Tuesday 18 August 2020 02:11 PM IST

91ാം വയസ്സിൽ നിന്ന് കമലം ടീച്ചർ തിരിഞ്ഞു നോക്കുന്നു; ജനിക്കുമ്പോൾ കാഴ്ച്ചയില്ലാത്ത ആ പെൺകുഞ്ഞ് വെളിച്ചം പകർന്ന ജീവിതങ്ങള്‍ ഏറെയുണ്ട്...

Shyama

Sub Editor

kamala-cvr

‘ആറ്റുനോറ്റിരുന്നിട്ട് ...ന്നാലും ന്റെ ഭഗവാൻ എനിക്ക് കാഴ്ച്ചയില്ലാത്ത പെൺകുഞ്ഞിനെത്തന്നൂലലോ’ എന്ന് പറഞ്ഞ് അമ്മ കരയുമ്പോഴൊക്കെ ഞാൻ ഉള്ളിലോർത്തിട്ടുണ്ട്... ഇതിലേതാണ് കഠിനം കാഴ്ച്ചയില്ലാത്തതോ അതോ പെണ്ണായതോ... അതോ ഇത് രണ്ടും ഒരുമിച്ച് വന്നതോ എന്ന്... അമ്മ അതൊരു പരാതിയായിട്ടല്ല പറഞ്ഞിരുന്നത് ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിക്കുന്നതായിരുന്നു. പക്ഷേ, കേൾക്കുന്ന എന്റെ ഉള്ള് എപ്പോഴും പൊള്ളി.... 91ാം വയസ്സിൽ നിന്നൊരു ടൈംമെഷീൻ വളരെ പതുക്കെ ചർമത്തിലെ ചുളിവുകൾ നിവർത്തി പിന്നോട്ട് തിരിയുന്നു. കാഴ്ച്ച തീരെയില്ലാതിരുന്നിടത്ത് നിന്ന് മങ്ങിയ കാഴ്ച്ചയിലേക്ക് കടന്ന് കമലം ടീച്ചറായി. പല തലമുറകളെ പഠിപ്പിച്ചു, അവരെ വെളിച്ചത്തിന്റെ വഴിയിലേക്ക് കൈപിടിച്ചു നടത്തി... കണ്ണെടുക്കാതെ വായിക്കുന്നൊരു പുസ്തകം പോലെ അവരുടെ ജീവിതം...

‘‘എന്റെ അമ്മ പ്രസവിക്കില്ല എന്ന് പറയുന്നിടത്തു നിന്നാണ് എന്റെ കഥ തുടങ്ങുന്നത്. അച്ഛന്റേയും അമ്മയുടേയും വിവാഹം കഴിഞ്ഞ് ഏഴ് കൊല്ലം കഴിഞ്ഞാണ് ഞാൻ ഉണ്ടായത്. ഏഴു കൊല്ലം കഴിഞ്ഞിട്ടെന്ന് ഇപ്പോ പറയുന്നതു പോലെയല്ല അന്നത്തെ കാര്യമെന്ന് പ്രത്യേകം ഓർക്കണം... മരുന്നുകളും ആശുപത്രികളും ഒന്നും ഇത്രത്തോളം പുരോഗമിച്ചിട്ടില്ല. കുറേ നേർച്ചയും കാഴ്ച്ചയും ഉപവാസവും ഒക്കെ കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. എനിക്ക് ഓർമയുള്ളപ്പോ തൊട്ട് ഒട്ടും കണ്ണ് കണ്ടിരുന്നില്ല. അത് മാത്രല്ല, വെളിച്ചത്തിരിക്കാൻ പറ്റില്ലായിരുന്നു. സൂര്യനുദിച്ചാൽ പിന്നെ ഇരുട്ടറയിലാണിരുപ്പ്. അച്ഛനും അമ്മയും ഒരിക്കലും എന്നെ ഭാരമായി കണ്ടിട്ടില്ല. വളരെ ദൂരേന്ന് ആൾക്കാരെ വരുത്തിയും അങ്ങോടേയ്ക്കൊക്കെ കൊണ്ടു പോയും ധാരാളം ചികിത്സകൾ ചെയ്തു. ചെയ്യാത്ത മരുന്നുകളില്ല. കുറേ നാൾ കഴിഞ്ഞ് വടക്ക് വടക്ക് വയനാട്ടിലുള്ളോരാളെ കുറിച്ചറിഞ്ഞ് അങ്ങോടേക്ക് പോയി. മരുന്ന് വച്ച് കണ്ണ് കെട്ടി വയ്ക്കണം എന്നയാൾ പറഞ്ഞു. ഒരു ദിവസം കെട്ടിയാൽ പിന്നെ പതിനഞ്ചാം ദിവസമേ കെട്ടഴിച്ച് കണ്ണ് തുറക്കൂ...

പഠനം തെളിച്ച വഴി

ആ രണ്ടാം തവണ കണ്ണ് കെട്ടഴിച്ച് തുറന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. ഒരാൾടെ ഒരു വശം ഇങ്ങനെ മങ്ങി കണ്ടു. അതാണ് ആദ്യ കാഴ്ച്ച! കണ്ടു എന്നുള്ള സമാധാനമായിരുന്നു മനസ്് മുഴുവൻ. മൂന്ന് തവണയേ കെട്ടാൻ പാടുള്ളൂ എന്നാണ്. അതോടെ മങ്ങി കാണാം എന്നായി. മൂന്നാമത്തെ കെട്ടഴിച്ചിച്ച് പിന്നെ ഉഴിച്ചിലും ധാരയും മറ്റ് ചികിത്സകളുമായിരുന്നു. എനിക്കപ്പോ അഞ്ച് വയസ്സാണ്... നേരിയതായി കാഴ്ച്ച കിട്ടിയപ്പോൾ കുന്നംകുളം ബോയ്സ് സ്കൂളിലെ മാഷോടൊക്കെ പറഞ്ഞിട്ട് അമ്മ എന്നെ സ്കൂളിൽ കൊണ്ടിരുത്തി. എന്തെങ്കിലും കേട്ടെങ്കിലും മനസിലാക്കട്ടേ എന്നുള്ള വിചാരമായിരുന്നു അവർക്ക്. അച്ഛൻ പറയുന്നൊരു വാചകമുണ്ട് ‘വിദ്യയില്ലാത്തവർ ഇരുകാലി മൃഗങ്ങളാണ്’. ഒരാപത്ത് വന്നാൽ മൃഗങ്ങൾക്ക് കൊമ്പും വാലും നാല് കാലും ഒക്കെയുണ്ട് രക്ഷപ്പെടാൻ. വിദ്യയില്ലാത്ത മനുഷ്യന്റെ കാര്യം അതി കഷ്ടമാണെന്നാണ് അച്ഛൻ പറയുക. അതൊക്കെ ചെറുപ്പം തൊട്ട് മനസ്സിൽ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ട് എങ്ങനെയും പഠിക്കണം എന്ന ആശയായിരുന്നു മുന്നിട്ട് നിന്നത്.

ഞാൻ ഇങ്ങനൊരു കുട്ടിയായിട്ടും പഠിക്കാൻ താൽപര്യം കാണിച്ചതു കണ്ടപ്പോ മാഷന്മാർക്കൊക്കെ നല്ല ഇഷ്ടായിരുന്നു. ബോർഡിന്റെ തൊട്ടരുകിലായിരുന്നു എനിക്ക് സീറ്റ്. വലിയ അക്ഷരത്തിലൊക്കെ എനിക്ക് വേണ്ടി എഴുതും. അങ്ങനെ ഒന്നിലെ പരീക്ഷ ജയിച്ചു. ബുക്ക് നോക്കി വായിക്കാൻ പറ്റില്ല, അതുകൊണ്ട് ആരെങ്കിലുമൊക്കെ ചൊല്ലി തരും ഞാനതു കേട്ട് പഠിക്കും. അതായിരുന്നു രീതി. എല്ലാ ക്ലാസും ജയിച്ച് ഒൻപതിലെത്തിയപ്പോ അതീവ ഗുരുതരമായിട്ടൊരു ടൈഫോയ്ഡ് വന്നു. ഞാൻ അച്ഛനുമമ്മയ്ക്കും ഒറ്റ കുട്ടിയായിരുന്നു. കൂട്ടു കുടുംബത്തിലാണ് അന്ന് താമസം. ടൈഫോയിഡ് വന്ന് വീട്ടിലെ പതിനാലോളം കുട്ടികൾ ഒരു കൊല്ലത്തിനുള്ളിൽ മരിച്ചു. ആക്കൂട്ടത്തിൽ രക്ഷപ്പെട്ട ഒരാളാണ് ഞാൻ. കുറേ മരണങ്ങൾക്ക് ശേഷം വല്യമ്മേടെ മകനായിരുന്നു വീട്ടിലെ കാർന്നോര്. അവർക്ക് പെൺകുട്ടികൾ പഠിക്കാൻ പോകുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല.

kamal3ee

പഠിക്കാൻ വിടില്ല എന്നു കേട്ടതും ഞാൻ കരച്ചിലായി. മരിക്കണ പോലത്തെ സങ്കടം. രാത്രിയൊക്കെ ഉറക്കം വരാതെ കരിച്ചിലോട് കരച്ചിൽ. ഒൻപതിലെ സർട്ടിഫിക്കറ്റ് അടുത്ത ദിവസം വാങ്ങിയില്ലെങ്കിൽ ഇനി കിട്ടില്ലെന്നറിഞ്ഞു. അമ്മ അപേക്ഷിച്ചിട്ടാണ് അടുത്ത ദിവസം വിടുന്നത്. സ്കൂളുകാരൊക്കെ ചോദിച്ചു എന്താ കുട്ടി പഠിത്തം നിർത്തുന്നത്, ഞാനൊന്നും പറയാതെ നിന്നപ്പോൾ ആരോ പറഞ്ഞു അവരുടെ ഇപ്പോഴത്തെ കാർന്നോർക്ക് അത് ഇഷ്ടല്ല, അതാണ് കാരണമെന്ന്. അതാരാണെന്നൊക്കെ ചോദിച്ചറിഞ്ഞ് ആ ടീച്ചർ പറഞ്ഞു കാശൊന്നും തരണ്ട കുട്ടി പഠിച്ചോളൂ... പണ്ട് ഈ തറവാട്ടിൽ നിന്ന് ഞങ്ങൾക്ക് കുറേ സഹായം കിട്ടിയിട്ടുണ്ട് എന്ന്. അത് കേട്ടപ്പോൾ ശരിക്ക് ഭഗവാൻ കൂടെയുള്ളത് പോലെ തോന്നി. അങ്ങനെ പത്തിൽ എത്തി.

പത്താംതരം പാതിയിൽ ഒരിക്കെ പക്ഷാഘാതം വന്ന പോലെ തളർന്നു വീണിട്ട്, സ്കൂളുകാർ വീട്ടിൽ കൊണ്ടുവന്നാക്കി. അന്നും ദൈവം അനുഗ്രഹിച്ച പോലെ പരീക്ഷ അൽപം നീട്ടി. ഏതോ ചോദ്യപ്പേപ്പർ ചോർന്നിട്ടായിരുന്നു അത്. അങ്ങനെ അന്ന് ആള് വലിക്കുന്ന റിക്ഷയിൽ പോയിട്ടാണ് പരീക്ഷ എഴുതിയത്. പത്താംതരം പാതി പഠിച്ച ഓർമ വച്ചാണ് പരീക്ഷ എഴുതിയത്. 80ൽ 76 ശതമാനം മാർക്ക് കിട്ടി പാസായി. അന്ന് ഓപ്ഷണൽ വിഷയമെടുക്കാം. എനിക്ക് ബോട്ടണിയായിരിന്നു ഏറ്റവും ഇഷ്ടം പക്ഷേ, കോളേജിലൊന്നും കുട്ടി പോകുന്നില്ലല്ലോ അപ്പോ ഹിന്ദി എടുത്താൽ മതി എന്നൊരു ടീച്ചർ പറഞ്ഞു. അങ്ങനെ ഹിന്ദി പഠിച്ചു. വീട്ടിൽ നിന്ന് പഠിക്കാൻ ദിവസവും വിടില്ല, പഠിക്കാൻ പോകുന്നൊരു കുട്ടിയുടെ നോട്ട് വാങ്ങി എന്നും വൈകുന്നേരം പകർത്തി എഴുതിയാണ് പഠിച്ചത്.

രാഷ്ടഭാഷയിൽ ഇത്ര ശതമാനം മാർക്കുള്ളവർക്ക് യു.പി. സ്കൂളിൽ ജോലി കൊടുക്കാമെന്നൊരു നിയമം വന്നു. ആ സമയത്ത് അച്ഛന്റെ വീട്ടിലൊരാൾക്ക് എറണാകുളത്ത് രജിസ്ട്രാറായി ജോലി കിട്ടി. ദൂരെ താമസിക്കുമ്പോൾ അവർക്ക് ഒപ്പം താമസിക്കാനുള്ള അളെയും കൊണ്ടു പോകും. അങ്ങനെ പോകാനിരുന്ന വീട്ടുകാർക്ക് ഒരു മരണം വന്നതു കാരണം ഞാനായി ഒപ്പം പോകുന്നത്. ആ മരണം ആണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. അല്ലെങ്കിൽ ജീവിതം വേറെ തരമായേനെ. ഈ ബന്ധുവിന് തൃപ്പൂണിത്തുറ പാലസ്സുമായി അടുപ്പമുണ്ട്. അവിടെ എത്തിയ അന്ന് വൈകുന്നേരം കാണാൻ പോയി. അവിടൊരു സുഭദ്രത്തമ്പുരാനുണ്ടായിരുന്നു. അദ്ദേഹം ഹിന്ദി മഹാവിദ്യാലയത്തിന്റെ പ്രധാനിയായിരുന്നു. അങ്ങനെ എന്നോട് വിശേഷം ചോദിച്ച് വന്ന കൂട്ടത്തിൽ പഠിപ്പിന്റെ കാര്യത്തിലെത്തി. അദ്ദേഹം പറഞ്ഞപോലെ ഒരു പെയ്പ്പർ ഒരു മണിക്കൂറിൽ എഴുതി. അത് പാസായി, അവിടെ ഉപരിപഠനത്തിന് ചേർന്നു. അതിനു ശേഷമാണ് എനിക്ക് സർക്കാർ ജോലി കിട്ടുന്നത്.

ക്ലാസെടുക്കുന്നത് മാത്രമായിരുന്നില്ല ജോലി

ജോലി കിട്ടിയിട്ടും നാൽപത് വയസ്സു വരെ ഞാൻ പലതും പഠിച്ചെടുത്തു. അതിനിടയിൽ ധാരാളം പരീക്ഷകളും എഴുതി. ഇരുപത്തിനാലാം വയസ്സിലായിരുന്നു കല്യാണം. ഞങ്ങളുടെ ബന്ധത്തിൽ തന്നെ അറിയാവുന്ന വീട്ടിൽ നിന്നായിരുന്നു ആലോചന. എന്റെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അവർക്ക് വല്യ സന്തോഷം. അദ്ദേഹത്തിന് മിലിറ്ററിയിൽ ജോലി. പേര് ജനാർദനൻ നമ്പ്യാർ. മൂന്ന് കുട്ടികൾ. ഉറക്കം കുറച്ച് അലാറം വച്ച് എഴുന്നേറ്റിരുന്ന് കിട്ടുന്ന സമയത്തൊക്കെ പഠിച്ചു. കാഴ്ച്ച അപ്പോഴും കുറവ് തന്നെ എന്നും മരുന്നും വേണം. എന്നാലും ദൈവം സഹായിച്ച് നല്ല വീട്ടുകാർക്കിടയിൽ ജീവിക്കാൻ പറ്റി... അതൊരു ഭാഗ്യം. 27 കൊല്ലം ഞാൻ പല സ്കൂളുകളിലായി മാറി മാറി പഠിപ്പിച്ചു. എറണാകുളത്തും പിന്നെ സ്വന്തം നാടായ തൃശ്ശൂരും ഒക്കെ പഠിപ്പിച്ചു.

ഒരിടയ്ക്ക് അധ്യാപനം തന്നെ നിർത്തി. ഞാൻ സ്കൂളിൽ നിന്നു വന്നിട്ട് കുളിക്കാൻ പോയതാണ് തൊട്ടപ്പുറത്തുള്ള കുളത്തിൽ ഞാൻ പഠിപ്പിക്കുന്നൊരു കുട്ടി കുളിക്കാൻ വന്നിട്ട് വെള്ളത്തിൽ മുങ്ങുന്നതു കണ്ടു. എനിക്ക് നന്നായി നീന്തലറിയാം. ഒട്ടും താമസിക്കാതെ വെള്ളത്തിലേക്കെടുത്തുചാടി, വയസ്സ് പതിനാലുള്ളൂ എങ്കിലും എന്നെക്കാൾ ഭാരമുള്ള ആ കുട്ടിയെ വലിച്ച് കരയ്ക്കും എത്തിച്ചു പക്ഷേ, ആശുപത്രിയിലെത്തിച്ചതും കുട്ടി മരിച്ചു എന്ന് പറഞ്ഞു. അന്നെനിക്ക് ഓർമയില്ലാതെയായി, ബ്ലീഡിങ്ങായി... സ്കൂളുകളിലേക്ക് ഒന്നും പോകാനേ പറ്റാതായി കുറേ നാളിരുന്നു.

പിന്നെ പോയി തുടങ്ങി. പിന്നെ വീടിനടുത്തുള്ള സ്കൂളിൽ കിട്ടി. പിന്നെ അവസാനം വരെ സെന്റ് ജോർജ് ഹൈസ്കൂളിൽ. അവിടെ വച്ചാണ് സ്കൂളിലേക്കും രാഷ്ട്രീയം വരുന്നത്. അതൊരു പേടിയായിരുന്നു. തല്ലും പിടിയും ഒക്കെയായി. കുട്ടികൾ തല്ലുകൂടുമ്പോഴൊക്കെ ഞാനവരെ പിടിച്ച് മാറ്റാനൊക്കെ ചെന്നിരുന്നു, അതിനും ആളുകൾ അന്ന് മോശം പറയും. വലിയ ചെക്കന്മാരെ ഇങ്ങനെ പിടിച്ചു മാറ്റാമോ എന്നൊക്കെ! പഠിപ്പിക്കുന്ന കുട്ടികൾ ഒക്കെ പ്രായമായാലും നമുക്ക് സ്വന്തം മക്കളെ പോലെയല്ലേ...! ഇത് ആരോട് പറയാൻ.

കുട്ടികളുടെ എന്ത് കാര്യത്തിനും അവരെ ടൂറിനും കലാപരിപാടികൾക്കും ഒക്കെ കൊണ്ടുപോകാനും എന്നെ വിട്ടിരുന്നു. സ്കൂളിലും ജാതി പ്രശ്നങ്ങളും പാർഷ്യാലിറ്റിയും മറ്റ് പ്രശ്നങ്ങളും ഒക്കെ അക്കാലത്ത് കൂടുതലായിരുന്നു. കൂടുതൽ പണികൾ തരിക, നമുക്ക് പ്രമോഷൻ കൃത്യമായി തരാതിരിക്കുക അങ്ങനെ കുറേ പ്രശ്നങ്ങൾ. മറ്റുള്ളതൊന്നും ഞാൻ ശ്രദ്ധിക്കില്ല പക്ഷേ, കുട്ടികൾക്ക് വേണ്ടതൊക്കെ കൃത്യമായി ചെയ്തു. അവര്‍ക്ക് വേണ്ട കാര്യങ്ങൾക്കൊക്കെ ഞാൻ മുന്നിലുണ്ടാകും. അതു പോലെ ഏത് ക്ലാസിലും ആദ്യം അക്ഷരം പഠിപ്പിക്കും. എന്നിട്ട് ഡിക്റ്റേഷൻ എടുക്കും. അപ്പോ നമുക്ക് ഓരോ കുട്ടികളെയും അറിയാമല്ലോ... എന്നിട്ട് കൂടുതൽ സഹായം വേണ്ടവരെ കൂടുതൽ ശ്രദ്ധിക്കാം. പക്ഷേ, ഇതിനൊക്കെ പ്രിൻസിപ്പാൾമാർ വരെ എതിരു പറഞ്ഞിട്ടുണ്ട്.

അതുപോലെ രാഷ്ട്രീയം പറഞ്ഞും മറ്റും ബെഞ്ചും ഡെസ്കും ഒടിക്കുന്ന കുട്ടികളോടും പറയും ‘ഇത് നിങ്ങൾക്ക് ഒടിക്കാൻ വേണ്ടി പണിഞ്ഞതല്ല, ഇത് പഠിക്കാൻ വേണ്ടിയുള്ളതാണ്. പ്രതിക്ഷേധം കാണിക്കാൻ വിദ്യ തടുക്കുകയല്ല വേണ്ടത്. ഒടിക്കുന്നവർ അതെടുത്ത് സ്വന്തം വീട്ടിൽ കൊണ്ടപോയി അവരവരുടെ അച്ഛനോടും അമ്മയോടും പറഞ്ഞ് വേറെ പണിഞ്ഞിടേണ്ടി വരും.ഞാനും ഒപ്പം വരും.’ അതോടെ പേടിച്ച് തല്ലൊക്കെ കുറഞ്ഞു. ഉടുപ്പും ചെരുപ്പും ഇല്ലാത്ത കുട്ടികൾക്കൊക്കെ എന്റെ മക്കളുടേത് കൊണ്ട് കൊടുത്തിട്ടുണ്ട്... എനിക്ക് പറ്റുമ്പോലെ സഹായിച്ചിട്ടുമുണ്ട്... അതുപൊലെ ഒരിക്കലും നന്നാവില്ലെന്ന് വേറെ ടീച്ചർമാർ മുഖത്ത് നോക്കി പറഞ്ഞ കുട്ടികളെ അവരുടെ ഒപ്പമിരുന്ന് പഠിപ്പിച്ച് പാസാക്കിയെടുത്തിട്ടുണ്ട്.

അന്ന് ഇടയ്ക്കിടയ്ക്ക് ശമ്പളം കിട്ടാതെയിരിക്കും, അതിനായുള്ള കേസുകളും നടന്നിരുന്നു. അംഗവൈകല്യമുള്ള കുട്ടികൾക്ക് ഗവൺമെന്റ് പെൻഷൻ ഉണ്ടല്ലോ... അതു കിട്ടേണ്ട കുട്ടികളെ കൊണ്ട് അപേക്ഷിപ്പിച്ചാൽ പോലും നമ്മളോട് ദേഷ്യം കാണിക്കുന്നവരുണ്ടായിരുന്നു...

അതു പോലെ സ്കൂളിനത്തുള്ള ആളുകൾക്കിടയിലുളള പ്രശ്നത്തിന് പെൺകുട്ടികളെ അടക്കമുള്ളവരെ പരിപാടികൾക്ക് കൊണ്ടുപോകുമ്പോൾ മാഷുമാർ തന്നെ കള്ളു കുടിച്ചൊക്കെ വന്ന് പ്രശ്നമുണ്ടാക്കും. അങ്ങനെയൊരു സംഭവമുണ്ടായി. ഞാനന്ന് പുണ്യാളനെ വിളിച്ചാണ് പ്രാർത്ഥിച്ചത്. അന്ന് ഭാഗ്യത്തിന് അടുത്തുള്ള വീട്ടുകാർ വന്ന് ഇടപെട്ട് ഞങ്ങൾ രക്ഷപ്പെട്ടു. ആ വീട്ടുകാർക്ക് നേരെ പോലും കല്ലേറൊക്കെയുണ്ടായി... അതൊക്കെ വല്ലാത്തൊരു സമയമായിരുന്നു. ഈശ്വരാധീനം കൊണ്ട് അതൊക്കെ താണ്ടി ഇവിടം വരെയെത്തി. പല പല കഥകളും തെളിഞ്ഞ് നിൽക്കുന്നുണ്ട് ഓർമയിൽ ഇതൊക്കെ ആത്മകഥയായി എഴുതാനുള്ള തയ്യാറെടുപ്പിലാണിപ്പോ...

പണ്ട് ഇന്ദിരാഗാന്ധി എന്ന് വിളിപ്പേരുണ്ടായിരുന്ന കമലം ടീച്ചറിപ്പോൾ തൃശ്ശൂർ കുന്നങ്കുളത്തിനടുത്ത് ചിറ്റഞ്ഞൂര് തന്നെ കൊച്ച് കൊച്ച് സാമൂഹികപ്രവർത്തനങ്ങളുമായി ജീവിതം ആവോളം ആസ്വദിക്കുന്നു... ടീച്ചറുടെ മക്കൾ രാജേശ്വരി, രഘുനാഥ്, രമേഷ്. മരുമക്കള്‍ ഗോവിന്ദൻ‍കുട്ടി, രാജി, മിനി എന്നിവരും പേരക്കുട്ടികളായ രഞ്ചിത്ത്, ഗീത, നയന, നന്ദന, നിരഞ്ചന, ശിവ ഒക്കെ കമലത്തിന് കൂട്ടായി ഒപ്പമുണ്ട്.

Tags:
  • Spotlight
  • Inspirational Story