Tuesday 10 July 2018 03:03 PM IST

അവര്‍ തകർത്തെറിഞ്ഞില്ലേ ഞങ്ങളുടെ പ്രാണനെ! വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബം

Vijeesh Gopinath

Senior Sub Editor

joy_village1
തോമസ് (ഫയല്‍), തോമസിന്റെ കുടുംബം, ഫോട്ടോ അസിം കൊമാച്ചി

ചെമ്പനോട വില്ലേജ് ഒാഫിസിന്‍റെ മുന്നില്‍ നിന്ന് തോമസ് ഒരു തീരുമാനമെടുത്തു, ‘ഇനി ജീവിക്കേണ്ട.’ഒറ്റയ്ക്കായതിന്‍റെ സങ്കടത്തീയിൽ ഉരുകിയെരിഞ്ഞ് ഭാര്യ മോളിയും മൂന്നു പെണ്‍മക്കളും ചോദിക്കുന്നു, ‘ഇതിനു കാരണമായവർക്ക് ദൈവം മാപ്പു കൊടുക്കുമോ..?’

രുവണ്ണാമൂഴിയിൽ നിന്ന് തോമസിന്റെ വീട്ടിലേക്കുള്ള വഴിയിൽ തോ രാമഴ കൂട്ടുവന്നു. ‘തോമസ് എന്ന ജോയിയുടെ മരണത്തിനു കാരണക്കാരായവരെ ശിക്ഷിക്കുക’ എെന്നഴുതിയ ഫ്ളക്സ് ബോർഡുകൾ ചെമ്പനോട എന്ന കുഞ്ഞു ജംങ്ഷനിൽ നിരന്നിരിക്കുന്നുണ്ട്. വഴി ചോദിച്ചപ്പോൾ, ത ണുപ്പിൽ വിറച്ച ഇലപോലെ മരവിച്ചു നിന്ന വൃദ്ധൻ പറഞ്ഞു– ‘അവൻ എന്തിനാണി ങ്ങനെ ചെയ്ത്‌ത്? ജോയി പോയെന്ന് വിശ്വസിക്കാനാകുന്നില്ല.’

റോഡ് ചെറുതായി ചെറുതായി വന്നു. ആളനക്കം കുറഞ്ഞ ഈ വഴിയിലൂടെയാണ് മുപ്പതു വർഷം മുമ്പ് മോളിയുടെ കൈപിടിച്ച് തോമസ് ചിരിച്ചു കൊണ്ടു നടന്നുവന്ന ത്. പിന്നീട് മൂന്നു പെൺമക്കളെ ചിരിക്കൊലുസ്സിന്റെ ശബ്ദവും കേട്ട് സ്കൂളിൽ ചേർക്കാൻ കൊണ്ടു പോയത്. വർഷങ്ങൾക്കിപ്പുറം മുത്തച്ഛനായി പേരക്കുട്ടി റയാനുള്ള ചോക്‌ലേറ്റുമായി വരാറുണ്ടായിരുന്നത്. ഒടുവിൽ ഇതേ വഴിയിലൂടെയാണ് മണ്ണിടിഞ്ഞ മനസ്സുമായി വില്ലേജ് ഒാഫിസിലേക്ക് അവസാനമായി നടന്നു പോയതും അവിടെ കയർക്കുരുക്കിൽ ജീവിതം അവസാനിപ്പിച്ചതും...

ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന മരങ്ങൾക്കിടയിൽ ഞെട്ടിവിറച്ച് കാവിൽപുരയിടം എന്ന വീട്. ജോയി ഇപ്പോൾ വരുമെന്നോർത്ത് വരാന്തയിൽ വഴിക്കണ്ണുമായി മോളി ഇരിക്കുന്നു, കൈയിലെ കൊന്തമണികളിൽ പ്രാർഥനയുടെ ക ണ്ണീരുപ്പ്. എന്നിട്ടും അടക്കാനാവുന്നില്ല ഉരുകിത്തിളയ്ക്കുന്ന സങ്കടക്കടൽ‌. ‘‘ ഒരോ ദിവസം കഴിയും തോറും എന്റെ സങ്കടം ഇരട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒറ്റയ്ക്കായി പോയില്ലേ...’’ മോളിയു ടെ മനസ്സിൽ സങ്കടങ്ങളുടെ ഉരുളു പൊട്ടി.

അപ്പൻ തന്ന മണ്ണ്

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയ്ക്കടുത്താണ് ചെമ്പനോ ട. ജീവിതം പച്ചപിടിപ്പിക്കാൻ കോട്ടയത്തു നിന്നു കുടിയേറിയ നിരവധിപേർ. മണ്ണിനോടും കാട്ടുപന്നിയോടും മല്ലിട്ട് അവർ ജീവിതത്തിന്റെ പുതിയ കൊടി നട്ടു പതുക്കെ പടർന്നു കയറി.

തോമസിന്റെ അച്ഛൻ ജോസഫും അവരിലൊരാളായിരുന്നു. 1957ലാണ് ജോസഫ് 13.85 ഏക്കർ സ്ഥലം വിലകൊടു ത്തു വാങ്ങിയത്. ആ മണ്ണിൽ‌ കുരുമുളകുകൊടിയും കപ്പയും കവുങ്ങും നട്ട് ‘വളരുന്ന’ അപ്പനെ കണ്ട് തോമസും വലുതായി. അങ്ങനെ മണ്ണിനോടുള്ള പ്രണയം ആ മനസ്സില്‍ വേരോടി ബലം വച്ചു.

‘‘വിവാഹം കഴിഞ്ഞു വരുമ്പോൾ മണ്ണിനെ സ്നേഹിച്ചു വ ളരുന്ന ജോയിയെ കുറിച്ചാണ് എല്ലാവരും എന്നോടു പറഞ്ഞു തന്നത്. എത്ര അധ്വാനിച്ചാലും മതിയാവാത്ത ആൾ. അന്നൊക്കെ പറമ്പിലേക്ക് രാവിലെ പോവും. വലിയ ചാക്കു നിറച്ചു കുരുമുളകുമായി തിരിച്ചിറങ്ങും.

കൃഷി ചെയ്ത സ്ഥലത്ത് കാടു പിടിക്കാൻ സമ്മതിക്കില്ലായിരുന്നു, ഇപ്പോഴും മുറ്റം പോലെ വൃത്തിയായാണു പറമ്പും കിടക്കുന്നത്. ഒരു മാസം മുന്നേ കുറേ കവുങ്ങിന്റെ തൈ കൊ ണ്ടു വന്നു നട്ടു. കുഴിയെടുക്കുന്നതെല്ലാം ഒറ്റയ്ക്കായിരുന്നു. നല്ല പൊള്ളുന്ന വെയിലിൽ. പറമ്പിൽ ജോലിക്കു വരുന്നവർ അതു കണ്ടു ചോദിച്ചിരുന്നു, ‘ഈ പ്രായത്തിൽ എന്തിനാ ഇ ങ്ങനെ അദ്ധ്വാനിക്കുന്നതെന്ന്.’ മണ്ണിന്റെ കാര്യത്തിൽ ഒരു നീക്കുപോക്കിനും തയാറല്ലായിരുന്നു. ‘എന്റെ അപ്പൻ തന്ന മണ്ണാ.. ഒരിഞ്ചു പോലും വെറുതെ കളയില്ല. കൃഷി ചെയ്തു വിളയിക്കും.’’ അതാ പതിവു മറുപടി. മണ്ണിനോടും കൃഷിയോ ടുമുള്ള ആ ഇഷ്ടമാണ് വില്ലേജ് ഒാഫീസിലേക്കുള്ള പോക്കുവരവിനു തുടക്കം. ദിവസങ്ങൾക്കുള്ളിൽ തീരാവുന്ന കാര്യങ്ങൾ മൂന്നു വർഷത്തോളം നീണ്ടു.

ഭൂമി ഇടപാടുകളുടെ എട്ടുകാലി വലയെക്കുറിച്ച് തോമസിനൊപ്പം നിന്നു പോരാടിയ സുഹൃത്ത് വിലങ്ങുപാറ വി.വി ഷാജു പറഞ്ഞതിങ്ങനെയാണ്. ‘‘തോമസിന്റെ അപ്പൻ ജോസഫ് തന്റെ സ്ഥലം ആറ് ആൺമക്കൾക്കും വീതം വച്ചു കൊടുത്തു. മിച്ചമുള്ള ഭൂമിയിൽ 80 സെന്റ് ഒസ്യത്തു പ്രകാരം തോമസിന് നൽകി. 2006ൽ ജോ സഫ് മരിച്ചു. ആറേഴു വർഷങ്ങൾക്കു ശേഷമാണ് തോമസ് ആ ഒസ്യത്തിനെക്കുറിച്ച് അന്വേഷിക്കുന്നത്. ഒസ്യത്തു ലഭിച്ചി ല്ലെങ്കിലും അതിന്റെ പകർപ്പ് തോമസ് എടുപ്പിച്ചു. ആ 80 സെന്റ് ഭാര്യ മോളിയുടെ പേരിൽ ഇഷ്ടദാനം എഴുതിക്കൊടുത്തു. തുടർന്നു ചെമ്പനോട വില്ലേജിൽ രേഖകളിൽ ചേർത്ത് നികുതിയുമടച്ചു. എന്നാൽ മാസങ്ങൾക്കു ശേഷമുണ്ടാവാനുള്ള കൊടുങ്കാറ്റിന്റെ ശാന്തതയായിരുന്നു അത്.’’

മണ്ണ്, മക്കൾ, ഭാവി....

മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണം. അവരെ നല്ലയിടത്തേയ്ക്കു വിവാഹം ചെയ്തയയ്ക്കണം. മണ്ണിനെക്കുറിച്ചു സ്വപ്നം കാണുന്നതു പോലെ മക്കളുടെ ഭാവിയെക്കുറിച്ചും ആ അ ച്ഛൻ പ്രതീക്ഷകളുടെ വിത്തെറിയാൻ തുടങ്ങി. മക്കളാവട്ടെ അച്ഛന്റെ ആഗ്രഹത്തിനൊത്ത് ജീവിതവും തുടങ്ങി. ഇതിനിടയിലാണ് ചിരി പൂവിട്ടു നിന്ന വീടിനു മുകളിൽ കാർമേഘം നിറഞ്ഞു തുടങ്ങിയത്. ‘‘അഞ്ജുവും അമ്പിളിയും തമ്മിൽ ഒന്ന രവയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. മൂത്തമോളുടെ നഴ്സിങ് അ‍ഡ്മിഷൻ കഴിഞ്ഞപ്പോൾ തന്നെ പൈസയ്ക്ക് ബുദ്ധിമുട്ടായി. അമ്പിളിയും നഴ്സിങിനു ചേർന്നതോടെ പ ഠനത്തിനു വേണ്ടി ഞങ്ങൾ വിദ്യാഭ്യാസ ലോൺ എടുത്തു. മൂന്നു കുട്ടികളുടെ ഫീസ്, പഠനചെലവുകൾ ഇതെല്ലാം ഒരു സാധാരണ കർഷകകുടുംബത്തിന്റെ ഭാരം എങ്ങനെ കൂട്ടുമെ ന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

ഇതിനിടയിൽ വീടുപണിയും തുടങ്ങി. ആ സ്വപ്നത്തിന്റെ ആദ്യ കല്ലിടുമ്പോൾ‌ തന്നെ ജോയ് പറഞ്ഞു ‘വീടുണ്ടാക്കുന്നത് നമുക്കു വേണ്ടിയല്ല. മക്കൾക്കു വേണ്ടിയാണ്. വിവാഹാലോ ചനകളൊക്കെ വരുമ്പോള്‍ നമുക്കു നാണക്കേടൊന്നും പാ ടില്ല.’ അതുകൊണ്ടു തന്നെ കുറച്ചു സ്ഥലം വിറ്റ പണവും ബാക്കി ലോണുമെടുത്താണ് വീടുവച്ചത്. രണ്ടു മക്കളുടെയും വിവാഹവും കഴിഞ്ഞു. ഇളയമകൾ അമലുവിന്റെ പഠനവും നടക്കുന്നുണ്ടായിരുന്നു.

എല്ലാ സന്തോഷങ്ങളും പറയും പക്ഷേ, വിഷമങ്ങളൊന്നും തുറന്നു പറയുകയുമില്ല അതായിരുന്നു ആളുടെ സ്വഭാവം. അപ്പോഴേക്കും വായ്പ ഏതാണ്ട് പതിനേഴു ലക്ഷത്തോളം രൂപയായി കഴിഞ്ഞിരുന്നു. കുറച്ചു സ്ഥലം വിറ്റ് കടങ്ങൾ തീ ർക്കാം എന്നു ഞാൻ പറയുമ്പോഴും അതിനുള്ള പൈസ മണ്ണി ൽ നിന്നു വിളയിക്കുമെന്നു പറഞ്ഞ് വീണ്ടു കൃഷിയിലേക്കു തിരിയും. പക്ഷേ....’’ പതിെയ ഒഴുകിയിരുന്ന പുഴയിലേക്കു മ ലവെള്ളം കലങ്ങിയെത്തിയത് പെട്ടെന്നായിരുന്നു.മോളി ആ ഒാർമയിൽ തടഞ്ഞു തന്നെ നിന്നു.

ജീവിതം കുരുക്കിയ ഫയൽ

തോമസിന്റെ വീടുനിൽക്കുന്ന ഒരേക്കർ സ്ഥലം ഈടു നൽകി ചക്കിട്ടപ്പാറ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. അതു പുതുക്കാനുള്ള രേഖകൾക്കായി വില്ലേജ് ഒാഫിസിലേക്കു ചെല്ലുന്നതോടെയാണ് അധികൃതരുമായുള്ള യുദ്ധ ത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് എല്ലാ ദിവസവും വില്ലേജ് ഒാ ഫിസിലേക്ക് പോയി തുടങ്ങി.

joy2
തോമസ് ആത്മഹത്യ ചെയ്ത വില്ലേജ് ഒാഫീസ്

‘‘സ്വന്തം അച്ഛൻ കൊടുത്ത സ്ഥലം ഇവിടെ തന്നെ യു ണ്ടെന്നു കാണിക്കാനായി ജോയി അനുഭവിച്ച വേദന, സ ഹിച്ച പരിഹാസങ്ങൾ, ചെലവാക്കിയ പണം.... അത്ര വലു താണ്. വീടു നിൽക്കുന്ന ഒരേക്കർ സ്ഥലം ജ്യേഷ്ഠനിൽ നി ന്നു പണം നൽകി വാങ്ങിയതായിരുന്നു. അതു ഈടു നൽകിയാണ് ബാങ്കിൽ നിന്ന് വായ്പയും എടുത്തത്. ആ വായ്പ പുതുക്കാനായി ഭൂനികുതി അടച്ച രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും സമർപ്പിക്കണമായിരുന്നു.

വീടു നിൽക്കുന്ന സ്ഥലം എന്റെ പേരിൽ ഒസ്യത്തായി എഴുതി നൽകിയ 80 സെന്റാണെന്നാണ് വില്ലേജ് ഒാഫീസിലെ രേഖയെന്നും അതുകൊണ്ട് കരമടയ്ക്കാൻ പറ്റില്ലെന്നും ഉ ദ്യോഗസ്ഥർ നിർബന്ധം പിടിച്ചു. ഞങ്ങൾ വിലകൊടുത്തു വാ ങ്ങിയതാണെന്നും ഒസ്യത്തായി കിട്ടിയ സ്ഥലം വേറെയാണെന്നു പറ‍ഞ്ഞിട്ടും അവർ അംഗീകരിക്കാൻ തയാറായില്ല. അത് ജോയിയെ ഞെട്ടിച്ചു കളഞ്ഞു. അപ്പൻ‌ ഒസ്യത്തായി നൽകിയ എൺപതു സെന്റ് സ്ഥലം ഉെണ്ടന്ന് സ്ഥാപിക്കാനുള്ള ഒാട്ടം തുടങ്ങിയതങ്ങിനെയാണ്.

ആ നോട്ടം ഞാന്‍ മറക്കില്ല

എനിക്ക് ഈ ആധാരത്തിന്റെ ഭാഷയും വില്ലേജ് ഒാഫിസിലൊക്കെ പോവുമ്പോൾ അവർ പറയുന്ന വാക്കുകളുമൊന്നും അറിയില്ല. ആദ്യമൊക്കെ ഇതു കേൾക്കുമ്പോഴേ ഞാൻ ഒാടും. എല്ലാ ദിവസവും ജോയി വില്ലേജ് ഒാഫിസിൽ പോവും. സങ്കടത്തോടെ തിരിച്ചു വരും. ഒരു ഒാഫിസിൽ നിന്ന് അടുത്ത സ്ഥലത്തേക്കുള്ള യാത്ര മാത്രം ബാക്കിയായി. ഇതിനായി കൊടുത്ത അപേക്ഷകളുടേയും ഫീസടച്ച രസീതുകളുടേയും എണ്ണം കൂടി. കടലാസ്സു കഷണങ്ങളടുക്കി വച്ച ആ കെട്ടിന്റെ വലുപ്പം കൂടിക്കൂടി വന്നു. ശരീരത്തിന്റെ ഒരു ഭാഗം പോലെ ആ കടലാസു കെട്ട് മാറി. ഉറങ്ങുമ്പോൾ കിടയ്ക്കകരികിൽ, പുറത്തിറങ്ങുമ്പോൾ ബൈക്കിൽ. ഹൃദയാഘാതം വന്ന ആളല്ലേ ടെൻഷനടുപ്പിക്കണ്ട എന്നു കരുതി ഞാൻ ഒരിക്കല്‍ പറഞ്ഞു, ‘ആ സ്ഥലം പോട്ടെ, നമുക്കത് വിധിച്ചിട്ടില്ല എന്നു വയ്ക്കാം.’

അതുകേട്ട് എന്നെ നോക്കിയ നോട്ടം ഞാനൊരിക്കലും മറക്കില്ല. ‘എന്റപ്പൻ തന്ന മണ്ണാ അത്. അതൊരിക്കലും ഞാൻ വിട്ടു കൊടുക്കില്ല. എല്ലാ രേഖയും എന്റെ കൈയിലുണ്ട് ഏതറ്റം വരെവേണമെങ്കിലും പോവും എന്നു പറഞ്ഞ് കണ്ണീരൊപ്പിക്കൊണ്ടു നടന്നു പോയി. അതോടെ ഞാനും ഉറപ്പിച്ചു ആ മണ്ണ് വിട്ടു കൊടുക്കരുത്. കൃഷിയെയും മണ്ണിനെയും അത്ര സ്നേഹിച്ച ആളുടെ മനസ്സാ അന്നു ഞാൻ തിരിച്ചറിഞ്ഞത്. അതുകൊണ്ടാണ് ഞാനും മകളും കൂടി വില്ലേജ് ഒാഫിസിനു മുന്നില്‍‌ ധർണയിരുന്നത്. പാർട്ടിക്കാരും ഇടപെട്ടു. അതോടെ തൽക്കാലത്തേക്ക് കരമടക്കാൻ ധാരണയായി.

തുടർ നടപടികളൊന്നും ഉണ്ടായില്ല. സഹികെട്ടപ്പോൾ ഒരു ദിവസം ഒാഫിസിലെ ഉദ്യോഗസ്ഥനോട് കയർത്തതോടെ കാര്യങ്ങൾ കുഴപ്പമായി. ആ ഉദ്യോഗസ്ഥനും വാശി കയറി. ഒരിക്കലും കരമടയ്ക്കാൻ പറ്റില്ല എന്നയാൾ തീർത്തു പറഞ്ഞു. അതോടെ കൂടുതല്‍ നിരാശയിലേക്കു വീണു...’’ അമ്മയ്ക്കരികിലേയ്ക്ക് മൂന്നു മക്കളും വന്നിരുന്നു. അ ഞ്ജുവിന്റെ മകൻ റയാൻ മഴയുടെ കണ്ണീർച്ചാലൊഴുകിയ വ ഴിയിലേക്കു നോക്കിനിന്നു. ‘‘പോയത് ഞങ്ങൾക്കല്ലേ. നഷ്ടം മുഴുവൻ ഞങ്ങൾക്കല്ലേ. വാശികൊണ്ട് അവരെന്തു നേടി? അ വർക്കുമില്ലേ മക്കളും ഭാര്യയും....’’ മകനെ ചേർത്തു പിടിച്ച് അഞ്ജു ചോദിക്കുന്നു.

ഞാനൊന്നു പോയിട്ടു വരാം

ഒാഫിസിലുള്ളവരുടെ പരിഹാസവും നിരാശയും സഹിക്കാതെയാവാം ഒരുമാസം മുന്‍പേ തോമസ് ആത്മഹത്യാകുറിപ്പു തയാറാക്കി വില്ലേജ് ഒാഫീസിലുള്ളവർക്ക് കൈമാറി. ഇനിയും കരമടയ്ക്കാൻ സമ്മതിച്ചിച്ചെങ്കിൽ ജീവനൊടുക്കുമെന്ന കുറിപ്പു കൊടുത്തത് മോളിയോടു പറഞ്ഞിരുന്നുമില്ല.‘‘ആത്മഹത്യാകുറിപ്പും അവർ കാര്യമായിട്ടെടുത്തില്ല. അ ങ്ങനൊരു കത്തു കൊടുത്തത് ഞാനറിഞ്ഞില്ലായിരുന്നു. ഒരു ദിവസം ഒാഫിസിൽ നിന്നു വിളിച്ചു, ഒന്നു ചെല്ലണമെന്നും എല്ലാം ശരിയാക്കാമെന്നുമാണ് പറഞ്ഞത്.

ഞാനാണന്ന് ഒാഫിസിലേക്കു പോയത്. അവർ ആ ആത്മഹത്യാക്കുറിപ്പ് എ ന്റെ കൈയിൽ നിർബന്ധിച്ച് ഏൽപ്പിച്ചു. അടുത്താഴ്ചയോടെ എല്ലാം ശരിയാക്കാം. ഈ കത്ത് തിരിച്ചു തന്നത് ജോയ് അറിയണ്ട എന്നും പറഞ്ഞു എല്ലാം ശരിയാകാൻ പോകുകയാണല്ലോ എന്നു കരുതി ആ കത്ത് അലമാരയിൽ ഭദ്രമായി വച്ചു. ഞങ്ങളെ ചതിക്കാനാണ് തിരിച്ചു തന്നതെന്ന് പിന്നെയാണ് മനസ്സിലായത്. അതു വാങ്ങിയതോടെ അവർ പഴയതു പോ ലെ കരമടയ്ക്കാൻ പറ്റില്ല എന്ന നിലപാടിലേക്കെത്തി.

joy3

അവസാനം ഫോണ്‍ എടുത്തപ്പോള്‍

ജൂൺ 22 വ്യാഴം. ഇളയ മോൾ അമലു അന്നു വീട്ടിലുണ്ട്. ബെംഗളൂരുവിൽ എംഎസ്ഡബ്ല്യൂവിനു ചേരാനുള്ള ഫീസ് അടച്ച് ക്ലാസ് തുടങ്ങാൻ കാത്തു നിൽക്കുകയാണവൾ. അന്നും പുറത്തു പോയി വന്നപ്പോൾ റയാനു മിഠായി വാങ്ങിയിരുന്നു. ഉച്ചയ്ക്ക് മോളാണു ചോറു വിളമ്പിക്കൊടുത്തത്. പതിവില്ലാതെ ആലോചിച്ചു കിടക്കുന്നത് കണ്ടപ്പോൾ എന്താണെന്നു കുറേ ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. കു റച്ചു കഴിഞ്ഞപ്പോള്‍ ബൈക്കും എടുത്ത് പുറത്തേക്കിറങ്ങി. പതിവുപോലെ കൈയിൽ കടലാസ് കെട്ടും ഉണ്ടായിരുന്നു. ഡോക്ടറെ കാണാൻ പോകുന്നു എന്നാ പറഞ്ഞത്.

ഇറങ്ങിയപ്പോൾ മുതൽ എനിക്ക് ആധി കയറാൻ തുടങ്ങി. ഇടയ്ക്കിടെ ഞാന്‍ ഫോൺചെയ്തു നോക്കി. ഡോക്ടർ എ ത്തിയില്ല അതാ തിരിച്ചു വരാൻ വൈകുന്നത് എന്നായിരുന്നു മറുപടി. പിന്നെക്കുറച്ചു നേരത്തേയ്ക്കു ഫോൺ എടുത്തില്ല. രാത്രിയാകാൻ തുടങ്ങിയതോടെ ചാച്ചന്‍ എന്താ ഫോണെടുക്കാത്തതെന്നു ചോദിച്ച് മോള്‍‌ കരയാൻ തുടങ്ങി.

അതോടെ ഞാൻ അടുത്തുള്ളവരെ വിവരം അറിയിച്ചു. എവിടെയാണെന്നറിയാതെ കുറെ അന്വേഷിച്ചു. അവസാനം വില്ലേജ് ഒാഫിസിലേക്കു പോയി നോക്കി. അവിടെയുണ്ടായിരുന്നു, ഒരു കയറിന്റെ അറ്റത്ത്... ഇപ്പോൾ വരാമെന്നു പറഞ്ഞ് ഇറങ്ങി പോയതാണ്.... അതുവരെ നിഴലു പോലെയാണു കൂടെ നടന്നത്, എവിടെ പോയാലും രാത്രി വീട്ടിലേയ്ക്കെത്തും. ഒറ്റയ്ക്കാവാൻ സമ്മതിച്ചിട്ടില്ല. എന്നിട്ടും...’’

കണ്ണീരിന്റെ വലിയൊരു പേമാരിയിലേക്ക് മോളി ഒഴുകിപ്പോയി. തോമസ് ആത്മഹത്യ ചെയ്തതിനു പിറ്റേ ദിവസം നികുതി അടച്ച ചീട്ട് വില്ലേജ് ഒാഫിസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ചു. മൂന്നുവർഷം ഫയലിൽ ഉറങ്ങിയ തീരുമാനം നടപ്പിലാക്കാൻ ഒടുവിൽ പരാതിക്കാരൻ മരിക്കേണ്ടി വന്നു. തണലിനു താഴെ വളർന്ന് ഒടുവിൽ ആ വന്മരം മാഞ്ഞപ്പോൾ ഇനി എന്തു ചെ യ്യും? ആ ചിന്തയാണ് മോളിയെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്. അമലുവിന്റെ എംഎസ്ഡബ്ല്യു എന്ന സ്വപ്നം മാഞ്ഞു പോയിരിക്കുന്നു. അമ്മയെ ഒറ്റയ്ക്കാക്കി അമലു പ ഠിക്കാൻ പോകുന്നില്ല എന്നാണ് പറയുന്നത്.

എല്ലാ നഷ്ടങ്ങൾക്കും ഇടയിൽ അമ്മ സ്വപ്നം കാണുന്നത് മകൾക്കൊരു ജോലിയാണ്. ജോലികിട്ടിയാൽ അമ്മയ്ക്കൊരു കൂട്ടായി അവളുണ്ടാവുമല്ലോ. ഒപ്പം മകളെ ഇനിയും പഠിപ്പിക്കണം എന്ന ആഗ്രഹവുമുണ്ട്. അടച്ചു തീർക്കാത്ത വായ്പയും മുന്നോട്ടുള്ള വരുമാനവും ചോദ്യങ്ങളായി തന്നെ നിൽക്കുന്നു. പറമ്പു നിറയെ തോമസ് നട്ട സ്വപ്നങ്ങൾ പാതി വഴിയിൽ. അപ്പോഴും റയാൻ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. മഴ തോരുമ്പോൾ മധുരവുമായി എത്തിയിരുന്ന ‘ചാച്ച’നെ കാ ത്തിരിക്കുകയാണോ?