Friday 12 January 2018 04:44 PM IST : By സ്വന്തം ലേഖകൻ

നീതിക്ക് വേണ്ടി ‘761' ദിവസങ്ങൾ പിന്നിട്ടു; ശ്രീജിത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍!

sreejith-strike1

അനുജന്റെ കൊലപാതകികളെ കണ്ടെത്താൻ ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരം 762 ാം ദിവസത്തില്‍ എത്തിനിൽക്കുമ്പോൾ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍. ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് അനിശ്ചിതകാല സമരം തുടങ്ങിയത്.

എന്നാൽ സമരം തുടങ്ങി രണ്ടു വര്‍ഷം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഇതേതുടർന്ന് സോഷ്യല്‍ മീഡിയയിൽ പ്രതിഷേധ ക്യാംപെയ്‌നുമായി സുഹൃത്തുക്കള്‍ രംഗത്തുവന്നു. 'ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്' എന്ന ഹാഷ് ടാഗിലാണ് ഓണ്‍ലൈന്‍ ക്യാംപെയ്‌ന്‍ ആരംഭിച്ചത്.

2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ വച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചു വച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. അതേസമയം സഹോദരന്റെ ശരീരത്തിൽ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു.

തുടർന്ന് ശ്രീജിത്ത് നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണിക്കണമെന്ന് കാണിച്ച് സ്റ്റേറ്റ് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. അടിയന്തര സഹായമായി കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും ഉത്തരവുണ്ടായി.  ശ്രീജിവിന്റെ മരണത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരാണ് ഈ തുക നല്‍കേണ്ടതെന്നും വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല.

കഴിഞ്ഞ 761 ദിവസമായി സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം നടത്തുന്ന ശ്രീജിത്ത് കഴിഞ്ഞ ഒരു മാസമായി നിരാഹാര സത്യാഗ്രഹത്തിലാണ്. ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ വേണ്ട നടപടി കൈക്കൊണ്ടിട്ടില്ല. തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നടൻ ജോയ് മാത്യു ഉള്‍പ്പെടെയുള്ള പ്രമുഖർ ശ്രീജിത്തിനായി രംഗത്തുവന്നിട്ടുണ്ട്.