Monday 07 September 2020 05:32 PM IST : By സ്വന്തം ലേഖകൻ

പേയ് പിടിച്ച നായ മുറിവേൽപ്പിച്ചു, അത്രേ ഉള്ളൂ; 19 വയസാണവൾക്ക്, തളർന്നു പോകരുത്; കുറിപ്പ്

kala-ambulance

ആറന്മുളയിലെ ആംബുലൻസ് പീ‍ഡന വാർത്ത കേട്ട് ലജ്ജിക്കുകയാണ് നാട്. കോവിഡ് പോസിറ്റീവായ യുവതിയെ ആക്രമിച്ച പ്രതിയുടെ ക്രൂരമായ മാനസിക നില കേരളീയ പൊതുസമൂഹം ചർച്ച ചെയ്യുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല. കടന്നു പോയ മോശം അനുഭവവും ആ ഓർമകളുടെ ദുർഗന്ധവും അവളുടെ ആത്മാവാകെ പടരരുത് എന്ന കല കുറിക്കുന്നു. ഭാവിയിൽ ആറന്മുളയിലെ ആ പെൺകുട്ടി എന്നവൾ അറിയപ്പെടരുത്. അവളെ ഹൃദയത്തോടു ചേർത്തു പിടിക്കണമെന്നും കല കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഔദ്യോഗികമായി പലപ്പോഴും ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളോട് സംസാരിച്ചിട്ടുണ്ട്..
ആ സമയങ്ങളിൽ മാത്രമല്ല..
എത്രയോ വർഷം കഴിഞ്ഞ്..
നല്ല വിദ്യാഭ്യാസവും ജോലിയും നേടി..
സ്നേഹിക്കാൻ ഒരു ആളുമുണ്ടായി ..
പക്ഷെ കാലം കഴിയുംതോറും ആ നിമിഷം കൂടുതൽ ശക്തമായി ഉള്ളിൽ ആർന്നു കേറി കൊണ്ടിരിക്കുന്നു..
ഒരു പെൺകുട്ടി പറഞ്ഞതാണ്..

അന്നത്തെ ദിവസം സ്വപ്നം കണ്ടു ഞെട്ടി ഉണരുന്നത് പതിവായി...
മനം മടുപ്പിക്കുന്ന അപരിചിതമായ ദുർഗന്ധം..
വിയർപ്പിന്റെ നാറ്റം..
മറക്കാൻ വയ്യായെന്നും
ആ ഓർമ്മയും പേടിയും കൂടി വരുന്നുവെന്ന് പറഞ്ഞ എത്രയോ സ്ത്രീശബ്ദങ്ങൾ..
പുറത്തറിഞ്ഞാൽ ഉള്ള നാണക്കേട് കൊണ്ട് മൂടി വെച്ച അന്നത്തെ ദിവസം അടക്കം ചെയ്യുന്നത് അവനവനോടുള്ള മതിപ്പ് കൂടി ആണ്..

ഒരാളല്ല..
ഒരു മുഖമല്ല..
ഒരു ശബ്ദമല്ല..
ഒരു സംഭവമല്ല..
ആ പെൺകുട്ടിക്ക്, നിരന്തരം മാനസിക പിന്തുണയും കരുതലും കൊടുക്കണം..

തത്കാലം അവളിൽ നിറയുന്ന നിശബ്ദത കണ്ടു സമാധാനിക്കരുത്...
അവളുടെ ഉള്ളിൽ അടുത്തെങ്ങും ആ ഓർമ്മ കെടില്ല...
കൈവിടരുതേ..
അടിച്ചമർത്തപ്പെട്ട നോവിലെ വൃണം നാളെ പഴുക്കരുത്...
അതിൽ നിന്നും ദുർഗന്ധം വമിച്ചു അവളുടെ ആത്മാവാകെ പടരരുത്..
പേയ് പിടിച്ച നായ മുറിവേൽപ്പിച്ചു, അത്രേ ഉള്ളു എന്നവൾ സ്വയം കരുതണം..
ഉയർത്തെഴുന്നേൽക്കണം..
19 വയസ്സ് മാത്രമാണ്...

ചോദ്യം ചെയ്യലുകളിൽ അവളുടെ മനം തകരരുത്..
ആവർത്തിച്ചു വിശദീകരണം നൽകി അവൾ ഭയക്കരുത്..
ജീവിതം തീർന്നു എന്നവൾ കരുതരുത്..
അവളുടെ മാനസികാരോഗ്യത്തെ ശ്രദ്ധിക്കണം.
അവളുടെ മാതാപിതാക്കൾക്ക് ശക്തി ഉണ്ടാകണം..
അവരുടെ മാനസികാവസ്ഥ ഓർത്തിട്ട് സഹിക്കാൻ വയ്യ..
പക്ഷെ, അവർ ശക്തരാകാൻ പിന്തുണ കൊടുക്കണം...
അവളെ ഉയർത്തെഴുന്നേല്പിക്കണം...
അത് ശ്രദ്ധിക്കണം..
പറന്നു നടക്കേണ്ട പ്രായമാണ്..
അവളുടെ ചിറകുകൾ അരിയരുത്...
ആറന്മുളയിലെ ആ പെൺകുട്ടി എന്നവൾ അറിയപ്പെടരുത്...

ഏതെങ്കിലും ഒരു മനഃശാസ്ത്രജ്ഞയുടെ ടെലിഫോണിൽ വർഷങ്ങൾക്ക് അപ്പുറം അവളുടെ വാവവിട്ട നിലവിളി ശബ്ദം കടന്നു വരാതിരിക്കട്ടെ..
എനിക്ക് ആ ഓർമ്മകളിൽ നിന്നും മോചനമില്ല, മരിക്കാൻ തോന്നുന്നു എന്ന്... !

കല, കൗൺസലിംഗ് സൈക്കോളജിസ്റ്