ ഹിയറിങ്ങുകൾ നടന്നു. അങ്ങനെ നവകേരള യാത്രയ്ക്കിടെ പാലക്കാടു വച്ചു മുഖ്യമന്ത്രി നേരിട്ടു ലൈസൻസ് കൈമാറി.’’ വൈപ്പിനിൽ സൂര്യാസ്തമയം കാണാൻ മണൽപ്പരപ്പിലൂടെ നടക്കുമ്പോൾ ജിലുമോൾ വീണ്ടും ആ ലോചനകളിൽ മുഴുകി. പിന്നെ, പറഞ്ഞു, ‘‘ഈ സന്തോഷം കാണാൻ പപ്പ കൂടെയില്ലാത്തതു വലിയ സങ്കടമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണു പപ്പ മരിച്ചത്.’’
ചുവന്ന സൂര്യന്റെ അവസാന പകുതിയും അലകളിൽ അലിയുന്നതു നോക്കി ജിലുമോളിരുന്നു. 30 വയസ്സു കഴിഞ്ഞെങ്കിലും പത്തുവയസ്സുകാരിയുടെ ചുറുചുറുക്കോടെ അവളുടെ മനസ്സ് ആ മണൽപ്പരപ്പിൽ ഓടിക്കളിച്ചു.
രൂപാ ദയാബ്ജി
ഫോട്ടോ: ഹരികൃഷ്ണൻ