Wednesday 29 April 2020 02:17 PM IST

ചൂളമടിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡിൽ കയറിയ ജ്യോതി ഇതാണ്! വിസിലിംഗ് ഗാനമേളയുമായി വേൾഡ് ഓഫ് വിസിലേഴ്സ്

Vijeesh Gopinath

Senior Sub Editor

jyothi

ബാത്ത്റൂമിലും കിടപ്പുമുറിയിലും ഒക്കെ പതുങ്ങി നിന്ന ചൂളമടിയെ സ്റ്റേജിലേക്ക് കൈപിടിച്ചു കയറ്റിയ കഥയിലെ നായികയാണ് കൊച്ചിയിലെ ജ്യോതി കമ്മത്. ജ്യോതിക്ക് വിസിലിംഗ് അത്ര നിസ്സാരമായ കാര്യമല്ല... ചൂളമടിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ജ്യോതി കമ്മത്ത് നേടി. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജുകളിൽ ജ്യോതിയും സംഘവും വിസിലിംഗ് ഗാനമേളയും അവതരിപ്പിച്ചിട്ടുണ്ട്.... വേൾഡ് ഓഫ് വിസിലേഴ്‌സ് എന്ന ഗ്രൂപ്പ് തന്നെ ഉണ്ടായി. നാലു വയസ്സുള്ളപ്പോൾ ആണ് ചൂളമടിക്ക് ആദ്യ കൈയ്യടി ജ്യോതിക്ക് കിട്ടുന്നത്. അമ്മയുമൊത്ത് അപ്പൂപ്പൻന്റെ വീട്ടിലേക്ക് പോകുമ്പോൾ ചൂളമടിച്ചതാണ്. തൊട്ടുമുൻപിൽ നടന്നിരുന്ന ഒരു കുട്ടി ചൂളമടി കേട്ട് ഒന്ന് നിന്നു. പിന്നെ ഓടി വന്ന് കൈ കൊടുത്തു.... അപ്പോഴാണ് ജ്യോതിയുടെ അമ്മ ഡോക്ടർ രത്നബായി മകളുടെ കഴിവ് തിരിച്ചറിയുന്നത്. വളർന്നു വരുംതോറും ഓരോ പാട്ടും ചൂളമടി യിലൂടെ ജ്യോതി ഹൃദിസ്ഥമാക്കി. മകളുടെ കഴിവിനെ അമ്മ നിരുത്സാഹപ്പെടുത്തിയില്ല. ഇടപ്പള്ളിയിലെ വീട്ടിലിരുന്ന് ജ്യോതി പറയുന്നു... " അന്ന് ഞങ്ങൾ വരാപ്പുഴയിൽ ആയിരുന്നു താമസിച്ചിരുന്നത്. അച്ഛൻ അനന്ത വാധ്യാർ വരാപ്പുഴ വരാഹ ക്ഷേത്രത്തിലെ തന്ത്രി. അക്കാലത്ത് പെൺകുട്ടികൾ ചൂളം അടിക്കുന്നത് ഒക്കെ വലിയ അപരാധം അല്ലേ. എന്നാൽ എന്റെ മാതാപിതാക്കൾ ഈ കഴിവിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. കുട്ടിക്കാലത്ത് മൂന്നുവർഷം ശാസ്ത്രീയസംഗീതം പഠിച്ചു. ചൂളം അടിച്ചു പാട്ടുപാടുന്നതിന് ഗുരുക്കന്മാർ ഒന്നുമില്ലല്ലോ. ആരും പറഞ്ഞു തരാനും ഇല്ല. ഞാൻ സ്വന്തമായി ഓരോന്ന് കണ്ടെത്തി... ശ്വാസം എവിടെ എടുക്കണം, ഈണം തെറ്റാതെ എങ്ങനെ പാടണം... ഇങ്ങനെ പല കാര്യങ്ങളും സ്വയം കണ്ടെത്തി. വരാപ്പുഴയിലെ സെന്റ് ജോസഫ് ഗേൾസ് സ്കൂളിലാണ് ഞാൻ പഠിച്ചത്. ക്ലാസിൽ ചൂളമടിച്ച് കുട്ടികളുടെ കയ്യടി നേടി. ആടി വാ കാറ്റേ ഒക്കെയായിരുന്നു പ്രിയപ്പെട്ടത്. സ്കൂളിലെ സിസ്റ്റർ മാർക്ക് വേണ്ടി പൈതലാം യേശുവേ എന്ന ഗാനം ഒക്കെ ഒന്ന് പാടിയിരുന്നു....

കോളേജിലെ പഠന കാലത്ത് ചൂള മടിക്കുന്നു എന്നുപറയാൻ ചെറിയൊരു മടി. അന്നത്തെ ക്യാമ്പസ് അല്ലേ. കുട്ടികൾ കളിയാക്കുമോ എന്ന പേടി. അതുകൊണ്ട് കുറച്ചു കൂട്ടുകാർക്ക് മാത്രം അത് അറിയാമായിരുന്നു, ഫെയർവെൽ പാർട്ടിക്ക് ആണ് ക്യാമ്പസിലെ സ്റ്റേജിൽ ആദ്യമായി പാടുന്നത്. അധ്യാപകർക്ക് വലിയ അത്ഭുതമായി. അന്നൊന്നും സ്വന്തം കഴിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഉള്ള വേദി കുറവല്ലേ. ഇന്ന് സോഷ്യൽ മീഡിയ വന്നതോടുകൂടി അവസരങ്ങളുടെ വലിയ ആകാശമാണ് മുന്നിലുള്ളത് പഠനം കഴിഞ്ഞ് ഉടനെ വിവാഹം കഴിഞ്ഞു. ഭർത്താവ് രാമചന്ദ്ര കമ്മത്ത് ഡൽഹി എൻ ടി പി സി യിൽ എഞ്ചിനീയർ ആയിരുന്നു. അദ്ദേഹത്തിനൊപ്പം ഞാനും ഡൽഹിക്ക് പോയി. സ്വാഭാവികം ആയും വിവാഹത്തോടെ ഇത്തരം ഹോബികൾ നിലച്ചു പോകേണ്ടതാണ്. എന്നാൽ ഞാൻ കൂടുതലായി പാടിത്തുടങ്ങിയത് ആ കാലഘട്ടത്തിലാണ് മക്കൾ വളരുമ്പോഴും ഞാൻ ചൂളമടിച്ച് പാടിക്കൊണ്ടിരുന്നു. ഭർത്താവിന്റെ ഓഫീസിലെ ചില പരിപാടികൾക്ക് അദ്ദേഹം നിർബന്ധിച്ചു കൊണ്ടുപോകും. അവിടെ ചൂളമടി ഗാനമേള നടത്തും.

അതുകൊണ്ടൊക്കെ തന്നെയാണ് ഇപ്പോഴും ചൂളമടി സംഗീതം എനിക്കൊപ്പം നിൽക്കുന്നത്. ഇടയ്ക്ക് ഒന്നുരണ്ട് ചാനൽ പരിപാടികൾ ചെയ്തിരുന്നു. അപ്പോഴും ഞാൻ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത് എന്നായിരുന്നു എന്റെ വിശ്വാസം. ഭർത്താവ് വിആർഎസ് എടുത്ത ശേഷം ഞങ്ങൾ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തി. കുട്ടികൾ പഠനത്തിരക്കിൽ ആയതോടെ എനിക്ക് ഒരുപാട് സമയം കിട്ടി. അപ്പോഴാണ് ഗൂഗിളിൽ വിസിലിംഗ് ഗ്രൂപ്പ്‌ എന്ന് സേർച്ച്‌ ചെയ്യുന്നത്. അങ്ങനെ ഇന്ത്യൻ വിസിലിംഗ് അസോസിയേഷനെ കുറിച്ചുള്ള വിവരം കിട്ടി. അതിൽ എങ്ങനെയാണ് ചേരേണ്ടത് എന്ന് മെയിൽ അയച്ചു ചോദിച്ചു. മൂന്നോ നാലോ മാസം കഴിഞ്ഞപ്പോൾ ഒരു ഫോൺ കോൾ ചെന്നൈയിൽനിന്ന് ഡോക്ടർ വൃന്ദ വിളിച്ചു. ചെന്നൈ ഗ്രൂപ്പിന്റെ ലീഡർ ആയിരുന്നു അവർ. അപ്പോഴാണ് വിസിലിംഗ് ചെയ്യുന്ന മറ്റൊരാൾ കൂടി ഉണ്ടെന്ന് അറിഞ്ഞത്... ആയിടയ്ക്ക് തന്നെ ചാനലുകളിൽ പരിപാടി അവതരിപ്പിക്കാനുള്ള അവസരം കിട്ടി. അതോടെ കൂടുതൽ പേരിലേക്ക് ഞാനെത്തി. ഇപ്പോൾ വേൾഡ് ഓഫ് വിസിലേഴ്‌സ് എന്ന സംഘടനയായി.

ലോകം മുഴുവനുള്ള നൂറോളം മലയാളി വിസിലേഴ്‌സ് ഈ സംഘടനയിൽ അംഗമാണ്.ഇതൊരു കലാരൂപം ആണെന്നും ഇങ്ങനെ ചെയ്യുന്നവരെ ലോകത്തിനു മുന്നിലേക്ക് കൊണ്ടുവരികയും ആണ് ഞങ്ങളുടെ ലക്ഷ്യം. പുതിയ പാട്ടുകൾ പഠിക്കുക ഒരു ഹരമാണ്. ഈണം തെറ്റാതെ ചൂളത്തിലേക്ക് ആക്കി എടുക്കണം. നമുക്ക് ഗുരുക്കന്മാർ ഒന്നുമില്ല. ചൂളമടിച്ച് തെറ്റുകൾ കണ്ടു പിടിച്ച് പിന്നെയും തിരുത്തി... ഇങ്ങനെ ഫൈൻ ട്യൂൺ ചെയ്യുന്നു. സ്മ്യൂളിൽ 150ലേറെ പാട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്... ഞങ്ങൾക്ക് പതിനാറോളം പേരുള്ള ഒരു മ്യൂസിക് ഗ്രൂപ്പുണ്ട്. നിരവധി സ്റ്റേജ് ഷോകൾ ചെയ്യുന്നു. മലയാളം ഹിന്ദി തമിഴ് സിനിമ പാട്ടുകൾ ചൂളമടിച്ച് ആണ് പാടുന്നത്. നൂറിലധികം സിനിമപാട്ടുകൾ എനിക്ക് ഹൃദിസ്ഥമാണ്. ഒരുമണിക്കൂറോളം തുടർച്ചയായി ചൂളമടിച്ച് പാടാൻ ആകും മക്കൾ വൈശാഖിയും വിനായകും ഒക്കെ വലിയ പിന്തുണ നൽകുന്നു