Monday 09 March 2020 10:55 AM IST

‘കൊറോണ മരണസാധ്യത നിരക്ക് രണ്ട് ശതമാനം; നിപ്പയെപ്പോലെ കില്ലർ വൈറസ് അല്ല’: കെ കെ ശൈലജ ടീച്ചർ

Sujith P Nair

Sub Editor

kkgcftdtvb

നിപ്പയ്ക്കു പിന്നാലെ കേരളത്തെ ഭയപ്പാടിലാക്കിയ കൊറോണ രോഗബാധയെ പറ്റിയും ആരോഗ്യരംഗത്തെ മുന്നേറ്റങ്ങളെ കുറിച്ചും  കെ.കെ. ശൈലജ ടീച്ചർ..

ആദ്യം നിപ്പ, ഇപ്പോള്‍ കൊറോണ?

ആരോഗ്യരംഗത്ത് കേരളം പിന്നില്‍ ആണെന്നല്ല ഇതു കാണിക്കുന്നത്. വേറെ ഏതെങ്കിലും സംസ്ഥാനത്താണ് നിപ്പ പടർന്നതെങ്കിൽ മരണസംഖ്യ എത്ര ഉയരുമെന്ന് ചിന്തിച്ചിട്ടുണ്ടോ. രോഗം കണ്ടെത്താനും പടരുന്നത് തടയാനും കഴിഞ്ഞതാണ് ആഘാതം കുറയാന്‍ കാരണം. രണ്ടാമത് നിപ്പ വന്നപ്പോഴും നമ്മള്‍ ഫലപ്രദമായി പ്രതിരോധിച്ചു.

കൊറോണയെ നേരിടാന്‍ ടീച്ചറും ടീമും റെഡിയാണോ?

ഡോ. രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തില്‍ ടീമിനെ തയാറാക്കുകയാണ് ആദ്യം ചെയ്തത്. കേരളത്തിലെ അഞ്ച് എയര്‍പോര്‍ട്ടിലും മോണിറ്ററിങ് സംവിധാനം ഒരുക്കി. ഇന്റര്‍നാഷനല്‍ പാസഞ്ചേഴ്‌സിന് ഹെല്‍ത്ത് കാര്‍ഡ് നല്‍കി. ഇതില്‍ യാത്രാവിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തി. ചൈന ഉള്‍പ്പെടെ രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവരെ ട്രാന്‍സിറ്റ് റൂമിലേക്കു മാറ്റി പരിശോധിച്ചു. സംശയം തോന്നിയവരെ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.

വെല്ലുവിളിയായി തോന്നുന്നതെന്ത് ?

മറ്റു സംസ്ഥാനങ്ങളിൽ വിമാനം ഇറങ്ങി കേരളത്തിലേക്ക് വന്നവരെ കണ്ടെത്തലായിരുന്നു വെല്ലുവിളി. ചൈനയില്‍ പോയി വന്ന പലരും സ്വയം മുന്നോട്ടുവന്ന് പരിശോധന നടത്തിയെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ജനങ്ങളുടെ പിന്തുണയാണ് ആരോഗ്യവകുപ്പിന്റെ കരുത്ത്.

ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത് ?

ഭയം ഒന്നിനും പരിഹാരമല്ല. രണ്ടു പ്രളയത്തെ തോല്‍പ്പിച്ചവരല്ലേ. കൊറോണക്കാലവും നമ്മള്‍ അതിജീവിക്കും.

നിപ്പയാണോ കൊറോണയാണോ കൊടുംഭീകരന്‍ ?

കൊറോണയെ അപേക്ഷിച്ച് കില്ലർ വൈറസാണ് നിപ്പ. കൊറോണ മരണസാധ്യത നിരക്ക് രണ്ട് ശതമാനമാണ്.

രക്ഷാദൗത്യ സംഘത്തില്‍ മലയാളി നഴ്സുമുണ്ട് ?

ലോകാരോഗ്യ സംഘടന വരെ നമ്മളെ ശ്രദ്ധിച്ചു തുടങ്ങി. ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ പോയ സംഘത്തില്‍ രണ്ടു മലയാളികൾ ഉണ്ടായിരുന്നു. മറ്റു രാജ്യങ്ങളും  നമ്മള്‍ പകര്‍ച്ചവ്യാധികളെ നേരിടുന്നത് പഠിക്കാന്‍ താൽപര്യപ്പെട്ട് വരുന്നുണ്ട്.

ഈ ടെന്‍ഷൻ എങ്ങനെ അതിജീവിക്കുന്നു ?

ഒപ്പമുള്ളവരുടെ പിന്തുണയാണ് കരുത്ത്. മുഖ്യമന്ത്രിയുടെ പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതാണ്. എന്റെ ടീമിലുള്ളവർ പലരും ഉറക്കം പോലും ഉപേക്ഷിച്ചാണ് പ്രവർത്തിക്കുന്നത്.

ഇപ്പോഴും ഉറക്കമില്ലാ പരീക്ഷണ രാത്രികളുണ്ടോ ?

ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുക. പരീക്ഷണങ്ങളെ അതിജീവിക്കുക. തിരിച്ചടികളിൽ നിന്നു പോലും പൊസിറ്റിവ് വശം ഉൾക്കോള്ളുക, അതാണ് രീതി.

അന്ധവിശ്വാസങ്ങളെ നേരിടാന്‍ ബുദ്ധിമുട്ടിയോ ?

ചിലര്‍ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. പരിശ്രമിച്ചിട്ടാണെങ്കിലും അതിൽ തെറ്റായ പല ചിന്താഗതികളും മാറ്റാനായി.

കേരളം പുതിയ രോഗങ്ങളുടെ നാടാകുന്നോ ?

ലോകം മുഴുവന്‍ പുതിയ തരം രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലാവസ്ഥാ മാറ്റമടക്കം ഇതിനു കാരണമാകാം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മുഖഛായ മാറി ?

ജീവിതശൈലി രോഗങ്ങള്‍ അടക്കം ചികിത്സിക്കുന്ന തരത്തിലേക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ ഉയര്‍ത്തി. സംസ്ഥാനത്തെ 300 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ബാക്കിയുള്ള പി. എച്ച്.സികളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനൊരുങ്ങുന്നു.

സ്വപ്നപദ്ധതികള്‍ എന്തൊക്കെ ?

സേവന മികവ് വര്‍ധിപ്പിക്കുക, ചികിത്സാ ചെലവ് കുറയ്ക്കുക എന്നതാണ് പ്രഖ്യാപിതനയം. ആര്‍ദ്രം മിഷന്‍ അതിന്റെ ഭാഗമാണ്.

ഫെയ്സ്ബുക്കിലൂടെയും പ്രശ്നപരിഹാരമുണ്ട് ?

മെസഞ്ചറിലോ ഫെയ്സ്ബുക്കിലോ കൂടെ അറിയിച്ചാലും  ഉടൻ പരിഹാരത്തിന് എന്റെ സോഷ്യൽ മീഡിയ ടീം സജ്ജമാണ്. പുതിയ കാലത്തിൽ ഇതൊക്കെ പ്രധാനമാണ്.

വീണ്ടും ആരോഗ്യവകുപ്പ് തന്നെ ലഭിച്ചാല്‍ ?

ആര് മന്ത്രി ആയാലും ഈ സർക്കാരിന്റെ പ്രവർത്തന മികവ് തുടരും.

കേരളത്തിലെ സ്ത്രീകളാണോ ആരോഗ്യമുള്ളവര്‍ ?

ആരോഗ്യരംഗത്ത് സ്ത്രീപുരുഷ സമത്വമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

മന്ത്രിസഭയില്‍ ഏറ്റവും ‘ഫിറ്റ്’ ആരാണ് ?

ഓരോരുത്തരും അവരുടെ വകുപ്പുകളില്‍ ‘ഫിറ്റ്’ ആണ്.

കേന്ദ്രവുമായുള്ള ബന്ധം ‘ആരോഗ്യ’കരമാണോ ?

അഭിനന്ദനവും പിന്തുണയുമുണ്ട്. ഫണ്ട് മാത്രം ഇല്ല.

ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആകുമോ ?

ഒരു കമ്യൂണിസ്റ്റിനോട് ഈ ചോദ്യം തന്നെ അനാവശ്യമാണ്.

‘ടീച്ചറി’നാണോ, ‘മന്ത്രി’ക്കാണോ കൂടുതല്‍ മാര്‍ക്ക് ?

ഞാനല്ലല്ലോ മാര്‍ക്കിടേണ്ടത്.

‘ടീച്ചറമ്മ’ എന്ന വിളി കേൾക്കുമ്പോൾ ?

ജനങ്ങളുടെ സ്നേഹമല്ലേ, സന്തോഷം.

Tags:
  • Motivational Story