ശാസ്താംകോട്ട കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ വീണ വിദ്യാർഥിനിയെ സമീപവാസികളായ അച്ഛനും മകളും ചേർന്നു രക്ഷപ്പെടുത്തി. രാവിലെ ഒമ്പതിനായിരുന്നു സംഭവം.
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസിയായ തിരുവാറ്റ വീട്ടിൽ അനിൽകുമാർ (ബാബു), മകൾ ബിരുദ വിദ്യാർഥിനി അനഘ എന്നിവർ ചേർന്നാണ് മുള ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. ഇവർ നൽകിയ നിർദേശം അനുസരിച്ച് മുളയിൽ പിടിച്ച് കിടന്ന കുട്ടിയെ കരയിൽ എത്തിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് അഗ്നിരക്ഷാ സേനയും പൊലീസും വിദ്യാർഥിനിയുടെ ബന്ധുക്കളും സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.