Saturday 19 May 2018 04:17 PM IST

ഉപ്പുമാവ് ഉപേക്ഷിച്ച കൂട്ടുകാരുടെ മുഖമാണ് നോമ്പിന്! വിശപ്പ് മറന്ന നോമ്പുകാലത്തിന്റെ ഓർമ്മയിൽ ജോയ് മാത്യു

Binsha Muhammed

joy_1 copy

കോഴിക്കോട് വീണ്ടുമൊരു റമസാൻ മാസത്തിന് സാക്ഷിയാകുകയാണ്. പ്രാർത്ഥന മുഖരിതമായ പള്ളികളും ഖുർആൻ ഓത്തും ഇഫ്ത്താറുമൊക്കെയായി കോഴിക്കോട് പട്ടണം അടിമുടി പുണ്യമാസത്തിലലിഞ്ഞു കഴിഞ്ഞു. നോമ്പ് നാളിലെ സ്നേഹം വിളമ്പുന്ന കോഴിക്കോട്ടെ ഉമ്മമാർ, മധ്യാഹ്നം നൽകിയ ആലസ്യത്തിൽ നിന്നും ഉണർന്നു. തലനോമ്പാണ് (ആദ്യ ദിവസത്തെ നോമ്പ്) ഇഫ്ത്താർ കുശാലാക്കണം. ഇറച്ചി പത്തിരിയും ചട്ടി പത്തിരിയും മുട്ടമാലയുമൊക്കെയായി അടുക്കളയുടെ അരങ്ങ് ഉണർന്നു കഴിഞ്ഞു.

ചുറ്റുവട്ടത്തെ കാഴ്ചകളെല്ലാം കണ്ടു കൊണ്ട് കോഴിക്കോട് പുലിക്കോട്ടിൽ മലാപ്പറമ്പത്തെ വീടിന്റെ ഉമ്മറത്തിരിക്കുകയാണ് മലയാളക്കരയുടെ സ്വന്തം ജോയ് മാത്യു. അങ്കിൾ സിനിമ നൽകിയ വിജയത്തിന്റെ പുഞ്ചിരി ആ മുഖത്തു നിന്നും വായിച്ചെടുക്കാം. വാ തുറന്നാൽ സിനിമയെയും രാഷ്ട്രീയത്തെയും പറ്റി വാചാലനാകുന്ന ഈ മനുഷ്യൻ കോഴിക്കോടിന്റെ നോമ്പു കാലത്തിന്റെ പെരുമ പറഞ്ഞു തുടങ്ങുകയാണ്, സ്വാഭാവികമായും നെറ്റി ചുളിക്കാം. ക്രിസ്ത്യാനിയായ ജോയ് മാത്യുവിന് നോമ്പ് കാലത്തിന്റെ ഓർമ്മയുടെ ആഴം ഏറിയാൽ എത്രത്തോളമെന്നും ചിന്തിക്കാം. ഈ ചിന്തകൾ ചോദ്യങ്ങളായി മുന്നിലേക്കെത്തിയപ്പോൾ തമാശയും ഗൗരവവും നിറഞ്ഞ ഒരു ചിരിയായിരുന്നു മറുപടി.

ആമേനിലെ ഒറ്റപ്ലാക്കൻ അച്ഛന്റെ അതേ ചിരി, ഇതൊക്കെ എന്ത് എന്ന മട്ടിൽ. ‘കോഴിക്കോടിന്റെ നോമ്പു കാലത്തെ വിശേഷങ്ങൾ പറയാൻ ഒരുപാടുണ്ടെടോ, അതിന് മുസ്ലീമാകണമെന്നുണ്ടോ?’ ജോയ് മാത്യുവിന് സംശയമില്ല. ‘ഒരായുസ്സ് മുഴുവൻ ഓർത്തു വയ്ക്കാൻ കഴിയുന്ന നോമ്പ് കാല ഓർമ്മകളുണ്ട് എനിക്ക് കൂട്ടിന്. വിശന്നൊട്ടിയവന്റെ മുഖം കാണുമ്പോൾ അവനോട് ഐക്യദാർഢ്യപ്പെടുക എന്ന നല്ല പാഠത്തിൽ നിന്നു തുടങ്ങുന്നു നോമ്പു കാല ഓർമ്മകൾ. നോമ്പു നോക്കുന്ന കൂട്ടുകാരന്റെ മുന്നിൽ വച്ച് ‘ബുൽ ബുൽ മിഠായി’ കഴിക്കരുതെന്ന് എന്നെ പഠിപ്പിച്ച അച്ഛനിൽനിന്നു തുടങ്ങുന്നു നോമ്പു കാല ഓർമ്മകൾ. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരില്ല കോഴിക്കോടുകാരന്റെ നോമ്പുകാലത്തിന്റെ ‘കിസ്സ’.–ജോയ്മാത്യു ഓർമ്മകളിലേക്ക് ഊളിയിട്ടു. ‘സഹപാഠികൾക്കൊപ്പം നോമ്പെടുക്കാൻ വാശിപിടിച്ച പകലുകൾ, ഇഫ്താറിന്റെ രുചിപ്പെരുമ സമ്മാനിച്ച രാവുകൾ എല്ലാത്തിനുമൊടുവിൽ പെരുന്നാൾ ദിനം നൽകുന്ന സന്തോഷച്ചിരി. അതൊന്നും ഒരിക്കലും മറക്കാനാകില്ല.

joy_2

നോമ്പുകാരൻ ചങ്ങാതിയുടെ ദൈന്യത നിറഞ്ഞ ആ നോട്ടം

‘ശരീരവും മനസും കടിഞ്ഞാണില്ലാത്ത കുതിരെ പോലെ പായുന്ന 11 മാസങ്ങൾ. അങ്ങനെയുള്ള ശരീരത്തിനെ മെരുക്കിയെടുക്കാൻ ദൈവം നൽകിയ കൽപനയാണ് വ്രതം’. കുട്ടിക്കാലത്ത് ഓത്തു പള്ളിയിൽ പോകുന്ന എന്റെ കൂട്ടുകാരാണ് നോമ്പു കാലത്തിന്റെ ഈ ലക്ഷ്യം പഠിപ്പിച്ച് തരുന്നത്. 11 മാസവും ജാതിമത ഭേദമന്യേ ഏവർക്കും വിരുന്നൂട്ടുന്ന കോഴിക്കോട്ടുകാരൻ ഈയൊരു മാസത്തെ പകലുകളിൽ അവന്റെ അടുക്കള അടച്ചിടുന്നതിന്റെ ഗുട്ടൻസ് അന്നാണ് പിടി കിട്ടിയത്. കുട്ടികളും ചെറുപ്പക്കാരും ഈയൊരു ലക്ഷ്യം മനസിൽ വച്ച് ആവേശപൂർവ്വം നോമ്പെടുക്കുന്നത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.

സാധാരണ സർക്കാർ സ്കൂളിലാണ് ഞാൻ പഠിച്ചത്. ഉപ്പുമാവും പഴവുമാണ് അവിടുത്തെ ഭക്ഷണം.എന്റെ ചങ്ങായിമാർ ഇതെല്ലാം വേണ്ടെന്നു വച്ച് ഉച്ച സമയം മരച്ചുവട്ടിൽ പോയിരിക്കുന്നത് കണ്ടിട്ടുണ്ട്. ഇക്കൂട്ടത്തിൽ ‍ഞങ്ങൾ കുറച്ചു പേർ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ, അവരുടെ ദൈന്യത നിറഞ്ഞ ഒരു നോട്ടമുണ്ട്, ആ നോട്ടം ഇന്നും എന്റെ കൺമുന്നിലുണ്ട്. അവരെയൊന്നും ആരും നിർബന്ധിച്ചു നോയമ്പ് എടുപ്പിക്കുന്നതല്ല. സ്വയം ചെയ്യുന്നതാണ്. ആ ബഹുമാനം ഇന്നുമുണ്ട് അവരോട്. –ജോയ് മാത്യൂ നെടുവീർപ്പിട്ടു. ഇല്ലാത്തതിന്റെ പേരിലല്ല ഒരു നോമ്പുകാൻ എല്ലാം വേണ്ടെന്നു വയ്ക്കുന്നത്, അവൻ അവന്റെ ശരീരത്തെ അടക്കി നിർത്തുകയാണ്, നോമ്പുകാലം പങ്കുവയ്ക്കുന്ന സോഷ്യലിസവും അതു തന്നെ.–ജോയ് മാത്യു പറഞ്ഞു നിർത്തി.

joy mid2

മാത്യൂ ചേട്ടന്റെ അതിഥികൾ’

‘അച്ഛൻ പി.വി മാത്യുവിന് കോഴിക്കോട് പട്ടണത്തിൽ ഒരു ടയർ കടയുണ്ടായിരുന്നു. കോഴിക്കോട് രണ്ടാം റെയിൽവെ ഗേറ്റിനടുത്തുള്ള മാത്യു ചേട്ടന്റെ ഇന്ത്യ ടയേഴ്സ് പറഞ്ഞാൽ അത്യാവശ്യം ഫേമസാണ്, എന്നെപ്പോലെ. അവിടെ ടയർ സർവ്വീസിനും ചേയ്ഞ്ചിംഗിനുമായി എത്തുന്ന ലോറിത്തൊഴിലാളികളിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. മൂഴിക്കൽ, കാരന്തൂർ, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു പോലും ഞങ്ങളുടെ കട തേടിപ്പിടിച്ചു വരാറുണ്ട്. മൊയ്തീൻ ഹാജി, മൂഴിക്കൽ ഹംസക്ക, മരക്കാർ ഹാജി, ലക്കി ഹാജി തുടങ്ങിയ അന്നത്തെ പ്രമാണിമാരും കടയിലെത്താറുണ്ട്. എന്തിനേറെ പറയുന്നു പഴയ മോരു വണ്ടി ഫർഗോ, ബെൻസ് ലോറികൾക്കു വഴിമാറിയപ്പോഴും ഞങ്ങളുടെ കട തന്നായിരുന്നു നമ്പർ വൺ.

കടയിലെത്തുന്ന തൊഴിലാളികൾക്കും മുതലാളിമാർക്കും ചായയും പഴംപൊരിയും കൊടുക്കുന്ന പതിവുണ്ടായിരുന്നു. അത് എങ്ങനെയെങ്കിലും സംഘടിപ്പിച്ചു കൊടുത്തേ മതിയാകൂ എന്നാണ് അച്ഛന്റെ ഓർഡർ. പഴം പൊരിയോടുള്ള കൊതി ഒന്നു കൊണ്ടു മാത്രം അപ്രതീക്ഷിത അതിഥിയായി ഞാനും കടയിൽ ചുറ്റിത്തിരിയാറുണ്ട്’–ജോയ് മാത്യുവിന്റെ വാക്കുകളിൽ കുട്ടിക്കാലത്തെ ഓർമ്മകൾ.

ഒരു ദിവസം ആ പതിവ് തെറ്റി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അവർക്ക് നോമ്പാണത്രേ, അവർക്ക് നോമ്പോണെങ്കിലെന്താ എനിക്കു കഴിക്കാല്ലോ എന്നു ചോദിച്ചപ്പോൾ, ദാ വന്നു അച്ഛന്റെ ശകാരം. ‘അവർക്ക് നോമ്പാണെങ്കിൽ, നമ്മളും നോമ്പുകാരെപ്പെലെയാണ്, അവർ റമദാൻ മാസത്തിനു കൊടുക്കുന്ന ബഹുമാനം നമ്മളും കൊടുക്കണം’. അന്നു നിർത്തിയതാണ് നോമ്പുകാലത്തെ കടയിലെ പഴമ്പൊരി തീറ്റ–നീട്ടിയുള്ള ചിരി ആ വാക്കുകൾക്ക് വിരാമമിട്ടു.

സ്നേഹം വിളമ്പുന്ന ഇഫ്ത്താർ വിരുന്ന്

വിശന്നിരിക്കുന്നവൻ വ്രതമനുഷ്ഠിക്കാത്തവന് വിരുന്നൂട്ടുന്ന ഉദാത്തമായ മാതൃക കൂടിയാണ് നോമ്പു കാലത്തെ വേറിട്ടു നിർത്തുന്നത്. വയറു നിറച്ചു കഴിച്ചിട്ടു വരുന്നവനും ഇഫ്ത്താറൊരുക്കുന്ന കോഴിക്കോടിന്റെ ആതിഥ്യമര്യാദ കോഴിക്കോടിന്റെ മാത്രം പ്രത്യേകതയാണ്. പത്തിരി പത്തു വിധമൊരുക്കി, തരിക്കഞ്ഞിയിൽ സ്നേഹം വിളമ്പുന്ന എത്രയോ ഉമ്മമാർ ഇന്നും ഞങ്ങൾക്കു ചുറ്റുമുണ്ട്. പൊരിച്ച പത്തിരി, നൈസ് പത്തിരി, ഇറച്ചിപ്പത്തിരി, മീൻ പത്തിരി, കൈപ്പത്തിരി അങ്ങനെ നോമ്പുകാലത്തെ രുചികൾ ഇന്നും നാവിലുണ്ട്. മുട്ടമാല, മുട്ടപൊരിച്ചത്, ബിരിയാണി, ഉന്നക്കായ, പൊറോട്ട, ഒറോട്ടി അങ്ങനെ വിഭവങ്ങൾ വേറെയും. ഭക്ഷണങ്ങളുടെ രുചി മാത്രമല്ല അതിനൊപ്പം വിളമ്പുന്ന സ്നേഹമാണ് എടുത്തു പറയേണ്ടത്.

ബെറ്റ് വച്ച് നോമ്പു പിടിച്ച നാൾ

‘കോഴിക്കോട് വിട്ട് ദുബായിലേക്ക് ചേക്കേറിയപ്പോഴും നോമ്പുകാലത്തിന്റെ ചിട്ടകൾക്ക് മാറ്റമൊന്നും വന്നില്ല. ദുബായിലെ ചുട്ടുപൊള്ളുന്ന ചൂട് വകവയ്ക്കാതെ നോമ്പു പിടിക്കാൻ ശ്രമിച്ചിരുന്നു. കുട്ടിക്കാലത്ത് നോമ്പു പിടിച്ചിരുന്നു എന്ന് ചങ്ങാതിമാരോട് പറയുമ്പോൾ ഡംഭ് പറയാതെ പോടാ എന്നായിരിക്കും മറുപടി. ചങ്ങാതിമാർ വാശി കയറ്റിയപ്പോൾ ബെറ്റ് വച്ച് നോമ്പു നോറ്റ ഓർമ്മ വേറെയുമുണ്ട്. സത്യം പറയാമല്ലോ ആ ബെറ്റിൽ പലകുറി ഞാൻ തോറ്റു പോയിട്ടുണ്ട്. അവശതകൾ തന്നെ കാരണം’–ജോയ് മാത്യു പറഞ്ഞു നിർത്തി.

പറഞ്ഞ് അവസാനിപ്പച്ചപ്പോഴാണ് ഓർത്തത്, സുഹൃത്തിന്റെ വീട്ടിലെ ഇഫ്ത്താർ വിരുന്നിനായി പോകണം. അത് എല്ലാക്കൊല്ലവുമുള്ള പതിവാണ്. എത്ര തിരക്കുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. ഈയൊരു ദിവസം മാറ്റി വച്ചില്ലെങ്കിൽ അത് വേറെ പിണക്കത്തിന് ഇടവയ്ക്കും. മറ്റു ചില പരിപാടികളുമുണ്ട്. ജോയ് മാത്യു തിടുക്കം കാണിച്ചു. അഭിമുഖം അവസാനിപ്പിച്ച് വീടിനകത്തേക്ക് പോകുമ്പോഴേക്കും അടുത്തുള്ള പള്ളിയിൽ മഗ്‍രിബ് ബാങ്ക് മുഴങ്ങി. ഇവിടെ നോമ്പിന് മതത്തിന്റെ അതിർവരമ്പുകളില്ല, സ്നേഹത്തിന്റെയും സഹനത്തിന്റെയും ഭാഷയാണ്.

joy ramadan2