Saturday 04 July 2020 11:48 AM IST : By സ്വന്തം ലേഖകൻ

‘മഴ നനഞ്ഞ് ഒരുപിടി ചോറിനായി യാചിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു; എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നിയ ദിവസം’; കുറിപ്പ്

food5566y87y877

ഹോട്ടൽ മേഖലയിൽ പ്രൊഫഷണൽ ഷെഫായി നാൽപത് വർഷത്തിലേറെ ജോലി ചെയ്ത വ്യക്തിയാണ് ജോസഫ് ജോൺ കരിയാനപ്പള്ളി എന്ന കുട്ടനാട്ടുകാരൻ. ‘കണക്ടിങ് ദി ഡോട്ട്സ്’ എന്ന സ്വന്തം പുസ്തകത്തിന്റെ പ്രിന്റിങ് ആവശ്യത്തിനായാണ് ഇദ്ദേഹം ബെംഗളൂരുവിൽ നിന്നും തൃശൂരിലെത്തിയത്. ലോക്ഡൗൺ തുടർന്നതോടെ തൃശ്ശൂരിലെ ഫ്ലാറ്റ് ലൈഫിലേക്ക് മാറി. മുറിയ്ക്കുള്ളിലെ ജീവിതത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ പങ്കുവച്ചുകൊണ്ട് ജോസഫ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി. 

ജോസഫ് ജോൺ പങ്കുവച്ച കുറിപ്പ് വായിക്കാം; 

എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നിയ ദിവസം...

തൃശൂരിലെ ഫ്ലാറ്റിന്റെ ബാൽക്കണികളിൽ മാറി മാറി നിന്ന് തൃശൂരിന്റെ ആകാശ വീക്ഷണം കണ്ടു മടുത്ത ഞാൻ രാവിലെ അൽപ്പം ശുദ്ധവായു ശ്വസിക്കാം എന്നുകണ്ടു വടക്കുംനാഥന്റെ തിരുമുറ്റത്തിനു ചുറ്റും വളരെ നാളുകൾക്കു ശേഷം രണ്ടുതവണ വലംവച്ചു.

ഏതാണ്ട് മുന്നൂറിൽ അധികം ആളുകൾ റൗണ്ടിലും റോഡരികിലും മരച്ചുവടുകളിലുമായി പകുതി നനഞ്ഞും അല്ലാതെയും ഒരു പിടി ചോറിനായി യാചിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അതിൽ പ്രായമായ സ്ത്രീകളും പുരുഷന്മാരുമായിരുന്നു അധികവും. അവരൊക്കെയും അവിടെ എത്തപ്പെട്ടതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ പലതുമാകാം.

പക്ഷെ, അവരുടെ വിശപ്പിന്റെ മുന്നിൽ എന്തുചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്നുപോയി. ഞാൻ അവരിൽ പലരോടും സംസാരിച്ചു. ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കുന്നതിനാൽ ഒരു ചായ പോലും കുടിക്കാത്തവർ അവർക്കിടയിലുണ്ടായിരുന്നു. അതിൽ ചിലർ അത്ര മോശമല്ലാത്ത വസ്ത്രം ധരിച്ചവരും ഉണ്ടായിരുന്നു. വെറുതെ നടക്കാൻ ഇറങ്ങിയതിനാൽ എന്റെ കൈയിലും ഞാൻ കാശു കരുതിയിരുന്നില്ല.

ഇപ്പോൾ ഞാൻ ഇതു നിങ്ങളോടു പങ്കുവയ്ക്കുന്നത് ഏറെ കുറ്റബോധത്തോടും വൃണിത ഹൃദയത്തോടുമാണ്. കൊറോണയുടെ ആരംഭത്തിൽ സർക്കാർ നേതൃത്വത്തിൽ ഇവരെ ഒക്കെ ഏതോ സ്കൂളുകളിൽ പാർപ്പിക്കുകയും കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ആഹാരം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നത്രെ. പക്ഷെ, ഇപ്പോൾ ഒന്നും പ്രവൃത്തിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

മഴക്കാലം തുടങ്ങിയതിനാൽ എന്റെ ശ്വാസം മുട്ട് എന്നെ ഏറെ ശല്യം ചെയ്യുന്നുമുണ്ട്. ഇന്നലെയും ഡോക്ടറെ കാണേണ്ടിവന്നു. എന്നുവരികിലും ഇവർക്കായി എന്തെങ്കിലും ചെയ്യണം എന്നുഞാൻ ആഗ്രഹിക്കുന്നു. എനിക്കെന്നും പ്രോത്സാഹനവും പ്രചോദനവുമായ എന്റെ പ്രിയ Fb സുഹൃത്തുക്കൾ ഈ വിഷയത്തിലും എന്നെ സഹായിക്കും എന്നുറപ്പുണ്ട്.

ഒരു പൊതിച്ചോർ സംവിധാനം തുടങ്ങാൻ ഇവിടെ ഫ്ലാറ്റിൽ അസൗകര്യമുണ്ട്. തന്നെയുമല്ല ഞങ്ങൾ രണ്ടാൾ മാത്രം കൂടിയാൽ 300 പൊതിച്ചോറുകൾ ദിവസവും പാചകം ചെയ്തു പൊതിഞ്ഞു റൗണ്ടിൽ എത്തിക്കുക എന്നതും ശ്രമകരമാണ്. ഈ പോസ്റ്റ് വായിക്കുന്ന തൃശൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തു താമസിക്കുന്ന ആരെങ്കിലും ഒരു പഴയ പശുത്തൊഴുത്തു പോലെയുള്ള സൗകര്യം നൽകുകയാണെങ്കിൽ പോലും അതുവൃത്തിയാക്കി ഒരു കിച്ചൺ സൗകര്യപ്പെടുത്തുവാൻ എനിക്കുകഴിയും.

ഈ ഉദ്യമത്തിന്റെ മുഴുവൻ നേതൃത്വവും ഞാൻ ഏറ്റെടുക്കാം. അരിയും പച്ചക്കറിയും പലചരക്കും തന്നു സഹായിക്കാവുന്നവർ അങ്ങനെയും അധ്വാനവും സാമ്പത്തികവും പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെയെയും സഹായിക്കാൻ മുന്നോട്ടുവന്നാൽ കുറഞ്ഞതു ദിവസം ഒരു നേരത്തെ ആഹാരമെങ്കിലും ഈ സാധുക്കൾക്കു എത്തിച്ചു കൊടുക്കാൻ സാധിക്കും.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ ഞാൻ സ്വപ്നം കണ്ടിരുന്നതും നിങ്ങളോടു മുൻപ് ഷെയർ ചെയ്തതുമായ യഥാർത്ഥ " കമ്മ്യൂണിറ്റി കിച്ചൺ " എന്ന സ്വപ്നം യാഥാർഥ്യമാകാൻ ഇതൊരു നിമിത്തമായിക്കൂടെന്നുമില്ല.. സഹകരിക്കുക ... സഹായിക്കുക. ഫോണിൽ ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ 9945567978 എന്ന നമ്പറിൽ വിളിച്ചാൽ മതിയാകും. 

-സ്നേഹപൂർവ്വം .. ജോസഫ് ജോൺ കരിയാനപ്പള്ളി.

Tags:
  • Spotlight
  • Social Media Viral