Wednesday 24 April 2019 11:13 AM IST : By സ്വന്തം ലേഖകൻ

അളന്നു കുറിച്ച് 45 ഇഞ്ച് നീളത്തിൽ കുഴിമാടം; അധികനേരം കിടക്കാതെ അവൻ പോയി; ഉള്ളുപൊള്ളിച്ച് ഫൊട്ടോഗ്രാഫറുടെ കുറിപ്പ്

jp

മെട്രോ നിർമാണപ്രദേശത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളിയുടെ മൂന്നുവയസ്സുള്ള മകൻ അതിക്രൂര മർദനത്തിന് ഇരയായി മരിച്ച വാര്‍ത്ത നെഞ്ചിടിപ്പോടെയാ്= കേരളം കേട്ടത്. ക്രെയിൻ ഡ്രൈവറായിരുന്നു കുഞ്ഞിന്റെ അച്ഛൻ. കുഞ്ഞിന്റെ മരണം സൃഷ്ടിച്ച ദുഖങ്ങളെക്കുറിച്ചും പകര്‍ത്തിയ ചിത്രത്തെക്കുറിച്ചും ഓർത്തെടുക്കുകയാണ് മലയാള മനോരമ ചീഫ് ഫൊട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കൽ. 

കുറിപ്പ് വായിക്കാം: 

'അടിയില്ലാത്ത അത്രയും അടിയിലേക്ക് അമ്മയുടെ പിടിവിട്ട് അവന്‍ യാത്രയായി. ആ മൂന്നുവയസുകാരനായി മണ്ണ് അളന്നെടുക്കുമ്പോള്‍ സാക്ഷ്യം വഹിച്ച ക്യാമറക്കു പറയാന്‍ വീണ്ടുമൊരു അനുഭവകഥ. ഇതര സംസ്ഥാനക്കാരുടെ മരണം അത്രയൊന്നും നമ്മള്‍ പൊതുവെ ഗൗനിക്കാറില്ല. നാടോടികളായോ തൊഴിലാളികളായോ നമ്മുടെ നാട്ടിലെത്തുന്നവരുടെ കുട്ടികള്‍ മഴയത്തും വെയിലത്തും പൊടിയിലും ചെളിയിലുമെല്ലാം ഇറങ്ങി നടക്കുമ്പോള്‍ നമ്മുടെ ചിലയാളുകളെങ്കിലും പറയും, അവര്‍ക്ക് എന്ത് ആരോഗ്യമാണ്. നമ്മുടെ കുട്ടികളെങ്ങാനുമായിരുന്നെങ്കില്‍ എന്തെല്ലാം അസുഖം പിടിപെട്ടേനെയെന്ന്. 

എന്നാല്‍ ഊരുംപേരും ഇല്ലാത്തതിനാലും അവരുടെ മരണമൊക്കെ പല കണക്കിലും പെടാത്തതിനാലുമാണ് അക്കാര്യമൊന്നും നമ്മള്‍ അറിയാത്തത്. ഇതും അങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നായിരുന്നു. കൊച്ചി ഏലൂരിലെ പരുക്കേറ്റ ആ മൂന്നുവയസ്സുകാരനെ ആശുപത്രിയില്‍ എത്തിച്ചതുമുതല്‍ അവിടുത്തെ ഡോക്ടര്‍മാര്‍ക്കു തോന്നിയ സംശയമാണു കുട്ടിയെ മര്‍ദിച്ചതെന്നുള്ള കാര്യത്തിലേക്കും, തുടര്‍ന്ന് ബംഗാളി അച്ഛനെയും ജാര്‍ഖണ്ഡ് അമ്മയെയും ചോദ്യം ചെയ്യുന്നതിലേക്കും വഴിയൊരുക്കിയത്.

തൊടുപുഴയില്‍ അടുത്തിടെ ഇത്തരത്തില്‍ മരിച്ച കുട്ടിയെപ്പോലെ അധികം ദിവസമൊന്നും ഇവനു കിടക്കേണ്ടിവന്നില്ല. ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു വെള്ളിയാഴ്ച മരിച്ചു. മാതാപിതാക്കള്‍ പൊലീസ് പിടിയിലായതിനാല്‍ സംസ്കാരമൊക്കെ എങ്ങിനെ നടത്തുമെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും കളമശേരി പാലയ്ക്കാമുകള്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദിലെ ഒട്ടേറെ ആളുകള്‍ ഇതിനായി സഹായിച്ചു.

അതിലൊരാളാണു കുട്ടിയുടെ അളവെടുക്കാനായി മോര്‍ച്ചറിയിലെത്തിയത്. 41 ഇഞ്ച് എന്നാല്‍ എത്ര അടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. കുട്ടിയുടെ നീളം 41 ഇഞ്ച്. അതു കുഴിവെട്ടുകാരനെ അറിയിക്കണം. ഗൂഗിളില്‍ പരതി മൂന്നടിയോടടുത്തു മാത്രമേ ആ കുട്ടിയ്ക്കു കിടക്കാന്‍ നീളം ആവശ്യമുള്ളുവെന്ന് അറിയിച്ചു. ആ ചോദ്യത്തില്‍നിന്നു പിറന്നതാണ് ഈ ചിത്രം. അതെ ചിത്രത്തിലേതുപോലെ തന്നെ അവന്‍ പോയി. അളവുകളില്ലാത്ത ലോകത്തിലേക്ക്...!