Friday 12 November 2021 05:03 PM IST : By സ്വന്തം ലേഖകൻ

‘രണ്ടു പെണ്ണുങ്ങൾ ഒന്നിച്ച് യാത്ര ചെയ്താൽ പ്രശ്നങ്ങളുണ്ടാകില്ലേ’: ലഡാക്ക് ടു കന്യാകുമാരി ടൂവീലറിൽ: അനുഭവം പങ്കിട്ട് ജോഷ്ന

k-to-k

സ്വപ്നങ്ങളുടെ വിഹായസിൽ പറക്കാന്‍ പരിധികളും പരിമിതികളുമില്ലെന്ന് തെളിയിച്ച രണ്ട് പെണ്ണുങ്ങൾ. അവരുടെ നിശ്ചദാർഢ്യത്തിനു മുന്നിൽ അതിരുകൾ വഴിമാറിയ കഥയാണിത്. 5500 കിലോമീറ്റർ, 40 ദിവസം. കശ്മീരിൽ നിന്നും കന്യാകുമാരി വരെ ടൂവീലറിൽ യാത്ര ചെയ്ത ജോഷ്ന ഷാരോൺ, മേരി ആന്റണി എന്നിവരുടെ കഥ വനിത ഓൺലൈൻ വായനക്കാർക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആ സ്വപ്ന യാത്ര ഫിനിഷിങ് പോയിന്റ് തൊടുമ്പോൾ ഹൃദയം തൊടും കുറിപ്പ് പങ്കുവയ്ക്കുയാണ് ജോഷ്ന ഷാരോൺ.

ഒരു സ്ത്രീക്ക് ഇതൊക്കെ സാധിക്കുമോ എന്ന ചിന്തകളെ പൊളിച്ചെഴുതാൻ ഈ യാത്രയ്ക്കായി എന്ന് ജോഷ്ന ആമുഖമായി പറയുന്നു. രണ്ടാമത്തേത് ആക്ടീവ പോലൊരു വണ്ടിയിൽ ഇത്രയും ദൂരം എങ്ങനെ താണ്ടിയെന്ന ചോദ്യം. ഹൃദയത്തിൽ തൊട്ട് ജോഷ്ന പങ്കുവച്ച ഈ കുറിപ്പ് നൂറുകണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങൾക്കുള്ള പ്രചോദനം കൂടിയാണ്.

വനിത ഓൺലൈനുമായി പങ്കുവച്ച കുറിപ്പ്:

അഞ്ചിൽ പഠിക്കുമ്പോൾ മുതൽ എന്നെ അപ്പൻ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാൻ തുടങ്ങി. ചെറായിയിൽ ബീച്ചിന്റെ അടുത്താണ് അപ്പന്റെ പെങ്ങളുടെ വീട്. അവിടെ വാടകയ്ക്ക് ചെറിയ സൈക്കിൾ കിട്ടും. എല്ലാ അവധിക്കും ഓണത്തിനും ക്രിസ്തുമസ്സിനും വല്യ അവധിക്കും ഇതന്നെ കലാപരിപാടി. എന്നെ പഠിപ്പിക്കേണ്ട ജോലി ചേട്ടന്മാരായ പ്രിൻസിനും പ്രിവിക്കും കുര്യാക്കോസിനും ആയിരുന്നു. എന്നെ താങ്ങിപ്പിടിച്ച് സൈക്കിൾ ഓടിക്കാൻ നോക്കി അവര് മടുത്തു. ഇടക്ക് അപ്പൻ നേരിട്ടും കളത്തിലിറങ്ങി. ഉരുണ്ടുവീഴലിന്റെ എണ്ണം കൂടിയതല്ലാതെ പഠിക്കാൻ എനിക്ക് പറ്റിയില്ല. ചേച്ചീന്റെ കല്യാണത്തലേന്ന് അഴുക്ക് കാനയിൽ വരെ പോയി വീണിട്ടുണ്ട്. സ്വന്തം ആങ്ങള എന്നെ പഠിപ്പിക്കുന്നതിന്റെ ഇടക്ക് സ്വയം പരീക്ഷിച്ച് സ്വന്തമായിപഠിച്ചു. അവൻറെ ആദികുര്ബാനയ്ക്ക് വല്ലിപ്പിച്ചി സമ്മാനം കൊടുത്തത് ഒരു സൈക്കിളാണ്. വീടിനു മുൻപിൽ കൂടെ അവൻ സൈക്കിളിൽ പറന്നു പോകുന്നത് കണ്ട് കൊതിമൂത്താണ് സൈക്കിൾ തന്നെ പഠിക്കാൻ തുടങ്ങിത്. ഇരുപതേക്കർ കുഞ്ചിത്തണ്ണി ഭാഗത്തെ സകല വണ്ടിക്കും പോയി തലവച്ചുകൊടുത്തിട്ടുണ്ട്. എന്തായാലും സ്വയം തോന്നി, സ്വയം പഠിച്ചു. എന്നെ സൈക്കിൾ പഠിപ്പിച്ചതിന് എന്റെ അപ്പനും സൈക്കിളോടിക്കുന്നതിന് ഞാനും കേട്ട പഴികൾ ചില്ലറയല്ല.

അപ്പൻ മരിക്കും മുൻപ് ഞങ്ങളൊരുമിച്ച് പോയ കോട്ടയം യാത്രയിൽ അമ്മയുടെ കസിൻ ബിന്നിച്ചന്റെ വണ്ടിയിലാണ് അപ്പനെന്നെ ടു വീലർ ഓടിക്കാൻ പഠിപ്പിച്ചത്. പക്ഷെ അത് കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോൾ അപ്പൻ ബൈക്ക് ആക്‌സിഡന്റിൽ മരിച്ചു. പിന്നെ ഓടിക്കുന്നത് പോയിട്ട് വണ്ടി കാണുന്നതേ പേടിയായി.

സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാൻ തിരുവനന്തപുരത്തു ചെന്നപ്പോഴാണ് വണ്ടി അത്യാവശ്യമായി മാറിയത്. പേരൂർക്കടയിൽ നിന്ന് കോളേജിരിക്കുന്ന ജഗതിക്ക് നേരിട്ട് ബസ്സില്ല. രണ്ടു ബസ്സു കയറി പോകാൻ സമയമില്ല. രാവിലെ 9 മണി വരെ ട്യൂഷൻ കാണും. ക്ലാസ് 9.30നു തുടങ്ങും. മിക്ക ദിവസവും താമസിച്ചു ചെല്ലുന്നതിന് പുറത്തു നിൽക്കുന്നത് പതിവായി. പിന്നെ ഓട്ടോ വിളിക്കാൻ തുടങ്ങി. ട്യൂഷനെടുത്ത് കിട്ടുന്ന പൈസയിൽ ചിലവിനുള്ളത് പോലും ഓട്ടോയ്ക്ക് കൊടുക്കാൻ തുടങ്ങിയപ്പോഴാണ്‌ വർഷങ്ങൾക്ക് ശേഷം ഒരു ടുവീലെർ എടുക്കുന്നതിപ്പറ്റി ചിന്തിച്ചത്. വണ്ടിയെടുക്കൽ എളുപ്പം കഴിഞ്ഞു. ലൈസൻസ് എടുക്കാൻ പെട്ടപാട് ചില്ലറയല്ല. ഞാൻ പഠിപ്പിക്കുന്ന കുട്ടികളുടെ ശിഷ്യത്വം സ്വീകരിച്ച് പഠിച്ച്‌, ഒടുവിൽ ലൈസൻസും കിട്ടി. പിന്നെ വണ്ടിയെടുത്ത് ക്ലാസിൽ പോകാനായി ശ്രമം തുടങ്ങി. പല ദിവസവും പേരൂർക്കട സിഗ്നലിലൊക്കെ മറ്റു വണ്ടിക്കാരുടെ തെറി കേട്ട് ചെവിന്റെ ഡയഫ്രം അടിച്ചു പോയി. എന്നാലും എല്ലാത്തിനെയും അതിജീവിച്ച് വണ്ടിയോടിക്കാൻ പഠിച്ചു. അങ്ങനെയാണ് യാത്രകളെല്ലാം പതിയെ ടു വീലറിൽ ആയി മാറിയത്.

അതിന്റയൊക്കെ ബാക്കിയായിരുന്നു ഈ കഴിഞ്ഞ കർതുന്ഗ്ല - കന്യാകുമാരി യാത്ര. എന്റെ യാത്രക്ക് ഞാൻ നൽകിയ പേര് #WhyCantShe എന്നായിരുന്നു. ആ പേരിന്റെ ആവശ്യകതയെ ആദ്യം ചോദ്യം ചെയ്തത് എന്റെയൊപ്പം യാത്ര ചെയ്ത മേരിയുടെ സുഹൃത്തായിരുന്നു. പിന്നീടും പലരും ആ പേര് എന്തിനെന്നു ചോദിച്ചു. ഉത്തരം ഒന്നേയുള്ളു, എന്നെപ്പോലെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു ഹൈറേഞ്ചുകാരിക്ക് സ്വപ്നം കാണാൻപോലും പറ്റുന്നതായിരുന്നില്ല ആ യാത്ര.

കേരളം കയറും വരെ എനിക്കും മേരിക്കും കിട്ടിയിരുന്നത് തംപ്സ്അപ്പുകളായിരുന്നെങ്കിൽ പിന്നെയങ്ങോട്ട് ചോദ്യങ്ങളായിരുന്നു. കൂടുതലും ഒരേയൊരു ചോദ്യം. "ലഡാക്കിലേക്ക് പോകുവാണോ?, തനിച്ചാണോ" എന്നിങ്ങനെ...!

വണ്ടിക്കു പുറകിലെ ബോർഡിൽ "ലഡാഖ് ടു കന്യാകുമാരി" എന്ന് വൃത്തിയായി എഴുതി വച്ചിട്ടും അത്തരത്തിൽ വന്ന ചോദ്യങ്ങൾക്ക് പിന്നിലെ മാനസികാവസ്ഥ വളരെ വിഷമത്തോടെയാണ് തിരിച്ചറിഞ്ഞത്. (ചോദിച്ചവർ തന്നെ വ്യക്തമാക്കിയതാണത്...)

ഒന്ന്, ഒരു സ്ത്രീക്ക് ഇതൊക്കെ സാധിക്കുമോ എന്ന ചിന്ത.

രണ്ട് ആക്ടിവയിൽ ഇതൊക്കെ നടക്കുമോ എന്നുള്ള സംശയം.

മൂന്ന്. എന്റെ ശരീരത്തിന്റെ വണ്ണം, ആരോഗ്യം.

നാല്, രണ്ടു സ്ത്രീകൾ ഒരുമിച്ച് യാത്ര ചെയ്താൽ പ്രശ്നങ്ങൾ തമ്മിൽ ഉണ്ടാകില്ലേ എന്നത്.

ഈ മൂന്നു ചോദ്യത്തിനും ഉത്തരം വ്യക്തമായി തരാം എന്ന് ഞാൻ കരുതി.

യാത്രയുടെ തുടക്കത്തിൽ എപ്പോഴോ ഒരിക്കൽ ഞാനും മേരിയും തമ്മിൽ സംസാരിച്ചപ്പോൾ സ്ത്രീകൾക്ക് ലോങ്ങ് ഡ്രൈവ് ചെയ്യാനുള്ള ആരോഗ്യം കുറവാണെന്ന് ഞാൻ പറഞ്ഞു. അതിന് മേരി പറഞ്ഞ മറുപടി അവളുടെ ലോങ്ങ് ഡ്രൈവുകൾ ഉദാഹരിച്ചായിരുന്നു. ശരിയാണ്. ഞാനും അതിനു മുൻപ് അനേകം തവണ ലോങ്ങ് ഡ്രൈവ് ചെയ്തിട്ടുണ്ട്. എട്ടു വർഷം മുൻപ് ഒരു ഹർത്താലിന് തിരുവനന്തപുരത്തു നിന്ന് യമഹ റെയിൽ വന്നതായിരുന്നു എന്റെ ലോങ്ങ് ഡ്രൈവിന്റെ തുടക്കം. പിന്നെ ബാംഗ്ലൂരും പോണ്ടിച്ചേരിയുമൊക്കെ ഞാൻ പോയിട്ടുണ്ട്. എന്നാലും എനിക്കിതിന് കഴിയുമോ എന്നുള്ള സംശയം ഞാനറിയാതെ എനിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു. എനിക്കിത്രയേ കഴിയൂ എന്ന് ഞാൻ സ്വയം വിശ്വസിച്ചപോലെ. എന്നാൽ ആ സംശയത്തെ അതിജീവിക്കാൻ കഴിഞ്ഞതിനാലാവണം ഈ യാത്ര അവസാനിക്കും മുൻപ് മറ്റൊരു യാത്ര തീരുമാനിക്കാൻ എനിക്ക് കഴിഞ്ഞത്. എന്റെ അമ്മയുടെ കാഴ്ചപ്പാടിൽ പറഞ്ഞാൽ പ്രസവ വേദന സഹിക്കുന്നവരാണ് സ്ത്രീകൾ. എല്ലുകൾ ഓടിയുമ്പോൾ ഉണ്ടാകുന്ന വേദനക്ക് അപ്പുറമാണ് അത്. അത്രയും സഹിക്കാൻ കഴിവുള്ള സ്ത്രീകൾക് സാധിക്കാത്ത എന്താണ് ഈ ലോകത്തുള്ളത്." മാറേണ്ടത് സ്വയമാണ്. എന്നിട്ടാണ് ചുറ്റുമുള്ളവരെ മാറ്റേണ്ടത്.

രണ്ടാമത്തേത് ആക്ടിവയിൽ ഇത് സാധിക്കുമോ എന്നുള്ള ചോദ്യം. എനിക്കും മേരിക്കും ബൈക്ക് ഓടിക്കാൻ അറിയാം. എന്നാൽ ഞങ്ങൾ രണ്ടു പേരും കൂടുതൽ കംഫർട്ടബിൾ ആയിരുന്നത് ആക്ടിവയിൽ ആയിരുന്നു. ആക്ടിവയുടെ പരിമിതികൾ മനസിലാക്കി അമ്പതു കിലോമീറ്റർ കഴിയുമ്പോൾ നിർത്തിയും സമയാസമയം സർവീസ് ചെയ്തും എയർ ചെക്ക് ചെയ്തും, ആവറേജ് 200 കിലോമീറ്റർ ഓടിച്ചും സ്ഥലങ്ങൾ കൃത്യമായി പ്ലാൻ ചെയ്തും സുരക്ഷ കണക്കാക്കിയുമെല്ലാം വളരെ കാര്യക്ഷമമായാണ് ഞങ്ങളീ യാത്ര പൂർത്തിയാക്കിയത്. അതിലെല്ലാം കൂടുതൽ ശ്രദ്ധ വച്ചത് മേരിയായിരുന്നു. മൈലേജ് മറ്റൊരു ഘടകമായിരുന്നു. പതിനാറായിരം രൂപയ്ക്കടുത്താണ് പെട്രോളടിച്ചത്. ഒപ്പം മൂന്നു ലിറ്റർ പെട്രോൾ കാനിലും കരുതി. ശ്രീനഗറിൽ നിന്നെടുത്ത പെട്രോൾ കാർണാടക വരെ ഉപയോഗിക്കേണ്ട അത്യാവശ്യം വന്നില്ല. അല്ലെങ്കിൽ ആ അവസ്ഥ ഞങ്ങൾ ഉണ്ടാക്കിയില്ല. ഒടുവിൽ കർണാടകയിൽ ഒരു പെട്രോൾ പമ്പിൽ തന്നെ ഡിസ്പോസ് ചെയ്യുകയാണുണ്ടായത്. നിറം മാറി മഞ്ഞ നിറത്തിലായതുകൊണ്ടാണ് ഉപയോഗിക്കാതിരുന്നത്. ഒരിക്കലും ആ ബഡ്ജറ്റിൽ ഹിമാലയനിലോ, ബുള്ളറ്റിലോ ഒന്നും ഈ യാത്ര ചെയ്യാൻ കഴിയില്ല. ബൈക്കിൽ ഇരിക്കാൻ സാധിക്കുന്ന പൊസിഷൻ ഒരു രീതിയിൽ മാത്രമാണ്. എന്നാൽ ആക്ടിവയിൽ മുൻപിലും പുറകിലുമായി രണ്ടു പൊസിഷനിൽ ഇരിക്കാൻ സാധിക്കും. പീരീഡ്‌സിന്റെയൊക്കെ സമയത്ത് അതും വളരെ ആശ്വാസമായി.

മൂന്ന്, യാത്ര ആരംഭിച്ചപ്പോൾ എന്റെ വണ്ണം 90 കിലോയടുത്തായിരുന്നു. (ഇപ്പോഴും വ്യത്യാസം വന്നിട്ടില്ല.) ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ നാൽപ്പതു ദിവസത്തെ യാത്രയിൽ മേരിക്കോ എനിക്കോ നടുവേദന ഉണ്ടായിട്ടില്ല. യാത്രയെ ബാധിക്കുന്ന രീതിയിലുള്ള മറ്റാരൊഗ്യ പ്രശ്നങ്ങളും വന്നില്ല. ആകെ ബുദ്ധിമുട്ടായത് മുൻപൊരു ആക്‌സിഡന്റിൽ എന്റെ കാലിൽ സംഭവിച്ച മുറിവാണ്. എനിക്ക് എപ്പോഴൊക്കെ കാലിന് വേദനതോന്നിയോ, അപ്പോഴൊക്കെ ഞങ്ങൾ കുറച്ച് സമയം വിശ്രമിച്ചിട്ടുണ്ട്. സാധിച്ചിടത്തൊക്കെ ഹോസ്പിറ്റലിൽ ചെക്ക് അപ്പും ചെയ്തിട്ടുണ്ട്. വളരെ ഷീണം തോന്നിയ ദിവസങ്ങളിൽ യാത്ര ഹോൾഡ് ചെയ്ത് ഒന്നോ രണ്ടോ ദിവസം വിശ്രമിച്ചിട്ടുണ്ട്. വെള്ളം നന്നായി കുടിച്ചിരുന്നു. പെട്രോൾ പമ്പിലേയും റെസ്റ്റോറന്റിലെയും ടോയ്ലറ്റുകളാണ് ഇടയിൽ ആശ്രയിച്ചത്.

നാല്, ഞാനും മേരിയും അടുത്ത സുഹൃത്തുക്കളല്ല. ഇനി അങ്ങനെയാകാനും സാധ്യതയില്ല. യാത്രയിൽ ഭൂരിഭാഗവും സ്ഥലങ്ങൾ കണ്ടത് ഞങ്ങൾ ഒറ്റക്കൊറ്റക്കാണ്‌. വിപരീത ഇഷ്ടങ്ങളാണ് ഞങ്ങളുടേതെന്ന് തുടക്കത്തിൽ തന്നെ, വെറും നാലു ദിവസത്തിനുള്ളിൽ മനസിലാക്കാൻ സാധിച്ചതും അതിന് കൃത്യമായ പരിഹാരം കണ്ടുപിടിച്ചതുമാണ് കാരണം. രണ്ടു തവണ വഴക്കിട്ടു. വഴക്കുകൾ ഒരു പകലിനപ്പുറം നീണ്ടിട്ടില്ല. ഇനിയും യാത്രകൾ ഒരുമിച്ച് ചെയ്യാൻ സാധ്യതയുണ്ട്. കാരണം ഈയൊരു യാത്രയിലൂടെ പരസപരം മനസിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇനിയൊരാളെ പുതുതായി കണ്ടെത്തി മനസിലാക്കി ഒപ്പം യാത്ര ചെയ്യുന്നതിലും നല്ലത് ഞങ്ങൾ ഒരുമിച്ച് ചെയ്യുന്നതാണ് എന്നാണ് എന്റെ വിലയിരുത്തൽ.

ഒരു ലൈബ്രറി വായിച്ചു തീർന്നാൽ കിട്ടുന്ന അനുഭവങ്ങളാണ് ഈ യാത്ര എനിക്ക് സമ്മാനിച്ചത്. ഇനിയും യാത്ര ചെയ്യാനുള്ള ഊർജ്ജവും.

യാത്രകൾ തിരിച്ചറിയൽ കൂടിയാണ്. കംഫർട് സോണിൽ നിന്ന് പുറത്തിറക്കുന്ന, പരീക്ഷണങ്ങളും ഒരു ക്യാമറയ്ക്കും പകർത്താൻ കഴിയാത്ത ദൃശ്യങ്ങളും നല്ല സൗഹൃദങ്ങളും സമ്മാനിക്കുന്ന തിരിച്ചറിയലുകൾ.