Tuesday 23 October 2018 04:07 PM IST

‘ഒരു പക്ഷേ നാളെ അവരെന്നെ കൊന്നേക്കാം, പക്ഷേ ആസിഫക്ക് നീതി കിട്ടാതെ പിന്നോട്ടില്ല’; കഠ്‍വയിലെ പെൺസിംഹം ദീപിക സിങ് രജാവത് പറയുന്നു

Shyama

Sub Editor

kathva ഫോട്ടോ: ശ്യാം ബാബു

എങ്ങനെ നിങ്ങൾക്ക് അതു കേട്ടിട്ട് മിണ്ടാതിരിക്കാൻ കഴിഞ്ഞു? എങ്ങനെ നിങ്ങൾക്ക് സുഖമായി ഉറങ്ങാൻ കഴിഞ്ഞു? എങ്ങനെ നിങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ജീവിക്കുന്നു? നാളെ സ്വന്തം വീട്ടിൽ ഇങ്ങനൊരു കാര്യം നടന്നാലും നിങ്ങൾ മൗനം പാലിക്കുമോ?.... എന്തുകൊണ്ട് കഠ്‌വ കേസ് ഏറ്റെടുത്തു എന്ന ചോദ്യത്തിനു മറുചോദ്യങ്ങളായി ദീപിക സിങ് രജാവത് ഉന്നയിച്ച ഈ ചോദ്യങ്ങൾ നമ്മൾ ഓരോരുത്തരുടെയും നേർക്കു തീപ്പന്തം കൊളുത്തിയ ശരങ്ങളായി പാഞ്ഞടുക്കുന്നുണ്ട്.

‘അവളെ പോലൊരു മകൾ എനിക്കുമുണ്ട്. അവളെ പോലെ ഒരുപാട് കുഞ്ഞുങ്ങൾ ഈ മണ്ണിൽ ഇനിയും പിറക്കാനുണ്ട്, അവർക്കെല്ലാം വേണ്ടിയാണ് എന്റെ ശബ്ദം. ഒരുപക്ഷേ, നാ ളെ അവരെന്നെ കൊന്നേക്കാം. പക്ഷേ, അതു പേടിച്ച് ഈ യുദ്ധത്തിൽ നിന്നു ഞാൻ പിൻമാറില്ല! ഈ നാട്ടിൽ നീതിയില്ല എന്നു പറഞ്ഞ് വെറുതേയിരിക്കുകയല്ല ഞാൻ ചെയ്യുന്നത്, പോരാടുകയാണ്. നമ്മുടെ ജനത എനിക്കൊപ്പം നിന്നാൽ തെറ്റുകൾ തിരുത്തി നല്ലൊരു നാളെ നമുക്ക് നേടാം.

തുടക്കം മുതലേ ജാതി–മത പോരുണ്ടാക്കിയ കഠ്‌വ കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്?

എനിക്ക് അതെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എട്ടു വയസ്സു മാത്രം പ്രായമായൊരു പെൺകുഞ്ഞിനെ ഇത്ര ക്രൂരമായി പീഡിപ്പിച്ചു കൊന്നിട്ടും പലയാളുകളും പ്രതികരിക്കാതിരുന്നതിൽ മാത്രമേ അതിശയമുള്ളൂ! അതിൽ എങ്ങനെയാണ് ജാതിയും മതവും കാണാൻ കഴിയുന്നത്? പത്തു കൊല്ലമായി അഭിഭാഷകയായി ജോലി ചെയ്യുന്നു. ‘വോയിസ് ഫോർ റൈറ്റ്സ്’ എന്നൊരു സംഘടനയുടെ ചെയർപേഴ്സൺ കൂടിയാണ് ഞാൻ. ജമ്മു കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു വേണ്ടി അത് നിലകൊള്ളുന്നു. മുൻപും ഇത്തരം കേസുകൾ ഏറ്റെടുത്തിട്ടുണ്ട്. ഈ കേസിന്റെ കാര്യത്തിൽ ആ കുട്ടിയുടെ അമ്മയ്ക്കോ അച്ഛനോ കോടതിയെഎങ്ങനെ സമീപിക്കണമെന്നു പോലും അറിയില്ലായിരുന്നു. അവർക്ക് സംഭവിച്ച നഷ്ടം, അവരനുഭവിച്ച വേദന അതിനു പകരം വയ്ക്കാൻ ഒന്നുമില്ല. അവർക്കു വേണ്ടി, എന്റെ മനഃസാക്ഷിക്കു വേണ്ടിയാണ് ഞാൻ ഈ കേസ് ഏറ്റെടുത്തത്.

കേസ് ഏറ്റെടുത്തതോടെ ഞാൻ ചിലർക്ക് ഹിന്ദു വിരോധിയായി. പലരും ഏറ്റെടുക്കാൻ മടിച്ച കേസിൽ ഒരു മുസ്‍‌ലിം കുടുംബത്തെ സഹായിക്കാൻ ഒരു ഹിന്ദു തന്നെ മുന്നിട്ടിറങ്ങി എന്ന കാരണത്താൽ ഒരുകൂട്ടം അഭിഭാഷകർ തന്നെ എനിക്കെതിരായി തിരിഞ്ഞു. മാപ്പു നൽകാനാകാത്ത തെറ്റ് ഞാൻ ചെയ്തിരിക്കുന്നു എന്ന് സീനിയർ അഭിഭാഷകർ. പരസ്യമായി ഭീഷണികൾ വരാൻ തുടങ്ങിയപ്പോഴാണ് കേസ് നടത്താൻ എന്റെ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. അത് ഹൈക്കോടതി അംഗീകരിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റക്കാരെ പിടികൂടിയത്.

അധിക്ഷേപങ്ങളെയും ഭീഷണിയെയും എങ്ങനെയാണ് നേരിട്ടത്?

ഹിന്ദുവായ ഞാൻ ഹിന്ദുക്കൾക്കെതിരെ വാദിക്കാനിറങ്ങിയെന്നു പറഞ്ഞായിരുന്നു അധിക്ഷേപങ്ങൾ. അവരാണ് എന്നെ ‘ദേശവിരോധി’യാക്കി മുദ്രകുത്തിയത്. ആദ്യമൊക്കെ ഇതു കേട്ടപ്പോൾ ആക്രമിക്കപ്പെടുന്നതായിട്ടും മാനഭംഗം ചെയ്യപ്പെടുന്നതായിട്ടും ജീവനോടെ ചുട്ടെരിക്കുന്നതായിട്ടും ഒക്കെയാണ് തോന്നിയത്. പിന്നീട് എനിക്ക് മനസ്സിലായി ദേശീയത എന്റെ രക്തത്തിലൂടെ ഓടുന്ന വികാരമാണ്. ചുറ്റും നിന്നു ബ ഹളമുണ്ടാക്കുന്നവർക്കു മുന്നിൽ അത് തുറന്നു കാണിക്കേണ്ട ആവശ്യം എനിക്കില്ല.

kath ഫോട്ടോ: ശ്യാം ബാബു

എന്റെ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള പോരാട്ടത്തിലാണ് ഞാൻ. അതാണ് ‘ദേശവിരുദ്ധതയെങ്കിൽ... നിങ്ങൾക്കെന്നെ അങ്ങനെ വിളിക്കാം. അത്തരം ആക്ഷേപങ്ങൾ എന്നെ തളർത്തില്ല, ശക്തി കൂട്ടുകയേയുള്ളൂ.

ഇതൊക്കെ കൊണ്ട് ഞാൻ നിശബ്ദയാകുമെന്നു കരുതിയെങ്കിൽ തെറ്റി. കൂടുതൽ കൂടുതൽ ഉച്ചത്തിൽ ഞാൻ അനീതിക്കെതിരെ പോരാടും. ഞാൻ എതിർക്കുന്നത് മതത്തെ അല്ല. തെറ്റിനെയാണ്. അത് ആര് ചെയ്താലും അവരെനിക്ക് ശത്രുക്കളാണ്.

ഞാൻ വിശ്വസിക്കുന്ന നിയമമാണ് എന്റെ മതം. അതിനു മുന്നിൽ വേർതിരിവുകളില്ല, എല്ലാവരും സമന്മാരാണ്. ഒറ്റപ്പെടുത്തിയവരേക്കാൾ കൂടുതൽ ആളുകൾ എന്നെ അനുകൂലിക്കുകയാണ് ചെയ്തത്. സീനിയർ അഭിഭാഷകർ, ഉറ്റ സുഹൃത്തുക്കൾ, ജമ്മുവിലുള്ള ഒരുപറ്റം നല്ല മനുഷ്യർ, ലോകത്താകമാനമുള്ള മനുഷ്യസ്നേഹികളുടെ പിന്തുണ എനിക്കുണ്ട്.

ദേശീയ– ആഗോള മാധ്യമങ്ങൾ ഒപ്പം നിന്നു. ഹോളിവുഡ് നടിയും ഐക്യരാഷ്ട്ര സംഘടന സ്ത്രീ സുരക്ഷ ഗുഡ്‌വിൽ അംബാസഡറുമായ എമ വാട്സൺ വരെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഇതൊക്കെ കാണുമ്പോൾ വളരെയധികം സംതൃപ്തിയുണ്ട്. കുടുംബം എന്നും എനിക്കൊപ്പമുണ്ട്.

ആറു വയസ്സുള്ള മകള്‍ അഷ്ടമിയാണ് എന്റെ ഊർജ സ്രോതസ്സ്. മുത്തശ്ശി, ബഹ്റൈനിലുള്ള ഭർത്താവ്, അമ്മ, സഹോദരങ്ങൾ ഒക്കെ എന്റെ നട്ടെല്ലായി ഒപ്പം നിൽക്കുന്നു. ഞാൻ നിലകൊള്ളുന്ന കാര്യങ്ങളുടെ വലുപ്പവും ആഴവും അവർ മനസ്സിലാക്കുന്നു. അതിൽ അവർ അഭിമാനിക്കുന്നു. നീതി ലഭിക്കും വരെ പൊരുതാനുള്ള ഊർജവും എനിക്കുണ്ട്.

കശ്മീരിൽ ജനിച്ചയാൾ എന്ന നിലയിൽ അവിടു ത്തെ സാമൂഹിക അന്തരീക്ഷത്തെ വിലയിരുത്തുന്നത് എങ്ങനെയാണ് ?

ഞാൻ ജനിച്ചത് കശ്മീരിലാണെങ്കിലും 1986 ൽ എന്റെ ആറാം വയസ്സിൽ ഞങ്ങളുടെ കുടുംബം ജമ്മുവിലേക്ക് കുടിയേറി. കുടുംബത്തിലുള്ള പലരും വർഗീയതയുടെ കുടിയൊഴിപ്പിക്കൽ പോലുള്ള ദൂഷ്യവശങ്ങൾ നേരിട്ട് അനുഭവിച്ചവരാണ്. എന്നിട്ടും എന്റെ മുത്തശ്ശനും അച്ഛനുമൊക്കെ മതസൗഹാർദത്തെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. എല്ലാ വിഭാഗക്കാരുമായും നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. കശ്മീരിനു വർഗീയവാദത്തിന്റെ മുഖമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ നാട്ടിലും ഉള്ള പോലെ വർഗീയ വിഷം പടർത്തുന്ന ചിലരുണ്ട്, അവരാണ് എന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതും.എനിക്കറിയാവുന്ന കശ്മീരും അവിടുത്തെയാളുകളും നല്ലവരാണ്.

അച്ഛനും അമ്മയും അധ്യാപകരായിരുന്നു. സത്യത്തിനു വേണ്ടി നിലകൊള്ളണം എന്നു പഠിപ്പിച്ചു തന്നത് അവരാണ്. ആദ്യം ജേണലിസം പഠിച്ചു, കുറച്ചു നാൾ പത്രപ്രവർത്തകയായി. അതിനു ശേഷമാണ് നിയമം പഠിച്ച് വക്കീലായത്. എന്നെ ഞാനാക്കിയത് ഈ നാടാണ്. അതുകൊണ്ടു തന്നെ എനിക്ക് എന്റെ നാടിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. നന്മയേത് തിന്മയേത് എന്ന് തിരിച്ചറിയാനുള്ള ശക്തി എന്റെ നാടിന് ഇനിയും നഷ്ടപ്പെട്ടിട്ടില്ല.

നിലവിലുള്ള നിയമ വ്യവസ്ഥയിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടു വരണം എന്ന് ആഗ്രഹിക്കുന്നുണ്ടോ?

പുതിയ നിയമങ്ങളല്ല ഇപ്പോഴുള്ള നിയമങ്ങളുടെ ശരിയായ നടത്തിപ്പാണ് വേണ്ടത്. നടപ്പിലാക്കാൻ പറ്റാതെ പുതിയ നിയമങ്ങൾ മാത്രം ഉണ്ടാക്കുന്നതിൽ എന്തർഥം? എനിക്കു തോന്നുന്നത് എല്ലാ കേസുകൾക്കും ‘ഓഡിറ്റ്’ സംവിധാനം വരണമെന്നാണ്. ഒരാൾ ഒരു കേസ് ഏറ്റെടുക്കുന്നതു മുതൽ അതിൽ തീർപ്പു കൽപിക്കുന്ന കാര്യങ്ങൾക്ക് സമയനിഷ്ഠമായ ഓഡിറ്റിങ് ഉണ്ടാകണം.

എത്ര കേസുകൾ തീരാതെ കിടക്കുന്നു, എന്തൊക്കെ തടസ്സങ്ങളാണ് നേരിട്ടത്, അതെങ്ങനെ പരിഹരിക്കാം എന്നൊക്കെ ഇതിലൂടെ അറിയാം. കെട്ടിക്കിടക്കുന്ന കേസുകൾ കുറയ്ക്കാൻ ഇത്തരമൊരു സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് എന്റെ അഭിപ്രായം.

മുൻപത്തെക്കാൾ സ്വതന്ത്രമാണ് ഇന്ത്യൻ സാ മൂഹിക അന്തരീക്ഷം എന്ന വാദത്തെക്കുറിച്ച്?

ഞാൻ രാഷ്ട്രീയം പറയാൻ ആഗ്രഹിക്കുന്നില്ല. ഒരു പാർട്ടി ന ല്ലതെന്നും മറ്റേതു മോശമെന്നും പറയുന്നില്ല, എന്റെ പ്രവർത്തന മേഖല വേറെയാണ്. പക്ഷേ, ഒന്നു ചോദിക്കട്ടേ... പറഞ്ഞു നടക്കുന്നത്ര സ്വാതന്ത്ര്യം നമുക്കുണ്ടോ?

ഒരു കൊച്ചുകുഞ്ഞിനു നിർഭയമായി നടക്കാൻ കഴിയാത്തപ്പോൾ, പീഡനം നടക്കുന്നതു തടയാതെ അത് വിഡിയോയിൽ പകർത്തി രസിക്കുമ്പോൾ, സ്വന്തം വീട്ടിൽ ഭയമില്ലാതെ ഉറങ്ങാൻ കഴിയാത്തപ്പോൾ, നാടു കാണാൻ വരുന്ന വിദേശികൾ അക്രമിക്കപ്പെടുമ്പോൾ, സ്ത്രീകൾക്കു നേരെ പട്ടാപ്പകൽ വരെ ആക്രമണമുണ്ടാകുമ്പോൾ... നമ്മൾ എങ്ങനെ സ്വതന്ത്രർ എന്നു സ്വയം വിശേഷിപ്പിക്കും? ഇനി ഇതിനൊക്കെ എതിരെ ആരെങ്കിലും ശബ്ദമുയർത്തിയാൽ ആ വ്യക്തിയെ സ്വഭാവഹത്യ നടത്തി ട്രോളി രസിക്കുന്നവരും കുറവല്ല.

എല്ലാവർക്കും സമൂഹത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരമ്മയെന്ന നിലയിൽ, ഒരഭിഭാഷക എന്ന നിലയിൽ, ഈ രാജ്യത്തെ പൗരൻ എന്ന നിലയിൽ ഇത്തരത്തിലൊരു നല്ല മാറ്റത്തിനായാണ് ഞാൻ ശ്രമിക്കുന്നത്. നമ്മൾ ഓരോരുത്തരും മാറ്റത്തിനായി ശ്രമിക്കാതെ അതിനു വേണ്ടി പോരാടാതെ അതു സംഭവിക്കില്ല! ‘ഈ നാടു നന്നാകില്ല, ഇതൊക്കെ പണ്ടു മുതലേ ഇങ്ങനെയാണ്’ എന്നൊക്കെ പരാതി പറയുന്ന ധാരാളം ആളുകളെ ഞാൻ എന്നും കാണാറുണ്ട്. അവരോടൊക്കെ ഒന്നേ ചോദി ക്കാനുള്ളൂ ‘അതിക്രമങ്ങളെ മാറ്റാൻ അതിനെതിരെ പോരാടാനുള്ള കടമ, ഈ നാടു നന്നാക്കാനുള്ള കർത്തവ്യം അത് നിങ്ങൾക്കുമില്ലേ?’

‘നിങ്ങൾക്ക് പറക്കാൻ സാധിക്കുന്നില്ലെങ്കിൽ ഓടുക, ഓ ടാൻ കഴിഞ്ഞില്ലെങ്കിൽ നടക്കുക, നടക്കാൻ പറ്റുന്നില്ലെങ്കിൽ ഇഴയുക... എന്തു തന്നെയായാലും മുന്നോട്ട് പോകുക.’ മാർട്ടിൻ ലൂതർ കിങ് ജൂനിയറിന്റെ വാചകമാണിത്. ഇത് തന്നെയാണ് എനിക്കു പറയാനുള്ളത്. നിന്നു പോകാതെ, ചീയാതെ... വളരുക!

അഭിഭാഷകയ്ക്കപ്പുറം ദീപിക എന്ന അമ്മയെകുറിച്ചും വീട്ടമ്മയെ കുറിച്ചും പറയാമോ?

വീടുമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്നയാളാണ് ഞാ ൻ. ഒഴിവു സമയങ്ങളിൽ മകൾക്കൊപ്പമിരിക്കാനും അവളുടെ കൂടെ കളിക്കാനുമാണിഷ്ടം. പാചകം ചെയ്യുന്നതും വീടു വൃത്തിയാക്കി മോടി പിടിപ്പിക്കുന്നതുമൊക്കെയാണ് ഇഷ്ടപ്പെട്ട കാര്യങ്ങൾ. ഞാൻ തളർന്നു പോകുമ്പോൾ ഓടിപ്പോയി കിടക്കുന്നത് മുത്തശ്ശിയുടെയടുത്താണ്. അവരാണ് എന്റെ കണ്ണീരൊപ്പി മനസ്സിൽ ഉന്മേഷം നിറച്ചു തരുന്നത്. വീട്ടിലാകുമ്പോൾ എല്ലാം മറന്ന് അവിടെ ഇരിക്കാനാണിഷ്ടം. പണ്ട് എഴുത്തും വായനയുമൊക്കെയുണ്ടായിരുന്നു... ഇപ്പോൾ അതിനൊന്നും സമയം കിട്ടാറില്ല.

കേരളത്തെ കുറിച്ച് എന്താണ് അഭിപ്രായം?

ജാതി, മതം ഇതിനൊക്കെ അപ്പുറം നിന്ന് വളരെ സെൻസിബിളായി ചിന്തിക്കുന്ന ആളുകളാണിവിടെ. എനിക്ക് ഒരുപാട് പിന്തുണയും ആദരവും ഈ നാട്ടിൽ നിന്നു കിട്ടിയിട്ടുണ്ട്. പല ത വണ വന്നിട്ടുണ്ട് കേരളത്തിൽ. ഇനി വരുമ്പോൾ മകളെ കൂടി ഒപ്പം കൊണ്ടുവരണം എന്ന് ആഗ്രഹമുണ്ട്.

കഠ്‌വ കേസിന്റെ അവസ്ഥ എന്താണ്? ആ കുട്ടി യുടെ വീട്ടുകാർ സുരക്ഷിതരാണോ?

കേസ് നടക്കുന്നു. ആ കുടുംബം സുരക്ഷിതരാണ്. അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ആ കുടുംബത്തിനു നീതി കിട്ടും എന്നതിൽ സംശയമില്ല.

കുറച്ച് പേർ എതിർപ്പും ഭീഷണിയുമായി രംഗത്തുണ്ടെങ്കിലും രാജ്യത്തെ ബഹുഭൂരിപക്ഷവും അങ്ങനെ ചിന്തിക്കുന്നവരല്ല. പ്രശ്നങ്ങളുണ്ടെങ്കിൽ തന്നെ അതു തീർക്കാൻ ഇവിടെ നിയമവും നിയമ പാലകരുമുണ്ട്.

എന്താണ് സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കും നൽകാനുള്ള ഉപദേശം?

മൗനം വെടിയുക! അനീതി ചെയ്യുന്നതിനേക്കാൾ ഭീകരമാണ് അനീതി കണ്ടിട്ടും മിണ്ടാതിരിക്കുന്നത്. നിങ്ങൾക്കുള്ളിലെ ശ ക്തി അറിയുക, അതു തിരിച്ചറിഞ്ഞാൽ പിന്നെ, നിങ്ങളെ ത കർക്കാൻ കഴിയില്ല. ആരു പിന്നോട്ട് വലിക്കാൻ ശ്രമിച്ചാലും നിങ്ങൾ മുന്നേറുക തന്നെ ചെയ്യും.

പെൺകുട്ടികളുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും ഭാരം കൂട്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്...‘നീ തനിച്ചു നടന്നാൽ ഇങ്ങനെ സംഭവിക്കും, നീ ഇങ്ങനെ പെരുമാറിയില്ലെങ്കിൽ ശരിയാകില്ല...’ എന്നൊക്കെ കേട്ടാണ് പല പെൺകുട്ടികളും വളരുന്നത്. ഈ ചിന്താഗതിയാണ് മാറേണ്ടത്. മുതിർന്ന തലമുറ അതിനു മുൻകൈ എടുക്കണം.

ചെറുപ്രായം മുതല്‍ പലതരം മാനസിക സമ്മർദങ്ങളും ന മ്മുടെ പെൺകുട്ടികൾ അനുഭവിക്കുന്നുണ്ട്. െപൺകുട്ടികളെ കരുത്തരാക്കുക. അതിക്രമം വന്നാൽ ചെറുക്കാൻ പഠിപ്പിക്കുക, പ്രതികരിക്കാൻ ശീലിപ്പിക്കുക.

പെൺകുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം തന്നെ ആൺകുട്ടികളെയും പഠിപ്പിക്കേണ്ടതുണ്ട്. സംസ്കാര സമ്പന്നം എന്ന് അവകാശപ്പെടുന്ന പല വീടുകളിലും ആൺകുട്ടികൾ പെൺകുട്ടികളെ അടിക്കും, ചെറുപ്രായത്തിലിതു പ്രോത്സാഹിപ്പിക്കുന്ന, അല്ലെങ്കിൽ ഇത് കണ്ടിട്ടും മകനെ തിരുത്താത്ത മാതാപിതാക്കളുണ്ട്. ‘അവൾ ഒരു പാവയല്ല, നിന്നെ പോലെ തന്നെയാണ് അവളും. നീ അവളെ ബഹുമാനിക്കണം. എന്നാൽ മാത്രമേ സമൂഹം നിന്നെ മാനിക്കൂ...’ എന്ന് നിങ്ങളുടെ ആൺമക്കളോടും പറയുക. അപ്പോൾ മാത്രമേ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുറയൂ.

വരും തലമുറയിൽ എനിക്ക് പ്രതീക്ഷയുണ്ട്. തെറ്റുകളിൽ നിന്ന് പഠിച്ച് അവർ സ്വയം വെളിച്ചമാകും. ഇനിയുള്ള തലമുറയ്ക്കായി നമുക്ക് നല്ല മാതൃകകളായി നിലകൊള്ളാം.

പോരാട്ടങ്ങളുടെ തുടർക്കഥ

‘‘നിയമത്തിൽ 100 ശതമാനം വിശ്വാസമുണ്ട്. ശബ്ദമില്ലാത്തവർക്കു വേണ്ടി മുൻപും ശബ്ദിച്ച് വിജയം കണ്ടിട്ടുണ്ട്. കുറച്ച് നാൾ മുൻപ് ഒരു ജഡ്ജി പീഡിപ്പിച്ച വീട്ടുവേലക്കാരിക്ക് നീതി നേടിക്കൊടുക്കാൻ സാധിച്ചു. ആ ജഡ്ജിക്ക് ശിക്ഷ ഉറപ്പാക്കാൻ എന്റെ ഇടപെടൽ കൊണ്ട് കഴിഞ്ഞു. അതു പോലെ ഒരു വക്കീലിന്റെ വീട്ടിൽ വച്ച് 12 വയസ്സുകാരി ദുരൂഹമായി കൊല്ലപ്പെട്ടു. അത് ആത്മഹത്യയാക്കാൻ ശ്രമിച്ചതിനെതിരെ നിൽക്കാൻ എനിക്കു സാധിച്ചു. അന്നും എനിക്ക് അഭിഭാഷകരിൽ നിന്നു ഭീഷണിയുണ്ടായി.

ബാർ അസോസിയേഷൻ തന്നെ എനിക്കെതിരായി, ജമ്മു ബാർ അസോസിയേഷനിൽ നിന്നു പുറത്താക്കപ്പെട്ടു. നന്മയ്ക്കൊപ്പം നിൽക്കാൻ തീരെ ഭയമില്ല. എന്റെ ജോലി അതാണ്, കടമ അതാണ്. എല്ലാ പ്രതീക്ഷയും അസ്തമിച്ചവർക്കു മുന്നിൽ ‘നിയമം’ നിങ്ങളെ കൈവിടില്ല എന്നൊരു പ്രതീക്ഷ പകരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’’ നിശ്ചയദാർഡ്യവും നീതിബോധവും തുളുമ്പുന്ന വാക്കുകളിൽ ദീപിക പറയുന്നു.