Monday 24 June 2019 02:48 PM IST : By സ്വന്തം ലേഖകൻ

സ്ഥലം വാങ്ങിയാൽ അവൻ ഭൂ മാഫിയ...റിസോർട്ട് പണിതാൽ റിസോർട്ട് മാഫിയ; പ്രവാസിയുടെ ചോരയൂറ്റുന്ന ഉദ്യോഗസ്ഥർ; കുറിപ്പ്

jithin

ജീവിതത്തിന്റെ നല്ലകാലം അന്യനാട്ടിൽ ചെലവഴിച്ച് കഷ്ടപ്പെട്ട് ചോരനീരാക്കി ജീവിക്കുന്നവനാണ് പ്രവാസി. എല്ലാം മടുത്ത് നാട്ടിൽ കഴിഞ്ഞു കൂടാൻ പെട്ടി പായ്ക്ക് ചെയ്ത് തിരിച്ചെത്തുമ്പോൾ ഒരു പ്രവാസിയുടെ ഉള്ളിൽ ആയിരം സ്വപ്നങ്ങളുണ്ടാകാം. അതിൽ ആദ്യത്തേത് ശിഷ്ടകാലം കുടുംബാഗങ്ങളോടൊപ്പം സ്വസ്ഥമായ ജീവിതം. അതുമല്ലെങ്കിൽ നാട്ടിൽ ചെറുതോ വലുതോ ആയ ബിസിനസ് ഒരു സംരംഭം.

ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള കഷ്ടപ്പാടും ഇത്തിരി സമ്പാദ്യവും കൈയ്യിലൊതുക്കി നാട്ടിലെത്തുന്ന പ്രവാസിയെ അത്ര സുഖകരമായ സാഹചര്യമായിരിക്കില്ല കാത്തിരിക്കുന്നത്. അധികാരികളുടെ മുട്ടാപ്പോക്ക് നയങ്ങളിൽ മനംമടുത്ത് ആത്മഹത്യ ചെയ്യേണ്ടി വന്ന സാജനാണ് അക്കൂട്ടത്തിലെ ഒടുവിലത്തെ ഉദാഹരണം. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്‌.

ഭൂമാഫിയയെന്നും റിസോർട്ട് മാഫിയയെന്നും ഒക്കെ ഉള്ള ഓമനപ്പേരുകൾ നൽകി പ്രവാസികളെ ചുടലപ്പറമ്പിലേക്ക് അയക്കുന്ന അധികാരികളുടെ കാലത്ത് ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ജിതിൻ കെ ജേക്കബ്. പ്രവാസിയുടെ അടിവേരിളക്കുന്ന മുട്ടാപ്പോക്കു നയങ്ങളും അതിൽ സുഖം കണ്ടെത്തുന്ന അധികാരികൾക്കെതിരെയുമാണ് ജിതിന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

''സ്ഥലം വാങ്ങിയാൽ ഭൂ മാഫിയാ... റിസോർട് പണിതാൽ റിസോർട് മാഫിയാ.. ഹോട്ടൽ ചെയ്താൽ ഹോട്ടൽ മാഫിയാ''

വിദേശരാജ്യങ്ങളിൽ വർഷങ്ങളൊളം കഷ്ട്ടപെട്ടുണ്ടാക്കിയ സമ്പാദ്യം കേരളത്തിൽ നിക്ഷേപിച്ച് കുറെ ആളുകൾക്ക് ജോലി നൽകുന്ന പ്രവാസികളെ ബൂർഷ്വായും കുത്തകയും ആക്കി അവന്റെ അടിവേരിളക്കി ആ സ്ഥാപനം പൂട്ടിക്കുമ്പോൾ നമ്മുടെ സഖാക്കൾക്ക് കിട്ടുന്ന മനസുഖം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

കണ്ണൂരിലെ വ്യവസായിയുടെ ആത്മഹത്യയെ ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിക്കാൻ വെമ്പുന്ന ന്യായീകരണ നപുംസകങ്ങളും,മാധ്യമ ചെറ്റകളും കേരളത്തിൽ നിക്ഷേപം ഇറക്കി എന്ന ഒറ്റക്കാരണം കൊണ്ട് സാമ്പത്തികമായും അല്ലാതെയും തകർന്നു പോയ നൂറുകണക്കിന് വ്യവസായികളുടെ ദുരന്തങ്ങൾക്ക് കൂടി ന്യായീകരണം കണ്ടെത്തണം.

കേരളത്തിൽ നിക്ഷേപം നടത്തി കുത്തുപാളയായ ചില വ്യവസായികളുടെ അനുഭവം കുറിക്കുന്നു;-

ആലപ്പുഴയിൽ നിക്ഷേപം നടത്തിയ ഒരു പ്രവാസി വ്യവസായി ഫേസ്ബുക്കിൽ കുറിച്ചത്:-

''പ്രിയപ്പെട്ട നമ്മുടെ പ്രവാസി സഹോദരൻ സാജന്റെ വേർപാടിൽ ദുഖവും പ്രതിഷേധവും അറിയിക്കുന്നു,,,

ഞാനും നാടിനെ സ്നേഹിക്കുന്നു, ഒന്നുമില്ലായ്മയിൽ നിന്ന് വന്ന എനിക്ക് 300 പേർക്ക് ജോലി കൊടുക്കുന്ന ആലപ്പുഴയിലെ പ്രവാസി വ്യവസായി എന്ന പേരും, ആദ്യത്തെ 5 സ്റ്റാർ ഹോട്ടൽ എന്ന പേരും, അതാണെന്റെ ലാഭം.. ബിസിനസ്‌ ദുബൈയിൽ ഉള്ളത് കൊണ്ട് അവിടുന്ന് കൊണ്ടുവന്നു നഷ്ടം നികത്തുന്നു.

ഇത് നാട്ടിൽ വ്യവസായം നടത്തുന്ന ഒരു സാജന്റെ പ്രശ്നം അല്ല. ആത്മഹത്യ ചെയ്യാൻ ഭയമുള്ള .. പരാതിപറയാൻ പോലും ധൈര്യമില്ലാത്ത, കുടുംബത്തിനോടോ സുഹൃത്തുക്കളോടോ പോലും പറയാൻ നാണക്കേടുള്ള ഞാൻ സഹിതം ഉറക്കം ഇല്ലാത്ത, ഉറങ്ങാൻ കഴിയാത്ത പുറമെ ചിരിക്കുന്ന നിരവധി പ്രവാസികൾ കേരളത്തിൽ ഉണ്ട്.

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ ഞാൻ പറയാം.ഞാൻ അനുഭവിച്ചത്.. അനുഭവിച്ചുകൊണ്ട് ഇരിക്കുന്നത്.

ഈ നാട്ടിൽ വന്നു പെട്ടുപോയ എന്നെ പോലുള്ളവർ അനുഭവിക്കുന്നത് നിങ്ങൾ എങ്കിലും അറിയണം. പുതിയ സംരംഭകരെ കൊണ്ടുവരുന്നതിന് മുൻപ് എങ്ങും എത്താതെ അടഞ്ഞുകിടക്കുന്ന, തുടങ്ങി അവസാനിപ്പിക്കാൻ പറ്റാത്ത പല പ്രശ്നങ്ങളും അനുഭവിക്കുന്ന അവരെ കാണു, അറിയൂ .. ഇനിയുള്ള ആത്മഹത്യ എങ്കിലും ഒഴിവാക്കാൻ സാധിച്ചാൽ നല്ലത് ...

നുറു ശതമാനം ഗവണ്മെന്റ് അപ്പ്രൂവൽ ഉണ്ടായിട്ടും ഭിഷണിപെടുത്തി 22 ലക്ഷം രൂപ എന്റെ കൈയിൽനിന്നും കൈക്കൂലി വാങ്ങിയ മുനിസിപ്പൽ സെക്രട്ടറിയും കുട്ടരും ഇന്നും ഡിപ്പാർട്മെന്റിൽ ഉണ്ട് .എല്ലാവർക്കും അറിയാം ഞാൻ ഇടതുപക്ഷക്കാരൻ... പാർട്ടിക്കാരൻ..എന്നാണ് പറയുന്നത്.

എല്ലാ രാഷ്ട്രിയ പാർട്ടികളെയും ഒരേ പോലെ കാണുന്നു, എല്ലാ സഹകരണവും കൊടുക്കുന്നു. എന്നാൽ ഒരു പ്രശ്നത്തിലും പൊതുപ്രവർത്തകർ ഉറച്ച നിലപാട് പറയില്ല .അത് ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർക്ക് സൗകര്യം കിട്ടുന്നു. കാരണം ചില പൊതുപ്രവത്തകർക്കു ഉദ്യോഗസ്ഥരെ വേണം, അവരുടെ ആവശ്യങ്ങൾ നടന്നില്ലേൽ പറഞ്ഞു വിട്ടു വ്യവസായികളെ ഉപദ്രവിക്കാൻ. ഒരു വ്യവസായിയുടെയും ഫയൽ ഒരിക്കലും ക്ലിയർ ചെയ്യില്ല, ക്ലിയർ ചെയ്‌താൽ പിന്നെ എന്ത് പറഞ്ഞു ഉപദ്രവിക്കും?

ഇനിയും ആത്മഹത്യകൾ നടക്കും വ്യത്യസ്‌ത രീതിയിൽ. എനിക്കറിയാവുന്ന പല ജീവിതങ്ങൾ ഞാൻ കാണിച്ചു തരാം. നിലപാടില്ലാത്ത രാഷ്ട്രീയക്കാരന്റെ അവരുടെ തണലിൽ ലക്ഷങ്ങൾ സമ്പാദിച്ച, സമ്പാദിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പേരും തെളിവും എന്റെ കൈയ്യിൽ ഉണ്ട്. അനുഭവിച്ച... അനുഭവിച്ചുകൊണ്ടിരിക്കുന്ന . പച്ചയായ അനുഭവം.

പ്രവാസി സ്ഥലം വാങ്ങിയാൽ ഭു മാഫിയാ... റിസോർട് പണിതാൽ റിസോർട് മാഫിയാ.. ഹോട്ടൽ ചെയ്താൽ ഹോട്ടൽ മാഫിയാ..... ഇതാണ് പ്രവാസിയെ വിളിക്കുന്ന ഓമന പേര്... സ്നേഹം ഉള്ള ഒരു പ്രവാസിയും മറ്റു പ്രവാസി സുഹൃത്തുക്കളെ കേരളത്തിൽ വ്യവസായം ചെയ്യാൻ പറയില്ല....

നമ്മുടെ സർക്കാരിന് അറിയാവുന്ന പ്രവാസികൾ യൂസഫലി. രവി പിള്ള.. മൂപ്പൻ.. മേനോൻ ഇങ്ങനെ ചിലർ മാത്രം... മറ്റു ഇടത്തരം മലയാളികളായ വ്യവസായികൾ UAE യിൽ മാത്രം 5000 ത്തോളം പേര് ഉണ്ട്, ഇവരെ ആർക്കും അറിയില്ല..... അവരിൽ കേരളത്തിൽ ഉള്ളത് മുടക്കിയവർ അനുഭവിക്കുന്നു അല്ലാത്തവർ UAE സുഖ ജീവിതം നയിക്കുന്നു..........''

കേരളത്തിൽ നിക്ഷേപം നടത്തിയ വേറെയും ചില പ്രവാസികളുടെ ദുരനുഭവങ്ങൾ വായിക്കുക.

https://www.facebook.com/viju.kannapuram/posts/2456287811099962?hc_location=ufi

https://www.facebook.com/hudsonsg/posts/10211782154187694?hc_location=ufi

https://www.facebook.com/prem.narayan.161214/posts/894266380935642?hc_location=ufi

https://localnews.manoramaonline.com/…/kozhikode-nadapuram-…

പക്ഷെ ഇതിലുമൊക്കെ ദയനീയമായ കാര്യം ന്യായീകരണമാണ്. ആത്മഹത്യാ ചെയ്ത പ്രവാസി വ്യവസായിയെ തേജോവധം ചെയ്യാൻ തലച്ചോറും നട്ടെല്ലും പാർട്ടി ആപ്പീസിൽ അടിയറവ് വെച്ച ന്യായീകരണ തൊഴിലാളികൾ ഇറങ്ങിയിട്ടുണ്ട്. ഒളിപ്പോർ വിപ്ലവം നടത്തി കാണാതായ പാർട്ടി സെക്രെട്ടറിയുടെ വിത്തുകളയായ അരുമ സന്താനം മിക്കവാറും ഇവരുടെ സംരക്ഷണയിൽ എവിടെയെങ്കിലും ഇപ്പോഴും ഒളിപ്പോര് നടത്തി കഴിയുന്നുണ്ടാകും.

നിക്ഷേപകരെ, പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് തിരിച്ചു വന്ന് ഇവിടെ ബിസിനസ് ചെയ്യാൻ നോക്കുന്ന സുഹൃത്തുക്കളെ, ആദ്യം പറഞ്ഞതുപോലെ നിങ്ങളെ ഞങ്ങൾക്കാവശ്യമില്ല, നിങ്ങൾ തരുന്ന ജോലിയും ഞങ്ങൾക്ക് വേണ്ട. മൂന്ന് നേരം മുദ്രാവാക്യം പുഴുങ്ങിത്തിന്നു ഞങ്ങൾ ജീവിച്ചോളാം.

പഞ്ചായത്ത് റോഡ് തകർന്നു കിടക്കുന്നതും, കുടിവെള്ളം വരാത്തതും അമേരിക്കയുടെ ഇടപെടൽ കാരണമാണ്, നമ്മുക്ക് അതിനെതിരെ മനുഷ്യച്ചങ്ങല തീർക്കാം എന്ന് പാർട്ടി നേതാവ് പറഞ്ഞാൽ ഒരു മടിയും കൂടാതെ മനുഷ്യച്ചങ്ങലക്ക് പോകുന്ന ഊളകൾ അണികളായുള്ള പാർട്ടിയാണ്. അതുകൊണ്ടാണ് വലിയ മൊതലാളി ഒരിക്കൽ പറഞ്ഞത്, ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന്.

പ്രവാസികൾ ആണെങ്കിലും, കേരളത്തിൽ ജീവിക്കുന്നവർ ആണെങ്കിലും നിങ്ങൾക്ക് വ്യാവസായിക നിക്ഷേപം നടത്താൻ 'കേരളാ രാജ്യത്തിന്' പുറത്ത് നിരവധി സംസ്ഥാനങ്ങളുണ്ട്.

ഗുജറാത്തും, തമിഴ്‌നാടും, കർണ്ണാടകയും, തെലങ്കാനയും, ആന്ധ്രയും എല്ലാം നിങ്ങൾക്ക് ചുവപ്പ് പരവതാനി വിരിച്ച് കാത്തിരിക്കുന്നു. ഈ നാറികൾ കാരണം ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് മലയാളി യുവാക്കൾ ആ സംസ്ഥാനങ്ങളിൽ എല്ലുമുറിയെ പണിയെടുക്കാൻ തയ്യാറുമാണ്. അവിടെ മുദ്രാവാക്യം വിളിച്ചാൽ എല്ലാത്തിനെയും ചവിട്ടികൂട്ടി പുറത്ത് കളയും. അതുകൊണ്ടാണല്ലോ തൊഴിലാളി നേതാവായ വലിയ മുതലാളിയുടെ മകൾ അടക്കം ബാംഗ്ലൂർ പോയി കമ്പനി തുടങ്ങിയത്.

ഒരുകാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. സഖാക്കളുടെ പിടിച്ചുപറിക്കൊപ്പം നിങ്ങൾ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം കൂടിയുണ്ട്, മാധ്യമ തീവ്രവാദവും, പരിസ്ഥിതി പ്രേമികളുടെ ബ്ലാക്ക് മെയിലിങ്ങും. ഇതെല്ലം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. പരസ്പ്പരം സഹകരിച്ച് പിടിച്ച് പറിച്ചു തിന്നുന്ന വിഷജന്തുക്കളാണ് ഇവറ്റകൾ.

എല്ലാവരെയും അടച്ചാക്ഷേപിക്കുക അല്ല. നിരവധി കള്ളനാണയങ്ങൾ മാധ്യമ രംഗത്തും, പരിസ്ഥിതി സംരക്ഷകരായും കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. മോഡിയുടെ 'ഫാഷിസം' കാരണം കേരളത്തിന് പുറത്ത് ഇവർക്ക് ക്ലച് പിടിക്കാൻ ആകുന്നില്ല. അതുകൊണ്ട് ഇക്കൂട്ടർ കേരളത്തിൽ തന്നെ തമ്പടിച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് വ്യവസായികൾ നല്ല കറവപ്പശുക്കൾ ആണ്.

കഷ്ട്ടപെട്ടു ഉണ്ടാക്കിയ പണം ബാങ്കിൽ കിടന്നാൽ ജീവിച്ചുപോകാനുള്ള പലിശ കിട്ടും, പക്ഷെ അത് കേരളത്തിൽ നിക്ഷേപിക്കാൻ നോക്കിയാൽ കയ്യിലെ സമ്പാദ്യം എല്ലാം തൊരപ്പന്മാർ കൊണ്ടുപോയി തിന്നുന്നത് കാണേണ്ടി വരും എന്ന് മാത്രമല്ല അവസാനം തൂങ്ങിച്ചാകാനുള്ള കയറ് വാങ്ങാനുള്ള പൈസ പോലും ഉണ്ടാകില്ല എന്നും ഉറപ്പ്.

ഇനി അതല്ല, നിക്ഷേപിച്ചേ അടങ്ങൂ എന്നാണെങ്കിൽ പദ്ധതി ചെലവിന്റെ ഒരു 20-25% കൈകൂലിക്കും മറ്റുമായി മാറ്റിവെച്ചിട്ട് നിക്ഷേപം ഇറക്കാൻ തയ്യാറായി വണ്ടി കയറിയാൽ മതി. ഓരോ വർഷത്തെയും പ്രവർത്തന ലാഭത്തിൽ നിന്നും ഒരു 30-40% ഇത്തരത്തിൽ പിടിച്ചുപറിക്ക് വിധേയമാകും എന്ന് കൂടി മുൻകൂട്ടി കണ്ട് കാര്യങ്ങൾ ക്രമീകരിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് 'കേരളാ രാജ്യത്ത്' വ്യവസായം തുടങ്ങാം.