Friday 17 September 2021 03:15 PM IST : By സ്വന്തം ലേഖകൻ

കുപ്പത്തൊട്ടിയിൽ നിന്ന് കിട്ടിയ മാണിക്യം; പച്ചക്കറി കച്ചവടക്കാരന്റെ വളർത്തുമകൾ അസിസ്റ്റന്റ് ഇൻകം ടാക്സ് കമ്മീഷണറായ അപൂർവ കഥ

gdaddebag

അസമിലുള്ള ടിൻസുഖിയ എന്ന സ്ഥലത്ത് നടന്ന ഒരു സംഭവകഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രസവിച്ച ഉടൻ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന്റെയും അവളെ എടുത്തുവളർത്തിയ പച്ചക്കറി കച്ചവടക്കാരന്റെയും കഥയാണിത്. 30 വർഷം മുന്‍പാണ് കുഞ്ഞിനെ ലഭിച്ചത്. സാമ്പത്തിക പരാധീനതകൾക്കിടയിൽ കുഞ്ഞിനെ അയാൾ സ്വന്തം മകളായി വളർത്തി. നല്ല വിദ്യാഭ്യാസം നൽകി. 2014 ൽ പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷയിൽ ഉന്നത വിജയം നേടിയ ആ മകൾ ഇന്ന് അസിസ്റ്റന്റ് ഇൻകം ടാക്സ് കമ്മീഷണറായി ജോലി ചെയ്യുന്നു.

ആ കഥ ഇങ്ങനെ; 

അസമിലെ ടിൻസുഖിയ ജില്ലയിൽ, ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു 30 വയസ്സുള്ള അവിവാഹിതനായ സോബറാൻ. ഒരു ദിവസം അയാൾ പച്ചക്കറി നിറച്ച തന്റെ ഉന്തുവണ്ടി തള്ളിക്കൊണ്ട് പോകുമ്പോൾ വിജനമായ സ്ഥലത്ത് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. അടുത്തുചെന്ന് നോക്കുമ്പോൾ ഒരു പെൺകുഞ്ഞ് കിടന്നു കരയുന്നതാണ് അയാൾ കണ്ടത്. കുറച്ചുനേരം അവിടെ നിന്ന് സോബറാൻ ചുറ്റും നോക്കിയെങ്കിലും സമീപത്ത് ആരേയും കണ്ടില്ല. പിഞ്ചുകുഞ്ഞിനെ അവിടെ ഉപേക്ഷിച്ചുപോകാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. 

കുഞ്ഞിനേയും എടുത്ത് അയാൾ വീട്ടിലേക്ക് പോയി. വീട്ടിൽ കുഞ്ഞിനെ നോക്കാൻ ആരും ഇല്ലാത്തതിനാൽ അവളെ ഉന്തുവണ്ടിയിൽ ഇരുത്തി പച്ചക്കറി കച്ചവടം തുടർന്നു. അദ്ദേഹം ’ജ്യോതി’ എന്ന് കുഞ്ഞിന് പേരും നൽകി. അവൾ വളർന്നു സ്കൂളിൽ പോകാറായപ്പോൾ അദ്ദേഹം തൊട്ടടുത്തുള്ള സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. ദരിദ്രനായ സോബറാൻ ജ്യോതിയ്ക്ക് വേണ്ടി കഠിനമായ ജോലികൾ ചെയ്തു. അവളെ ഡിഗ്രി വരെ പഠിപ്പിച്ചു. 

പഠനത്തിൽ മിടുക്കിയായ ജ്യോതി 2013 ൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. 2014 ൽ പബ്ലിക് സർവ്വീസ് കമ്മീഷന്റെ ടെസ്റ്റിൽ അവൾ ഉയർന്ന റാങ്ക് നേടി. അങ്ങനെ അസ്സിസ്റ്റന്റ് ഇൻകം ടാക്സ് കമ്മീഷണറായി ജ്യോതി നിയമിക്കപ്പെട്ടു. തന്റെ വളർത്തച്ഛന്റെ കണ്ണുനീർ അവൾ തുടച്ചു. അദ്ദേഹത്തിന് സ്വസ്ഥമായി വിശ്രമജീവിതം നയിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. ഇന്ന് ആ അച്ഛനും മകളും സന്തോഷപൂർവം ജീവിക്കുന്നു.

Tags:
  • Spotlight
  • Motivational Story