Saturday 19 October 2019 02:16 PM IST : By സ്വന്തം ലേഖകൻ

‘അപരിചിതയായ മകളെന്ന പെണ്ണിനെ അയാൾക്ക്‌ അറിയില്ല; മൂർച്ചയേറിയ വാക്കുകൾ അഭിമാനത്തെ വെട്ടിമുറിവേൽപ്പിച്ചിരുന്നു!’

crying7789ib

അച്ഛന്റെയും അമ്മയുടെയും സ്‌നേഹം അനുഭവിക്കാതെ വളരുന്ന മക്കള്‍ കുറവല്ല. ചെറുപ്രായത്തിൽ തന്നെ അവഗണനയും പരിഹാസവുമൊക്കെ അവർ നേരിടാറുണ്ട്. എന്നാൽ മുതിർന്നു വരുമ്പോൾ നഷ്ടപ്പെട്ട സ്നേഹം തിരികെ ലഭിക്കണം എന്ന ചിന്ത മക്കളിൽ ഉണ്ടാകും. ഉപേക്ഷിച്ച അച്ഛനെ കാണാനായി പോയി അപമാനിതയായ തിരികെ വന്ന ഒരു മകളുടെ അനുഭവം പങ്കുവച്ചിരിക്കുകയാണ് കൗൺസിലിങ് സൈക്കോളജിസ്റ്റായ കല മോഹന്‍.

കല മോഹന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം; 

'മോൾടെ വിവാഹമാണ്.. അവളെ ഗർഭിണി ആയിരിക്കെ എന്നെ ഉപേക്ഷിച്ചു പോയ ഭർത്താവ് പിന്നെ അവളെ കണ്ടിട്ടില്ല.. മാസാമാസം കോടതി വിധി പ്രകാരം ചിലവിനു തരുന്നതല്ലാതെ, അവളെ ഒന്ന് കാണാൻ പോലും അയാൾ തയ്യാറായിട്ടില്ല. വിവാഹത്തിന് അച്ഛനെ വിളിക്കണം, അത് അവളുടെ അവകാശം എന്നാണ് മോൾ ഇപ്പോൾ പറയുന്നത്..'- നിസ്സഹായായ ഒരു അമ്മ ഏതാനും മാസങ്ങൾക്കു മുൻപ് എന്നെ വിളിച്ചു കരഞ്ഞിരുന്നു. കൂലി വേല ചെയ്താണ് അവർ മകളെ വളർത്തിയത്..

"ഞാൻ അവളെ അച്ഛന്റെ അടുത്ത് വിടാതെ എതിര് നിൽക്കുമ്പോൾ അവൾ പറയുന്ന ചില സംസാരങ്ങൾ ഉണ്ടല്ലോ മാഡം.. നെഞ്ച് പൊട്ടി പോകുന്നു.." അവരുടെ ഈ പറച്ചിലിൽ എന്റെ കണ്ണും നിറഞ്ഞു.. പൊയ്ക്കോട്ടേ.. പോയി വരട്ടെ.. തടയേണ്ട.. ഞാൻ അവരോടു പറഞ്ഞു. "മകൾ പോയി.. കണ്ടു.. അവളെ ഒന്ന് നോക്കാൻ പോലും അയാൾ തയ്യാറായില്ല.. നിന്നെയും നിന്റെ തള്ളയേയും ഞാൻ കളഞ്ഞതാണ് എന്ന് പറഞ്ഞു ആക്ഷേപിച്ചു വിട്ടു." അടുത്ത ദിവസം അവരെന്നെ വിളിച്ചു പറഞ്ഞു. 

ഞാൻ ആ മകളെ കുറിച്ച് ആണ് ഓർത്തത്. ജീവിതത്തിന്റെ ഏറ്റവും തീഷ്ണമായ വേദനയിൽ ഉരുകുന്ന അവളുടെ മനസ്സ്. അമ്മയെ ധിക്കരിച്ചു, അച്ഛനെ കാണാൻ പോയി.. എന്നിട്ടോ..? അച്ഛൻ മറ്റൊരു സ്ത്രീയുടെ പുരുഷൻ ആണിപ്പോൾ. അപരിചിതയായ മകളെന്ന പെണ്ണിനെ അയാൾക്ക്‌ അറിയില്ല..!! അയാളിൽ നിന്നും കിട്ടിയ അവഗണ, അപമാനം, യാഥാർഥ്യത്തിലേക്ക് എത്താൻ അവൾ നേരമെടുത്തിരിക്കും. അഭിമാനത്തിന്റെ അടിത്തട്ടിനെ പോലും വെട്ടിമുറിവേൽപ്പിച്ചിരിക്കുന്നു. അച്ഛൻ ചൊരിഞ്ഞ വാക്കുകൾക്ക് വായ്ത്തലത്തേക്കാൾ മൂർച്ചയുണ്ട്. അതൊരു നിസ്സാരമായ പ്രശ്‌നമായി കാണാൻ അവൾക്കു ജന്മത്തിൽ കഴിയില്ല. കാരണം, അച്ഛന്റെ സ്നേഹം നിഷേധിക്കപ്പെടുന്നതിലും വലിയ ശാപം കിട്ടാനില്ല, എന്ന് ഓതി കൊടുക്കുന്ന സമൂഹത്തിൽ ആണവൾ വളർന്നത്.

തീപൊള്ളൽ ഏറ്റ ഒരാളെ കൗൺസലിംങിനു കൊണ്ട് വന്നിട്ട് കാര്യമില്ല. ഞാൻ ആ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ ഈ എഴുതുന്നത്, വെറും പച്ചയായ സ്ത്രീ മനസ്സിനെ കുറിച്ചാണ്.. പഠിച്ചവൾ ആകട്ടെ, അല്ലാത്തവർ ആകട്ടെ.. സമൂഹത്തിന്റെ , കുടുംബത്തിന്റെ ചിട്ടവട്ടങ്ങളിൽ നിർമ്മിതമായ ചിന്തകളും ധാരണകളും മാത്രമേ ചില പൊള്ളുന്ന പ്രശ്നത്തിന്റെ മർമ്മഭാഗത്തോട് അവർക്കുള്ളു.. ഇനി എത്ര തന്റേടി ആണെങ്കിലും.. !

അച്ഛൻ ഉപേക്ഷിച്ച മക്കളെ വളർത്തുമ്പോൾ ഉടലെടുക്കുന്ന അവസ്ഥയിലെ ദുരിതവും ഒറ്റപ്പെടലും. പിരിമുറുക്കവും ഓർക്കാപ്പുറത്ത് നടുക്കടലിൽ എടുത്തെറിഞ്ഞ പോലെ ഒന്നാണ്. വിധവയുടെ ജീവിതം ഒന്ന്, വിവാഹമോചിതയുടെ മറ്റൊന്ന്... ! ആ വ്യത്യാസം ഒരുപാട് ഉണ്ട്. ഓരോ ഘട്ടത്തിലും ഓരോരോ പ്രശ്നങ്ങൾ വന്നുകൊണ്ടേ ഇരിക്കും. എന്നിരുന്നാലും, സ്വന്തം ആത്മസംഘർഷങ്ങളെ നേരിടാനുള്ള കരുത്ത് നേടിയെടുക്കാൻ പറ്റണം എന്നല്ലേ പറഞ്ഞു കൊടുക്കാൻ ഉള്ളൂ... അതൊരു പ്രാർത്ഥന ആയി തീരട്ടെ !

സ്ത്രീകൾ മാത്രമാണോ അനുഭവിക്കുന്നത്? 

"എത്ര സ്നേഹിച്ചതാണ് മാഡം.. അത്ര വിശ്വാസമായിരുന്നു.. ഒരു പുരുഷൻ എന്ന നിലയ്ക്ക് എന്റെ അഭിമാനത്തിനാണ് മുറിവേറ്റിരിക്കുന്നത്.. അമ്മ ഒളിച്ചോടി പോയ മോളുടെയും മോന്റെയും അവസ്ഥ പറയാതെ അറിയാമല്ലോ.."- ഇതൊരു അച്ഛന്റെ വാക്കുകൾ ആണ്.. ആ ആണൊരുത്തന്റെ മനസ്സും കാണാതെ പോകരുത്.. "നിനക്ക് കഴിവില്ലാത്തതു കൊണ്ട് ഓള് വേറെ പോയതാണോ" എന്നുള്ള നാട്ടു വർത്തമാനങ്ങളും, കുത്തി കുത്തിയുള്ള വീട്ടു ഭാഷയും അയാൾ പറഞ്ഞു. മക്കൾ അനുഭവിക്കുന്ന അപമാനങ്ങളും... അമർഷം തോന്നും; സ്ത്രീയോടും പുരുഷനോടും..!

നിങ്ങൾ ഒരു കുടുംബം ഉള്ള സ്ത്രീയെയും പുരുഷനെയും പ്രണയിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, അവരുടെ മക്കളെ അനാഥർ ആക്കി മാറ്റുന്ന അവസ്ഥയിൽ എത്തിക്കുന്നത് എന്തിനാണ്.? മനഃശാസ്ത്ര പഠനങ്ങളിൽ പരാമര്ശിച്ചിട്ടില്ലാത്ത ചില പ്രതിഭാസങ്ങൾ. പങ്കാളികൾ അല്ലാത്ത മറ്റൊരാളോട് അടുപ്പം തോന്നുന്നത് സാധാരണ ആയി കാണാമെങ്കിലും, അതൊരു തെറ്റുമല്ല എന്ന് തന്നെ പറയാമെങ്കിലും നെഞ്ചത്തു കിടത്തി ഉറക്കി വളർത്തിയ മക്കളെ ഒറ്റ നിമിഷം കൊണ്ട് തള്ളി പറയുന്ന ആ മനസ്സുകളെ കുറിച്ച് എഴുതാൻ അക്ഷരങ്ങൾ അറിയില്ല.

Tags:
  • Spotlight
  • Social Media Viral