Wednesday 18 November 2020 10:59 AM IST : By സ്വന്തം ലേഖകൻ

ആറു വർ‌ഷം മുൻപു വരെ വിദ്യ പകർന്നു നൽകിയ അധ്യാപിക; ഇന്ന് ഗുരുതര രോഗം ബാധിച്ച് ദുരിതങ്ങൾക്ക് നടുവിൽ ജിഷമോൾ

jishmol44566

ഒറ്റമുറി വീട്ടിലെ തറയിൽ വിരിച്ച പായയുടെ ഒരറ്റത്തു ചുരുണ്ടുകൂടി കിടക്കുകയാണ് ജിഷമോൾ ജോസഫ് (38). മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം, ബിഎഡ്. 3 സ്കൂളുകളിൽ താൽക്കാലിക അധ്യാപികയായി ജോലി. 6 വർ‌ഷം മുൻപു വരെ ഭാഷാപാഠങ്ങൾ കുട്ടികൾക്കു പകർന്നു നൽകിയ അധ്യാപിക. ജിഷ ഇപ്പോൾ ഗുരുതര രോഗം ബാധിച്ച് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ദുരിതങ്ങളുടെ നടുവിൽ. കുറവിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിലെ പഴയ ഒറ്റമുറി വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൈത്തറയിൽ പി.എം. ജോസഫ്–തങ്കമ്മ ദമ്പതികളുടെ മകളാണ് ജിഷമോൾ ജോസഫ്.  

2014 ൽ തലയിൽ ഉണ്ടായ ക്ഷതം ഇവരുടെ ജീവിതത്തെ ദുരിതങ്ങളുടെ നടുവിലേക്ക് എത്തിക്കുകയായിരുന്നു. എന്തോ സാധനം എടുത്ത ശേഷം പെട്ടെന്നു തിരിഞ്ഞപ്പോൾ തല ഭിത്തിയി‍ൽ ശക്തമായി ഇടിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കാര്യമായ പ്രശ്നങ്ങൾ തോന്നിയില്ല. പക്ഷേ, മാസങ്ങൾക്കുള്ളിൽ അവസ്ഥ ഗുരുതരമായി. കഴിഞ്ഞ ഒരു വർഷമായി കിടപ്പിലാണ് ജിഷ. നിവർന്നു കിടക്കാൻ കഴിയില്ല. കാൽമുട്ടുകൾ രണ്ടും വളഞ്ഞ അവസ്ഥയിൽ. 20 കിലോഗ്രം തൂക്കം പോലുമില്ല. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ. 

ഹോമിയോ, ആയുർവേദ ചികിത്സകൾ പരീക്ഷിച്ചു. പക്ഷേ രോഗാവസ്ഥകളിൽ മാറ്റം വന്നില്ല. കൂലിപ്പണിക്കാരനായ ജോസഫിന്റെ ചെറിയ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം. ജിഷയുടെ 3 സഹോദരങ്ങൾ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നുണ്ട്. അവർക്കും സാമ്പത്തികശേഷി കുറവാണ്. ചികിത്സിച്ചാൽ ജിഷയുടെ രോഗം മാറുമെന്നാണു ഡോക്ടർമാർ പറയുന്നത്. ആദ്യം വേണ്ടത് ഒറ്റമുറി വീട്ടിൽ നിന്നുള്ള മോചനവും സുരക്ഷിതമായ ഒരു താമസസ്ഥലവുമാണ്. 

മനുഷ്യാവകാശ പ്രവർത്തകരായ മേമ്മുറി കാരിക്കാമുകളേൽ കെ.ജെ.പോൾ, ദേവമാതാ കോളജ് മുൻ അധ്യാപകൻ പ്രഫ. ടി.ടി. മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ ജിഷയുടെ അവസ്ഥ വിശദീകരിച്ചു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വനിതാ കമ്മിഷൻ അധ്യക്ഷ എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ട്.  ജിഷയുടെ അമ്മ തങ്കമ്മ ജോസഫിന്റെ പേരിൽ എസ്ബിഐ കുറവിലങ്ങാട് പള്ളിക്കവല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ–37758577798. ഐഎഫ്എസ്‌സി കോഡ്–SBIN0012881. ജോസഫിന്റെ ഫോൺ നമ്പർ– 9747781176.

Tags:
  • Spotlight