Friday 28 September 2018 01:56 PM IST : By സ്വന്തം ലേഖകൻ

വിശ്വാസപരമായ കാര്യങ്ങൾ വിശ്വാസി സമൂഹം തീരുമാനിക്കട്ടെ; സ്ത്രീ പ്രവേശനത്തില്‍ വിയോജിച്ച് ഇന്ദു മല്‍ഹോത്ര

Indu-malhothra3211

ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാമെന്ന് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ഏകാഭിപ്രായം പറഞ്ഞപ്പോൾ, ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശക്തമായ വിയോജിപ്പു രേഖപ്പെടുത്തി. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിയ്‌ക്ക് സ്ഥാനമില്ലെന്നും മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും നല്ലതെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടു.

പ്രത്യേക വിധി ന്യായത്തിൽ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞ കാര്യങ്ങൾ;


1. രാജ്യത്തിന്റെ മതേതര അന്തരീക്ഷം നിലനിർത്താൻ മതപരമായ കാര്യങ്ങളിൽ കോടതി അമിതമായി ഇടപെടരുത്. ശബരിമല കേസിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ എല്ലാ മതങ്ങളിലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. സതി പോലുള്ള സാമൂഹിക കുറ്റകൃത്യങ്ങൾ മതങ്ങളിൽ ഉണ്ടെങ്കിൽ മാത്രം കോടതി ഇടപെട്ടാൽ മതി. മതത്തെ യുക്തികൊണ്ടു അളക്കാൻ കഴിയില്ല.

2. അയ്യപ്പ ഭക്തർ പ്രത്യേക വിശ്വാസ വിഭാഗമാണ്. ആ വിശ്വാസവുമായി മുന്നോട്ടുപോകാനുള്ള ഭരണഘടനാവകാശം അവർക്കുണ്ട്. അവരുടെ മതവിശ്വാസവും ആചാരവും പാലിക്കാനുള്ള ഭരണഘടനാപരമായ അവകാശം ലിംഗസമത്വത്തിനുള്ള അവകാശം കൊണ്ടു നിഷേധിക്കരുത്.

3. ശബരിമല അയ്യപ്പന്റെ പ്രതിഷ്ഠ എന്ന നിലയിലുള്ള പദവി വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാവകാശ പ്രകാരം സംരക്ഷിതമാണ്. ആഴമേറിയ വൈകാരികതയുള്ള ഇത്തരം മതവിശ്വാസ സംഗതികളിൽ കോടതി ഇടപെടേണ്ടതില്ല. വിശ്വാസപരമായ കാര്യങ്ങൾ വിശ്വാസി സമൂഹം തീരുമാനിക്കട്ടെ എന്ന നിലപാടാണ് മതേതരത്വത്തിനു യോജിച്ചത്.

4. വൈവിധ്യമുള്ള വിശ്വാസങ്ങളുടെ നാടായ ഇൻഡ്യയിൽ ഏതു വിശ്വാസി സമൂഹത്തിനും അവരുടെ ആചാരങ്ങൾ പാലിക്കാൻ ഭരണഘടനാപരമായ അനുമതിയുണ്ട്. മതത്തിനുള്ളിൽ ഒരു അതിക്രമം ഉണ്ടാകാത്ത കാലത്തോളം കോടതി അതിൽ ഇടപെടേണ്ടതില്ല. ഭരണഘടനാപരമായ ലിംഗസമത്വം എന്ന യുക്തിയിൽ എല്ലാ വിശ്വാസങ്ങളെയും അളക്കാൻ കഴിയില്ല. മതവിശ്വാസത്തെ സംബന്ധിച്ചു എന്താണ് ശരി, തെറ്റ് എന്നു നിർണയിക്കുവാൻ കോടതികൾക്ക് കഴിയില്ല.