Wednesday 24 July 2024 12:00 PM IST : By സ്വന്തം ലേഖകൻ

ഇലക്ട്രീഷന്‍ ജോലിക്ക് വിദേശത്ത് പോയി, ലഭിച്ചത് പുല്ലു പറിക്കുന്ന ജോലി; തൊഴില്‍ തട്ടിപ്പിനിരയായി യുവാക്കള്‍, നാട്ടിലെത്തിക്കാന്‍ സഹായം തേടി കുടുംബം

youths-were-trapped-in-kaza

തിരുവനന്തപുരം തമിഴ്നാട് അതിര്‍ത്തി പ്രദേശത്തു നിന്നുളള 10 യുവാക്കള്‍ തൊഴില്‍ തട്ടിപ്പിനിരയായി ഒരു മാസത്തിലേറെയായി കസഖ്സ്ഥാനിലും കിര്‍ഗിസ്ഥാനിലുമായി കുടുങ്ങി. സംഘത്തിലെ ഇലക്ട്രീഷ്യന്‍ ജോലിക്ക് പോയ രണ്ടുപേര്‍ക്ക് കൃഷിയിടത്തില്‍ പുല്ലുപറിക്കുന്ന ജോലിയാണ് ലഭിച്ചെതെന്ന് തട്ടിപ്പിനിരയായ വിഘ്നേഷ് പറഞ്ഞു. ഭക്ഷണത്തിന് പണം അയച്ചുകൊടുക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെണമെന്നും കുടുംബാംഗങ്ങള്‍ കണ്ണീരോടെ ആവശ്യപ്പെടുന്നു. 

അതിദാരിദ്ര്യത്തില്‍ നിന്ന് രക്ഷ തേടി കിര്‍ഗിസ്ഥാനിലേയ്ക്ക് പുറപ്പെട്ട പാറശാല സ്വദേശി വിപിന്റെ അമ്മയ്ക്ക് കണ്ണീര് തോരുന്നില്ല. പ്ലംബിങ് ജോലി ചെയ്ത് ആറംഗ കുടുംബത്തിന് തുണയാകാമെന്നായിരുന്നു പ്രതീക്ഷ. ഡല്‍ഹിയില്‍ നിന്ന് തിരിച്ച സംഘത്തെ കസക്കിസ്ഥാനിലെ ഒരു ഹോട്ടലിലെത്തിച്ച ശേഷം ഏജന്‍സി ജീവനക്കാര്‍ മുങ്ങി. 

രണ്ടു ദിവസത്തിനുളളില്‍ കിര്‍ഗിസ്ഥാനിലേയ്ക്ക് കൊണ്ടുപോകുമെന്നായിരുന്നു കളിയിക്കാവിളയിലെ സ്കൈടെക് എന്ന ഏജന്‍സിയുടെ  വാഗ്ദാനം. രണ്ടുപേരെ കിര്‍ഗിസ്ഥാനിലെത്തിച്ച് ജോലി നല്കി. ലഭിച്ചത് പുല്ലുപറിക്കുന്ന പണി. പ്ലംബിങ്, ഇലക്ട്രീഷ്യന്‍ തസ്തികകളില്‍ 50,000 രൂപ ശമ്പളവും ഓവര്‍ടൈം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ വാങ്ങിയാണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. 

Tags:
  • Spotlight