Thursday 18 March 2021 04:41 PM IST

‘ചതിയിൽ കുരുക്കിയ അജിതാ ബീഗം കുടൽപഴുത്തു മരിച്ചു, ജഡ്ജി ആത്മഹത്യ ചെയ്തു’: വിതുര പെൺകുട്ടിക്ക് കാലം നൽകിയ നീതി

Tency Jacob

Sub Editor

vithura-girl-51

അയാളുടെ കൈവിരലുകളിൽ വിരലുകൾ കോർത്ത്, ആത്മാഭിമാനത്തോടെ തല ഉയർത്തിപിടിച്ച്, നീണ്ട ഉടുപ്പുലച്ചുകൊണ്ട് േപരറിയാത്ത ആ െപണ്‍കുട്ടി കാഴ്ചയുടെ ഫ്രെയിമിലേക്ക് പതിയെ നടന്നു വന്നു.

ഒരിക്കൽ മുറിവേറ്റു വീണുപോയിട്ടും തളരാതെ എണീറ്റു നിന്നവള്‍. പിന്നീടവളുെട കരം പിടിക്കാന്‍ ഒരു പുരുഷനെത്തി. രണ്ടു കുട്ടികളുെട അമ്മയായി. പക്ഷേ, അവളുെട വിേശഷണം മാത്രം മാറിയില്ല, ‘വിതുര െപണ്‍കുട്ടി.’

ഉയിർത്തെഴുന്നേൽപ്പിനു കൂട്ടായ പുരുഷനെ ‘ഇക്കാ’ എന്നു വിളിക്കുമ്പോഴൊക്കെയും അവളുടെ ശബ്ദത്തിൽ സ്നേഹം കിലുങ്ങി. അങ്ങേയറ്റം മുറിവേറ്റവളെ, പീഡിതയായവളെ, വീണ്ടും സ്വപ്നം കലമ്പുന്ന പെൺകുട്ടിയാക്കാൻ അയാളെത്ര സങ്കടക്കടലുകൾ നീന്തിയിട്ടുണ്ടാകണം!

ആ മനുഷ്യന്റെ, ‘വിതുര പെൺകുട്ടി’ യുടെ ഭർത്താവിന്റെ പോരാട്ടം കൂടിയാണ് ഈ പെൺവാണിഭ കേസിന്റെ വിജയം. ആദ്യ തവണ കേസ് തോറ്റതോടു കൂടി എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് അവൾ വീടിനുള്ളിലൊളിച്ചിരുന്നു. നടുങ്ങുന്ന ഓർമകൾക്കു പിന്നാലെ അലയാൻ കരുത്തില്ലെന്നു പറ‍ഞ്ഞ് അവൾ കുഞ്ഞുങ്ങളെ മുറുകെ പിടിച്ചു. മുഖ്യപ്രതി അറസ്റ്റിലായപ്പോഴും അവൾ നിശബ്ദയായി. അന്നേരം അയാൾ അവളോടു പറഞ്ഞു. ‘തളരരുത്, നമുക്ക് ഈ കേസ് നടത്തണം. അവൻ ശിക്ഷിക്കപ്പെടണം.’

അടച്ചിട്ട കോടതി മുറിയിലേക്ക് ഒാരോ തവണ അവളെ പ റഞ്ഞയയ്ക്കുമ്പോഴും അയാൾ അവളെ ചേർത്തു പിടിക്കും. ‘പേടിക്കേണ്ട, ഞാൻ ഒപ്പമുണ്ടല്ലോ’ എന്നു പറയും. അവൾ തിരിച്ചു വരുന്നതു വരെ പ്രാർഥനയോടെ കാത്തിരിക്കും. അങ്ങനെയങ്ങനെയാണ് പൊള്ളുന്ന ഹൃദയത്തിനു മേൽ ജലം വ ന്നു വീണു ശാന്തമായത്.

‘ഞാനും ചൂഷണം നേരിട്ടിട്ടുണ്ട് ’കെട്ടകാലത്തിന്റെ ഓർമകളിൽ അയാളുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്കു നിറഞ്ഞു വന്നു. സങ്കടത്തിൽ മുങ്ങിയ സ്വന്തം ജീവിത കഥ അയാൾ പതിയെ പറഞ്ഞു തുടങ്ങി.

എന്റെ നാട് തമിഴ്നാട്ടിലെ തക്കലയാണ്. പക്ഷേ, ഓർമ വ യ്ക്കുമ്പോൾ ഞാൻ അച്ഛന്റെ സഹോദരിയുടെ കൂ ടെ തിരുവനന്തപുരത്താണ്.’’ അവളെ ‘മുത്തേ’ എന്നു വിളിച്ചോമനിക്കുന്ന ഇക്ക തന്‍റെ കഥ പറയുകയാണ്. ‘‘വീട്ടിൽ ഇളയമ്മ പറയുന്ന എല്ലാ ജോലികളും ചെയ്താലേ ഭക്ഷണം തരൂ. അതുകഴിഞ്ഞു കപ്പലണ്ടിയും സിഗരറ്റും വിൽക്കാൻ പോണം. ഒരു പായ്ക്കറ്റ് സിഗരറ്റ് വിറ്റാൽ അ‍ഞ്ചു പൈസയാണ് ലാഭം. 50 പൈസ ദിവസവും ലാഭമുണ്ടാക്കി ഇളയമ്മയ്ക്ക് കൊടുക്കണം. ഒരു ദിവസം പൈസ കുറഞ്ഞതിന്റെ പേരിൽ വല്ലാതെ ഉ പദ്രവിച്ചു. അന്നു വീടു വിട്ടിറങ്ങിയോടി.

പൂമാല കൊണ്ടു നടന്നു വിൽക്കുന്ന ജോലിയായിരുന്നു പിന്നെ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പടച്ചോറാണ് അക്കാലത്തെ ഭക്ഷണം. വർഷങ്ങളോളം ഒരു വസ്ത്രം മാത്രമായി ജീവിച്ചിട്ടുണ്ട്. കടത്തിണ്ണയിൽ ചാക്കു വിരിച്ചാണ് കിടപ്പ്. രാത്രിയിലെ ഇരുട്ടിൽ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. എതിർക്കാൻ കരുത്താകുന്നതു വരെ അതു സഹിച്ചു. എന്നാലും മ്ലേച്ഛമായ വഴികളിലൂടെ നടക്കാനനുവദിക്കാതെ ദൈവം എന്നെ കാത്തു.’’ അയാൾ ഒരു നിമിഷം പരമകാരുണികനു നേരെ കണ്ണുകളുയർത്തി.

‘‘ഓരോ തുട്ടും കൂട്ടി വച്ച് ഞാനൊരു ചെരിപ്പുകട തുടങ്ങി.സ്വന്തം കാലിൽ നിൽക്കാറായപ്പോൾ വിവാഹം കഴിച്ചു. നാലു മക്കളും ഉണ്ടായി. പക്ഷേ, ഇണ തുണയായില്ല. എന്റെ പണം മാത്രം മതിയായിരുന്നു അവർക്ക്. ഭാര്യയുമൊത്തു ഹജ്ജിനു പോകാൻ വർഷങ്ങൾക്കു മുൻപേ ഞാൻ ഒരുങ്ങിത്തുടങ്ങിയതാണ്. പക്ഷേ, അവർ എന്റെ കൂടെ വരാൻ തയാറായില്ല. ഹ ജ്ജിനിടയിൽ ഞാൻ അല്ലാഹുവിനോട് ഒന്നേ യാചിച്ചുള്ളൂ. ‘സ്നേഹമില്ലാതെ എനിക്കു ജീവിക്കാൻ പറ്റുന്നില്ലല്ലോ. എനിക്കു സ്നേഹിക്കാനൊരു ഇണയെ തരണേ.’

അങ്ങനെ ദൈവം ഇവളെ എനിക്കു തന്നു. അവരുെട ജീവിതത്തിെല ഇരുണ്ടകാലത്തെക്കുറിച്ചു ഞാന്‍ ചോദിച്ചിട്ടില്ല. പക്ഷേ, വിശ്വസിക്കാമെന്നുറപ്പിച്ച ശേഷം അവര്‍ എന്നോടെല്ലാം പറഞ്ഞു തുടങ്ങി. പലപ്പോഴും ‘സാരമില്ല, പോട്ടെ’ എന്നു പറയാൻ നാക്കിൻ തുമ്പത്തു വരും. പക്ഷേ, ഞാനനുഭവിച്ച ജീവിതമല്ലല്ലോ, അങ്ങനെ നിസ്സാരമായി പറയുന്നതു തെറ്റാണ് എന്നോർക്കുമ്പോൾ അവരുടെ കരച്ചിലടങ്ങുന്നതുവരെ ചേർത്തു പിടിച്ചു കൂട്ടിരിക്കും. ഞങ്ങളുടെ എത്രയോ രാത്രികൾ കണ്ണീരിൽ കുതിർന്നു പോയിട്ടുണ്ട്.

‘എന്നെ കല്യാണം കഴിച്ചതോടു കൂടി ഇക്കയുടെ തെറ്റുകളെല്ലാം പടച്ചോൻ പൊറുത്തു തരുമെന്ന്’ അവൾ പറയും. ഒ ന്നും വേണ്ട, അവർക്കു ഞാനൊരു തുണയാകാൻ, സന്തോഷമാകാൻ കഴിഞ്ഞാൽ മാത്രം മതി എന്നാെണന്‍റെ േമാഹം.

കേസിന്റെ രണ്ടാംഘട്ട വിചാരണ സമയത്തു മൂത്ത കുഞ്ഞുണ്ടായിട്ടു മാസങ്ങളേ ആയിരുന്നുള്ളൂ. ആ കുഞ്ഞിനെയും കൊണ്ടാണ് അന്നു ഞങ്ങൾ കോട്ടയത്ത് കേസിനു വന്നിരുന്നത്. ഒന്നിലും വിശ്വാസമില്ലാത്തതു കൊണ്ടും ആ ഓർമകളിലേക്കു തിരിച്ചു നടക്കാൻ മടിയായതുകൊണ്ടും ആരേയും ഓർമ വരുന്നില്ലെന്നു പറഞ്ഞ് അവൾ വിട്ടു കളഞ്ഞു.’’ അയാൾ അവൾക്കു നേരെ നോട്ടം നീട്ടി.

‘‘ഇന്നെനിക്കതിൽ കുറ്റബോധമുണ്ട്. പക്ഷേ, ആരെ മറ ന്നാലും ഞാൻ അവനെ, ആ സുരേഷിനെ മറക്കില്ലായിരുന്നു. അവന്റെ ശബ്ദം ഇപ്പോൾ കേൾക്കുമ്പോഴും ഞാൻ നടുങ്ങും.’’

പറഞ്ഞു കഴിഞ്ഞതും നടുക്കം മാറ്റാനെന്നവണ്ണം അവൾ മുഖം അമർത്തി തുടച്ചു കൊണ്ടിരുന്നു. കൈ വിറയ്ക്കുന്നതു കാണാതിരിക്കാൻ ബാഗിലെന്തോ തിരയുന്ന പോലെ ഭാവിച്ചു. വാക്കുകൾക്കിടയിൽ നിശബ്ദത നിറഞ്ഞു.

‘‘അവൻ പൊലീസ് കസ്റ്റഡിയിലായെങ്കിലും അവന്റെ ആ ളുകൾ പുറത്തുണ്ട്. അവർ വന്നു കേസിൽ നിന്നു പിന്മാറാൻ എന്തു വേണമെങ്കിലും ചെയ്യാമെന്നു സംസാരിച്ചു കഴിഞ്ഞു. ‘ഇല്ല, അതവർ അനുഭവിച്ചതാണ്. അതിനു വിലപേശാൻ ഞാ ൻ തയാറല്ല.’ എന്നു ഞാന്‍ മറുപടി െകാടുത്തു.’’

ചെറിയൊരു ചെരുപ്പുകട നടത്തിയാണ് അയാൾ ജീവിതത്തെ കൊണ്ടുപോകുന്നത്. ഈയടുത്താണ് ആദ്യ വിവാഹത്തിലെ രണ്ടു പെൺമക്കളുടെ വിവാഹം നടത്തിക്കൊടുത്തത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പണത്തേക്കാൾ മീതെയാണ് മനുഷ്യൻ എന്നു വിശ്വസിക്കുന്ന ഒരാൾ.

സത്യത്തിന്റെ വെളിച്ചം

‘‘ഇവരുടെ മേൽ സത്യത്തിന്റെ വെളിച്ചമുണ്ട്. അതുെകാണ്ടു തന്നെ അല്ലാഹു അവരുടെ കൂടെത്തന്നെയുണ്ടെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.’ അവളെ അരികിലേക്കു ചേര്‍ത്തിരുത്തി അയാൾ പറഞ്ഞു.

കേസിൽ നിന്നു പലതരത്തില്‍ രക്ഷപെട്ടവരുെടയെല്ലാം ഇപ്പോഴത്തെ ജീവിതം തന്നെ അതിനു തെളിവല്ലേ. അവരെ ആദ്യം ചതിയില്‍ കുരുക്കിയ അജിതാബീഗം ആസിഡു കുടിച്ചു കുടൽ പഴുത്താണ് മരിച്ചത്. വിധി നടപ്പിലാക്കിയ ജഡ്ജി ആത്മഹത്യ ചെയ്തു. ചിലർക്ക് കാൻസർ ബാധിച്ചു. മറ്റുചിലര്‍ അപകടങ്ങളില്‍ െപട്ട് കിടപ്പിലായി. നാടുവിട്ടവരും ജീവിതം അവസാനിപ്പിച്ചവരും ഉണ്ട്. പലരുടെയും വിവാഹജീവിതം താറുമാറിലായി. ദൈവവിധിയിൽ നിന്നു രക്ഷപ്പെടാൻ ആർക്കും പറ്റില്ലല്ലോ.’’

പൂർണരൂപം വനിത മാർച്ച് രണ്ടാം ലക്കത്തില്‍ വായിക്കാം