Tuesday 15 October 2019 12:12 PM IST : By സ്വന്തം ലേഖകൻ

‘എന്തൊരു അഹങ്കാരിയാണ് ഇവൾ, നീ എങ്ങനെ നിന്റെ ഭാര്യയെ സഹിക്കുന്നു?’; കുന്നായ്മകൾ പറഞ്ഞു കുടുംബം കലക്കുന്നവർ!

coupkkkg

എത്രത്തോളം സങ്കീർണ്ണമാണ് ഭാര്യ- ഭർതൃ ബന്ധം! ചെറിയ ചില അസ്വാരസ്യങ്ങൾ മതി പങ്കാളികൾ തമ്മിലുള്ള കലഹത്തിനും വേർപിരിയലിനും അത് കാരണമാകാൻ. ദാമ്പത്യ വിഷയങ്ങളെപ്പറ്റി തുറന്നു ചർച്ച ചെയ്യുന്ന കൗൺസിലിങ് സൈക്കോളജിസ്റ്റ് കല മോഹൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

കല മോഹൻ എഴുതിയ കുറിപ്പ് വായിക്കാം;

കുഞ്ഞ് കാര്യമാണെന്നേ.. പക്ഷെ... പ്രശ്നം ഗുരുതരം.. ! ഒരു കേസ് പറഞ്ഞോട്ടെ.. പെണ്ണിന്റെ വാക്കുകളിൽ നിന്നും തുടങ്ങാം.. "ചേട്ടന്റെ പണ്ടത്തെ കൂട്ടുകാർ ഒക്കെ വീട്ടിൽ വരും. കൂട്ടുകാരി പെണ്ണുങ്ങളും ഉണ്ടാകും.. ഞാൻ വച്ചു വിളമ്പി കൊടുത്തിട്ടും ഉണ്ട്. പക്ഷെ, എന്റെ കൂട്ടുകാരന്മാർ ഒരിക്കൽ വീട്ടിൽ വരുമെന്നു പറഞ്ഞ ദിവസം എനിക്കു മറക്കാൻ പറ്റില്ല. കണ്ടവന്മാർ ഇവിടെ കേറി ഇറങ്ങാൻ പറ്റില്ല! ഞാൻ നിസ്സഹായയായി നിന്നുപോയി. കൂട്ടുകാർ ഊണ് കഴിക്കാൻ ആണ് വരുന്നത്.. ഞാൻ എന്തുപറയും അവരോട്?" 

ഇങ്ങനെ ഒരവസ്ഥ എല്ലാ പെണ്ണുങ്ങൾക്കും നേരിടണം എന്നില്ല, പക്ഷെ, നേരിടുന്നവർ ഉണ്ട്. അവരോടു ശക്തമായി പ്രതികരിക്കൂ എന്നൊന്നും പറയല്ലേ. പാവങ്ങളാ. താങ്ങൂല.. ! എന്തായാലും അമ്മായിഅമ്മ ദൈവമായി.. അവൾ ഏറ്റത് അല്ലേ.. വരട്ടെ എന്നവർ പറഞ്ഞതിന് ശേഷം ഭർത്താവ് സമ്മതം മൂളി. ഈ നിമിഷവും എന്ത് വഴക്കിട്ടാലും അതിന്റെ ഒരു ചൊറിച്ചിൽ അദ്ദേഹത്തിന്റെ വാക്കിൽ ഉണ്ടാകും. എന്നിൽ ആ സംസാരം ഉണ്ടാകുന്ന അമർഷവും സംഘർഷവും അതിഭീകരമാണ്.

ഇതൊരു ഒറ്റപെട്ട പ്രശ്നം അല്ല.. ഇപ്പോൾ സർവ സാധാരണമാണ്. പഴയ സൗഹൃദങ്ങളുടെ കൂട്ടായ്മകൾ.. കൗമാരക്കാലത്തിലെ ഉണ്ടക്കണ്ണിയും പൊടി മീശക്കാരനും വീണ്ടും കണ്ടുമുട്ടുമ്പോൾ അവർക്കിടയിൽ പ്രണയം ഉണ്ടാകുന്നതും പുതുമ അല്ലാതായി. അതിന് അവിഹിതം എന്നൊരു നിറം ചാലിക്കേണ്ട. സൗഹൃദം എന്ന് തന്നെ വച്ചോളൂ... എന്നാൽ, നിന്നെ പോലെ ഒരു പെണ്ണിന് എങ്ങനെയാടി അവനെ പോലെ ഒരു മുരടൻ!! ഈശ്വരാ !! കൂട്ടുകാരൻ കൂട്ടുകാരിയോടും എന്തൊരു അഹങ്കാരിയാണ് ഇവൾ.. നീ എങ്ങനെ നിന്റെ ഭാര്യയെ സഹിക്കുന്നു? എന്ന് കൂട്ടുകാരി പഴയ കൂട്ടുകാരനോടും ചോദിക്കാതിരിക്കാൻ ഉള്ള ബോധം വേണം.

ദാമ്പത്യജീവിതത്തിലെ ചില്ലറ പ്രശ്നങ്ങൾ കൊണ്ട് അരോചകമായി മുന്നോട്ടു നീങ്ങുന്ന സമയത്തു, പഴയ ബന്ധം തിരിച്ചുവരുകയും, കൂടാതെ ഇത്തരം ഒരു അനുശോചനം അറിയിപ്പും കൂടി ആയാൽ, തീർന്നു കഥ. ഇഷ്‌ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന മട്ടിലാകും കാര്യങ്ങൾ. തുടർന്നു ഉണ്ടാകുന്ന വഴക്കുകൾ കയ്യാങ്കളിയിൽ അവസാനിക്കുക എത്ര ഭയാനകമാണ്..

സുഹൃത്തിനോട് സ്നേഹമുണ്ട് എങ്കിൽ, അവന്റെ അല്ലേൽ അവളുടെ ജീവിതം തകരാതെ നോക്കാൻ അല്ലേ ശ്രമിക്കേണ്ടത്. തനിക്കു കിട്ടാതെ പോയത് മറ്റൊരാൾക്കു ലഭിച്ചതിൽ ഉള്ള അസൂയ ആകാം അവരുടെ ചില കമന്റുകൾക്കു പിന്നിലെ വികാരം. സ്ത്രീ എന്നാൽ അങ്ങനെ വേണം ഇങ്ങനെ വേണമെന്ന് എന്നു ശഠിക്കുന്ന പുരുഷൻ, അവന്റെ കൂട്ടുകാരിയുടെ ജീവിതം ഒന്ന് ശ്രദ്ധിക്കേണ്ടേ? പുരുഷന്റെ മനസ്സിലെ ഇത്തരം കുന്നായ്മകൾ സ്ത്രീകൾ അറിയില്ലല്ലോ. പണ്ടത്തെ കൂട്ടുകാരി ഇന്ന് ഏത് ജീവിത സാഹചര്യത്തിൽ എന്നറിയില്ല.. 

തുമ്മിയാൽ തെറിക്കുന്ന മൂക്കല്ലേ, പൊയ്ക്കോട്ടേ എന്ന് എത്രപേർ  കരുതും! അത്രയും ചങ്കുറ്റം നമ്മുടെ സ്ത്രീകൾക്ക് ഇല്ല. ഇനി എത്ര ഫെമിനിസ്റ്റ് ആണെങ്കിലും. ഞാൻ ഇന്നലെ അവൾക്കിട്ടു ഒന്ന് പൊട്ടിച്ചു എന്ന് കൂട്ടുകാരിയോട് വീമ്പു പറയുന്ന കൂട്ടുകാരൻ ഉണ്ടെങ്കിൽ, അവനിലെ ഭർത്താവിനെ തിരുത്താൻ ആ കൂട്ടുകാരിക്ക് കഴിയണം. ഭാര്യയാണ്, പക്ഷെ അവളും ഒരു ഗർഭപാത്രത്തിൽ നിന്നും വന്നതാണ്.. അവളുടെ മേൽ നൊന്താൽ പിടയുന്ന അമ്മയുടെയും അച്ഛന്റെയും മനസ്സ്, കാമുകിയുടെ മുന്നിൽ ആളാകാൻ ശ്രമിക്കുമ്പോൾ കാണാൻ പറ്റണം എന്നില്ല.

എന്റെ പൊടിമീശക്കാരനെ തട്ടിയെടുത്തവൾക്കു രണ്ടടിയുടെ കുറവുണ്ട് എന്ന് സ്ത്രീ സുഹൃത്ത് ചിന്തിക്കുമോ? ദേഹത്ത് ഉണ്ടാകുന്ന മുറിവിനേക്കാൾ, ആ വേദനയെക്കാൾ, അടിച്ചു എന്ന അപമാന ഭാരത്താൽ മാത്രമേ പിന്നീട് അവൾ ജീവിതം കൊണ്ടുപോകൂ. ഓരോ നിമിഷവും പകയും വെറുപ്പും അമർഷവും കൊണ്ടവൾ നീറും.. ഒരു കോമാളിയെ പോലെ സ്വയം തോന്നും. ധൈര്യം ഉള്ളവൾ ആണേൽ, ഇറങ്ങും ആ ബന്ധത്തിൽ നിന്നും. പക്ഷെ പാവങ്ങൾ ഉണ്ട്, ഉള്ളിൽ എത്ര നീറ്റൽ ഉണ്ടേലും കടിച്ചുപിടിച്ചു മുന്നോട്ടു പോകും.. പോയല്ലേ പറ്റു.. പ്രതികരിച്ചു ഇറങ്ങിയാൽ, അവൾ പിന്നെ അഹങ്കാരം നിറഞ്ഞവൾ ആകില്ലേ! 

Tags:
  • Spotlight
  • Social Media Viral