Tuesday 22 October 2019 11:50 AM IST : By സ്വന്തം ലേഖകൻ

അന്നമ്മയുടെ സ്വർണത്തിലും ജോളി ‘കണ്ണുവച്ചു’, കൈക്കലാക്കി; അടങ്ങാത്ത പകയ്ക്കും കൊലപാതകത്തിനും പിന്നിൽ

jolly-gold

കൂടത്തായിയിലെ കൊലപാതക പരമ്പരകള്‍ക്കു പിന്നിലുള്ള കാരണങ്ങൾ തേടുകയാണ് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴികൾ പുതിയ വഴിത്തിരിവിലേക്കു നീങ്ങുകയാണ്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയതിനു പിന്നിൽ സ്വർണ്ണം കൈക്കലാക്കാനുള്ള ശ്രമമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം. സിലിയുടെ 40 പവൻ സ്വർണം കാണാനില്ലെന്ന പരാതിയുടെ വെളിച്ചത്തിലാണ് പുതിയ സംശയങ്ങൾ ഉയർന്നു വന്നിരുന്നത്. ഇപ്പോഴിതാ ജോളി ഭർത്താവിന്റെ അമ്മയായ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നു പൊലീസ് കണ്ടെത്തിയിരിക്കുകയാണ്.

അന്നമ്മയുടെ മരണശേഷം ആഭരണങ്ങൾ കാണാതായെന്നു മകൾ രഞ്ജി തോമസ് പൊലീസിനു മൊഴി നൽകിയതോടെയാണ് അന്വേഷണം പുതിയ തലത്തിലേക്കു നീങ്ങിയത്. അന്നമ്മ മരിച്ചു മൂന്നാം ദിവസം ‘രഞ്ജിക്ക് ഇനി ഈ വീട്ടിൽ അവകാശമൊന്നുമില്ല’ എന്നു ജോളി തന്നോടു പറഞ്ഞെന്നും രഞ്ജിയുടെ മൊഴിയിലുണ്ട്. പണത്തിന്റെയും സ്വർണത്തിന്റെയും കണക്കുകൾ എഴുതിവച്ചിരുന്ന അന്നമ്മയുടെ ഡയറിയും മരണത്തിനു ശേഷം കാണാതായി.

പൊന്നാമറ്റം വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ഭർത്താവിന്റെയും തന്റെയും പെൻഷൻ തുകയും ഇവരാണു കൈകാര്യം ചെയ്തിരുന്നത്. അന്നമ്മ മരിച്ചാൽ കുടുംബത്തിന്റെ നിയന്ത്രണം തന്റെ കയ്യിലെത്തുമെന്നു കരുതിയാണു ജോളി അവരെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. പൊലീസിന്റെ ഈ വാദത്തെ സാധൂകരിക്കുന്നതാണു രഞ്ജി തോമസിന്റെ മൊഴി.

തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്നമ്മയ്ക്കു സംശയങ്ങൾ ഉണ്ടെന്നു ജോളി മനസ്സിലാക്കിയിരുന്നു. അന്നമ്മയുടെ 3 മക്കളിൽ ഏറ്റവും വിദ്യാഭ്യാസം കുറവ് ജോളിയുടെ ഭർത്താവ് റോയ് തോമസിനായിരുന്നു. റോയിയുടെ കാഴ്ചയ്ക്കും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ജോലിയില്ലാതിരുന്ന റോയ് തുടങ്ങിയ വ്യവസായങ്ങളെല്ലാം പരാജയപ്പെട്ടു. ഇതെല്ലാം ചൂണ്ടിക്കാട്ടി വീട്ടിലും ബന്ധുവീടുകളിലെ ചടങ്ങുകളിലും അന്നമ്മ റോയിയെ തരംതാഴ്ത്തി സംസാരിക്കുന്നതു പതിവായിരുന്നുവെന്നും ഇത് തനിക്ക് അന്നമ്മയോടുള്ള പക വളർത്തിയിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ ജോളി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.