Friday 01 July 2022 12:44 PM IST : By സ്വന്തം ലേഖകൻ

ഏക മകന് രണ്ടു വയസ് പൂർത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം; ജോബിയയുടെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാനാകാതെ കുടുംബം, കണ്ണീരോടെ വിട

jobiya666

ശ്രീകണ്ഠപുരം കുറ്റിക്കോലിൽ ബസ് മറിഞ്ഞു മരിച്ച ജോബിയ ജോസഫിന്റെ(28) മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഏറ്റുപാറ സെന്റ്. അൽഫോൺസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ഉച്ച കഴിഞ്ഞ് 2.30നാണ് ഏറ്റുപാറയിലെ ഭർതൃവീട്ടിൽ‍ എത്തിച്ചത്. ജോലി ചെയ്യുന്ന ആസ്റ്റർ മിംസ് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ നിന്ന് എത്തിയ നഴ്സുമാരും ജീവനക്കാരും അന്ത്യാഞ്ജലി അർപ്പിച്ചു. 4.30നു മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോയി.

ജോബിയയുടെ ഏക മകൻ എയ്ബൽ അഗസ്റ്റോയ്ക്ക് ഈ ഞായറാഴ്ച 2 വയസ് പൂർത്തിയാകുകയാണ്. വികാരനിർഭരമായ രംഗങ്ങളായിരുന്നു ഏറ്റുപാറയിലെ വീട്ടിൽ കണ്ടത്. ചെമ്പേരി ഫൊറോന വികാരി ഫാ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് വീട്ടിലെ പ്രാർഥന ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉൾപ്പെടെ ഒട്ടേറെ ജനപ്രതിനിധികൾ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ വീട്ടിലെത്തി മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. 

കണ്ണൂരിൽ നിന്ന് തളിപ്പറമ്പിലേക്കു വരികയായിരുന്ന സ്വകാര്യ ബസ് 29ന് ഉച്ച കഴിഞ്ഞായിരുന്നു കുറ്റിക്കോൽ നെല്ലിയോട് ക്ഷേത്രത്തിനു മുന്നിൽ അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ തലകീഴായി മറിഞ്ഞ ബസിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കമ്പി മുറിച്ചു മാറ്റിയാണ് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സിങ്ങ് ടീം ലീഡറായ ജോബിയയെ പുറത്തെടുത്തത്. ചെമ്പേരിയിലെ വീൽ അലയൻമെന്റ് സ്ഥാപനത്തിലെ ജീവനക്കാരൻ ചക്കാങ്കൽ നിഥിന്റെ ഭാര്യയാണ് മരിച്ച ജോബിയ.

Tags:
  • Spotlight