Monday 22 April 2019 02:32 PM IST : By സ്വന്തം ലേഖകൻ

‘ഇനിമുതൽ നിങ്ങൾ ‘കല്ലട’ അല്ല, ‘കൊല്ലടാ’; രോഷം പുകഞ്ഞ് സോഷ്യൽ മീഡിയ; മാനേജർ ഉൾപ്പെടെ ജീവനക്കാർ കസ്റ്റഡിയിൽ!

kallada-kollada

‘ഇനിമുതൽ നിങ്ങൾ ‘കല്ലട’ അല്ല, ‘കൊല്ലടാ’ ട്രാവൽസ്!’ ബെംഗളൂരുവിലേക്കുള്ള കല്ലട എന്ന സ്വകാര്യ ബസിൽ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കടുത്ത രോഷം. കഴിഞ്ഞ ദിവസമാണ് ബസ് യാത്രക്കാരനെ ജീവനക്കാർ ചേർന്ന് അതിക്രൂരമായി മർദിക്കുന്ന വിഡിയോ പുറത്തുവന്നത്. ഇതോടെ ട്രോളുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ്  നടക്കുന്നത്.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ജീവനക്കാരും യാത്രക്കാരും തമ്മിൽ ആദ്യം വാക്കേറ്റം നടന്നു. കേടായ ബസിനു പകരം ബദല്‍ യാത്രാ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെട്ടതിനാണ് യുവാക്കളെ ബസ് ജീവനക്കാര്‍ ചേർന്ന് ക്രൂരമായി മര്‍ദിച്ചത്. മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.

kallada-culprits കേസിൽ അറസ്റ്റിലായ പ്രതികൾ

സംഭവം വിവാദമായതോടെ കൊച്ചി പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് എഫ്‌ഐആർ ഫയൽ ചെയ്തത്. ബെംഗളൂരു സര്‍വീസ് നടത്തുന്ന കല്ലട ബസ് പൊലീസ് പിടിച്ചെടുത്തു. രണ്ടു ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനി മാനേജരെ കസ്റ്റഡിയിലെടുത്തു. ഇപ്പോൾ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് മരട് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മര്‍ദനമേറ്റവരുടെ മൊഴിയെടുത്തശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തും.