Wednesday 08 July 2020 04:27 PM IST

സോഷ്യൽ മീഡിയ കയ്യടിച്ച ആ യുവിത ഇതാണ്! സുപ്രിയ പറയുന്നു, ആ അന്ധനെ സഹായിക്കേണ്ടത് എൻറെ കടമ

Unni Balachandran

Sub Editor

Bus_1

നമുക്ക് ചുറ്റിനും ഏത് മഹാമാരി വന്നാലും, പതറാതെ നമ്മെ മുൻപോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്ന ചില കാഴ്ചകളുണ്ട്. അത്തരത്തിലൊരു കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കാഴ്ചയില്ലാത്തൊരു വൃദ്ധനെ ബസിൽ കയറ്റിവിടാൻ മനസ്സ് കാണിച്ച ജോളി സിൽക്ക്സിലെ സെയിൽഗേളും. ഇപ്പോഴിതാ ആ സഭവത്തെക്കുറിച്ച വിശദീകരിക്കുകയാണ് തിരുവല്ലക്കാരികൂടിയായ സുപ്രിയ സുരേഷ് .

‘വൈകിട്ട് ആറരയായപ്പോൾ ഓഫിസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്കിറങ്ങുകയായിരുന്നു ഞാൻ. എല്ലാ ദിവസവും ഭർത്താവ് അനൂപാണ്  എന്നെ വന്ന് വിളിക്കാറുള്ളത്. ഇന്നലെ ( ചെവ്വാഴ്ച) ഓഫിസിൽ നിന്നിറങ്ങുമ്പോൾ കണ്ണ് കാണാത്തൊരാൾ റോഡിന് നടുക്ക് നിൽക്കുന്നത് കണ്ടു. എനിക്കു പേടിയായിട്ട് ഞാൻ പെട്ടെന്ന് ചെന്ന് അദ്ദേഹത്തെ റോഡിന്റെ അരികിലേക്കു മാറ്റി നിർത്തി. ഭർത്താവ് വന്ന് കഴിയുമ്പോൾ ബസ് സ്‌റ്റാന്ഡിൽ എത്തിക്കാമെന്നാണ് കരുതിയിരുന്നത്. അപ്പോഴേക്കും പെട്ടെന്നു ബസ് വന്നു. ഞാൻ ഓടിചെന്ന് ബസിലെ കണ്ടക്ടറോഡ് കാര്യം പറഞ്ഞു. എന്നിട്ട് കണ്ണിന് വയ്യാത്ത ആ പ്രായമായ ആളെ ഞാൻ ബസിലേക്ക് കയറ്റി വിടുകയായിരുന്നു. എല്ലാം കഴിഞ്ഞു വീടെത്തിയ ഞാൻ ഇന്നു രാവിലെയാണ് വിഡിയോ വന്ന കാര്യം അറിയുന്നത്. തിരുവല്ലയിലെ കുരിശുകവലയുടെ മുകളിലിരുന്ന ആരോ എടുത്ത വിഡിയോ ആണത്. വിഡിയോ എത്തിയതോടെ ഇവിടെ ജോലിസ്ഥലത്തും ആകെ സന്തോഷമാണ്. തികച്ചു യാദൃഛികമായി കിട്ടിയ ഈ സന്തോഷം , വലിയ അത്ഭുതമായിട്ടാണ് തോന്നുന്നത് ’ സുപ്രിയ പറഞ്ഞു.

bus_2

മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്കസിൽ ജോലി ചെയ്യുന്ന സുപ്രിയ സുരേഷ് തിരുവല്ല തൂലശ്ശേരി സ്വദേശിയാണ്. ഭർത്താവ് അനൂപും വൈഗാലക്ഷ്മി,അശ്വിൻ എന്നിങ്ങനെ രണ്ട് കുട്ടികളും അടങ്ങുന്നതാണ് സുപ്രിയയുടെ കുടുംബം.

Tags:
  • Spotlight