Monday 02 September 2019 07:09 PM IST

‘ഇങ്ങനെയൊരു മോനുണ്ടായതിനെക്കാളും വലിയ വടുക്കളാണ് മറ്റുള്ളവർ ഹൃദയത്തിൽ വരഞ്ഞത്’; ഹൃദയം നുറുങ്ങുന്ന വേദനയോടെ ഒരച്ഛൻ!

Tency Jacob

Sub Editor

perra44 ഫോട്ടോ: അരുൺ പയ്യടി മീത്തൽ

‘പേരൻപ്’ എന്ന സിനിമ വീണ്ടും വാർത്തകളിൽ നിറയുന്നു. അമ്മയുപേക്ഷിച്ചുപോയ ഭിന്നശേഷിക്കാരിയായ മകളെ വളർത്താനുള്ള ഒരച്ഛന്റെ തീവ്രശ്രമങ്ങൾ അവതരിപ്പിക്കുന്നതായിരുന്നു ആ ചിത്രം. മമ്മൂട്ടിയും സാധനയും  അമുദവനും പാപ്പയുമായി മത്സരിച്ചഭിനയിക്കുകയും ചെയ്തു. ഇതാ, അമുദവനെപ്പോലെ ഒരച്ഛൻ. അസാധാരണമായതെന്തോ ചെയ്യുന്നു എന്ന ഭാവമില്ലാതെ ‘‘പാവം കുഞ്ഞുങ്ങൾ, അവർക്കു കൂടിയുള്ളതല്ലേ ഈ ലോകം’’ എന്ന മമതയിൽ എല്ലാ സങ്കടങ്ങളും കുരുക്കിയിട്ട് ജീവിക്കുന്നു. വെറും കഥയല്ല, ജീവിതമാണ്.

കിതച്ച് കിതച്ചാണ്, അവൻ നടക്കാൻ പഠിച്ചത്

വിഷ്ണു പ്രകാശ് സ്കൂളിൽ പോകാനൊരുങ്ങുകയാണ്. അച്ഛൻ മുടി ചീകി കൊടുത്തത് കക്ഷിക്ക് അത്ര പിടിച്ചിട്ടില്ല. അവ്യക്തമായ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. അതു കേട്ടതും അച്ഛൻ ചീപ്പെടുത്ത് മുടി ഒന്നുകൂടി  ചീകി  ഭംഗിയാക്കി. കണ്ണാടിയിൽ നോക്കിയപ്പോൾ അവന്റെ മുഖമൊന്നു തെളിഞ്ഞു, പുഞ്ചിരിയും   വിടർന്നു. പിന്നെ അച്ഛനെ നോക്കി ഒരു ‘തംസ് അപ്’.

‘‘ഓനിപ്പോൾ വലിയ ചെക്കനായില്ലേ, നമ്മുടെ ഫാഷനൊന്നും പിടിക്കൂലാന്ന്’’ അച്ഛന്‍ പായാരം പറഞ്ഞു നിൽക്കുന്നത് കണ്ട് വീണ്ടും ബഹളം വച്ചു.

‘‘സ്പെഷൽ സ്കൂളിൽ പോകുന്നുണ്ട്. സ്കൂൾ വാൻ വീടിന് കുറച്ചപ്പുറത്തു വരെയേ വരൂ. സമയത്ത് കൊണ്ടാക്കിയില്ലെങ്കിൽ ബഹളം വയ്ക്കും.’’ വിഷ്ണു അച്ഛന്റെ ബൈക്കിൽ വേഗം കയറിയിരുന്നു. മുറ്റത്തെ മാവിനോടും വഴിയിലെ ചെടിത്തലപ്പുകളോടും വരെ യാത്ര പറഞ്ഞാണ് പോക്ക്. അവ ന്റെ മുഖത്തെ ചിരിയുടെ ഓരോ മടക്കുകളിലും സന്തോഷം ഓളം വെട്ടി നിന്നു.

‘‘ഇങ്ങനെയൊരു മോനുണ്ടായതിനെക്കാളും വലിയ വടുക്കളാണ് മറ്റുള്ളവർ ഹൃദയത്തിൽ വരഞ്ഞത്’’ കോഴിക്കോട് ചാലിയത്ത് അംബിക നിലയത്തിലിരുന്ന് വിഷ്ണുവിന്റെ അച്ഛൻ ജ്യോതി പ്രകാശ് പറഞ്ഞു തുടങ്ങി.

ആദ്യത്തെ മകനാണ്. ആറ്റുനോറ്റുണ്ടായ ഉണ്ണി. പ്രസവത്തിലെ പാകപ്പിഴയാണ് കാരണമെന്ന് പറയുന്നു. ഗർഭപാത്രത്തിനുള്ളിൽ വച്ചേ അവന് അപസ്മാരം തുടങ്ങിയിരുന്നു. മരുന്നു കഴിച്ചതുകൊണ്ട് ഇപ്പോൾ അഞ്ചു വർഷമായി അപസ്മാരം വരാറില്ല. അവന്റെ അമ്മയ്ക്കെന്തോ അവനെ ഉൾക്കൊള്ളാനായില്ല. പാലൂട്ടാൻ വരെ മടി. വിഷാദത്തിലേക്കു വഴുതി വീണു പോയിരിക്കാം. ഒത്തിരി ആശ്വസിപ്പിച്ചു നോക്കി, സൈക്കോളജിസ്റ്റിനെ കാണിച്ചു, കൗൺസലിങ് ചെയ്തു. പക്ഷേ, ഒരു മാറ്റവുമുണ്ടായില്ല.

മോന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്തിരുന്നത്. ഇവനെ നന്നായി ശ്രദ്ധിക്കണം എന്നുള്ളതു കൊണ്ട് കുറച്ചു കഴിഞ്ഞു മതി അടുത്ത കുട്ടിയെന്ന് രണ്ടുപേരും കൂടി തീരുമാനമെടുത്തിരുന്നു. പക്ഷേ, അവളോടാരോ പറഞ്ഞു, ‘സുഖമില്ലാത്ത കുഞ്ഞായതുകൊണ്ട്, ഓൻ നിന്നേം മോനേം ഒഴിവാക്കിയാലോ.’ വീണ്ടും ഗർഭിണിയായി. ഒരു പെൺകുഞ്ഞ്. മോളെ നന്നായി നോക്കുമ്പോഴും മോനോട് ഒരു ഉപേക്ഷ കാണിച്ചിരുന്നു.

ഞാനൊന്നു മാറി നിന്നാൽ അവന് അമ്മയുടെ സ്നേഹം കൊടുത്താലോ എന്നൊരു ചിന്ത വന്നു. കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ഗൾഫിലേക്ക് ഇന്റർവ്യൂ കഴിഞ്ഞു വന്ന അന്ന് വീസയ്ക്ക് കൊടുക്കാനായി കുറച്ചു പൈസ സംഘടിപ്പിക്കാൻ പുറത്തു പോയതാണ്. തിരികെ വരുമ്പോൾ അമ്മയും മോളും തീയിൽ വെന്തിരുന്നു. അയൽക്കാര് പറയും, ‘ആ നല്ല കുഞ്ഞിനെ കൊണ്ടു പോയ നേരം ഈ കുഞ്ഞിനെ കൊണ്ടു പോയെങ്കിൽ നിനക്കൊരു ഉപകാരമായേനെ’ എന്ന്. എനിക്കതു കേൾക്കുമ്പോൾ നോവും. ‘രണ്ടു പേരും എനിക്ക് ഒരുപോലെ അല്ലേ?, ഇത്തിരി കുറവുകൾ ഉണ്ടെന്നാലും അവനെനിക്കൊരു ബാധ്യതയല്ല.’

അതിന്റെ കേസൊക്കെയുണ്ടായിരുന്നു. ആരൊക്കെയോ കൂടി പറഞ്ഞുണ്ടാക്കിയ കേസാണ്. പക്ഷേ, ഓളുടെ അച്ഛനെന്നെ മനസ്സിലായി. 15 ദിവസം ജയിലിൽ കിടന്ന് വീട്ടിലേക്കു വന്നു കയറിയപ്പോൾ വിഷ്ണൂന്റെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. അതൊരു നല്ല ഓർമയാണ്. പിന്നെ, ഞാനായിരുന്നു അവന് അച്ഛനും അമ്മയും.

അവൾ മരിക്കുന്നതിന് ഒന്നര മാസം മുൻപ് വിഷ്ണൂന് നെഞ്ചിൽ പൊള്ളലേറ്റിരുന്നു. പിടിയുള്ള പാത്രങ്ങളോട് വലിയ ഇഷ്ടമായിരുന്നു അവന്. ചായയ്ക്ക് അടുപ്പിൽ വച്ചിരുന്നു പാത്രം പിടിക്കാൻ നോക്കിയതാണ്. തിളച്ച വെള്ളം വീണ് നെഞ്ച് പൊള്ളി. നാലു വയസ്സേയുള്ളൂ അപ്പോൾ. ആ പൊള്ളൽ വളർച്ചയെ സാരമായി ബാധിച്ചു. ഒത്തിരി ചികിത്സ ചെയ്തിട്ടാണ് ആ നെഞ്ചൊന്നു തണുത്തത്. ഇപ്പോഴും നെഞ്ചില്‍ കാണാം, പൊള്ളലിന്റെ തീമുഖം.

ചെറുപ്പത്തിൽ അവന്റെ അവസ്ഥ വളരെ മോശമായിരുന്നു. വായിൽ നിന്ന് എപ്പോഴും  ഉമിനീര് പുറത്തേക്കൊഴുകും. കയ്യും കാലും സാധാരണ രീതിയിൽ നിൽക്കില്ല. നടക്കാനും   പ്രയാസമുണ്ടായിരുന്നു. പല തെറപ്പികളും ചെയ്തു. ഞാൻ രണ്ടു കയ്യിലും പിടിച്ചു നടത്തും. കുറച്ച് നടക്കുമ്പോഴേക്ക് അ വൻ ദയനീയമായി എന്നെ നോക്കും. അപ്പോൾ സങ്കടം തോന്നും. പക്ഷേ, അതവന് ഉപകാരപ്പെടില്ലല്ലോ. നടന്നു തുടങ്ങിയിട്ടും വായിൽ നിന്ന് ഒലിക്കുന്നതു മാത്രം നിന്നില്ല. അവന് തുപ്പൽ ഇറക്കാൻ അറിയില്ലായിരുന്നു. അതിനു ഞാനൊരു വഴി കണ്ടുപിടിച്ചു. കിതയ്ക്കുമ്പോള്‍ നമ്മൾ അറിയാതെ തുപ്പലിറക്കുമല്ലോ. അവൻ കിതയ്ക്കുന്നതു വരെ നടത്താൻ തുടങ്ങി. അങ്ങനെയാണ് അത് നിന്നത്.

ഇന്ന് അവനിൽ കാണുന്ന ഓരോ മാറ്റത്തിനു പിന്നിലും നിർത്താതെയുള്ള പരിശ്രമങ്ങളുടെ കഥയുണ്ട്. ആരും കൂടെയുണ്ടായിരുന്നില്ല. അല്ലെങ്കിൽ എല്ലാവരും കൂടെയുണ്ടെന്നു ഭാവിച്ചു. പക്ഷേ, ശരിക്കും ഞങ്ങൾ തനിച്ചായിരുന്നു.

peranmbv

സ്വപ്നങ്ങൾ ഒരു കുടന്ന മാത്രം...

വീണ്ടുമൊരു കല്യാണമൊന്നും എന്റെ മനസ്സിലില്ലായിരുന്നു. ‘ഓനെ നോക്കാൻ ആരാ ഉണ്ടാവുക, നിന്നെ നോക്കാൻ ആരാ ഉണ്ടാവുക’ എന്നിങ്ങനെ വീട്ടുകാരുടെ ആവലാതിയിലാണ് ആ കല്യാണം നടക്കുന്നത്. പുതിയ അമ്മ കുഞ്ഞിനെ നോക്കുകയാണെങ്കിൽ എനിക്കു ജോലിക്കു പോകാമല്ലോ. എല്ലാ കാര്യങ്ങളും പറഞ്ഞുറപ്പിച്ചിട്ടായിരുന്നു വിവാഹം. പക്ഷേ, അവർക്കും കുഞ്ഞൊരു ബുദ്ധിമുട്ടായി തീർന്നു. വിഷ്ണുവിനെ ഉപദ്രവിക്കാൻ വരെ തുടങ്ങി. ഞാൻ ജോലി കഴിഞ്ഞ് വരുന്നതു കാത്തു നിൽക്കാതെ അവനെ തനിച്ചു വീട്ടിൽ പൂട്ടിയിട്ട് പോകും. അങ്ങനെയൊന്നും  ചെയ്യരുതെന്നു പറഞ്ഞുനോക്കി. എവിടെ മനസ്സിലാകാൻ.‘‘ഒന്നുമറിയാത്ത ഈ കുഞ്ഞുങ്ങളെയൊക്കെ ദ്രോഹിച്ചിട്ട് ഈ ജന്മമല്ല അടുത്ത ജന്മം പോലും സമാധാനം കിട്ടുമോ.’’ ആ ബന്ധത്തിലൊരു കുഞ്ഞുണ്ട്. പക്ഷേ, എനിക്കു കാണാൻ പോലും കിട്ടുന്നില്ല.

മെറ്റീരിയൽ സപ്ലൈ ചെയ്യുന്ന കമ്പനിയിലെ ഡ്രൈവറായിരുന്നു ഞാൻ. പക്ഷേ, വിഷ്ണു സ്കൂളിൽ നിന്ന് വരുമ്പോഴേക്കും എത്താനാകുന്നില്ല. പല ജോലികൾക്കും പോയിനോക്കി. സമയം ശരിയാകാത്തതുകൊണ്ട് നിർത്തി. വണ്ടിയുടെ ബ്രോക്കർ പണിയും അല്ലറ ചില്ലറ കാര്യങ്ങളുമായി കഴിഞ്ഞു കൂടാനുള്ള വക നേടുന്നുണ്ട്. രണ്ടു വയറല്ലേ, റേഷൻ കടയിൽ നിന്നു കിട്ടുന്ന അരിയിൽ അതങ്ങു കഴിഞ്ഞോളും. കടലുണ്ടി പുഴ അടുത്തുള്ളതുകൊണ്ട് മീൻ നല്ല ലാഭത്തിനു കിട്ടും. പിന്നെ, ഓട്ടട ചുടും. ഇഡ്ഡലി, ദോശ, പുട്ട് ഒക്കെയുണ്ടാക്കും. അതെല്ലാം അവന്റെ ഇഷ്ടങ്ങളാണ്. ഇടയ്ക്ക് ബിരിയാണി വാങ്ങി കൊടുത്താൽ സന്തോഷമായി. ഒഴിവു ദിവസം ടിവിയിൽ കോമഡി പരിപാടി കണ്ടിരിക്കും. പിന്നെ, അടുത്ത വീട്ടിലെ പിള്ളേര് ഫുട്ബോൾ കളിക്കുന്നതു നോക്കി നിൽക്കും. എന്നാലും എപ്പോഴും ഒരു കണ്ണു വേണം. ഒരിടത്തേക്കും ഞങ്ങൾ പോകാറില്ല. ആൾക്കാരുടെ തുറിച്ചുനോട്ടം വലിയ വിഷമമാണ്. അതവനെ അസ്വസ്ഥനാക്കും.

കുറച്ചുനാൾ മുൻപു വരെ കുളിപ്പിക്കലും മറ്റു കാര്യങ്ങളും ചെയ്തു കൊടുക്കണമായിരുന്നു. ഇപ്പോൾ നിർദേശങ്ങൾ കൊടുക്കലേയുള്ളൂ. ‘വയറിൽ സോപ്പു തേക്ക്, കാലിൽ...’ ഇങ്ങനെ ഓരോന്ന് പറഞ്ഞാൽ അതനുസരിച്ച് ചെയ്യും. ഷർട്ടിന്റെ ബട്ടൻസ് ശരിക്കിട്ടാൽ അപ്പോൾ എന്നെ നോക്കും. ആ സ മയത്ത് അഭിനന്ദിച്ച് ഷേക്ക്ഹാൻഡ് കൊടുത്തില്ലേൽ പിന്നെ, സങ്കടമാണ്. സംസാരിക്കാനൊന്നും കഴിയൂല്ല. അവന്റെ ഒച്ചയിൽ ഓരോന്ന് പറയും. ഇപ്പോൾ കേട്ടു കേട്ട് ഞാനിങ്ങനെ കാര്യങ്ങൾ വേർതിരിച്ചെടുക്കും. ഒരു കാര്യത്തിനും പരിപൂർണതയില്ല. എന്നാലും ഇത്രേം എത്തിയല്ലോ.

ഇപ്പോൾ താമസിക്കുന്ന വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി. തൊട്ടടുത്ത് ഒരു കടമുറി പണിയണം. അതിനു മുകളിൽ ഒരു മുറിയും അടുക്കളയും തട്ടിക്കൂട്ടണം. കടയിലാകുമ്പോൾ അവന്റെ സ്കൂൾ സമയം പ്രശ്നമാകില്ലല്ലോ. കുഞ്ഞിന്റെ ഏറ്റവും വലിയ സന്തോഷം സ്കൂളിൽ പോകുന്നതാണ്. അതിനു മുടക്കം വരാതെ നോക്കണം.

ജീവിതത്തിൽ പ്രതീക്ഷകളൊന്നുമില്ല. എത്ര വരെ പോകുമോ അത്രയും പോകട്ടെ. പിന്നെ, എല്ലാം വിധി പോലെ വരട്ടെ. അല്ലേ?

Tags:
  • Spotlight
  • Vanitha Exclusive