Saturday 30 May 2020 11:06 AM IST : By സ്വന്തം ലേഖകൻ

മാസം 600 രൂപ പെൻഷൻ; അതിൽ 500 രൂപയും കോവിഡ് പ്രതിസന്ധിയിൽ അന്നം നൽകിയവർക്ക് കൈമാറി കമലമ്മ! കയ്യടിച്ച് സൈബർ ലോകം

kamalamm654456

കോവിഡ് പ്രതിരോധത്തിന് കോടികളും ലക്ഷങ്ങളും സംഭാവനയായി നൽകുന്നവരുണ്ട്. അക്കൂട്ടത്തിൽ വ്യത്യസ്തയാകുകയാണ് 70 വയസ്സുകാരി കമലമ്മ. മൈസൂരിൽ താമസിക്കുന്ന കമലമ്മ തനിക്ക് മാസം ലഭിക്കുന്ന 600 രൂപ പെൻഷനിൽ നിന്നും 500 രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി. ഉണ്ടായിരുന്ന വീട്ടുജോലി കൂടി നഷ്ടമായ സാഹചര്യത്തിലാണ് ഈ അമ്മയുടെ കരുതൽ എന്നത് അവരെ വ്യത്യസ്തയാക്കുന്നു. 

കോവിഡ് പ്രതിസന്ധിയിലായവർക്ക് ഭക്ഷണം എത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്കാണ് കമലമ്മ പണം നൽകിയത്. പ്രായമായെങ്കിലും സ്വയം അധ്വാനിച്ച് ജീവിക്കണം എന്നതാണ് ഈ അമ്മയുടെ സ്വപ്നം. മക്കളെ ആശ്രയിക്കാതെ വീട്ടുജോലി ചെയ്തായിരുന്നു അവരുടെ ജീവിതം. ലോക്ഡൗൺ വന്നതോടെ ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു. 

ലോക്ഡൗൺ പ്രതിസന്ധിയിൽ കമലമ്മയ്ക്കും സന്നദ്ധ സംഘടന ഭക്ഷണം സൗജന്യമായി എത്തിച്ചു നൽകിയിരുന്നു. ദിവസവും തനിക്ക് ഭക്ഷണവുമായി എത്തുന്ന പ്രവർത്തകരെ ഇപ്പോൾ ഈ അമ്മ ഞെട്ടിച്ചു. സർക്കാരിൽ നിന്നും മാസം ലഭിക്കേണ്ട 600 രൂപ പെൻഷൻ ലഭിച്ചപ്പോൾ അതിൽ 500 രൂപ ഇതുവരെ ഭക്ഷണം എത്തിച്ച് തന്നെ സംഘടനയിലെ അംഗങ്ങൾക്ക് അവർ കൈമാറി. സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി നേടുകയാണ് കമലമ്മ. 

Tags:
  • Spotlight
  • Motivational Story