Friday 31 July 2020 05:08 PM IST

ബാലഭാസ്കർ മരിച്ചത് ആക്സിഡന്റിലല്ല, ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയത്! ദുരൂഹതകൾ വർധിപ്പിച്ച് കലാഭവൻ സോബിയുടെ ‘മരണമൊഴി’

Nithin Joseph

Sub Editor

bgfyefhueyf

പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകൾ വർധിപ്പിച്ചു കലാഭവൻ സോബി അദ്ദേഹത്തിന്റെ വക്കീലിനും ബാലഭാസ്കറിന്റെ അടുത്ത ബന്ധു പ്രിയ വേണുഗോപാലിനും അയച്ച വിഡിയോ സന്ദേശം പുറത്ത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ട ബാലഭാസ്കറിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം കേസന്വേഷണം സിബിഐ ഏറ്റെടുത്തതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നത്.

ബാലഭാസ്കർ കൊല്ലപ്പെട്ട സമയം മുതൽ നിർണായകമായ പല വെളിപ്പെടുത്തലുകളും നടത്തിയ ആളാണ് കലാഭവൻ സോബി. തന്റെ മരണശേഷം മാത്രമേ പുറത്തുവിടാവൂ എന്ന നിബന്ധനയോടെ തയാറാക്കിയ വിഡിയോയിൽ ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. ബാലഭാസ്കർ കൊല്ലപ്പെട്ടത് വാഹനാപകടത്തിലല്ല. അപകടം നടക്കുന്നതിനു മുൻപ് തന്നെ ബാലു സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലുകൾ ഒരുസംഘം ആളുകൾ ചേർന്ന് തല്ലിത്തകർക്കുന്നത് താൻ കണ്ടിരുന്നു. അപകടത്തിൽ തകർന്നതുപോലെയല്ല ബാലുവിന്റെ കാറിന്റെ ചില്ലുകൾ പൊട്ടിയിരുന്നത്. അന്വേഷണസംഘവുമായി പൂർണമായി സഹകരിക്കാൻ താൻ തയാറാണ്. എല്ലാത്തിനും ദൃക്സാക്ഷിയായ തന്റെ ജീവന് ഭീഷണിയുണ്ട്... എന്നിങ്ങനെ നിർണായകമായ നിരവധി വിവരങ്ങൾ സോബി ഈ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ഇതേത്തുടർന്ന് പ്രിയ വേണുഗോപാലുമായി ‘വനിത ഓൺലൈൻ’ സംസാരിച്ചു. ‘രണ്ടാഴ്ച മുൻപ് ഇതേ വിഡിയോ സോബി എനിക്കും അയച്ചിരുന്നു. അപകടം നടക്കുന്നതിനു മുൻപ് ബാലുച്ചേട്ടന്റെ കാറിനു ചുറ്റും ഒരു സംഘം അക്രമികൾ അണിനിരക്കുന്നതും ഉറക്കെ ആക്രോശിച്ചുകൊണ്ട് വണ്ടിയിൽ തട്ടുന്നതും നേരിട്ട് കണ്ടുവെന്ന് മുൻപ് പലതവണ സോബി പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സോബിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണസംഘം തയാറായില്ല. സോബി ആദ്യം പറഞ്ഞ മൊഴിയിൽതന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. തുടക്കം മുതൽ തന്നെ, തനിക്കു നേരെ പല തരത്തിലുള്ള ഭീഷണികൾ ഉണ്ടെന്ന് സോബി പറഞ്ഞിരുന്നു. ഫോണിലൂടെ ആരോ അയാളെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പും കേൾപ്പിച്ചിരുന്നു.

അന്ന് ആക്സിഡന്റിൽ തകർന്ന കാറിന്റെ പിൻവശത്തെ ചില്ല് തകർന്നതിനെക്കുറിച്ച് തുടക്കം മുതൽ ദുരൂഹത നിലനിന്നിരുന്നു. പിൻവശത്തെ ചില്ല് പൊട്ടാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ പ്രധാന സാക്ഷിയായിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ അജി ഉൾപ്പെടെയുള്ളവരുടെ മൊഴി പരിശോധിക്കുമ്പോഴും, അപകടത്തിൽ പിൻവശത്തെ ചില്ല് തകർന്നതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഈ വസ്തുതയെ സോബിയുടെ മൊഴിയുമായി ചേർത്തു വായിക്കുമ്പോൾ ദുരൂഹതകൾ വർധിക്കുന്നു. സോബി പറഞ്ഞതുപോലെ കാറിന്റെ പിൻവശത്തെ ഗ്ലാസ് നേരത്തെ അക്രമിസംഘം അടിച്ചുതകർത്തതാവാനും സാധ്യതയുണ്ട്. സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് അറിയാൻ കഴിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ സത്യങ്ങൾ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെല്ലാവരും.’– പ്രിയ പറയുന്നു.

Tags:
  • Spotlight
  • Vanitha Exclusive