Tuesday 19 November 2019 12:14 PM IST : By സ്വന്തം ലേഖകൻ

ഒരാഴ്ച കൊണ്ട് കിടിലൻ ഇലക്ട്രിക് ബൈക്ക്; പേര് പോലെത്തന്നെ ‘കടുവ’യാണ് ഈ വർക്ക്ഷോപ്പ്!

electric-bike4456

‘കടുവാക്കര’ എന്ന പേരിൽ വർക്ക്ഷോപ്പ് നടത്തുന്ന സജീഷ് ഒരാഴ്ച കൊണ്ട് നിർമ്മിച്ച ഒരു സീറ്റുള്ള ഇലക്ട്രിക് ബൈക്കാണ് സോഷ്യൽ മീഡിയയിലെ താരം. ഒറ്റ ചാർജിൽ 70 കിലോമീറ്റർ വരെ ഓടാൻ കപ്പാസിറ്റിയുള്ളതാണ് ഈ ബൈക്ക്. ‘നമ്മുടെ സ്വന്തം പെരുമ്പാവൂർ’ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് വർക്ക്ഷോപ്പ് ഉടമ സജീഷിന്റെയും ഇലക്ട്രിക് ബൈക്കിന്റെയും വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

‘നമ്മുടെ സ്വന്തം പെരുമ്പാവൂർ’ പേജിൽ വന്ന കുറിപ്പ് വായിക്കാം; 

പെരുമ്പാവൂര്‍ കോലഞ്ചേരി റോഡില്‍ അല്ലപ്ര കവലയ്ക്ക് സമീപം ഒരു പാച്ച് വര്‍ക്ക്ഷോപ്പ് പേര് ‘കടുവാക്കര’. ഈ പേരുമായി സ്ഥാപനത്തിനോ സ്ഥാപനം നടത്തുന്നയാള്‍ക്കോ സാമ്യം ഇല്ലെങ്കിലും തറവാട്ട് പേരാണ് കടുവാക്കര. നാട്ടുകാര്‍ കടുവയുടെ വര്‍ക്ക്ഷോപ്പ് എന്ന് വിളിക്കും. പെരുമ്പാവൂര്‍ മേഖലയിലെ ഒന്നാം നമ്പര്‍ വര്‍ക്ക്ഷോപ്പ്! കഥ അതല്ല. 

നിരവധി കാറുകളും ബൈക്കുകളും അനുബദ്ധ വാഹനങ്ങളും കടുവയുടെ സ്പര്‍ശനമേറ്റാണ് രൂപഭംഗി പ്രാപിക്കുന്നത് എന്ന് പറഞ്ഞാല്‍ തെറ്റില്ല. പണിയുടെ ഇടവേളകളില്‍ ഒരു സീറ്റുളള ഇലക്ട്രിക്ക് ബൈക്ക് ഒരാഴ്ച കൊണ്ട് നിര്‍മ്മിച്ച് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് കടുവ.

നല്ല ഒന്നാന്തരം നിലവാരത്തിലുളള ചാര്‍ജിങ് പോയിന്റും, അത്യാവശ്യം 70 കിലോമീറ്റര്‍ വരെ ഓടാന്‍ കപ്പാസിറ്റിയുളള ബൈക്ക് തനത് കമ്പനിക്കാരെ വെല്ലുന്ന ഗുണമേന്‍മ ഉള്ളതാണ്. രജിസ്ട്രേഷന്‍ ആവശ്യം ഇല്ലാത്ത ബൈക്ക് സ്വന്തം ഉപയോഗത്തിനാണെന്ന് മാത്രം. മറ്റാര്‍ക്കും വേണ്ടി നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കരുത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞിട്ടുണ്ട്.

25 വര്‍ഷമായി പാച്ച് വര്‍ക്ക് രംഗത്ത് പ്രവര്‍ത്തിക്കുന്ന കുറുപ്പുംപടി വായ്ക്കര കടുവാക്കര സജീഷ്. ഒരു നല്ല പണിക്കാരന്‍ എന്നതിലുപരി സ്വന്തം മേഖലയില്‍ ഒരു വിദഗ്ദ്ധന്‍ കൂടിയാണ്..!

Tags:
  • Spotlight
  • Social Media Viral