Monday 04 November 2024 02:56 PM IST : By സ്വന്തം ലേഖകൻ

‘ചിലപ്പോൾ അവനെന്നെ കളിയാക്കി വിളിക്കും, ട്രാൻസലേഷൻ പെണ്ണേ... എന്ന്’; കേരളം തിരയുന്ന പരിഭാഷക ഇതാ...

jyothi

തിരഞ്ഞെടുപ്പിനു ചൂടേറ്റി രാഷ്ട്രീയ പ്രസംഗങ്ങളുടെ തീപ്പൊരി ചിന്തിയപ്പോൾ മലയാളി മനസ്സിൽ കുറിച്ചിട്ട ഒരു പേരുണ്ട്, അഡ്വ. ജ്യോതി വിജയകുമാർ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രസംഗങ്ങൾ ജ്യോതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് ഹൃദയത്തിൽ നിന്നു വാക്കുകൾ കടമെടുത്താണ്.

രാഹുൽ ഗാന്ധിയുടെ പ്രസംഗ പരിഭാഷയ്ക്കിടെ രാഹുലിന്റെ വിരലനക്കങ്ങൾ വരെ അനുകരിക്കുന്ന സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഒപ്പം ഇങ്ങനെ ഒരു കമന്റും. ‘ബോഡി ലാംഗ്വേജും ട്രാൻസലേറ്റ് ചെയ്തോ...’ അതേക്കുറിച്ച് ചോദിച്ചപ്പോൾ ചിരിയൊടെ ജ്യോതി പറഞ്ഞുതുടങ്ങിയത് ഇങ്ങനെ.

‘‘സത്യത്തിൽ അത് മനഃപൂർവം ചെയ്തതല്ല. പ്രസംഗവും പരിഭാഷയും ജുഗൽബന്ദിയോട് ഉപമിക്കാനാണ് എനിക്ക് തോന്നുന്നത്. പ്രസംഗത്തിന്റെ ആദ്യനിമിഷങ്ങൾ കഴിഞ്ഞാൽ പിന്നെ, രണ്ടും ഒരേ ഒഴുക്കി ൽ അങ്ങ് പോകും...’’

പരിഭാഷക, അഭിഭാഷക, ടിവി അവതാരക, രാഷ്ട്രീയപ്രവർത്തക, എഴുത്തുകാരി, വീട്ടമ്മ ഇങ്ങനെ പല റോളുകളിലെ ജീവിത സന്തോഷങ്ങളെക്കുറിച്ച് ജ്യോതി പറയുന്നു.  

രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം

‘‘ഓർമവച്ച കാലം തൊട്ടേ വീട്ടിൽ തിരക്കായിരുന്നു. അച്ഛൻ അഡ്വ. ഡി. വിജയകുമാർ അന്ന് ആലപ്പുഴ ഡിസിസി സെക്രട്ടറിയാണ്. അമ്മ രാധിക വീട്ടമ്മ. അച്ഛനൊപ്പം ഞാനും പ്രസംഗം കേൾക്കാൻ പോ കും. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ ചെങ്ങന്നൂർ പുലിയൂരിലെ പുതിയ വീട്ടിലേക്കു താമസം മാറുന്നത്. ലീഡർ കെ. കരുണാകരനാണ് നിലവിളക്ക് കൊളുത്തി ഗൃഹപ്രവേശം നടത്തിയത്.

തിരുവനന്തപുരം മാർ ഇവാനിയോസിലായിരുന്നു ബിരുദ പഠനം. അവിടെ കോളജ് രാഷ്ട്രീയത്തിൽ സ ജീവമായിരുന്നു. ഡിഗ്രി ആദ്യവർഷം യൂണിയൻ കൗ ൺസലറായി. രണ്ടാം വർഷം കോളജ് ജനറൽ സെക്രട്ടറി. മുൻ മന്ത്രി അനൂപ് ജേക്കബ് ആയിരുന്നു ആ വർഷം ഞങ്ങളുടെ മാഗസിൻ എഡിറ്റർ. ഫൈനൽ ഇയറിൽ ചെയർപേഴ്സനുമായി. മാർ ഇവാനിയോസിലെ ആദ്യ വനിതാ ചെയർപേഴ്സൻ എന്ന പ്രത്യേകതയുമുണ്ട് ആ നേട്ടത്തിന്.

കോളജ് രാഷ്ട്രീയമാണ് ആദ്യ പ്രസംഗക്കളരി. ‘മൈക്കിനു മുന്നിലെത്തിയാൽ പിന്നെ, പരകായ പ്രവേശമാണ്’ എന്ന് അന്നേ കൂട്ടൂകാർ കളിയാക്കിയിരുന്നു.

പതിയെ ഒരോ വാക്കും പെറുക്കിയുള്ള സംഭാഷണശൈലിയാണ് എന്റേത്. മുന്നിലെ ആൾക്കൂട്ടം തരുന്ന എനർജിയാകും പ്രസംഗത്തിലും പ്രതിഫലിക്കുന്നത്. 21 വയസ്സുവരെ മലയാളമല്ലാതെ വേറെ ഒരു ഭാഷ സംസാരിച്ചിട്ടേയില്ല.

പിജി കഴിഞ്ഞപ്പോൾ സിവിൽ സർവീസ് എഴുതണമെന്ന് തോന്നി. പഠനത്തിനായി ഡൽഹിയിൽ കുറച്ചു കാലം. പ്രിലിമനറി പാസായെങ്കിലും സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ പരാജയപ്പെട്ടു. ചെന്നൈയിൽ സായാഹ്നപത്രത്തിൽ റിപ്പോർട്ടറായി തുടങ്ങി. പിന്നീട് ഒരു ഇംഗ്ലിഷ് ദിനപത്രത്തിലേക്കു മാറി. അതിനു ശേഷം പബ്ലിഷിങ് കമ്പനിയിൽ കോപ്പി എഡിറ്ററായി. ആ കാലത്തായിരുന്നു സിവിൽ സർവീസ് കോച്ചിങ്ങിനു കൂടെയുണ്ടായിരുന്ന പാരി രത്നസാമിയുമായുള്ള വിവാഹം. കരിയർ പിന്നെയും മാറി. മുംബൈയിൽ ഐടി കമ്പനിയിൽ ജോലിക്ക് കയറി. വീണ്ടും ചെന്നൈയിലെത്തുന്നത് കോളജ് ലക്ചറർ ആയി.

j1

രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ

2011ലാണത്. ടിവിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ടപ്പോൾ വെറുതേ തോന്നിയ ആഗ്രഹമാണ്, തുടക്കം. ഇത് പറഞ്ഞപ്പോൾ പാരിയും പ്രോത്സാഹിപ്പിച്ചു. ഉടൻ തന്നെ അച്ഛനെ വിളിച്ചു. ‘രാഹുൽജിക്ക് കേരളത്തിൽ പരിഭാഷകയെ ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം.’ കുറച്ചു ദിവസങ്ങൾക്കു ശേഷം അച്ഛൻ വിളിച്ചു. ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ വിഷ്ണുനാഥിന്റെ പ്രചരണത്തിന് രാഹുൽ ഗാന്ധി വരുന്നുണ്ട്. പാർട്ടി പരിഭാഷ ചുമതല എനിക്ക് നൽകി. ആദ്യമായി പരിഭാഷ ചെയ്യാൻ നിൽക്കുമ്പോൾ വലിയ ടെൻഷനായിരുന്നു. 2014 ൽ രാഹുൽ കേരളത്തിലെത്തിയപ്പോഴും പരിഭാഷയുടെ ചുമതല എനിക്കായിരുന്നു. അന്ന് ഒരു അബദ്ധം പറ്റി. മൈക്ക് ഒാണാക്കാൻ മറന്നു. പരിഭാഷകയുടെ ശബ്ദം പുറത്തേക്ക് കേൾക്കാതെ വന്നപ്പോൾ രാഹുൽജി വന്നാണ് എന്റെ മൈക്ക് ഓൺ ചെയ്തു തന്നത്.

ചിലപ്പോൾ കൃത്യമായ അർഥം ഉള്ള വാക്ക് തന്നെ പരിഭാഷയിൽ ഉപയോഗിക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോൾ ഏക ദേശം ആശയം വരുന്ന വാക്ക് ഉപയോഗിക്കും. രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ ‘സ്പിരിറ്റ് ഒഫ് മലയാളി’ എന്ന് ആവർത്തിച്ചു പറയാറുണ്ട്. ‘സ്പിരിറ്റ്’ എന്ന വാക്കിനു പകരം എന്തു പറയുമെന്ന് പെട്ടെന്ന് എനിക്കു തോന്നിയില്ല. അപ്പോൾ മലയാളിയുടെ ആത്മവീര്യം, ആവേശം, ആത്മാവ് എന്നൊക്കെ സാന്ദർഭികമായി പറഞ്ഞ് ആ ഒഴുക്ക് തുടരും. ഇതുവരെ രാഹുൽ ഗാന്ധിയുടെ എട്ടു പ്രസംഗങ്ങൾ തർജമ ചെയ്തു.

സോണിയ, രാഹുൽ, പ്രിയങ്ക ഇവർ മൂന്നൂപേരുടെയും പ്രസംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മൂന്നൂ പേർക്കും മൂന്നു ശൈലിയാണ്. ചെറിയ വാചകങ്ങൾ. ഒരു വാചകത്തിൽ ഒരു ആശയം. അതാണ് രാഹുൽ ഗാന്ധിയുടെ രീതി. പരിഭാഷപ്പെടുത്താനും എളുപ്പമാണ്. പഴ്സനൽ കാര്യങ്ങൾ പറയുമ്പോൾ സോണിയാ ഗാന്ധിയുടെ തൊണ്ടയിടറും, കണ്ണുനിറയും. രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ വികാരഭരിതനാകാറില്ല. പ്രിയങ്കാജി ഉള്ളു വിങ്ങി സംസാരിക്കുമ്പോഴും അത് പുറത്തറിയാതിരിക്കാനായി തെളിഞ്ഞു ചിരിക്കും.

വലിയ വാചകങ്ങളിലാണ് പ്രിയങ്കാജി സംസാരിക്കുന്നത്. ഒരു വാചകത്തിൽ തന്നെ നാലോ അഞ്ചോ ആശയങ്ങൾ. പദാനുപദ തർജമ ക്ലേശകരമായിരുന്നു. പ്രിയങ്കയുടെ പ്രസംഗം പരിഭാഷപ്പെടുത്തുമ്പോൾ പ്രധാന പോയിന്റുകൾ പോലും മിസ്സായിട്ടുണ്ട്. രാഹുൽ ഗാന്ധി ബ്ലാക് ബെൽറ്റാണെന്നതും അദ്ദേഹത്തിന്റെ പ്രിയ വിനോദം മൊണ്ടനീയറിങ് ആണെന്നതും പരിഭാഷയിൽ മിസ്സായ വിവരങ്ങളാണ്.

വയനാട്ടിൽ വച്ചാണ് പ്രിയങ്കാജി ഇന്ദിരാ ഗാന്ധിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്, ‘മുത്തശ്ശി മരിക്കുമ്പോൾ എനിക്കു വയസ്സ് 12, ചേട്ടന് 14. ഇപ്പോഴും ആ ഓർമകൾ എന്റെയുള്ളിൽ വിങ്ങലായുണ്ട്.’ ഈ വാചകങ്ങൾ പരിഭാഷപ്പെടുത്തുമ്പോൾ എന്റെ വാക്കുകളിടറി. ഇപ്പോഴും സന്തോഷം തോന്നുന്നത്, ‘I trust you with Rahul...’ എന്ന പ്രിയങ്കാജിയുടെ വാചകങ്ങൾ ‘ഞാൻ രാഹുലിനെ നിങ്ങളെ ഏൽപിക്കുകയാണ്...’ എന്നു പരിഭാഷപ്പെടുത്താനായത് ഓർക്കുമ്പോഴാണ്. എന്റെ ഹൃദയത്തിലേക്ക് ആ വാചകം ഇട്ടു തന്നത് പ്രകൃതിയാണ്.

ഇംഗ്ലിഷിൽ നിന്നു മാത്രമല്ല ഹിന്ദിയിൽ നിന്നും പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എട്ടു വർഷത്തെ ഡൽഹി– മുംബൈ താമസമാണ് അതിനു സഹായിച്ചത്. കുറേക്കാലം തമിഴ്നാട്ടിൽ താമസിച്ചെങ്കിലും ഇപ്പോഴും പിടികിട്ടാത്ത ഭാഷ യാണ് തമിഴ്. ഉച്ചാരണത്തിലെ വ്യത്യാസം കൊണ്ടുപോലും വാക്കുകൾ മാറിമറിയും.

j3 അച്ഛൻ ഡി.വിജയകുമാർ, സഹോദരീപുത്രൻ സാത്വിക്, മകൻ ഗോവർധൻ, അമ്മ രാധിക, സഹോദരി ലക്ഷ്മി എന്നിവർക്കൊപ്പം

പ്രിയങ്ക പകർന്ന നിറങ്ങൾ

ഒരു കാര്യത്തിൽ എനിക്ക് പ്രിയങ്കാജിയോട് സ്പെഷൽ താങ്ക്സ് പറയാനുണ്ട്. നേരത്തേ വെള്ളയോ ചാരനിറമോ ഉള്ള സാരികളായിരുന്നു ഞാൻ ഉടുത്തിരുന്നത്. ഇക്കുറി നിറമുള്ള സാരികളിലേക്ക് മാറിയതിനു കാരണം പ്രിയങ്കാജിയുടെ സാരികളാണ്. ട്രാൻസലേഷൻ ഉണ്ടെന്നറിഞ്ഞാൽ ചെങ്ങന്നൂരിലെ പതിവു ടെക്സ്റ്റൈൽ ഷോപ്പിലേക്കു വിളിക്കും, കഴക്കൂട്ടത്തെ പ്രസന്ന ചേച്ചിയാണ് രണ്ടു മണിക്കൂർ കൊണ്ടൊക്കെ ബ്ലൗസ് തയ്ച് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുതരുന്നത്. സാരിയിലെ നിറംമാറ്റം മോനെയാണ് ഏറ്റവും സന്തോഷിപ്പിക്കുന്നത്, ഇടയ്ക്ക് അവനെന്നെ കളിയാക്കി വിളിക്കും, ‘ട്രാൻസലേഷൻ പെണ്ണേ...’ എന്ന്.

j2

മോനെ ഗർഭം ധരിച്ചിരുന്ന സമയത്താണ് നാട്ടിലേക്ക് താമസം മാറ്റുന്നത്. മോന് അ‍ഞ്ചു മാസം പ്രായമുള്ളപ്പോളാണ് എൽഎൽബിക്കു ചേരുന്നത്. അതു കഴിഞ്ഞ് വീണ്ടും ഐടി സെക്ടറിലേക്ക്. ടെക്നോപാർക്കിൽ ഒരു ഐടി കമ്പനിയുടെ കമ്യൂണിക്കേഷൻ വിഭാഗത്തിൽ ജോയ്ൻ ചെയ്തപ്പോൾ താ മസം തിരുവനന്തപുരത്തേക്കു മാറ്റി. അടുത്ത റോൾ അധ്യാപികയുടേതായിരുന്നു, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാ ദമിയിൽ. ആ കാലയളവിൽ ജോലിക്കൊപ്പം എൽഎൽഎം കൂ ടി പാസായി. ഇപ്പോൾ എന്റെ ഒരു ദിവസം ഇങ്ങനെയാണ്. രാവിലെ കോടതിയിലേക്ക്, പിന്നെ അക്കാദമിയിൽ ക്ലാസ്, ഉച്ചയ്ക്കു ശേഷം ദൂരദർശനിൽ, വൈകുന്നേരം ഏതെങ്കിലും കവിതാസദസ്സോ രാഷ്ട്രീയ പരിപാടിയോ, ബാക്കി സമയം മോനൊപ്പം. ഗോവർധൻ അമൻ ജ്യോതി എന്നാണ് മോന്റെ പേര്. കഴക്കൂട്ടം, ആറ്റിൻകുഴി ഗവൺമെന്റ് സ്കൂളിൽ. ഇനി രണ്ടാം ക്ലാസിലേക്കാണവൻ.

പല ജോലികളിൽ മാറി സഞ്ചരിക്കുമ്പോഴും എനിക്കറിയാമായിരുന്നു ഇതൊന്നുമല്ല എന്റെ വഴിയെന്ന്. പക്ഷേ, എന്റെ വഴി ഞാൻ തിരിച്ചറിയുന്നത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പി ൽ അച്ഛനു വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങിയപ്പോഴാണ്.

ജനങ്ങൾക്കിടയിൽ നിൽക്കുന്നതാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. ഇതുവരെ ഞാനെന്റെ സ്വപ്നം തേടി നടക്കുകയായിരുന്നു. എന്റെ നിയോഗത്തിലേക്കുള്ള വഴി ഇപ്പോഴാണ് കുറച്ചുകൂടി തെളിഞ്ഞുവരുന്നത്.

വനിത 2019ൽ പ്രസിദ്ധീകരിച്ച ലേഖനം.