Tuesday 25 September 2018 05:09 PM IST

നമ്മുടെ ജിമിക്കിപ്പാട്ട് കേരളക്കരയും കടന്ന് ഒരു രക്ഷേം ഇല്ലാതെ വൈറലായതിന് എന്താകും കാരണം?

Unni Balachandran

Sub Editor

jimikki-kammal1

അപ്പൻ, അമ്മേടെ ജിമിക്കിക്കമ്മല് കട്ട് ബ്രാന്‍ഡിക്കുപ്പി മേടിച്ചു. അമ്മയതപ്പോ തന്നെ കുടിച്ചും തീർത്തു. പ്രശ്നം വീട്ടിൽ  തന്നെ പരിഹരിച്ചതാണ്. പക്ഷേ, നാട്ടുകാരെല്ലാം കൂടി ‘ജിമിക്കി കമ്മലെ’ന്നു പാടിപ്പാടി, യൂട്യൂബിനിപ്പൊ ചെവിതല കേൾക്കാൻ വയ്യ. ‘വെളിപാടിന്‍റെ പുസ്തക’ത്തില്‍ അപ്പാനി രവിയും കൂട്ടരും ക്യാംപസില്‍ ആടിപ്പാടുന്ന ആദ്യ വിഡിയോ തന്നെ ഒരു മാസം െകാണ്ടു കണ്ടത് 20 മില്യണ്‍ ആള്‍ക്കാരാണ്. ഈ പാട്ടിെനാത്ത് ഇന്ത്യന്‍ സ്കൂള്‍ ഒാഫ് െകാമേഴ്സിലെ സുന്ദരിക്കുട്ടികള്‍ കളിച്ച ഡാന്‍സ് കണ്ടത് 15 മില്യണ്‍. കല്യാണത്തിനും  ഒാണാഘോഷത്തിനും ബെര്‍ത്ഡേ പാര്‍ട്ടിക്കും എല്ലാം കണ്ടും കേട്ടും പാട്ടിന്റെ ‘പുതിയ കൊലവെറിയായി’ മാറിയിരിക്കുകയാണ് ഈ ‘ജിമിക്കി.’ പാട്ടിനൊപ്പം ഡാൻസ് കളിക്കാന്‍ ‘ജിമിക്കി ചലഞ്ച്’ തുടങ്ങിയപ്പോഴോ, അവിടെയും ഹിറ്റുകളുടെ പെരുമഴ.

കേരളത്തില്‍ തുടങ്ങിയ ബഹളം വിദേശങ്ങളിലേക്കും കടന്നു. യുഎഇയിൽ ‘വെളിപാടിന്റെ പുസ്തകം’ റിലീസ് ചെയ്തപ്പോള്‍ ചുവന്ന ഷര്‍ട്ടിട്ട്, മുണ്ടു മടക്കിക്കുത്തി, കൂളിങ്‌ ഗ്ലാസ് വച്ച് െപണ്‍കുട്ടികള്‍ വരെ വന്നു, ജിമിക്കി പാട്ടിനൊത്തു ചുവടു വയ്ക്കാന്‍. ഇതെവിടുന്നു പൊട്ടി വീണു ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു വൈരക്കല്ലു വച്ച ജിമിക്കി...?

‘‘ആ പാട്ട് ഹിറ്റായതിന്റെ ക്രെഡിറ്റ് മുഴുവനും സംഗീത സംവിധായകൻ ഷാനിനും രചയിതാവ് അനിൽ പനച്ചൂരാനുമാണ്.’’ വെളിപാടിന്‍റെ സംവിധായകൻ ലാൽജോസ് പറയുന്നു. ‘‘തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലമാണ് ക്യാംപസ് പിള്ളേരുടെ ഒരു അടിച്ചുപൊളി പാട്ടു സിനിമയില്‍ വേണം എന്ന് എന്നോടാദ്യം പറഞ്ഞത്. െബന്നിയുെട േമാള്‍ പാടുന്ന ഒരു പാട്ടിന്‍റെ രണ്ടു വരിയും െചാല്ലിക്കേള്‍പ്പിച്ചു. അതെനിക്കിഷ്ടമായി. ബാക്കിയെല്ലാം ചരിത്രം...’’

jimikki-kamma5

എങ്കിൽ പിന്നെ െബന്നി പി. നായരമ്പലത്തിേനാടു ചോദിച്ചിട്ടു തന്നെ കാര്യമെന്നു തീരുമാനിച്ചപ്പോൾ, അതാ അദ്ദേഹം പത്താം ക്ലാസ്സിൽ പഠിക്കുന്ന ഇളയ മകൾ സൂസന്നയെ കൂട്ടിവരുന്നു. ഞാറയ്ക്കൽ അസീസി വിദ്യാനികേതനിൽ പഠിക്കുന്ന സൂസന്നയുടെ ക്ലാസ്മേറ്റ്സ് പണ്ടേ പാടുന്ന പാട്ടാണത്രെ  ‘ജിമിക്കി കമ്മൽ’.  

‘‘ആരാ എഴുതിയത് എന്നൊന്നും എനിക്കറിഞ്ഞൂടാട്ടോ. പക്ഷേ, പാടാൻ നല്ല രസമുള്ളതുകൊണ്ട് ഞാൻ വീട്ടിൽ നടക്കുമ്പോഴും ഇതിങ്ങനെ മൂളുമായിരുന്നു. പപ്പ എന്നെ ഇത്രയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായത് സിനിമയിൽ പാട്ട് വന്നപ്പോഴാണ്.’’ പപ്പയ്ക്കിട്ടു നൈസായി ഒരു കുത്തും കൊടുത്ത് കാതിലെ വെള്ളി ജിമിക്കിയുമിളക്കി സൂസന്ന ചിരിച്ചു.

‘‘എട്ടു വരികളേ മോളുടെ പാട്ടിലുള്ളൂ. അവളെപ്പോഴും പാടുന്നതു കൊണ്ട് ആ താളവും വരികളും ഞാൻ ഓർത്ത് വച്ചിരുന്നു.’’ ബെന്നി ഒാര്‍ക്കുന്നു.  

‘നിന്റമ്മേടെ ജിമിക്കി കമ്മൽ
നിന്റച്ഛൻ കട്ടോണ്ട് പോയി
നിന്റച്ഛന്റെ ബ്രാണ്ടി കുപ്പി
നിന്റമ്മ കുടിച്ചു തീർത്തേ
നിന്റച്ഛൻ കിണറ്റിൽ ചാടി
നിന്റമ്മ കൂടെ ചാടി
നിന്റമ്മ നീന്തി കേറി
നിന്റച്ഛൻ മുങ്ങി ചത്തേ’

സിനിമയുെട ഡിസ്കഷന്‍ സമയത്തു ലാല്‍ജോസിനോട് ഈ പാട്ടിന്‍റെ കാര്യം പറഞ്ഞു. ‘ഉസ്താദ് ഫ്ലാറ്റ്’ എന്നൊക്കെ പറയുമ്പോലെയായിരുന്നു, അപ്പോൾ തന്നെ ലാലു  ഓകെ പറഞ്ഞു. പിന്നീട് ഷാൻ റഹ്മാനും അനിൽ പനച്ചൂരാനും പാട്ട് േകട്ടു. ഷാന്‍ എന്റെ ശബ്ദത്തില്‍ ഈ പാട്ട് മൊബൈലിൽ റിക്കോർഡ് ചെയ്തു.

jimikki-kamma4

ആദ്യ നാലുവരി മാത്രം എടുക്കാമെന്ന് ഷാൻ സമ്മതിച്ചു. എങ്കിൽ പിന്നെ വരികൾക്ക് അൽപ സ്വൽപം മാറ്റങ്ങളാകാമെന്ന് അനിൽ പനച്ചൂരാൻ. ഞങ്ങളുടെ ജിമിക്കിയെ അനിലൊന്ന് പോളിഷ് ചെയ്ത് മിനുക്കിയെടുത്തപ്പോൾ സത്യത്തിൽ ‍െഞട്ടിപ്പോയി. ‘ഇതു വേറെ ലെവലാ’ എന്നു കേട്ടവരെല്ലാം പറയുന്നുണ്ടായിരുന്നു. അതിന്റെ പിന്നിലെ മാജിക്ക് അനിലിനും താളമിട്ട ഷാനിനും മാത്രമേ അറിയൂ.’’ െബന്നി പറഞ്ഞു. പിന്നെ, മേശപ്പുറത്തു താളമിട്ട് പാടിത്തുടങ്ങി.

‘ഇവിടൊരു ചാകരയും േവലകളീം
 ഒത്തു വന്നപോല്‍
 ചിലരുെട േതാര്‍ത്തു കീറി പോയ കാര്യം
 ഒാര്‍ത്തു പോകവേ...’
പിള്ളാരെ തുള്ളിക്കളിപ്പിക്കുന്ന പാട്ട്

ജിമിക്കി എങ്ങനെ ഹിറ്റായി എന്നു ചോദിച്ചതും പനച്ചൂരാൻ ഉറക്കെയൊന്നു ചിരിച്ചു. ‘കുറച്ചു കാലമായി ഞാനെന്നും ഒരു കാര്യം പ്രാർഥിക്കുന്നുണ്ടായിരുന്നു. നൂറിൽ കൂടുതൽ പാട്ട് എഴുതിയിട്ടുണ്ടെങ്കിലും നല്ലൊരു അടിച്ചുപൊളി താളം ഇതു വരെ കിട്ടിയിട്ടില്ല. ‘വ്യത്യസ്തനാമൊരു ബാലനൊ’ക്കെ ഉണ്ടെങ്കിലും പിള്ളേരെ തുള്ളിക്കുന്നൊരു പാട്ടെഴുതണമെന്നായിരുന്നു, കുറച്ച് നാളായുള്ള മോഹം.

അതിനു കാരണം ആ തടിയനാ, ‘ഗന്നം സ്‌റ്റൈൽ’ പാട്ടുകാരൻ. ഏതു ഭാഷയാണെന്ന് പോലും അറിയാതെ എല്ലാ പിള്ളേരും ആ പാട്ട് പാടുകയും അതിെനാത്തു തുള്ളുകയും ചെയ്തപ്പോള്‍ എനിക്കു ഭയങ്കര അസൂയയായിരുന്നു. അങ്ങനെയൊരു പാട്ട് നമുക്കും ഉണ്ടാക്കണം, ലോകത്തുള്ള എല്ലാവരും മലയാള ഭാഷയിൽ അതു പാടണം  എന്നൊരു തോന്നൽ. ആ പ്രാർഥനയാണിപ്പോള്‍  സഫലമായത്. ആവേശവും വാശിയുമൊക്കെ ചേർത്ത് ഒരൊറ്റ പൂശായിരുന്നു.

jimikki-kamma2

എന്‍റെ അമ്മയുടെ വീട് മൺറോതുരുത്തിനടുത്താണ്. അവിടെ മുളച്ചന്തറ അമ്പലത്തിൽ എപ്പോഴും പഞ്ചാരിമേളം കാണും, മേളം പഠിക്കുന്ന കുട്ടികളും ധാരാളം. ‘കുട്ടി കൊട്ടുകാർ’ കൊട്ടുമ്പോൾ അവരെ കളിയാക്കാൻ കൂട്ടുകാരായ കുട്ടി കുറുമ്പൻമാർ അതേ താളത്തിൽ വായ്ത്താരിയുണ്ടാക്കും. പഞ്ചാരിമേളം ശ്രദ്ധിച്ചാൽ നമുക്കീ ‘ജിമിക്കിയുടെ’ വാക്കുകൾ അതിന്റെ താളത്തോട് എത്രമാത്രം ചേർന്നിരിക്കുന്നെന്ന് അറിയാം. ഞങ്ങളുടെ നാട്ടിലെ ജിമിക്കിപ്പാട്ട് ഇങ്ങനെയായിരുന്നു.

‘എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ട് പോയി,
എന്റപ്പന്റെ കള്ളും കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ.
എന്റപ്പൻ മുറുക്കി തുപ്പി,
തെച്ചിപ്പൂ കാതും തെറിച്ചേ’

പഴയ ജിമിക്കി പൊടി തട്ടിയെടുത്തപ്പോൾ കള്ളും കുപ്പി, ബ്രാണ്ടി കുപ്പിയാക്കി മാറ്റി. ‘എന്റപ്പൻ’ വേണോ ‘നിന്റപ്പൻ’ വേണോ എന്നൊരു കൺഫ്യൂഷനും ഉണ്ടായിരുന്നു. കോളജിലെ കുട്ടികള്‍ ചേര്‍ന്നു പാടുന്ന പാട്ടല്ലേ, അപ്പൊ ‘നിന്റമ്മേടെ’ പറഞ്ഞാൽ മോശം പ്രയോഗമാകും, ‘എന്റമ്മേടെ’ ആണെങ്കില്‍ ആർക്കും ഉപദ്രവമില്ല. എന്റെ ആവേശം കണ്ടപ്പോൾ ലാല്‍േജാസാണു ചോദിച്ചത്, ‘ഇത്രയുമൊക്കെ ആയ സ്ഥിതിക്ക്  ഇതിന് ഒരു കഥ കൂടെയുണ്ടാക്കി ബാക്കി വരികളെഴുതിക്കൂടെ’ എന്ന്... ആവേശം  കുഴിയിൽ ചാടിച്ചെങ്കിലും, ഞാൻ രസിച്ച് എഴുതിത്തുടങ്ങി.

സദാചാരവാദിയായ ഒരുത്തനെ തുരത്തുന്നതാണ് സന്ദർഭം, കുട്ടികൾ തമ്മിലുള്ള വാക്പോരും വേണമെന്ന് പറഞ്ഞിരുന്നു. തീരദേശവാസികളായ കുട്ടികൾ ‘കടൽകാറ്റിന് നീ കാത്തു കുത്താൻ പാടുപെടേണ്ട’ എന്നു പറഞ്ഞു വെല്ലുവിളിക്കുമ്പോൾ എതിർകക്ഷികൾ അതിനെ ‘ചെമ്മീൻ ചാടിയാൽ മുട്ടോള’മെന്നു പറഞ്ഞ് ആക്ഷേപിക്കുന്നു. മനസ്സിൽ കാമം ഒളിപ്പിച്ചു സദാചാരം പറയുന്നവനെ കളിയാക്കാൻ  ‘പടു കാമലോലുപാ..’ എന്നും വിളിച്ച് പാട്ട് അങ്ങു തീർത്തു.

എന്റെ മനസ്സിലെ പ്രാർഥന സഫലമാക്കിയ പാട്ടെന്ന നിലയിൽ, ഒരുപാട് ഇഷ്ടമുണ്ട് ഈ ജിമിക്കിയോട്. പഞ്ചാരിമേളത്തിന്റെ താളത്തിലായതു കൊണ്ട് നിറഞ്ഞ കേരളീയത കൂടി അവകാശപ്പെടാം. പിന്നെ, ഇത്രയും ഹിറ്റായതെങ്ങനെയെന്നറിയണമെങ്കിൽ മലയാളികളുടെ എ. ആർ. റഹ്മാന്‍ തന്നെ പറഞ്ഞു തരേണ്ടി വരും.’’ അനില്‍ വീണ്ടും ഉറക്കെ ചിരിച്ചു.
ചാകരയും വേലകളീം ഒത്തു വന്ന ഷാൻ

jimikki-kamma3

‘വേൾഡ് മ്യൂസിക് അവാർഡ്സിന്റെ’ ഇന്റർനാഷനൽ പേജ് ഇന്ത്യയിലെ  ഒന്നാം നമ്പർ പാട്ടായി ജിമിക്കി കമ്മലിനെ പ്ര ഖ്യാപിച്ചതിന്റെ  ത്രില്ലിലാണ്  ഷാന്‍ റഹ്മാന്‍. ഹോളിവുഡിലെ പ്രശസ്ത അവതാരകൻ ജിമി കിമ്മലും പാട്ടിനെ പുകഴ്ത്തി ട്വിറ്ററിൽ വന്നിരുന്നു. അങ്ങ് ആഫ്രിക്കയിലുള്ളവര്‍ വരെ ജിമിക്കിക്കമ്മലിനൊത്തു ചുവടു വയ്ക്കുന്ന വിഡിയോകള്‍ വരുന്നു.

‘‘ആദ്യം കേട്ട ജിമിക്കി പാട്ടിന്‍റെ വരികൾ അങ്ങനെ തന്നെ എടുക്കാതെ, ഈ താളത്തിന്റെ മീറ്ററിൽ പാട്ട് ചെയ്യാനാണ് നോക്കിയത്. പക്ഷേ, ട്രാക് പാടി നോക്കിയപ്പോൾ തോന്നി ജിമിക്കി വരികൾ മാറ്റാതിരിക്കുന്നതാണ് നല്ലതെന്ന്.’’ ഷാന്‍ പറയുന്നു. ‘‘കുട്ടികൾക്കിയിൽ  ഒഴുകി നടക്കുന്ന  ഒരു പാട്ട് നമ്മൾ റീക്രിയേറ്റ് ചെയ്താൽ ഉണ്ടാകുന്ന വിസ്മയം  ഉണ്ടല്ലോ, അത് ഫേവറബിൾ ആക്കി മാറ്റുകയായിരുന്നു പ്ലാൻ.

‘എന്റമ്മേടെ’ ‘എന്റപ്പന്റെ’ എന്നൊക്കെ വാക്കുകൾ ഉള്ളതുകൊണ്ട് പാട്ടിനെ പരമാവധി ഫണ്ണിയാക്കി അവതരിപ്പിക്കുകയായിരുന്നു ചലഞ്ച്. ആളുകൾ ഏറ്റു പാടണമെന്ന് നിർബന്ധമുള്ളതു കൊണ്ട് സങ്കീർണമായ ട്യൂൺ ആകരുതെന്നൊരു നിർബന്ധവും ഉണ്ടായിരുന്നു. ട്യൂൺ പെട്ടെന്ന് തന്നെ വന്നു. പക്ഷേ, വരികളുടെ ബലം കുറച്ച്, പാട്ട്് രസകരമാക്കാൻ കുറ ച്ചു കൂടി സമയമെടുത്തു. ആ ഫൺ എലമെന്റ് ഉള്ളതുകൊണ്ടാണ് കുട്ടികള്‍ പാടുമ്പോൾ അച്ഛനമ്മമാർ ആസ്വദിക്കുന്നതും, അയച്ചു തരുന്നതുമൊക്കെ.
ബെഞ്ചിൽ തട്ടി പാടുന്ന പാട്ടുകളോട് നമുക്കെല്ലാവർക്കും ഇഷ്ടവും വഴക്കവുമുണ്ട്. പെട്ടെന്നൊരു പാട്ട് പാടാൻ പറഞ്ഞാൽ ആരും ഡ്രംസ് എടുക്കില്ലല്ലോ. ഒരു നല്ല ‘ബെഞ്ചിൽ കൊട്ടിപ്പാട്ട്’ ആയാണ് ഞാൻ ജിമിക്കിയെടുത്തത്. പാട്ട് റെഡിയായപ്പോൾ മനസ്സിൽ വന്നത് വിനീത് ശ്രീനിവാസനാണ്. രണ്ട് ഗ്രൂപ്പ് തമ്മിലുള്ള പോരായതുകൊണ്ട് ബാക്കി പാടാൻ വിനീതിന്റെ ശബ്ദത്തോട് ഒപ്പം നിൽക്കുന്നൊരു വോയ്സ് നോക്കി. അങ്ങനെയാണ് രഞ്ജിത്ത് ഉണ്ണിയെ കൂട്ടിയത്.

പാട്ട് ചെയ്തപ്പൊ ഒരു രസത്തിന് അവസാനം ഇട്ടതാണ്  ‘ലല്ലലാ ലാല ലല്ലാലാ’. ജിമിക്കി ആദ്യം യൂട്യൂബില്‍ റിലീസ് ചെയ്യുമ്പോള്‍ നായകനായ ലാലേട്ടൻ ഒരിടത്തും ഇല്ലാത്തത് ഒരു പ്രശ്നമാണല്ലോ എന്നു േതാന്നി. അങ്ങനെയാണ് ലാലേട്ടന്റെ കാറ്റുപോലുള്ള എൻട്രി പാട്ടിലേക്ക് മിക്സ് ചെയ്യുന്നത്. ‘ജിമിക്കി ചലഞ്ചി’ൽ ഡാൻസ് കളിക്കുന്നവർ പാട്ട് അവസാനിപ്പിക്കാൻ ഒരു തോൾ ചെരിച്ച് ലാലേട്ടനെ ഇമിറ്റേറ്റ് കൂടെ ചെയ്തതോടെ സംഭവം സൂപ്പർ ആയി.

സത്യത്തിൽ പാട്ടും ഈണവും ഒന്നുമല്ല, ഈ പാട്ടിനെ നെഞ്ചേറ്റി, അതിനൊപ്പം ചുവടു വച്ചവരാണ് ഇതിത്രയും ഹിറ്റ് ആക്കിയത്. എല്ലാ ‘ജിമിക്കി ചലഞ്ചു’കളും ഇഷ്ടമായെങ്കിലും ധാരാവിയിൽ ചെയ്ത ഒരു വിഡിയോ ആണ് എന്റെ ഫേവറിറ്റ്. നമ്മുടെ ആദ്യ വരി മാത്രമെ ഉള്ളൂ, ബാക്കിയെല്ലാം പുതിയ ഹിന്ദി വരികളിട്ട് സെറ്റാക്കിയിരിക്കുകയാണ്. എന്റെ ചങ്കിൽ കൊട്ടിപ്പാടും പോലെ കുളിരുന്നുണ്ട് അതു കേൾക്കുമ്പോൾ.’’

എന്നാലും... ഈ പറഞ്ഞതൊന്നും അല്ലാതെ, ഈ പാട്ടിത്ര ഹിറ്റാകാനുള്ള എന്തെങ്കിലും കാരണമുണ്ടാകുമോ? വല്ല മന്ത്രമോ മായയോ... എന്നു േചാദിച്ചു െനറ്റി ചുളിക്കുമ്പോള്‍ ഷാന്‍ കസേര കുറച്ചു പുറകോട്ടു വലിച്ചിട്ട്, പാടാന്‍ തയാറെടുക്കുന്നു. പിന്നീട് െബഞ്ചില്‍ െകാട്ടി പാട്ടു തുടങ്ങുന്നു.

ലല്ലല ലാല ലല്ലാ ലാ...  ലല്ലല ലാല ലല്ലാ ലാ
ലല്ലലാ ലാലാ ലാലാ.... മോഹൻലാലാ........!!!!

jimikki-kamma6

അറിയാതെ സ്റ്റാർ ആയി

ജിമിക്കി ഡാൻസ് ചലഞ്ചുകളിൽ ഏറ്റവും ഹിറ്റായത് ഇ ന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ നമ്പറാണ്. ഡാൻസിലും കൂടുതലായി ആളുകൾ ശ്രദ്ധിച്ചത് മുന്നിൽ നിന്നിരുന്ന സുന്ദരിയായ പെൺകുട്ടിയെ. ജിമിക്കിപ്പാട്ടു കാരണം ഷെറിൽ ജി. വടക്കൻ ഇപ്പോൾ അറിയപ്പെടുന്ന താരമാണ്.

‘‘ സെന്റ് തെരേസാസില്‍ പഠിക്കുമ്പോള്‍ ഡാൻസ് പ്രോഗ്രാമിനെല്ലാം പങ്കെടുക്കുമായിരുന്നു. ഇവിടെ ഫിനാൻഷ്യ ൽ അക്കൗണ്ടിങ് ടീച്ചറായി ജോയ്ൻ ചെയ്തിട്ട് രണ്ടു മാസമേ ആകുന്നുള്ളൂ. ഓണാഘോഷത്തിനായി ഒരു ഫ്ലാഷ് മോബ് ചെയ്യാനായിരുന്നു പ്ലാൻ. അപ്പോഴാണ് ‘ജിമിക്കി ചലഞ്ച്’ കണ്ടത്.’’ ഷെറിന്‍ ഒാര്‍ക്കുന്നു. ‘‘ടീച്ചർമാരും കുട്ടികളും ഒരുമിച്ച് ഡാൻസ് ചെയ്താൽ, രസമായിരിക്കുമല്ലൊ എന്നു കരുതിയാണ് ഈ ഡാൻസ് ഫിക്സ് ചെയ്തത്. രണ്ടു വട്ടം റിഹേഴ്സൽ ചെയ്തു. പ്രാക്ടീസ് കുറവായിരുന്നതു കൊണ്ട് ഡാൻസിൽ അല്പം മുൻപരിചയം ഉള്ള  ഞാനും അന്ന ജോർജും (വിഡിയോയിൽ ഒപ്പം നിൽക്കുന്ന കുട്ടി) മുന്നിൽ നിന്നു. പക്ഷേ, ആ തീരുമാനം ഇങ്ങനെയൊക്കെയായിത്തീരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഞെട്ടിപ്പോയി.

സിനിമയിൽ  ആ പാട്ടിന്റെ കൊറിയോഗ്രഫി ചെയ്ത പ്രസന്ന മാസ്റ്റർ വിളിച്ച് അഭിനന്ദിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി. മെസെഞ്ചര്‍ നിറയെ അഭിനന്ദനങ്ങളാണ്. പ്രണയാഭ്യർഥനകള്‍ വരെയുണ്ട്. അച്ഛൻ ജോർജ് കടവനും അമ്മ ടെസ്സി ജോർജും ചേട്ടൻ ജെറിലും ഒക്കെ ഇപ്പോള്‍ എന്‍റെ ആരാധകരാണ്. സിനിമയിൽ നിന്നൊക്കെ ഓഫർ വന്നെങ്കിലും തൽക്കാലും അങ്ങോട്ടില്ല. ല്ല.... ലാല ലല്ലാലാാാ....’’