Wednesday 21 October 2020 04:54 PM IST

ഒരു രൂപ പോലും മുടക്കുമുതൽ ഇല്ലാതെ സംരംഭകയായി, ഇപ്പോൾ ജ്യോതിയുടെ മാസ വരുമാനം 30,000 വരെ

Tency Jacob

Sub Editor

jyothi-business

ഒരു രൂപ പോലും മുടക്കുമുതൽ ഇല്ലാതെ സംരംഭക ആകാൻ കഴിയുമോ! സംശയമുണ്ടോ? എങ്കിൽ കായംകുളത്തുള്ള ജ്യോതി എൽസ ജെയിംസ് എന്ന സംരംഭകയുടെ വിജയത്തെക്കുറിച്ചു നിങ്ങളറിയുക തന്നെ വേണം. എംബിഎ പഠനം കഴിഞ്ഞ് ടെക്നോപാർക്കിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ജ്യോതിക്കു സംരംഭകയാവുക എന്നതു എക്കാലത്തെയും വലിയൊരു സ്വപ്നമായിരുന്നു. സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി പലവഴികളും പരീക്ഷിച്ചിരുന്നെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല. 

‘‘വളരെ യാദൃശ്ചികമായി ഒരേ പാറ്റേണിലുള്ള രണ്ടു സൽവാറുകൾ കിട്ടി. ഒരെണ്ണം സ്വന്തം എഫ്ബി പേജിലൂടെ വിപണനം നടത്താൻ ശ്രമിച്ചതാണു വഴിത്തിരിവായി മാറിയത്. മൊബൈലിൽ സൽവാറിന്റെ ഒരു ഫോട്ടോയെടുത്തു‘ഫോർ സെയിൽ’ എന്ന ക്യാപ്ഷൻ നൽകി സ്വന്തം എഫ്ബി പേജിൽ പോസ്റ്റ് ചെയ്ത് അധികം സമയം കഴിയുന്നതിനു മുൻപു തന്നെ ഒട്ടനവധി ആവശ്യക്കാരെത്തി. അതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി.’’- യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ലാഭനഷ്ടക്കണക്കുകൾ പറയാനില്ലാതെ ആദ്യമായി ഇങ്ങനെ ഒരു വിപണനം നടത്തിയതു ജ്യോതിയെ ഏറെ ചിന്തിപ്പിച്ചു. ഭർത്താവ് ചിന്റുവിനോടു ഇത്തരമൊരു ബിസിനസ് ചെയ്താലോ എന്ന ആശയം അവതരിപ്പിച്ചപ്പോൾ ടെക്‌നോപാർക്ക് ജീവനക്കാരനായ അദ്ദേഹം പൂർണ്ണ പിന്തുണയും പ്രചോദനവുമായി ഒപ്പം ചേർന്നു. 

തിരക്കിനിടയിൽ ഒരു അഞ്ചുമിനിറ്റ് കിട്ടിയാൽ, കയ്യിൽ മൊബൈൽഫോണുമായി ഇരിക്കുന്നവരാണു നമ്മളോരോരുത്തരും. വെറുതെ ഫെയ്സ്ബുക്കിലോ വാട്സാപ്പിലോ സ്ക്രോൾ ചെയ്തുകൊണ്ടേയിരിക്കും.എന്തുകൊണ്ടു സോഷ്യൽമീഡിയ തന്നെ ഒരു സംരംഭ മാർഗമാക്കിക്കൂടാ എന്ന ചിന്തയാണ് ജ്യോതിയെയും ഭർത്താവ് ചിന്റുവർഗീസിനെയും റീ സെല്ലിങ് എന്ന ആശയത്തിലേക്ക് നയിച്ചത്.

 ‘‘ആദ്യം തന്നെ ഡ്രസ്സ് റീ സെല്ലിങ് മേഖലയെക്കുറിച്ച് കാര്യമായി പഠിച്ചു. കടയിൽ പോയി എന്റെ ഇഷ്ടത്തിനനുസരിച്ചു കുറച്ചു ചുരിദാറും സാരിയും വാങ്ങി. അടുത്തറിയാവുന്ന കൂട്ടുകാരെയും കുടുംബക്കാരെയും മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വാട്സ്ആപ്പ്ഗ്രൂപ്പ് തുടങ്ങി. പിന്നെ,ഒരു ഫേസ്ബുക്ക് പേജും. ഫോണുപയോഗിച്ചു സാരിയുടെയും മറ്റും ഫോട്ടോ എടുത്തു പോസ്റ്റു ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എല്ലാം വിറ്റു പോയി. അതു ആത്മവിശ്വാസം വർധിപ്പിച്ചു.ചില ഹോൾസെയിലേഴ്സിനേയും മാനുഫാക്ചേഴ്സിനേയും നേരിട്ടു കണ്ട് ചർച്ച നടത്തി, അവരുമായി ബിസിനസ് ധാരണയായി. അവരുടെ പ്രൊഡക്ട്സിന്റെ ഫോട്ടോസാണ് നമുക്ക് അയച്ചു തരുന്നത്. അതു നമ്മൾ ക്രിയേറ്റു ചെയ്ത ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യും. ഓർഡർ കിട്ടുന്നതിനനുസരിച്ചു വാങ്ങി കസ്റ്റമർക്കു അയച്ചു കൊടുക്കും.’’- ജ്യോതി പറയുന്നു.

അങ്ങനെ 2018 ൽതുടങ്ങിയ Jo's Magical Threads’ എന്ന ഓൺലൈൻ സംരംഭം  മൂന്നുവർഷം പിന്നിടുമ്പോൾ പത്തോളം വാട്സപ്പ്ഗ്രൂപ്പുകളും ലോകമെമ്പാടും വിപണനവുമായി മുന്നേറുകയാണ്. കസ്റ്റമർക്ക് ലോകത്തിന്റെ ഏതു കോണിലിരുന്നുകൊണ്ടും വസ്ത്രങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം .വിരൽത്തുമ്പിലെ ഒറ്റക്ലിക്കിൽ ഓർഡർ ചെയ്ത ഡ്രസ്സ് പടിവാതിൽക്കൽ എത്തും. എന്തെങ്കിലും ഡാമേജുകളോ ഇഷ്ടക്കുറവോ സംഭവിച്ചാൽ അവ തിരിച്ചു അയക്കുന്നതിനും പുതിയവ ഓർഡർ ചെയ്യുന്നതിനും സൗകര്യമുണ്ട്. അതുപോലെതന്നെ ഇരുപത്തിനാലു മണിക്കൂറും ലഭ്യമാകുന്ന കസ്റ്റമർ സർവീസും എടുത്തു പറയേണ്ടതാണ്.

‘‘വെറുതെ ഒരു നേരമ്പോക്കിനു വേണ്ടി തുടങ്ങിയതാണെങ്കിലും, ഇപ്പോൾ അങ്ങനെയല്ല. വിവാഹവസ്ത്രങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ. ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ, ബ്രൈഡൽ വെയർ,ജ്വല്ലറി വെയർ തുടങ്ങി എല്ലാം ചെയ്തു കൊടുക്കുന്നുണ്ട്.ഈ ഓണക്കാലത്ത് ഗൾഫിൽ നിന്നുള്ള ബിസിനസ് നല്ല പോലെയുണ്ടായിരുന്നു.വീട്ടിലെല്ലാവർക്കും വേണ്ട ഓണക്കോടി ഓർഡർ ചെയ്ത ഒരുപാടു പ്രവാസികളുണ്ടായിരുന്നു. മിനിമം മുപ്പതിനായിരം രൂപ വരെ ഒരു മാസം ലാഭം കിട്ടും.സീസൺ വരുമ്പോൾ അതിൽ കൂടുതലും.സ്വന്തമായി ഒരു ബൂട്ടിക്, അതാണ് ഇനിയുള്ള ലക്ഷ്യം.’’- ജ്യോതി സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കുന്ന തിരക്കിലാണ്.  

സ്വന്തമായി  ഒരു ബിസിനസ് എന്ന ആഗ്രഹം ഉള്ളിലുള്ളവർക്ക്  മുടക്കുമുതൽ, സ്വന്തമായി സ്ഥാപനം,വിപണി എന്നിങ്ങനെയുള്ള കാര്യങ്ങൾ തടസ്സമാവില്ലെന്നു ജ്യോതിയുടെ വിജയം പറയുന്നു.

Tags:
  • Spotlight
  • Motivational Story