Saturday 19 October 2019 11:42 AM IST : By സ്വന്തം ലേഖകൻ

വിദ്യാർത്ഥികൾക്ക് നാണക്കേടായി ‘ജോളി ജംക്ഷൻ’; സ്റ്റോപ്പിന്റെ പേര് പറയാന്‍ പോലും മടി!

jollyjunction-01

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതിയായ ജോളിയുടെ പേരില്‍ ഒരു സ്ഥലമുണ്ട്. കൊല്ലത്താണ് ജോളി ജംക്ഷൻ എന്ന പേരിൽ സ്ഥലമുള്ളത്. കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ ജോളി ജംക്ഷനും വൈറലായി മാറുകയാണ്. കൊല്ലം ഇരവിപുരം-മയ്യനാട് റോഡിലെ 'ജോളി'  ജംക്ഷനാണ് നാട്ടുകാര്‍ക്ക് പുലിവാലായി മാറിയിരിക്കുന്നത്. 

നാട്ടുകാരിൽ ആരോ ഒരാൾ ജോളി ജംക്ഷന്റെ പേരെഴുതിയ ബോര്‍ഡ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ഇപ്പോൾ നാണക്കേട് കാരണം പലരും ജംക്ഷന്റെ പേരു പറയാന്‍ മടിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കുട്ടികള്‍ക്കാണ് ജോളി ജംക്ഷൻ കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. സഹപാഠികള്‍ ഇക്കാര്യം പറഞ്ഞു കളിയാക്കുന്നതാണ് കാരണം. 

ബസില്‍ യാത്ര ചെയ്യുന്നവര്‍ ഇപ്പോള്‍ ജോളി ജംക്ഷൻ എന്ന പേരു പറഞ്ഞ് ടിക്കറ്റ് എടുക്കുന്നില്ലെന്നും, പകരം ജോളി ജംക്ഷന് തൊട്ടുമുൻപ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ബസ് ജീവനക്കാർ പറയുന്നു. എന്തായാലും ജംക്ഷന്റെ പേരു മാറ്റാനുള്ള ആലോചനയിലാണ് നാട്ടുകാര്‍.

Tags:
  • Spotlight
  • Social Media Viral