Saturday 24 August 2019 03:42 PM IST : By സ്വന്തം ലേഖകൻ

'അറ്റ്‌ലസ് രാമചന്ദ്രന്‍ വോട്ട് ബാങ്കല്ല, അദ്ദേഹത്തിന് പിതാവ് മതിലില്‍ കട്ട വയ്ക്കാന്‍ പോയിട്ടുമില്ല’; തുഷാര്‍ വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് നടൻ ജോയ് മാത്യു

joy-hfgdsasd

ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടല്‍ സോഷ്യൽ മീഡിയയിലും ചർച്ചയാവുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തു വന്നിരിക്കുന്നത് നടന്‍ ജോയ് മാത്യുവാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം; 

വിപ്ലവം പല വഴികളിലൂടെയാണ് വരിക. ചിലപ്പോള്‍ മുഖ്യശത്രുവിനെത്തന്നെ കൂട്ടുപിടിച്ചിട്ട് വേണം മുഖ്യ ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍!വേണമെങ്കില്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മുതുകില്‍ ഇതും കെട്ടിവെക്കാം. (പാവം മാര്‍ക്‌സ് അറിയാതിരുന്നാല്‍ മതി ) 

പത്തുവര്ഷത്തോളം യുഎഇയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്ന കാലത്ത് നിസ്സാര കുറ്റങ്ങള്‍ക്ക് പോലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന നിരവധി മലയാളികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പോലും ജയിലില്‍ അകപ്പെട്ട കഥകളും നിരവധിയാണ്. ഊര് തെണ്ടലിന്റെ ഭാഗമായി നമ്മുടെ ജനപ്രതിനിധികള്‍ ഗള്‍ഫില്‍ വരുമ്പോഴൊക്കെ ഇക്കാര്യത്തെ സംബന്ധിച്ച് പലരും നിവേദനം കൊടുക്കുകയും അവരത് കൊട്ടയിലേക്ക് എറിയുകയുമാണ് കീഴ്‌വഴക്കം. ബിസിനസ്സില്‍ വന്ന തിരിച്ചടിയുടെ പേരില്‍ മലയാളികള്‍ക്ക് മുഴുവന്‍ പരിചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായ് ജയിലില്‍ തടവനുഭവിച്ചപ്പോള്‍ നമ്മുടെ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ല. കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ല. അദ്ദേഹത്തിന് പിതാവ് മതിലില്‍ കട്ട വയ്ക്കാന്‍ പോയിട്ടുമില്ല. 

കച്ചവടത്തില്‍ വന്ന നഷ്ടങ്ങളിലും അറിയാതെ ചെന്ന് പെടുന്ന നിയമ കുരുക്കുകളിലും പെട്ട് നിരവധി സാധാരണക്കാര്‍ ഗള്‍ഫ് ജയിലുകളില്‍ ഉണ്ട്. അവരോടൊന്നും തോന്നാത്ത കരുണ നമ്മുടെ മുഖ്യമന്ത്രിക്ക് തുഷാറിനോട് തോന്നാന്‍ കാരണം തുടക്കത്തില്‍ പറഞ്ഞത് തന്നെ; മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോല്‍പ്പിക്കുക! സാധാരണക്കാരനായ പ്രവാസിക്ക് ഇമ്മാതിരി ഒരു ആനുകൂല്യവും ലഭിക്കുമെന്ന് കരുതണ്ട. 

അവന്‍ എല്ലാം പൂട്ടിക്കെട്ടി നാട്ടില്‍ വന്നു എന്തെങ്കിലും സംരഭം തുടങ്ങാമെന്ന് വച്ചാല്‍ ആന്തൂര്‍ സ്വപ്നം അവനെ വേട്ടയാടും. അതിലും ഭേദം യു എ ഇ ജയിലാണ് എന്ന് കരുതുന്ന പ്രവാസികളാണ് ഇപ്പോള്‍ അധികവും. പ്രവാസികളെ സഹായിക്കാനായി നോര്‍ക്ക എന്നൊരു സാധനം ഉണ്ടല്ലോ. നാട്ടില്‍ ജോലി കിട്ടാത്തവരെ ഗള്‍ഫിലേക്ക് കയറ്റി അയക്കുന്ന ഒരു റിക്രൂട്ടിംഗ് ഏജന്‍സിയുടെ പണിയില്ലാതെ മറ്റൊന്നും ഇവര്‍ ചെയ്യുന്നതായി അറിവില്ല. എന്നാല്‍ പരസ്യങ്ങള്‍ ഉണ്ടാക്കുവാനും ഓരോ വര്‍ഷവും ആഗോള സമ്മേളനങ്ങള്‍ നടത്തി കോടികള്‍ തുലയ്ക്കാനുമാണ് ആവേശം. 

മറുനാട്ടില്‍ കിടന്ന് കഷ്ടപ്പെടുന്ന മലയാളിക്ക് നിയമപരമായ സഹായങ്ങള്‍ നല്‍കാനോ ശബളം കൊടുക്കാത്ത തൊഴിലുടമകളില്‍ (അതില്‍ അധികവും മലയാളി മൊയലാളിമാരാണ് ) നിന്നും തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക വാങ്ങിച്ചു കൊടുക്കുവാനോ അതൊന്നുമില്ലെങ്കിലും മരുഭൂമിയില്‍ വച്ചു മരണമടയുന്ന പ്രവാസിയുടെ ശവപ്പെട്ടി കൊണ്ടുവരുന്നതിന്റെ ചിലവെങ്കിലും സൗജന്യമാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ തുഷാറിനോട് കാണിച്ച ഉഷാര്‍ പാര്‍ട്ടി അണികളെങ്കിലും പൊറുത്തു തന്നേനെ.

joy-hfecbhg000
Tags:
  • Spotlight
  • Social Media Viral