‘കിടപ്പു മുറിയിൽ പിന്നാലെയെത്തി കഴുത്തിൽ കിടന്ന ഷാൾ വലിച്ചു മുറുക്കി ശ്വാസം മുട്ടിച്ചു. മരിച്ചെന്ന് ഉറപ്പു വന്നതോടെ കാലിൽ വലിച്ചിഴച്ച് ഹാളിലെത്തിച്ചു. തൂങ്ങി മരിച്ചതാണെന്ന് വരുത്തി തീർക്കാൻ തുണി വിരിക്കാൻ ഉപയോഗിച്ചിരുന്ന കനം കുറഞ്ഞ കയർ മുകളിൽ ഹുക്കിൽ കെട്ടി അതിന്റെ ഒരു ഭാഗം മുറിച്ചു മാറ്റി കഴുത്തിലും കെട്ടി’ . കണിയാപുരത്ത് വീടിനുള്ളിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ പ്രതി തിരുനെൽവേലി അംബാസമുദ്രം വെളിയം സ്ട്രീറ്റ് ഹൗസ് നമ്പർ 132ൽ രംഗൻ എന്ന രംഗദുരൈ (33) പൊലീസിനോട് പറഞ്ഞതിങ്ങനെ. കണിയാപുരം കരിച്ചാറ കുളവരമ്പത്തു വീട്ടിൽ നിന്നും കണ്ടൽ നിയാസ് മൻസിലിൽ വാടകയ്ക്കു താമസിച്ചിരുന്ന ഷാനു എന്ന വിജി(33) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
കൊലപ്പെടുത്തിയതിനു ശേഷം ഷാനുവിന്റെ കഴുത്തിൽ കിടന്ന 2 പവന്റെ സ്വർണമാലയും സ്വർണ കമ്മലുകളും മൊബൈൽ ഫോണുകളും എടുത്തു. അടുക്കള വശത്തു കൂടി ഇറങ്ങി വരുന്നതിനിടയിൽ മൊബൈൽ ഫോണുകൾ കിണറ്റിലിട്ടു. തെളിവെടുപ്പു സമയത്ത് കഴക്കൂട്ടത്തു നിന്നും ഫയർഫോഴ്സ് സംഘത്തോടൊപ്പം എത്തിയ സ്കൂബ ഡൈവിങ് വിദഗ്ധർ കിണറ്റിലിറങ്ങി മൊബൈൽ ഫോണുകൾ കണ്ടെടുത്തു. 3 മാസം മുൻപ് ക്ഷേത്രത്തിൽ വച്ച് താലി കെട്ടിയെങ്കിലും വിവാഹം റജിസ്റ്റർ ചെയ്യാൻ തുടരെ നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സ്വർണാഭരണങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരുന്നതായും ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാൽ പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കൊണ്ടു വരുന്നതറിഞ്ഞ് ഷാനുവിന്റെ ബന്ധുക്കളും നാട്ടുകാരും നേരത്തെ സ്ഥലത്ത് എത്തിയിരുന്നു.
‘എന്റെ അമ്മയെ എന്തിനാ കൊന്നത്. ഞങ്ങൾക്ക് ഇപ്പോൾ ആരുമില്ലാതായില്ലേ’ അലറിക്കരഞ്ഞ് പ്രതി രംഗദുരൈയുടെ അടുത്തേക്ക് ഓടി വന്ന ഷാനുവിന്റെ മൂത്ത മകൾ പ്ലസ് വണ്ണിനു പഠിക്കുന്ന അനന്യയെ പൊലീസ് തടഞ്ഞു. പെട്ടെന്ന് സ്ത്രീകളടക്കം ബന്ധുക്കളും നാട്ടുകാരും പ്രതിയെ കൈയ്യേറ്റം ചെയ്യാൻ ഓടിയടുത്തു. 10 വർഷം മുൻപ് കണിയാപുരത്തിനു സമീപത്തായുള്ള ഹോട്ടലിൽ വച്ചാണ് രംഗദുരൈയുമായി ഷാനു അടുപ്പത്തിലായതെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്ക് പിരിഞ്ഞെങ്കിലും പിന്നീട് കണ്ടുമുട്ടിയ ഇവർ 3 മാസം മുൻപ് കഠിനംകുളം ക്ഷേത്രത്തിൽ താലി കെട്ടി. പക്ഷേ വിവാഹം റജിസ്റ്റർ ചെയ്തിരുന്നില്ല. പലവട്ടം ഷാനു ശ്രമിച്ചെങ്കിലും ഇത് ഒഴിവാക്കി, തമിഴ്നാട്ടിൽ മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു.