Thursday 10 October 2019 11:26 AM IST : By സ്വന്തം ലേഖകൻ

‘തന്ത്രപൂർവം കാരംസ് കളിക്കുന്നതുപോലെയാണ് ജോളിയുടെ കൊലകള്‍; സീരിയല്‍ കില്ലറാക്കി മനോരോഗത്തിന്റെ ആനുകൂല്യം നല്‍കരുത്!’

jolly-exhumation-manorama-vidhuraj

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ കഥകളാണ് പുറത്തുവരുന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളും ട്രോളുകളുമാണ് ഈ വിഷയത്തിൽ നടക്കുന്നത്. സംഭവത്തിൽ മുഖ്യപ്രതി ജോളിയെ മനോരോഗിയാക്കി മാറ്റാനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഒന്നിനുപുറകെ ഒന്നായി കൊലകള്‍ നടത്തിയ ജോളി ഒരിക്കലും ഒരു സീരിയല്‍ കില്ലറല്ല എന്ന് വ്യക്തമാക്കുകയാണ് ക്രിമിനോളജിസ്റ്റായ ജയിംസ് വടക്കാഞ്ചേരി.

ജയിംസ് വടക്കാഞ്ചേരിയുടെ വാക്കുകൾ ഇങ്ങനെ; 

ഈ സംഭവത്തിൽ സീരിയല്‍ കില്ലര്‍ എന്ന പ്രയോഗം ഒട്ടും ശരിയല്ല. സീരിയല്‍ കില്ലര്‍ എന്നതിന് കൃത്യമായ ഡെഫനിഷന്‍ ഉണ്ട്. അതായത് അവര്‍ക്ക് കൊല്ലുക എന്നത് ഒരു ഹരമായത് കൊണ്ട് മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല. റിപ്പര്‍ ചന്ദ്രന്‍, രമണ്‍ രാഘവ് എന്നിവരുടെ കാര്യത്തിൽ വഴിയില്‍ ഉറങ്ങിക്കിടന്നവരെയാണ് അവര്‍ കൊന്നത്. 

എന്നാൽ ജോളിയുടെ കാര്യത്തിലാണെങ്കില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു. അനുകൂലമായ സാഹചര്യത്തില്‍ വളരെ തന്ത്രപൂർവമാണ് അവർ ഈ കൊലകള്‍ ചെയ്തത്. ഇതൊരിക്കലും ഒരു സീരിയല്‍ കില്ലറുടേത് പോലെ മനോരോഗത്തിൽപെടില്ല. 

ഇത് അതിബുദ്ധിയുടെ കാര്യമാണ്. വഴിയില്‍ കിടന്നവരെയും ട്രെയിനില്‍ യാത്ര ചെയ്യുന്നവരെയുമൊന്നുമല്ല ജോളി കൊന്നത്. വളരെ കാല്‍ക്കുലേറ്റഡ് ആയി, കാരംസ് കളിക്കുന്നതുപോലെയാണ് അവര്‍ കൊലകള്‍ നടത്തിയത്. അതുകൊണ്ട് ജോളിയെ 'സീരിയല്‍ കില്ലര്‍' എന്ന് വിളിക്കുമ്പോള്‍ അവർക്ക് മനോരോഗത്തിന്റെ ആനുകൂല്യം നല്‍കുകയാണ് നമ്മള്‍. ജോളിക്ക് ഒരു സൈക്കോപാത്തിന്റെ ലക്ഷണമാണുള്ളത്. കുറ്റം ചെയ്തതിന്റെ കുറ്റബോധം അവര്‍ക്ക് ഇല്ലാത്തതുകൊണ്ടാണിത്.

Tags:
  • Spotlight
  • Social Media Viral